. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .

Wednesday, April 17, 2013

നിതാഖാത്ത് എന്ന കടമ്പ.



നിതാഖാത്ത് എന്താണ്, സൌദിയിലെ ഇന്നത്തെ പ്രശ്നം എന്താണ്, മലയാളികള്‍ക്ക്‌ കൂട്ടത്തോടെ ജോലി നഷ്ടപ്പെടുന്നു എന്നിങ്ങനെയുള്ള ആശങ്കകള്‍ക്ക് ഒരു സൗദി നിവാസി എന്ന നിലയില്‍ എന്താണ് യഥാര്‍ത്ഥത്തില്‍ സംഭവിക്കുന്നത് എന്ന് എനിക്ക് പറയാന്‍ കഴിഞ്ഞേക്കും.

നിലവില്‍ ഉണ്ടായിരുന്ന നിയമ പ്രകാരം കമ്പനികളുടെ കാറ്റഗറി അനുസരിച്ച് നിശ്ചിത ശതമാനം സൌദികളെ നിര്‍ബന്ധമായും ജോലിക്ക് വയ്ക്കണം.... എന്‍റെ ഫീല്‍ഡ്‌ നിര്‍മ്മാണ മേഖലയാണ് അവിടെ ആറു ശതമാനം ആണ് നിഷ്കര്‍ഷിക്കുന്ന സൗദി സാന്നിദ്ധ്യം. അതായത്‌ നൂറു പേര്‍ ജോലി ചെയ്യുന്നു എങ്കില്‍ ആറു സൌദികളെ വയ്ക്കണം. എന്നാല്‍ ട്രേഡിംഗ് മേഖലയില്‍ ഇത് മുപ്പത്‌ ശതമാനമാണ്. അങ്ങനെ മേഖലകളുടെ അടിസ്ഥാനത്തില്‍ ഈ നിയമത്തിനു ഏറ്റകുറച്ചിലുകള്‍ ഉണ്ട്. ഈ നിയമം കഴിഞ്ഞ രണ്ടു വര്‍ഷമായി നിലവിലുണ്ട്. അത് വലിയ കമ്പനികള്‍ക്ക് മാത്രമായിരുന്നു ബാധകം. എന്നാല്‍ പുതിയ നിയമം അനുസരിച്ച് പത്തില്‍ താഴെയുള്ള ചെറുകിട കച്ചവടക്കാര്‍ക്കും അത് ബാധകമാക്കി. അതായത്‌ ഒന്നോ രണ്ടോ പേര്‍ ജോലി ചെയ്യുന്ന സ്റ്റെഷനറി കടകള്‍, ചെറിയ ഹോട്ടലുകള്‍ ഇവ ആ പരിധിയില്‍ വരും. ഈ മേഖലയില്‍ ആണ് കൂടുതല്‍ മലയാളികളും ജോലി ചെയ്യുന്നത്. അവിടെ ഒന്നോ രണ്ടോ സൌദികളെ ജോലിക്ക് വയ്ക്കുമ്പോള്‍ ഉണ്ടാകുന്ന അധിക സാമ്പത്തിക ബാദ്ധ്യത വഹിക്കാന്‍ സാധാരണക്കാര്‍ക്ക്‌ കഴിയില്ല. ഒരു സൗദിക്ക് മിനിമം മൂവായിരം റിയാല്‍ (ഇന്നത്തെ നിരക്ക് അനുസരിച്ച് ഏതാണ്ട് നാല്‍പ്പത്തി അയ്യായിരം രൂപാ)ആണ് ശമ്പളമായി നല്‍കേണ്ടത്. ഒരു നോണ്‍ ടെക്ക്നിക്കല്‍ മലയാളിയെയോ, ബംഗാളിയെയോ ജോലിക്ക് വച്ചാല്‍ പതിനയ്യായിരം രൂപാ മതി എന്ന സ്ഥാനത്താണ് ഈ അധിക ചെലവ്. തന്നെയുമല്ല നിലവില്‍ അങ്ങനെ ഒരു ഒഴിവ് ഇല്ലാത്തിടത്ത്‌ ഒരു ആവിശ്യവും ഇല്ലാതെ ഒരാളെ ജോലിക്ക് വയ്ക്കുകയാണ് എന്ന അസൗകര്യവും അവിടെയുണ്ട്. സൌദികളെ സംബന്ധിച്ച് അവര്‍ പൊതുവേ മടിയന്മാര്‍ ആണ് എന്നത് മാത്രമല്ല, മലയാളിയെ ഒക്കെ ബോസ്സ് ആയി അംഗീകരിച്ച് ജോലി ചെയ്യാന്‍ പൊതുവേ ഈഗോ പേറുന്ന സൌദികള്‍ സന്മനസ്സ് കാണിക്കാറും ഇല്ല.

നിതാഖാത്ത് നിയമ പ്രകാരം കമ്പനികളെ നാല് വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു. എക്സലന്‍റ്, പച്ച, മഞ്ഞ പിന്നെ ചുവപ്പ് എന്നീ വിഭാഗങ്ങള്‍ ആണ് അവ.... എക്സലന്‍റ് വിഭാഗത്തില്‍ പെടുന്ന കമ്പനികള്‍ ആവിശ്യത്തില്‍ അധികം സൌദികള്‍ ജോലി ചെയ്യുന്ന കമ്പനികള്‍ ആണ്. പച്ച വിഭാഗത്തില്‍ പെടുന്ന കമ്പനികളില്‍ സര്‍ക്കാര്‍ നിഷ്കര്‍ഷിച്ച ശതമാനം സൌദികള്‍ ജോലി ചെയ്യുന്ന കമ്പനികള്‍ ആണ്. ഈ രണ്ടു വിഭാഗത്തില്‍ പെടുന്ന കമ്പനികള്‍ക്ക്‌ സര്‍ക്കാര്‍ പല ആനുകൂല്യങ്ങളും നല്‍കുന്നു. അവര്‍ക്ക്‌ വിസ ഇഷ്ടം പോലെ ഇഷ്യൂ ചെയ്യുന്നു കൂടാതെ പല മേഖലകളിലും സബ്സിഡി, ജോലിക്ക് വയ്ക്കുന്ന സൌദികളുടെ ശമ്പളത്തിന്‍റെ പകുതി സര്‍ക്കാര്‍ നല്‍കുന്നു എന്നിങ്ങനെ പലവിധ ആനുകൂല്യങ്ങള്‍ കാറ്റഗറി അനുസരിച്ച് നല്‍കുന്നുണ്ട്... മഞ്ഞ വിഭാഗത്തില്‍ സൌദികള്‍ ജോലി ചെയ്യുന്നുണ്ടാവാം എന്നാല്‍ നിഷ്കര്‍ഷിച്ച ശതമാനം ഉണ്ടാവില്ല. ചുവപ്പ് വിഭാഗത്തില്‍ പെടുന്ന കമ്പനികളില്‍ തീരെ സൌദികള്‍ ഉണ്ടാവില്ല. ഇവര്‍ക്ക്‌ യാതൊരു വിധ ആനുകൂല്യങ്ങളും സര്‍ക്കാര്‍ ചെയ്യുകയില്ല, ഇവിടെ ജോലി ചെയ്യുന്ന തൊഴിലാളികളുടെ വിസ പുതുക്കി നല്‍കില്ല. അതായത്‌ ഈ രണ്ടു വിഭാഗത്തില്‍ പെടുന്ന കമ്പനികളുടെ പ്രവര്‍ത്തനങ്ങള്‍ ക്രമേണ മന്ദീഭവിച്ച് ഇത്തരം കമ്പനികള്‍ നാളെ ഇല്ലാതാവും. എന്നാല്‍ ഈ വിഭാഗക്കാര്‍ക്ക്‌ നിശ്ചിത ശതമാനം സൌദികളെ ജോലിക്ക് വച്ച് ഇതു സമയത്ത്‌ വേണമെങ്കിലും എക്സലന്‍റ്, പച്ച വിഭാഗത്തിലേക്ക്‌ പ്രവേശിക്കാം. ഈ വിഭാഗങ്ങളില്‍ പെടുന്ന സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടെ ഭാവി കമ്പനി മേധാവികളുടെ തീരുമാനം അനുസരിച്ചിരിക്കും. അവര്‍ തങ്ങളുടെ കമ്പനികള്‍ നിലനില്‍ക്കണം എന്ന ആഗ്രഹത്തില്‍ ആവശ്യമായ സൌദികളെ ഉള്‍പ്പെടുത്തി കമ്പനിയെ പച്ച, എക്സലന്‍റ് വിഭാഗത്തിലേക്ക്‌ മാറ്റുവാന്‍ ശുഷ്കാന്തി കാട്ടിയില്ലെങ്കില്‍ ക്രമേണ കമ്പനി കാലമൃത്യു വരിക്കും എന്ന കാര്യത്തില്‍ സംശയമില്ല. അതോടൊപ്പം ആ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക്‌ തൊഴില്‍ നഷ്ട്ടപ്പെടുകയും ചെയ്യും. പക്ഷെ അതും ഒറ്റയടിക്ക്‌ സംഭവിക്കുന്ന ഒന്നല്ല. തൊഴിലാളികളുടെ വിസ കാലാവധി തീരുന്ന മുറയ്ക്ക് അവര്‍ക്ക്‌ രാജ്യം വിട്ട് പോകേണ്ടി വരും. ഇനി ഈ വിഭാഗം കമ്പനികളില്‍ ജോലി ചെയുന്ന, രാജ്യത്ത്‌ തുടരാന്‍ താല്‍പ്പര്യമുള്ള തൊഴിലാളികള്‍ക്ക്‌ ചില ആനുകൂല്യങ്ങളും സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നു. മഞ്ഞ, ചുവപ്പ് വിഭാഗങ്ങളില്‍ പെടുന്ന കമ്പനികളില്‍ നിന്ന് ആ കമ്പനികളുടെ അനുവാദമോ, സമ്മതപത്രമോ കൂടാതെ തൊഴിലാളിയുടെ സ്വന്തം ഇഷ്ടപ്രകാരം എക്സലന്‍റ്, പച്ച വിഭാഗത്തിലേക്ക്‌ തൊഴിലാളികള്‍ക്ക്‌ സ്വയമേവ മാറാവുന്നതാണ്. ഈ മാറ്റം സാധാരണ ഗതിയില്‍ കമ്പനിയുടെ/സ്പോണ്സറുടെ അനുവാദത്തോടെ മാത്രം നടക്കുന്ന ഒന്നായിരുന്നു, പക്ഷെ ഈ ആനുകൂല്യം തൊഴിലാളിക്ക് നല്‍കുന്നത് ചുവപ്പ്, മഞ്ഞ വിഭാഗത്തില്‍പെട്ട കമ്പനികള്‍ക്ക്‌ ഒരു മുന്നറിയിപ്പും, ശിക്ഷയും എന്ന നിലയില്‍ കൂടിയാണ്. ഇതാണ് നിതാഖാത്ത് എന്ന നിയമത്തില്‍ വരുന്ന നിഷ്കര്‍ഷകള്‍.

ഇനി പൊടുന്നനവേ മാധ്യമങ്ങളില്‍ കൊട്ടിഘോഷിക്കപ്പെട്ട "സൌദിയില്‍ നിന്നും വിദേശികള്‍ തൂത്തെറിയപ്പെടുന്നു" എന്ന വാര്‍ത്തയുടെ ഉറവിടത്തിലെക്ക് കടക്കാം. ഫ്രീ വിസ നിര്‍ത്തലാക്കുന്നു എന്ന വാര്‍ത്തയാണ് അതില്‍ പ്രധാനം. അങ്ങനെ ഫ്രീ വിസ നിര്‍ത്തലാക്കപ്പെട്ടാല്‍ അത് ബാധിക്കുന്നത് ഇന്ത്യക്കാരെയാണ് പ്രത്യേകിച്ച് മലയാളികളെ ആണെന്ന ഒരു വാര്‍ത്തയും അതിനോട് ചേര്‍ത്ത്‌ വരുകയുണ്ടായി. എന്താണ് ഈ ഫ്രീ വിസ. സത്യത്തില്‍ അങ്ങനെ ഒരു വിസ നിലവില്‍ ഇല്ല. ഫ്രീ വിസ എന്നത് വിസ കച്ചവടക്കാര്‍ ചാര്‍ത്തി കൊടുത്ത ഒരു പേര് മാത്രമാണ്. എവിടെയും എളുപ്പത്തില്‍ പണം ഉണ്ടാക്കാനുള്ള കുറുക്കു വഴികളില്‍ മുന്‍പില്‍ നമ്മള്‍ മലയാളികള്‍ ആണെന്ന് അറിയുമല്ലോ. ഫ്രീ വിസ മേഖലയിലും സംഭവിച്ചത്‌ അത് തന്നെയാണ്. സൌദികളെ വിസ കച്ചവടം എന്ന കുറുക്കു വഴി പഠിപ്പിച്ച് കൊടുത്തത്‌ മലയാളികള്‍ ആണെന്ന് നിസംശയം പറയാം. ആയിരം റിയാല്‍ സര്‍ക്കാരില്‍ അടച്ചാല്‍ ഒരു കമ്പനി രെജിസ്റ്റര്‍ ചെയ്യാം. പിന്നെ ആ കമ്പനിയുടെ പേരില്‍ വിസ ഇറങ്ങുകയായി. ഒരു വിസയ്ക്ക് അടയ്ക്കേണ്ടത് രണ്ടായിരം റിയാല്‍ ആണ്. ഇത്തരത്തില്‍ ഇറങ്ങുന്ന വിസകള്‍ മലയാളി വിസകച്ചവടക്കാരുടെ ഒത്താശയിലും ആശീര്‍വാദത്തോടെയും ആണ് എന്നതാണ് പരമ പ്രധാനം. വിസ എടുക്കുന്ന കമ്പനികള്‍ക്ക്‌/സൗദിക്ക് അയാള്‍ ബാങ്കില്‍ അടച്ച പൈസക്ക്‌ പുറമേ ഒരു രണ്ടായിരം കൂടി അധികമായി നല്‍കി ഈ വിസകള്‍ ഇവര്‍ സ്വന്തമാക്കുന്നു. പിന്നെ ഇരകളെ തപ്പി ഇറങ്ങുകയായി. നാലായിരം റിയാല്‍ മാത്രം ചിലവാക്കിയ ഈ വിസകള്‍ ഒരു ഗള്‍ഫ്‌ സ്വപ്നം കണ്ടിരിക്കുന്ന സാധാരണക്കാരനായ ആവിശ്യക്കാരന്‍റെ കൈകളില്‍ എത്തുന്നത് പതിനയ്യായിരം മുതല്‍ ഇരുപതിനായിരം റിയാല്‍ വരെ ഈടാക്കിയാണ്.. (നിലവിലെ റേറ്റ് അനുസരിച്ച് ഒരു റിയാല്‍ = 14.50 രൂപാ) അതിനു പുറമേ വിമാന ചാര്‍ജും കൂടാതെ ട്രാവല്‍ ഏജന്‍സികളുടെ കഴുത്തറുപ്പന്‍ നിലപാടുകളും കൂടിയാവുമ്പോള്‍ ഏതാണ്ട് മൂന്നു ലക്ഷത്തില്‍ പരം ഇന്ത്യന്‍ രൂപാ ചിലവാക്കി ഒരുവന്‍ ഇവിടെ ഇറങ്ങുമ്പോള്‍ അവനെ കാത്തിരിക്കുന്നത് അനിശ്ചിതത്വങ്ങള്‍ ഒരു കാണാക്കടല്‍ മാത്രമാണ്. ഇവിടെ അവന് പേര് പറയാന്‍ ഒരു കമ്പനി ഇല്ല, അവിടെ ജോലി ഇല്ല, താമസ സൌകര്യങ്ങള്‍ ഇല്ല, മറ്റ് ആനുകൂല്യങ്ങള്‍ ഒന്നും തന്നെ ഇല്ല എന്ന് മാത്രമല്ല ഇക്കാമ, ലവി, സ്പോണ്സര്‍ഷിപ്പ് എന്നിങ്ങനെ വര്‍ഷാ വര്‍ഷം ഏതാണ്ട് പതിനായിരത്തോളം റിയാല്‍ കൂടുതല്‍ മുടക്കുകയും വേണം. വീട്ടിലെ പ്രാരാബ്ദങ്ങള്‍ക്കൊപ്പം ഇത്തരം വലിയ ബാദ്ധ്യത കൂടി പേറേണ്ടി വരുന്ന അവന്‍ ഏതെങ്കിലും സ്ഥാപനത്തില്‍ ജോലിക്ക് കയറേണ്ട ഗതികേടില്‍ എത്തിച്ചേരുന്നു. സൌദിയില്‍ വിദേശികള്‍ വന്നിറങ്ങിയ കാലം മുതല്‍ ഉണ്ടായ നിയമം ആണ് സ്വന്തം സ്പോണ്സര്‍ അല്ലെങ്കില്‍ അയാള്‍ നടത്തുന്ന സ്ഥാപനങ്ങളില്‍ അല്ലാതെ മറ്റൊരിടത്ത് ജോലി ചെയ്യാന്‍ പാടില്ല എന്നുള്ളത്. ഞാന്‍ മേല്‍ പറഞ്ഞ നിര്‍ഭാഗ്യവാന്മാര്‍ അത്തരത്തില്‍ ജോലി ചെയ്യുന്നവരാണ് താനും. സൌദിയില്‍ എത്തുന്ന ഏതാണ്ട് അന്‍പത് ശതമാനം ആളുകളും ഇത്തരം "ഫ്രീ" വിസകളില്‍ എത്തിപ്പെടുന്നവരാണ്. ഇപ്പോള്‍ സൗദി സര്‍ക്കാര്‍ മുന്‍പുണ്ടായിരുന്ന "ജോലി സ്വന്തം സ്പോണ്സര്‍ക്കൊപ്പം" എന്ന നിയമം കര്‍ക്കശമാക്കിയിരിക്കുന്നു എന്നതാണ് പുതിയ സംഭവ വികാസങ്ങള്‍ക്ക് തുടക്കം.

മുകളില്‍ ഫ്രീ വിസകളില്‍ ഇവിടെ എത്തുന്ന നിര്‍ഭാഗ്യവന്മാരെ കുറിച്ച് പറഞ്ഞു. എന്നാല്‍ ഇത്തരം ഒരു നിയമം ഉണ്ട് എന്നറിഞ്ഞിട്ടും മറ്റുള്ള സ്ഥാപനങ്ങളില്‍ ജോലി ചെയ്തുകൊണ്ട് ഫ്രീ വിസക്കാരെ നിയമിച്ച് വ്യാപാര സ്ഥാപനങ്ങളും മറ്റ് വന്‍കിട ബിസിനെസ്സ്‌ നടത്തുന്ന വമ്പന്മാരും ഉണ്ടാന്നതും ഓര്‍ക്കുക. ഈ സ്ഥാപനങ്ങള്‍ നടത്തുന്ന ആള്‍ ഒരുപക്ഷെ ഒരു കമ്പനി വിസയില്‍ വന്ന് ആ കമ്പനിയുടെ ഒരു നല്ല പോസ്റ്റില്‍ ജോലി ചെയ്യുന്നവന്‍ ആയിരിക്കാം. അയാള്‍ പുറത്തുള്ള ഒരു സൌദിയെ കണ്ടെത്തി ആ സൌദിയുടെ പേരില്‍ ഒരു സ്ഥാപനം തുടങ്ങുന്നു. പിന്നെ തന്‍റെ വിശ്വസ്ഥരായ ബന്ധുക്കളെയോ, സുഹൃത്തുക്കളെയോ ഫ്രീ വിസയില്‍ നാട്ടില്‍ നിന്ന് കൊണ്ട് വന്ന് സ്ഥാപനത്തില്‍ നിര്‍ത്തുന്നു. ഇവിടെ കാശ് മുടക്കിയിരിക്കുന്നത് ഒരാള്‍, സ്ഥാപനം വേറെ ഒരാളുടെ പേരില്‍, നില്‍ക്കുന്ന സ്റ്റാഫ്‌ പലരുടെ പേരില്‍ ഉള്ളത്‌. അതായത്‌ അടിമുടി അനധിക്രിതം. മിക്ക സ്ഥാപനങ്ങളിലും ഫ്രീ വിസക്കാര്‍ ധാരാളം. അങ്ങനെ നിയമം അനുശാസിക്കുന്ന തരത്തില്‍ അല്ലാത്തവ നിയമത്തിന്‍റെ പരിധിയില്‍ വരുത്തുവാനുള്ള നടപടികള്‍ മാത്രമാണ് സര്‍ക്കാര്‍ ഇപ്പോള്‍ ചെയ്തു കൊണ്ടിരിക്കുന്നത്. സൗദി എന്ന രാജ്യത്തിന്‍റെ തികച്ചും ആഭ്യന്തര കാര്യം. അതില്‍ നിയമപരം അല്ലാത്ത ഒന്നും അവര്‍ ചെയ്യുന്നില്ല. അത്തരം ഒരു സാഹചര്യത്തില്‍ നാം വിലപിച്ചിട്ടോ, നമ്മുടെ ഉന്നത സമിതി ഇവിടെ സന്ദര്‍ശിച്ചിട്ടോ എന്ത് കാര്യം. ഉന്നത സമിതി വന്ന് എന്താണ് അപേക്ഷിക്കാന്‍ പോകുന്നത്. നിയമ ലംഘനം നടത്താന്‍ ഞങ്ങളെ അനുവദിക്കണമെന്നോ? 

ഒരുകാര്യം സ്പഷ്ടമാണ്. നിയമ ലംഘകര്‍ ആണെങ്കില്‍ കൂടി ഫ്രീ വിസക്കാരെ പരിപൂര്‍ണമായി സര്‍ക്കാര്‍ ഒഴിവാക്കിയാല്‍ രാജ്യം തന്നെ സ്തംഭിച്ച് പോകുന്ന അവസ്ഥയില്‍ എത്തിച്ചേരും. നിര്‍മ്മാണ മേഖലയില്‍, ചെറുകിട സ്ഥാപനങ്ങളില്‍, കയറ്റി ഇറക്ക് മേഖലയില്‍ ശുചീകരണ മേഖലയില്‍ ഒക്കെ തന്നെയും സ്വന്തം വിസയില്‍ ഉള്ളവരേക്കാള്‍ കൂടുതല്‍ ഫ്രീ വിസയില്‍ ഉള്ളവര്‍ ആണ് ജോലി എടുക്കുന്നത്. പൊടുന്നനവേ ഈ മേഖലകളില്‍ നിന്ന് ആളുകള്‍ നിഷ്കാസനം ചെയ്‌താല്‍ രാജ്യം സ്തംഭിക്കും അതിന്‍റെ സാമ്പത്തിക സ്ഥിതി താഴേക്ക്‌ പതിക്കും. ദീര്‍ഘ വീക്ഷണം ഉള്ള ഭരണാധികാരികള്‍ ചെയ്യേണ്ടത്‌ സ്വന്തം ജനതയെ ആദ്യം വിദ്യാഭ്യാസ പരമായ ഉന്നതികളില്‍ എത്തിക്കുക എന്നതാണ്. നിര്‍ഭാഗ്യം എന്ന് പറയട്ടെ കച്ചവടത്തിനും അധ്വാനത്തിനും പേരുകേട്ട സൗദി/അറബ് ജനതയുടെ പുതു തലമുറക്കാരില്‍ വിദ്യാഭ്യാസപരമായി ഉന്നതിയില്‍ ഉള്ളവര്‍ തുലോം കുറവാണ് തന്നെയുമല്ല പഴയ പ്രതാപത്തിന്‍റെ പൊട്ടക്കിണറ്റില്‍ കിടക്കുന്ന ജനത അധ്വാനം ഒരു മഹാപരധമായി കാണുകയും ചെയ്യുന്നു. നിതാഖാത്ത് കാര്യക്ഷമമായി നടപ്പാക്കാന്‍ ഭരണാധികാരികള്‍ തങ്ങളുടെ ഉരുക്കുമുഷ്ടി സ്വകാര്യ സ്ഥാപനങ്ങളുടെ മുകളില്‍ പ്രയോഗിക്കാതെ സ്വന്തം ജനതയെ അധ്വാനത്തിന്‍റെ വില എന്താണെന്ന് പഠിപ്പിക്കാനും അവരെ തങ്ങള്‍ നിയോഗിക്കപെട്ടിരിക്കുന്ന ജോലികളില്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ ഉള്ള മാനസിക തയ്യാറെടുപ്പ്‌ നല്‍കുകയുമാണ് ചെയ്യേണ്ടത്‌. ഇന്ന് നിതാഖാത്ത് നടപ്പാക്കിയ സ്ഥാപനങ്ങളില്‍ പലതും തങ്ങളുടെ കീഴില്‍ ജോലി ചെയ്യുന്ന സൗദി പൌരന്മാരോട് മാസത്തിന്‍റെ അവസാനം വന്ന് നിഷ്കര്‍ഷിച്ചിരിക്കുന്ന ശമ്പളം വാങ്ങി പൊയ്ക്കോളൂ എന്ന് പറയണ്ട അവസ്ഥയില്‍ ആണ് കാര്യങ്ങള്‍ പൊയ്ക്കൊണ്ടിരിക്കുന്നത്. അതായത്‌ നിങ്ങള്‍ ജോലി ചെയ്യേണ്ടതില്ല, പക്ഷെ ശമ്പളം വാങ്ങിക്കോളൂ എന്ന് ചുരുക്കം. ഇന്ന് അത്തരത്തില്‍ ശമ്പളം പറ്റുന്ന ലക്ഷ കണക്കിന് സൌദികള്‍ ഉണ്ട് എന്നതാണ് വിചിത്രമായ അവസ്ഥ. സൌദികള്‍ ജോലി ചെയ്യുന്നതിനേക്കാള്‍ സ്ഥാപനത്തിന് നന്മ അവര്‍ക്ക്‌ അല്പം ശമ്പളം വെറുതെ കൊടുക്കേണ്ടി വന്നാലും ജോലി ചെയ്യാതിരിക്കുന്നതാണ് എന്ന് ചുരുക്കത്തില്‍ വിവക്ഷിക്കാം. ഇത്തരം അവസ്ഥ പൊതുവേ അലസമതികളായ യുവ സൗദി ജനതയെ വീണ്ടും അലസതയിലെക്ക് തള്ളിയിടാനെ ഉതകൂ.

ചുരുക്കത്തില്‍ നിതാഖാത്ത്, ഫ്രീ വിസ വിഷയങ്ങള്‍ നിയമപരമായി ശരി ആണെങ്കിലും ദീര്‍ഘവീക്ഷണം ഇല്ലാതെ പൊടുന്നനവേ അത്തരം നിയമങ്ങള്‍ എടുത്ത്‌ പ്രയോഗിക്കുന്നത് ജനതയെയും, സര്‍ക്കാരിനെയും പിന്നോട്ട് അടിക്കാനെ ഉതകൂ എന്ന് സ്പഷ്ടം. അതിനാല്‍ തന്നെ പ്രായോഗിക തലത്തില്‍ ഇതിന്‍റെ ദോഷവശങ്ങള്‍ വരുമ്പോള്‍ സര്‍ക്കാരിന് പുനരവലോകനം ചെയ്തെ മതിയാകൂ. അല്ലങ്കില്‍ അടുത്ത രണ്ടു മൂന്നു വര്‍ഷത്തിനുള്ളില്‍ രാജ്യം സാമ്പത്തിക പരമായും, സാമൂഹികപരമായും പിന്നോട്ട് അടിക്കപ്പെട്ടെക്കാം.

4 comments:

  1. വിശദമായ ലേഖനം
    നിതഖാത് നിതഖാത് എന്ന് കേള്‍ക്കുന്നതല്ലാതെ അതിന്റെ ഡീറ്റെയില്‍സ് ഒന്നും അറിയില്ലായിരുന്നു

    ReplyDelete
  2. നിതഖാത് എന്താണന്ന് ഞാനും ഇപ്പോഴാണ് ശരിക്കറിയുന്നത്..

    ReplyDelete