. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .

Wednesday, September 29, 2010

ആള്‍ദൈവ നടയിലൂടെ (ഭാഗം 3)


 മുന്‍ ഭാഗങ്ങള്‍ ഇവിടെ

ഇനി തുടര്‍ന്ന് വായിക്കുക.......
*********************************************************************************
ഹിന്ദു മതത്തിന് പൊതുവെ ഒരു ആക്ഷേപമുണ്ട് കാലഹരണപെട്ട മതം എന്ന്. ഹിന്ദുമതം ഒരുവന് മനസ്സിലാക്കുക എന്നത് അപ്രാപ്യമായ ഒന്നാണ്. പണ്ഡിതര്‍ എന്നു ഭാവിക്കുന്നവരോട് പോലും മതത്തെക്കുറിച്ച് അല്‍പ്പം വിശദമായി ചോദിച്ചാല്‍ വിളറിയ ഒരു ചിരിയോടെ പിന്‍‌വലിയുകയാണ് പതിവ്. ഹിന്ദു എന്ന് വീമ്പിളക്കുന്നവരില്‍ പലര്‍ക്കും അവരുടെ പ്രധാന ഗ്രന്ഥം എന്നാണെന്നു പോലും അറിയില്ല എന്നു പറഞ്ഞാല്‍ അതിന്റെ വ്യാപ്തി മനസ്സിലാക്കാവുന്നതേയുള്ളു. ഇത്രയും ബ്രഹിത്തായ ഒരു മതത്തില്‍, മതപഠനം എന്നത് പോലും അപ്രസക്തമായ ഒന്നാണ് എന്നു പറയുന്നതില്‍ അതിശയോക്തിയില്ല. മതപഠനം അപ്രാപ്യമാകുന്നത് അത് ശരിയായ രീതിയില്‍ നിര്‍വ്വചിക്കാനും, സംഗ്രഹിക്കാനും ഇന്നിന്റെ സാമൂഹ്യ വ്യസത്ഥിതിയില്‍ ആളില്ല എന്നതു കൊണ്ടുതന്നെ. അങ്ങനെയുള്ളപ്പോള്‍ ആള്‍ദൈവങ്ങളുടെ പിറവി സ്വഭാവികമാണ്. അഞ്ജതയില്‍ നിന്നാണല്ലോ എല്ലായ്പ്പോഴും തിന്മകള്‍ പിറവിയെടുക്കുക.

ഒരിക്കല്‍ യാദൃശ്ചികമായി എന്റെ വീട്ടില്‍ വന്ന ഒരു “യോഗി” യോട്, [സംസ്കൃതത്തില്‍ അല്‍പ്പം പാണ്ഡിത്യമുള്ള (സംസ്കൃതം ലോവറും, ഹയറും പാസ്സായിട്ടുണ്ട്) - ഏഴോളം ഭാഷകള്‍ എഴുതാനും, വായിക്കാനും, സംസാരിക്കാനും കഴിവുള്ള - രാമായണവും മഹാഭാരതവും, ഗീഥയും ആദ്യാവസാനം കാ‍ണാതെ ചൊല്ലാനും അതിനെ സംഗ്രഹിക്കാനും കഴിവുള്ള] തികഞ്ഞ ഇടതുപക്ഷ ചിന്താഗതിക്കാരനായ എന്റെ അച്ഛന്‍ ഒരു ചോദ്യം ഉന്നയിച്ചു.. “ എന്തിനാ സ്വാമീ ഈ മുടിയും താടിയും നീട്ടി വളര്‍ത്തുന്നത്? എന്തിനാണീ രുദ്രാക്ഷ മാല കഴുത്തില്‍ ഇട്ടിരിക്കുന്നത്?” ഉത്തരം മുട്ടിയ യോഗിവര്യന്‍ അവസാനം “നാട്ടു നടപ്പനുസരിച്ച് ചെയ്തതാണ്” എന്ന ഉത്തരവും നല്‍കി വേഗം അവിടെ നിന്ന് സ്ഥലം വിട്ടു. ഇതാണ് ആള്‍ദൈവങ്ങളുടെ അവസ്ഥ.കലാകാരന്മാര്‍ അവരുടെ ഭാവനയില്‍ ചിത്രീകരിച്ചു വച്ചിരിക്കുന്ന പുരാണ മുനിവരന്മാരേ കെട്ടിലും, മട്ടിലും നടപ്പിലും ഇരുപ്പിലും വരെ അനുകരിക്കുക എന്നതിലുപരി ഈ കൂട്ടര്‍ക്ക് പുതുതായി ഒന്നും ചെയ്യാനില്ല എന്നത് മുകളില്‍ പ്രതിപാദിച്ച “യോഗി” യുടെ മറുപടിയില്‍ നിന്ന് വ്യക്തമല്ലേ? പൊതുജനത്തിനും സ്വാമിമാര്‍ പഴയ ചിത്രകഥകളിലെ ജഡാധാരികള്‍ ആണ്. അങ്ങനെയുള്ള ആളുകളെ അവര്‍ വ്യാസമുനിയേയും, വാത്മീകിയേയും പോലെയുള്ള സമൂഹ്യ പരിഷ്കര്‍ത്താക്കളുടെ സ്ഥാനത്ത് പ്രതിഷ്ടിക്കുന്നതില്‍ അത്ഭുതമില്ല. ആരാധിക്കുന്നതിനു മുന്‍പ് അലപ്പം വിവേകബുദ്ധി പ്രയോഗിച്ചിരുന്നു എങ്കില്‍ സന്തോഷ് മാധവന്മാരും, നിത്യാനന്ദമാരും ഇവിടെ പിറവിയെടുക്കില്ലായിരുന്നു

പ്രമുഖ ആള്‍ദൈവം ടി വിയില്‍ കൂടി നല്‍കുന്ന സന്ദേശങ്ങള്‍ കേട്ടാന്‍ ചിരിവരും. അത്ര ബാലിശമാണ് അവരുടെ ചില പ്രസ്ഥാവനകള്‍.സാധാരണ ഒരു മനുഷ്യന്‍ പറയുന്ന അതിലും സാധാരണമായ വാചകങ്ങളെ ടെലിവിഷന്റെ പിന്നാമ്പുറത്തിരിക്കുന്നവര്‍ അവര്‍ പോലും അറിയാത്ത അര്‍ത്ഥങ്ങളും, അനര്‍ത്ഥങ്ങളും നല്‍കി സധാരണക്കാരിലേക്ക് അടിച്ചേല്‍പ്പിക്കുമ്പോള്‍ പുതിയ അമ്മയും, അച്ഛനും, അമ്മൂമ്മയും, അപ്പൂപ്പനും എല്ലാം പിറവിയെടുക്കുന്നു. വീട്ടിലെ നരകമൂലയില്‍ മലത്തിനും, മൂത്രത്തിനും ചങ്ങാതിമാരാകാന്‍ വിധിക്കപ്പെട്ട സ്വന്തം മാതാപിതാക്കള്‍ക്ക് പകരക്കാരാകുന്നു ഈ കൂട്ടര്‍. മാതാപിതാക്കള്‍ തന്റെ വളര്‍ച്ചയുടെ കാലഘട്ടങ്ങളില്‍ വാത്സല്യത്തിന്റെ ചുടുഃചുംബനങ്ങളിലൂടെ പകര്‍ന്നു തന്ന സുരക്ഷിതത്വം അവരുടെ ആവശ്യഘട്ടങ്ങളില്‍ തിരിച്ചുകൊടുക്കാന്‍ സമയം കണ്ടെത്താതെ നാടുനീളെ നടന്ന് ഇത്തരം രണ്ടാംകിട അമ്മമാരുടേയും അച്ഛന്മാരുടേയും ചുടുചുംബനങ്ങള്‍ വാങ്ങാന്‍ മത്സരിക്കുന്നു. അവരുടെ പാദാരവിന്തങ്ങള്‍ കഴുകിയ മലിനജലം കുടിക്കാന്‍ തിക്കിതിരക്കുന്നു.

“കലികാലം” എന്നു പുലമ്പി ഒരു ദീര്‍ഘനിശ്വാസവും വിടാം എന്നതിലുപരി ആര്‍ക്കെങ്കിലും ഈ ലേഖനം കൊണ്ട് പ്രയോജനം ഉണ്ടായി എന്നു ഞാന്‍ വിശ്വസിക്കുന്നില്ല. അതുമാത്രമല്ല ഏറ്റവും കുറഞ്ഞത് പത്താളുകളുടെ എങ്കിലും വിരോധം സമ്പാദിക്കനും ഇതുകൊണ്ട് സാധിച്ചു എന്നും എനിക്കും നന്നായി അറിയാം!

ഹിന്ദുമതത്തിലെ ആള്‍ദൈവങ്ങളെ കുറിച്ച് ഇനിയും ധാരാളം പറയാനുണ്ട്. അതിലേക്ക് കൂടുതലായി വരുന്നതിനു മുന്‍പ് എങ്ങനെയാണ് ഈ കൂട്ടര്‍ ജനങ്ങളില്‍ തങ്ങളുടെ സ്വാധീനം ഉറപ്പിക്കുന്നത് എന്നറിയാന്‍ കൂടി ഞാന്‍ ഒരു ശ്രമം നടത്തിയിരുന്നു. അതിന് എനിക്ക് നല്ല ഒരു ആള്‍ദൈവ ഇരയെ ഞങ്ങളുടെ നാട്ടില്‍ തന്നെ കണ്ടെത്താന്‍ കഴിഞ്ഞു. എന്റെ അടുത്ത ബന്ധുവായ ഹയര്‍ സെക്കന്ററി സ്കൂളിലെ പ്രധാന അദ്ധ്യാപികയായി വിരമിച്ച സ്ത്രീ. അവരുടെ മൂന്നേക്കറോളം വരുന്ന വിശാലമായ പറമ്പിന്റെ നടുവിലെ അതിലും വിശാലമായ പഴയശൈലിയിലുള്ള വീട്ടില്‍ എത്തണമെങ്കില്‍ പ്രധാന വഴിയില്‍ നിന്നും പത്തുമിനിറ്റ് നടക്കണം. പുതുതായി നിര്‍മ്മിച്ച ഇരുമ്പു കവാടത്തിലും, നടവഴിക്ക് ഇരു വശങ്ങളായി കെട്ടി ഉയര്‍ത്തിയിരിക്കുന്ന കോണ്‍ക്രീറ്റ് മതിലിന്റെ വശങ്ങളിലും കേരളത്തിലെ പ്രമുഖ ആള്‍ദൈവത്തിന്റെ ഇരിക്കുന്നതും, നില്‍ക്കുന്നതും, കിടക്കുന്നതും, തിരിഞ്ഞും മറിഞ്ഞും നല്‍ക്കുന്നതുമായ നൂറുകണക്കിന് ചിത്രങ്ങള്‍. അതെല്ലാംകഴിഞ്ഞ് വീടിന്റെ അടുക്കളയിലും കക്കൂസിലും വരെ ചിത്രങ്ങളുടെ ഒരു പെരുംഘോഷയാത്ര. ഒരിക്കല്‍ പ്രസ്തുത വീട് സന്ദര്‍ശിച്ച ഞാന്‍ അല്‍പ്പം നീരസത്തില്‍ ചോദിച്ചു

“ മരിച്ചു പോയ ഭര്‍ത്താവിന്റെ ഒരു ചിത്രം പോലും ഇല്ലാത്ത ഈ വീട്ടില്‍ എന്തിനാ ടീച്ചറേ ഈ ഫോട്ടോ എല്ലാം ഒട്ടിച്ച് വൃത്തികേടാക്കിയിരിക്കുന്നത്?”

മറുപടി വരുന്നതിനു മുന്‍പ് ഭയം നിറഞ്ഞ മുഖവുമായി ചുണ്ടിനു കുറുകെ ചൂണ്ടുവിരല്‍ വച്ച് “ശ് ശ് ശ് ശ് ശ്” എന്നൊരു ശബ്ദമുണ്ടാക്കി ടീച്ചര്‍. “അങ്ങനെ പറയല്ലേ മോനേ..... ഇവരൊക്കെ അപാര ശക്തി സൂക്ഷിക്കുന്നവരാണ്”..

അല്‍പ്പം പുശ്ചത്തില്‍ ഞാന്‍ തിരികെ ചോദിച്ചു.. “ഇത്രയും വിദ്യാഭ്യാസമുള്ള ടീച്ചര്‍ക്ക് എന്തു ശക്തി വിശേഷമാണ് ഇവരില്‍ കാണാന്‍ കഴിഞ്ഞത്?”

അവര്‍ അല്‍പ്പനേരം ചിന്തിച്ചു.... ഉത്തരം മുട്ടി എന്നു ഏതാണ്ട് ഉറപ്പായിരുന്നു. പക്ഷെ സ്വന്തം മക്കള്‍ ഒരു തെറ്റു ചെയ്താല്‍ അത് തെറ്റാണെന്ന് അംഗീകരിച്ച് ആ തെറ്റിന് ന്യായമായ ശിക്ഷകൊടുക്കാതെ അവനെ സംരക്ഷിക്കാന്‍ ശ്രമിക്കുന്ന പുതുയുഗ മാതാപിതാക്കളുടെ പ്രതിനിധിയെ പൊലെ ആയിരുന്നു ടീച്ചറുടെ പ്രതികരണം. “അവര്‍ ദൈവമല്ല എനിക്ക് ഗുരുവാണ്”

ഞാന്‍ ഉറക്കെ ചിരിച്ചു പോയി.... എന്റെ ആ ചിരിയോടു കൂടി വിദ്യാഭ്യാസമുള്ള ആ ആള്‍ദൈവ ഭക്ത എന്നെ വെറുക്കാനാരംഭിച്ചു എന്ന് അവരുടെ ഭാവമാറ്റത്തില്‍ നിന്നു വ്യക്തമായി. എങ്കിലും അതു പരിഗണിക്കാതെ ഞാന്‍ ചോദിച്ചു “ ഏതു രീതിയിലാണ് അവര്‍ ടീച്ചര്‍ക്ക് ഗുരുവാകുക? സ്കൂളില്‍ പഠിപ്പിച്ചോ, അതോ മറ്റേന്തെങ്കിലും കലകള്‍ അവരില്‍ നിന്ന് അഭ്യസിച്ചോ?

“ഹേയ് അല്ല... അവര്‍ ദൈവത്തിന്റെ അടുത്തെത്താന്‍ എന്നെ സഹായിക്കുന്നു... എന്നില്‍ ഭക്തിയുണ്ടാക്കാന്‍ അവര്‍ വഴികാണിക്കുന്നു”

“ഭക്തി എന്നാല്‍ ദേഷ്യം, സങ്കടം, സ്നേഹം എന്ന പോലെ ഒരു വികാരമല്ലേ ടീച്ചര്‍?... അതു നമ്മുടെ മനസ്സില്‍ ഉണ്ടായി വരേണ്ട ഒന്നല്ലേ... അതിനെ ഉണ്ടാക്കാന്‍ പറ്റിയ എന്തു സഹായങ്ങളാണ് അവര്‍ ചെയ്യുന്നത്? അപ്പോള്‍ ടീച്ചര്‍ ഇതിനു മുന്‍പ് പ്രാര്‍ത്ഥനയും, ഭജനയും ഒന്നും ഇല്ലാതെ നടക്കുകയായിരുന്നോ?” എന്റെ ആകാംഷ!

“ഭക്തി ഉണ്ടായിരുന്നു...പക്ഷെ അതു കൂടാന്‍ അവര്‍ സഹായിച്ചു.....” ഒറ്റ വരിയില്‍ ഉത്തരം തന്ന് പെട്ടെന്ന് വിഷയം അവസാനിപ്പിക്കാന്‍ ടീച്ചറുടെ ശ്രമം!

“ശരി സമ്മതിച്ചു ടീച്ചര്‍... ടീച്ചര്‍ക്ക് ഭക്തി കൂടി എന്നു ടീച്ചര്‍ തന്നെ പറയുന്നു... അത് ദൈവത്തോടുള്ള ഭക്തി ആയിരുന്നെങ്കില്‍ ഈ ആള്‍ദൈവത്തിന്റെ പടം ഒട്ടിച്ച് നാട്ടുകാരെ ബുദ്ധിമുട്ടിക്കുമായിരുന്നോ?”

“എന്റെ വീടല്ലേ മോനെ.... എനിക്കിഷ്ടമൂള്ളത് കാണിക്കാമല്ലോ”.... എഴുനേറ്റു പോടാ നായിന്റെ മോനേ എന്നുള്ളതിനു ടീച്ചറുടെതായ ഭാഷയില്‍ മറുപടി.

അതാണ് ഞാന്‍ മുന്‍പ് പറഞ്ഞത്. പി സി സര്‍ക്കാറിനേ പോലെയുള്ള മാജീഷ്യന്മാരുടെ നഖത്തില്‍ തേക്കാന്‍ പോലും കഴിയാത്ത അത്ര ചില നമ്പരുകളും, തൊലിക്കട്ടിയും, വാക്ചാതുരിയും ഉള്ള ഈ കൂട്ടര്‍ അഭ്യസ്ഥവിദ്യരുടെ ഇടയില്‍ പോലും തങ്ങളുട നിറ സാന്നിദ്ധ്യം തീര്‍ത്തിരിക്കുന്നു. എതിര്‍ക്കുന്നവന് കിട്ടുക നായിന്റെ മോനേ വിളികള്‍ മാത്രമായിരിക്കും!

(തുടരും)

Tuesday, May 18, 2010

ദൈവങ്ങളുടെ നടയിലൂടെ ഒരു യാത്ര (ഭാഗം 2)

രണ്ടാം അനുഭവം വിവാഹശേഷമാണ്....

വിരുന്നിനു എന്റെ അടുത്ത ഒരു ബന്ധുവീട് സന്ദര്‍ശിച്ചപ്പോള്‍ ഭാര്യക്ക് ഒരാഗ്രഹം പ്രശസ്തയായ മഹത് വ്യക്തി തൊട്ടടുത്തുണ്ട് ഒന്നു കണ്ട് കളയാം എന്ന്. പുതുമണവാട്ടിയുടെ ആഗ്രഹത്തിന് എതിരു പറയാനുള്ള ഒരു സധാരണ മണവാളന്റെ മാനസിക നിലക്കുപരി കേട്ടറിഞ്ഞ സ്ഥലം ഒന്നു കണ്ടറിയണം എന്ന ആഗ്രഹം ഭാര്യയുടെ ആഗ്രഹത്തിന് പച്ചക്കൊടി വീശി. ബന്ധു വീട്ടില്‍ ആഗ്രഹം അറിയിക്കവേ കടുത്ത ഇടത്പക്ഷ ചിന്തകനായ കാരണവരുടെ പുശ്ചം നിറഞ്ഞ മറുപടി..

“ഇവരെയൊക്കെ കാണാന്‍ ആരെങ്കിലും പോവോടേയ്യ്?”

ഭക്തി പരവശനായി ഞാന്‍ സന്നിധി പൂകാന്‍ കൊതിച്ചു നില്‍ക്കുകയാണെന്ന് പാവം തെറ്റിദ്ധരിച്ചതാവാം.....

“അങ്ങനെയൊന്നും ഇല്ല ഇത്രയും പ്രശസ്തമായ ഇടമല്ലേ? എനിക്കൊന്നു കാണാന്‍ ആഗ്രഹം....” പിന്നെ ഞാന്‍ എതിര്‍ത്തു കൊണ്ട് പറഞ്ഞ കാര്യങ്ങള്‍ കേട്ടപ്പോള്‍ കാരണവര്‍ക്ക് കാര്യം മനസിലായി. എങ്കിലും പോകുന്നതിനു മുന്‍പ് എന്നെ ഒന്നുപദേശിക്കാന്‍ അദ്ധേഹം മറന്നില്ല.

“ നീ ഈ പറഞ്ഞതൊന്നും അവിടെ ചെന്നു പറയരുത്.... ആരെങ്കിലു കേട്ടാല്‍ പിന്നെ ഞങ്ങള്‍ കായല്‍ മുങ്ങിതപ്പാന്‍ നടക്കണം . നിന്റെ ശവം അന്വേഷിച്ച്!!!”

ആ മുന്നറിയിപ്പ് എന്നെക്കാള്‍ ഏറെ പേടിപ്പിച്ചത് എന്റെ ഭാര്യയെയാണ്. എന്റെ സ്വഭാവത്തില്‍ നല്ല വിശ്വാസമുള്ളതുകൊണ്ടും,അവളുടെ ഭയം കണക്കിലെടുത്തും കാരണവര്‍ തന്റെ കൊച്ചുമകനെ കൂടി ഞങ്ങള്‍ക്കൊപ്പം അയക്കാനുള്ള സന്മനസ് കാട്ടി.

കടത്ത് കടന്ന് ചെന്നെത്തിയത് ഇടുങ്ങിയ ഒരു ഇടവഴിയില്‍. ചെളിയും വെള്ളവും നിറഞ്ഞ ഇടവഴ താണ്ടി പോകുമ്പോള്‍ എന്റെ മനസ്സില്‍ ഉയര്‍ന്ന ചോദ്യം ഇതായിരുന്നു. “ ഭക്തര്‍ക്ക് അനുഗ്രഹം നിര്‍ലോഭം ചൊരിയുന്ന ഈ ദൈവത്തിന് എന്തുകൊണ്ട് ഈ വഴിയെങ്കിലും തന്റെ ദിവ്യ ശക്തികൊണ്ട് ശരിയാക്കുക്കൂടാ”

ഇടവഴി നയിച്ചത് വളരെ വിശാലമായ മണി മന്ദിരങ്ങളുടെ ഒരു കോളണിയിലേക്കാണെന്ന് തോന്നി. അതിന്റെ ഒത്ത നടുക്കുള്ള ആശ്രമം എന്നു വിശേഷിപ്പിക്കുന്ന കെട്ടിടത്തെ കണ്ടപ്പോള്‍ മഹാഭാരഠത്തിലും രാമായണത്തിലും ഒക്കെ വിവരിച്ചിരിക്കുന്ന സന്യാസി വര്യന്മാരെയും അവരുടെ ജീവിത രീതിയേയും കുറിച്ച് അറിയാതെ ഓര്‍ത്തു പോയി.

മള്‍ട്ടിസ്റ്റാര്‍ ആശ്രമത്തിനു തൊട്ടടുത്തായ പല നിലകളുള്ള മറ്റു കെട്ടിടങ്ങള്‍. ശിഷ്യര്‍ക്ക് താമസിക്കാനുള്ളവ. തൊട്ടടുത്ത് വളരെ വിശാലമായ ഒരു തൊഴുത്തില്‍ കൊഴുത്തു തടിച്ച ആസ്ത്രേലിയന്‍ ജേഴ്സികള്‍ സെണ്ട്രല്‍ എ സി യുടെ സുഖത്തില്‍. പുറത്ത് പൊരി വെയിലത്ത് ഭക്തിമൂത്ത് ഭ്രാന്തായ ഇരുകാലികള്‍. വിശാലമായ ക്യാന്റീനിലേക്ക് കടന്നാല്‍ പുറത്തു കിട്ടുന്നതിനേക്കാള്‍ പൊള്ളുന്ന വില കൊടുത്ത് ഭക്ഷണം വാങ്ങി കഴിക്കണം. അങ്ങനെ എല്ലാം കൊണ്ടും മേന്മകള്‍ മാത്രം നിറഞ്ഞ പാവപ്പെട്ടവരുടെ അന്നദാതാവിന്റെ അഭിനവ ദൈവസന്നിധി.

മുറ്റം കടന്ന് മൈക്കില്‍ നിന്ന് ഒഴുകി വരുന്ന പ്രഭാഷണത്തിന്റെ പ്രഭാവകേന്ദ്ര ലക്ഷ്യമാക്കി നടന്നു. എന്നെ കടന്നു പോകുന്ന ശിഷ്യഗണങ്ങളെ കണ്ടപ്പോള്‍ അത്ഭുതം തോന്നി. പതിനെട്ട് വയസ്സ് തികയാത്ത ചെറിയ പെണ്‍കുട്ടികള്‍ ആയിരുന്നു ഏറെയും. വെള്ള വസ്ത്രവും, രുദ്രാക്ഷമാലയും, നെറ്റിയിലെ വെണ്ണീ‍റിനേക്കാളും എന്റെ കണ്ണുകള്‍ ഉടക്കിയത് ആ പെണ്‍കുട്ടികളുടെ ജീവസ്സു വറ്റിയ കണ്ണുകളിലും, വിളറി വിളര്‍ത്ത ശരീരത്തിലും ആയിരുന്നു. ആരോ ചലിപ്പിക്കുന്ന മരപ്പാവകള്‍ പോലെ ആശ്രമത്തിന്റെ പരിസരങ്ങളില്‍ അവര്‍ ഇങ്ങനെ ചുറ്റിക്കറങ്ങുന്നു. എന്തിനെന്നറിയാതെ.

വിശാലമായ ഓഡിറ്റോറിയത്തില്‍ ആയിരക്കണക്കിന് ഭക്തജനങ്ങള്‍, വിവിധ ദേശക്കാര്‍, ഒരു ഭാഗത്തി വിദേശ് ഭക്തരുടെ ഒരു വലിയ നിര. വേദിയില്‍ മുന്‍പ് കണ്ട ഗണത്തില്‍ പെട്ട പെണ്‍കുട്ടികളില്‍ ഒരാളുടെ നിലക്കാത്ത പ്രസംഗ മാമാങ്കം. ഒരു വേള ശ്രദ്ധിച്ചപ്പോള്‍ ആശ്രമ മുതലാളിയിലെ ദിവ്യത്വത്തത്തേയും, അത്ഭുതങ്ങളേയും വാഴ്ത്തി പാടുകയാണ് ആ പെണ്‍കുട്ടി. ഒരു ടേപ്പ്‌റിക്കാര്‍ഡറില്‍ നിന്നു വരുന്നതു പോലെ!.. നാളെയും ഇതേ പ്രഭാഷണമം ഒരുപക്ഷെ കേള്‍ക്കാനായേക്കും എന്നു മനസ്സില്‍ പറഞ്ഞു.

കലിയുഗ ദൈവമായും, അവതാരങ്ങളിലെ അടുത്ത തലമുറ ദൈവമായും വിശേഷിപ്പിക്കപ്പെടുന്നു. ശ്രീകൃഷ്ണന്റേയും, യേശുദേവന്റേയും, മുഹമ്മദ് നബിയുടേയും, ശ്രീ നാരായണ ഗുരുവിന്റേയും ഗണത്തിലെ മറ്റൊരു യുഗ പുരുഷന്‍/വനിതയായി വാഴ്ത്തപ്പെടുന്നു. രസകരമായ ആ പ്രസംഗം കേട്ടു നില്‍ക്കെ പൊടുന്നനവെ ഭക്തജനങ്ങള്‍ എഴുന്നേല്‍ക്കുകയും, പിന്നീട് എല്ലാവ്രും സാഷ്ടാംഗ പ്രണാമത്തിലേക്ക് വീഴുകയും ചെയ്യുന്നത് കണ്ടപ്പോള്‍ ഞാന്‍ പരിസരത്തിലേക്ക് ഒന്നു കണ്ണോടിച്ചു. കാന്റിനില്‍ ഉള്ളിലും, മുറ്റത്തെ ചുട്ടുപൊള്ളുന്ന മണലില്‍ വരെ സ്രാഷ്ടാംഗ പ്രണാമകാരികള്‍ എല്ലാം മറന്നു വീണിരിക്കുന്നു.

എന്റെ ഭാര്യ എന്നെ ചെറുതായൊന്നു മുട്ടി. അവളുടെ കണ്ണുകളില്‍ ഭയം കാണാമായ്യിരുന്നു. അവിടെ സ്രാഷ്ടാംഗ പ്രണാമം ചെയ്യാതെ നില്‍ക്കുന്നത് ഞങ്ങള്‍ മൂന്നു പേരെ ഉള്ളു എന്ന് ഞാന്‍ ശ്രദ്ധിച്ചില്ലെങ്കിലും അവള്‍ ശ്രദ്ധിച്ചിരിക്കുന്നു. കയ്യും കെട്ടി നില്‍ക്കുന്ന എന്നെ നോക്കി കൂടെ വന്ന പയ്യന്‍ പറഞ്ഞു “ചേട്ടാ കിടന്നോ” അതും പറഞ്ഞ് അവനും വീണു. ഇപ്പോള്‍ ഞാനും, ഭാര്യയും മാത്രം. കല്യാണം കഴിഞ്ഞ ആദ്യ നാളുകള്‍ ആയതിനാല്‍ ഭാര്യക്ക് എന്റെ പ്രതികരണം എന്നങ്ങനെ എന്ന് ഒരു പേടി ഉണ്ടായിരുന്നിരിക്കാം. ഞാനും ഭാര്യയും മാത്രം അവിടെ അവശേഷിച്ചു.

ദൈവം വേദിയിലെത്തി. എഴുനേല്‍റ്റ് നിന്ന് അനുഗ്രഹിച്ചു. പക്ഷെ എഴുനേല്‍റ്റവരില്‍ ഏറിയ പങ്കും അത്ഭുതത്തോടെ ദൈവത്തെ നോക്കുന്നതിനു മുന്‍പ് എന്നെയും ഭാര്യയേയും ആണ് നോക്കിയത്. ഞങ്ങള്‍ അവിടെ നിന്ന് പോരും വരെ അത് തുടര്‍ന്നു. സംശയ ദ്രീഷ്ടിയോടെയുള്ള നൂറുകണക്കിന് നോട്ടങ്ങള്‍ കൊണ്ട് ചൂളിയപ്പോള്‍ അവിടെ നിന്ന് തിരികെ പോരാനായി എന്റെ ഭാര്യ എന്നെ നിര്‍ബന്ധിച്ചു കൊണ്ടിരുന്നു.

ഇതിനിടയില്‍ ഒരാല്‍ വന്ന് എന്നോട് അന്വേഷിക്കുകയും ചെയ്തു എന്താണ് സ്രാഷ്ടാംഗ പ്രണാമം നടത്താതിരുന്നത് എന്ന്!. പോരുമ്പോള്‍ കാരണവരും, പിന്നെ കൂടെ വന്ന പയ്യനും ഓര്‍മ്മിപ്പിച്ച കാര്യങ്ങള്‍ ഓര്‍ത്തപ്പോള്‍ “നടുവിനു വേദന“ എന്ന ഒരു കള്ളവും പറഞ്ഞു ആശ്രമവും, ഭക്തരേയും, അവിടെ നിന്നു വരുന്ന അഭിനവ ദൈവത്തെ പ്രകീര്‍ത്തിച്ചുള്ള ഭജനാ ഗാനവും പിന്നിലാക്കി ഞങ്ങള്‍ നടന്നു.

പോരുമ്പോള്‍ എന്റെ മനസ്സില്‍ ബാബാ ആംതേയും അതു പോലെയുള്ള നൂറുകണക്കിന് ദൈവത്തിന്റെ പ്രതി പുരുഷന്മാരും ആയിരുന്നു മനസ്സു നിറയെ. കുഷ്ടരോഗം എന്ന മാരകവും, ഭീഭത്സവും, മറ്റുള്ളവരില്‍ അറപ്പും ഉളവാക്കുന്ന രോഗികള്‍ക്കൊപ്പം ജീവിച്ച് ഒടുവില്‍ കുഷ്ടരോഗിയായി മരിക്കേണ്ടി വന്ന ബാബാ ആംതേ. ആംതേയെ പോലെയുള്ള മഹാരധന്മാരുടെ ഏതു ഭാഗത്ത് പ്രതിഷ്ടിക്കാന്‍ കഴിയും ഇത്തരം അഭിനവ ദൈവങ്ങളെ.

ഭരണവും, ഭരണകൂടവും, ഭരണകര്‍ത്താക്കളും കൊടി പിടിച്ച് ഈ കൂട്ടരെ അവര്‍ പോലും അര്‍ഹിക്കാത്ത സ്ഥാനങ്ങളില്‍ എത്തിച്ചിരിക്കുന്നു. ഭാരതത്തിന്റെ യശസ്സ് ലോകം മുഴുവന്‍ എത്തിച്ച മഹാനായ ശാസ്ത്രകാരന്‍/ ലോകം കണ്ട മഹാനായ ഒരു ഭരണ കര്‍ത്താവ് ഡോക്ടര്‍ അബ്ദുള്‍കലാം പോലും ഭാരതത്തിന്റെ സ്വന്തം മണ്ണില്‍ സുരക്ഷയുടെ പേരില്‍ തുണിയുരിയപ്പെടുമ്പോള്‍ ലോകത്തിന്റെ എല്ലാ കോണിലുമുള്ള വിമാനത്താവളങ്ങളില്‍ ഒരു സുരക്ഷാ പരിശോധനയും ഇല്ലാതെ ഈ കൂട്ടര്‍ നിര്‍ബാധം പുറത്തു കടക്കുന്നു.

നൂറ്റി ഇരുപത് കോടി ജനങ്ങളില്‍ ഭൂരിഭാഗം പട്ടിണിപ്പാവങ്ങള്‍ ആയുള്ള നമ്മുടെ ഭാരതത്തിലെ പഷ്ണി മാറ്റാന്‍ ശ്രമിക്കാത്ത ഈ കൂട്ടര്‍ എന്തു സാമൂഹ്യ പരിഷ്കരണം നടത്താനാണ് വിദേശ യാത്രകള്‍ നടത്തുന്നതെന്ന് ഈയുള്ളവന്‍ പേര്‍ത്തും പേര്‍ത്തും ചിന്തിച്ചിട്ട് മനസ്സിലാകുന്നില്ല. വിദേശയാത്രയില്‍ ദൈവത്തെ കെട്ടി പിടിച്ച് കരയുന്നവരുടെ ദൃശ്യങ്ങള്‍ ടെലിവിഷനിലെ പ്രധാന ഷോ ആകുമ്പോള്‍ പാവം ജനം മൂക്കും കുത്തി വിഴുന്നതില്‍ എന്തല്‍ഭുതം.

സ്വന്തം പേരിട്ട് നാടു നീളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍. അവിടെ ഒരു അഡ്മിഷന്‍ നേടി എടുക്കണമെങ്കില്‍ ലക്ഷങ്ങള്‍ മാത്രം മതിയാവില്ല. ഭരണ തലത്തില്‍ നിന്നു വേണ്ടപ്പെട്ടവരുടെ തലോടലും ഒപ്പം ഇല്ലെങ്കില്‍ സ്ഥപനത്തിന്റെ ഗേറ്റിലെന്നല്ല ഏഴയലത്തു കടക്കാന്‍ കഴിയില്ല. ഭക്തി മൂത്ത് ആശ്രമത്തിന്റെ വാതിലില്‍ കിടക്കുന്ന സാധാരണക്കാരന്‍ സ്വന്തം കുഞ്ഞിന് ഒരു അഡ്മിഷനു ചെന്നാല്‍ കഴുത്തിനു പിടിച്ച് പുറത്തു തള്ളുമെന്നു ചുരുക്കം!

ഇനി ആതുരസേവനം എന്ന നിലയില്‍ മറ്റൊരു വിഭാഗം ഇത്തരം അഭിനവദൈവങ്ങളുടെ പേരിലുണ്ട്. എന്തെങ്കിലും അസുഖമായി അവിടെ ചെന്നാല്‍ ആദ്യം നമ്മുക്ക് കിട്ടുക ഒരു പ്രവേശന ഫോം ആയിരിക്കും. ചെല്ലുന്നവന്റെ മതം, ജാതി?, വരുമാനം?, ജോലി ചെയ്യുന്നുണ്ടോ? ജോലി ചെയ്യുന്നത് ഗള്‍ഫിലാണോ, അതോ നാട്ടിലോ? അങ്ങനെ നൂരു നൂറു ചോദ്യങ്ങള്‍ക്ക് മറുപടി എഴുതിയാലെ ദൈവത്തിന്റെ പേരെഴുതിയ പ്രവേശന കാര്‍ഡ് കിട്ടൂ. പിന്നെ പൂരിപ്പിച്ച ഫോറത്തിന്റെ ഗുണനിലവാരം തിട്ടപ്പെടുത്തിയാണ് അവസാന ചീട്ടു കീറുന്നത്. മതത്തിനേയും, ജാതിയേയും വരുമാനത്തിനേയും വരെ സ്വാധീനിക്കും പ്രസ്തുത ചീട്ട്!

ശതകോടികളില്‍ നിന്ന് ആയിരങ്ങള്‍ മുടക്കി ഇന്നു കെട്ടിയാല്‍ നാളെ ഇടിഞ്ഞു വീഴുന്ന വീടുകളോ, അല്ലെങ്കില്‍ അതില്‍ നിന്നു ഒരംശം മുടക്കി ആതുരാലയങ്ങളില്‍ വരുന്ന ലക്ഷക്കണക്കിന് ആള്‍ക്കാരില്‍ ഒന്നോ രണ്ടോ പേര്‍ക്ക് തിശ്ചമായ ചികിത്സാ സഹായം ചെയ്യുകയ്യൊ ചെയ്തിട്ട് അത് മാധ്യമങ്ങളിലൂടെ കൊട്ടിപ്പാടി താന്‍ ഏതോ മഹാന്‍/മഹതി ആണെന്ന് സ്വയം പ്രഖ്യാപിക്കുന്ന ഇത്തരക്കരെ എന്തിനാണ് നാം പൂജിക്കുന്നത്. ഇവരാണോ യദാര്‍ത്ഥത്തില്‍ പൂജിക്കപ്പെടേണ്ടവര്‍.

സ്വന്തം വീടുകളില്‍ പ്രായമായ അച്ച്ചനും അമ്മയും ഒരു നേരത്തെ മരുന്നിനായി അല്ലെങ്കില്‍ ഭാക്ഷണത്തിനായി അയല്‍ വീട്ടുകളില്‍ ഇരക്കാന്‍ വിട്ടിട്ട് ഇത്തരം അഭിനവ ദൈവങ്ങളെ തേടി പോകുന്നവര്‍ ഓര്‍ക്കേണ്ട ഒന്നുണ്ട്. ഈ കൂട്ടര്‍ നിങ്ങളെ നാശത്തിലേക്ക് നയിക്കാന്‍ പിറവി എടുത്തവര്‍ ആണ്. ദൈവ വഴിയാണ് നിങ്ങള്‍ ആഗ്രഹിക്കുന്നതെങ്കില്‍ ആദ്യം സ്വന്തം മാതാപിതാക്കളെ അവരുടെ അവശകാലത്ത് സംരക്ഷിക്കാന്‍ ശ്രമിക്കൂ. നാടു നീളെ സാമൂഹ്യ പ്രവര്‍ത്തനം നടത്തി ദൈവത്തിന്റെ കോര്‍ട്ടിലെ നല്ല പുത്രന്‍ ആവാന്‍ കഴിയില്ല എന്ന സത്യവും നിങ്ങള്‍ ഓര്‍ക്കുമെങ്കില്‍ നന്ന്.

നാടു നീളെ നിരങ്ങി പാവങ്ങളെ പറ്റിച്ച് ഈ കൂട്ടര്‍ സംഘടിപ്പിക്കുന്ന വരുമാനം ബന്ധുക്കളുടെ പേരില്‍ ട്രസ്റ്റ് രൂപീകരിച്ച് അതിലേക്കാണ് ഒഴുകുന്നതെന്നു പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ. വിശ്വസിച്ചെ മതിയാവൂ... ഇനിയെങ്കിലും ഇവരെ നിങ്ങള്‍ തിരിച്ചറിയുമോ?

(തുടരും)

Saturday, May 15, 2010

ദൈവങ്ങളുടെ നടയിലൂടെ ഒരു യാത്ര (ഭാഗം 1)

ഇരിക്കൂ.... മഹാനുഭാവന്‍ എന്താണ് അങ്ങയുടെ പ്രശ്നം?

അന്നു വരെ പുരാണ ബാലെകളില്‍ മാത്രം കേട്ടു ശീലിച്ചിട്ടുള്ള നെടുനീളന്‍ അതിസംബോധന കേട്ട് സ്തബ്ദനായിരിക്കുന്ന ആഗതനെ നോക്കി അതിഥേയന്‍ ആദ്യ ചോദ്യത്തിനു മറുപടി അവഗണിച്ച് അല്‍പ്പ നേരം ധ്യാനനിരതനായി.

മനസ്സിലായി. വീട്ടില്‍ അല്‍പ്പം കലഹമുണ്ടല്ലെ?

ഉം...അതെ.

സാമ്പത്തിക പരമായി അല്‍പ്പം ബുദ്ധിമുട്ടിലാണല്ലെ?

ആഗതന്‍ അല്‍ഭുതപരവശനായി ചുറ്റും നോക്കി.

അതിഥേയന്‍റെ മുഖത്ത് മന്ദഹാസം.

അത്താഴ പഷ്ണിക്കാരെ തന്‍റെ വലയില്‍ ഒതുക്കാന്‍ ഇത്രയും മതി എന്ന് അയാള്‍ക്കറിയാം.

ഒരു സധാരണ ദൈവവിശ്വാസിക്ക് എന്നും എവിടെയും നേരിടേണ്ട പ്രശ്നങ്ങള്‍ ആണിതൊക്കെ.

പക്ഷെ ആഗതന്‍റെ അറിവുകേടിനുമേല്‍ അതിഥേയന്‍റെ ആധിപത്യം അവിടെ ആരംഭിക്കുകയാണ്.

കണ്ണും അടച്ച് ഒരു പ്രതിവിധി നിര്‍ദ്ദേശിക്കുമ്പോള്‍ അതിഥേയന്‍റെ മനസ്സില്‍ കിലുക്കത്തില്‍ ജഗതി പറയുന്ന ഡയലോഗായിരിക്കാം.

“കിട്ടിയാല്‍ ഊട്ടി അല്ലെങ്കില്‍ ചട്ടി”

പക്ഷെ രണ്ടുപേരുടെയും ഭാഗ്യത്തിന് പ്രതിവിധി ഫലവത്തായാല്‍ പിന്നെ കരിയര്‍ ഗ്രാഫ് ഉയരുന്നത് സന്യാസിവര്യന്‍റെയും.

അവിടെയും നഷ്ടം പാവപ്പെട്ട സാധാരണക്കാരനു തന്നെ.

ഒറ്റനമ്പര്‍ ലോട്ടറി കടക്കു മുന്നില്‍ ദിവസവും ഭാഗ്യപരീക്ഷണത്തിന് അന്നന്നത്തെ വരുമാനം അടിയറവു വയ്ക്കുന്ന ലക്ഷോപലക്ഷം ജനങ്ങളെ ഈയുള്ളവന്‍ അന്യസംസ്ഥാനങ്ങളില്‍ കണ്ടിട്ടുണ്ട്.

ഇവിടെ പക്ഷെ ഒരിക്കല്‍ പ്രതിവിധി ഫലവത്തായാല്‍ സന്യാസി ശ്രേഷ്ടന്‍റെ പാദാരവിന്ദങ്ങളില്‍ ആണെന്നു മാത്രം.

ഇനി അഥവാ പ്രതിവിധി ഫലവത്തായില്ലങ്കില്‍ പാവപ്പെട്ടവന്‍ ആരൊടും പറയാതെ തന്‍റെ വിധി എന്നു സമാധാനിച്ച് ഒതുങ്ങികൂടുകയും വീണ്ടും അടുത്ത ഭാ‍ഗ്യപരീക്ഷണത്തിനു മറ്റൊരാളെ സമീപിക്കുകയും ചെയ്യുന്നു.


ഇതാണ് ഇന്നിന്‍റെ പുതിയ ദൈവമുഖം.

അവതാരങ്ങള്‍ ഇവിടെ ജനനം കൊള്ളുന്നു.

അലക്കി തേച്ച കാവി വേഷവും, നീട്ടി വളര്‍ത്തിയ മുടിയും, താടിയും, നീണ്ട ഗോപിക്കുറിയും, അല്‍പ്പം തൊലിക്കട്ടിയും അതിലേറെ വാക്ചാരുതിക്കും, പിന്നെ കരുണ ലവലേശം തീണ്ടാത്ത മൂന്നാമതൊരാളെ കുഴിയിലാക്കാന്‍ കെല്‍പ്പുള്ള ഒരു മനസ്സും കൈമുതലായുള്ള ഒരുവനു അത്രയൊന്നും ബുദ്ധിമുട്ടില്ലാതെ നേടിയെടുക്കാന്‍ കഴിയുന്ന സ്വര്‍ഗ്ഗീയ സിംഹാസനം.

ആള്‍ദൈവ സത്വവാന്മാര്‍ ഇവിടെ ഇങ്ങനെ പിറവി കൊള്ളുന്നു. ഉണ്മ എന്ന വാക്കിന് അവിടെ മറുപുറവും ദ്വയാര്‍ത്ഥവും കല്‍പ്പിക്കപ്പെടുന്നു.

ഇന്ന് സാധാരണ ജനം വലയുകയും, വഞ്ചിക്കപ്പെടുകയും ചെയ്യുന്നത് ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്ത ഇത്തരം അഭിനവ ഋഷീശരന്മാരുടെ സമൂഹിക പ്രതിബദ്ധത തൊട്ടുതീണ്ടിയില്ലാത്ത പ്രവര്‍ത്തനങ്ങള്‍കൊണ്ടു മാത്രമാണ്.

ഗൂണ്ടായിസം അടിച്ചമര്‍ത്താന്‍ നിയമങ്ങളും നിയമാവലികലും ചമക്കപ്പെടുമ്പോള്‍ ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ സധാരണ ജനങ്ങളില്‍ അടിച്ചേല്‍പ്പിക്കുന്ന മാനസിക ഗൂണ്ടായിസമായ ആള്‍ദൈവ സിദ്ധാന്തത്തിനെതിരെ ചെറുവിരല്‍ അനക്കാന്‍ ഭരണകൂടങ്ങള്‍ക്കോ, അതിന്‍റെ തലപ്പത്തിരിക്കുന്ന നപുംസകങ്ങള്‍ക്കോ സാധിക്കുന്നില്ല എന്നതും വളരെ പരിതാപകരമായ അവസ്ഥ തന്നെയാണ്.

ഇനി ഈയുള്ളവന്‍റെ ചില ആള്‍ദൈവ അനുഭവങ്ങള്‍ വിവരിക്കട്ടെ.

എനിക്ക് പത്തു പന്ത്രണ്ട് വയസ്സുള്ളപ്പോള്‍ എന്‍റെ അമ്മ എന്നേയും കൂട്ടി ചെങ്ങന്നൂരിനും മാവേലിക്കരക്കും ഇടയിലുള്ള കൊച്ചാലുംമൂട് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന അമ്മ മഹാമായയുടെ അടുത്ത് പോകാറുണ്ടായിരുന്നു. എപ്പോഴൊക്കെ അവിടം സന്ദര്‍ശിച്ചാലും ഭക്ത ജനങ്ങളുടെ തിരക്കു കാരണം മണിക്കൂറുകള്‍ നിന്നാലെ അമ്മയുടെ ദര്‍ശനം ഉണ്ടാവാറുണ്ടായിരുന്നുള്ളൂ. ക്ഷേത്ര തുല്യമായ ഒരു കെട്ടിടത്തിനുള്ളില്‍ സധാരണയായി ഓരോ പത്തു മിനിറ്റിലും അമ്മക്ക് ദീപാരാധനയുണ്ടാവൂം. തിക്കിലും തിരക്കിലും പരുക്കു പറ്റുന്നവരും കുറവല്ല. മുരുകസേവ കയറിയാല്‍ അമ്മ ഉറഞ്ഞു തുള്ളും. അമ്മയുടെ ഈ സേവ കണ്ടാല്‍ എല്ലാ ദുഃഖങ്ങളും ദുരിതങ്ങളും തീരും എന്നാണ് വിശ്വാസം. കഷ്ടിച്ച് ഇരുപത്തിരണ്ട് വയസ്സ് കടന്നിട്ടില്ലാത്ത അമ്മ ഒരു ദിവസം പൂജിക്കുന്നവനോടൊപ്പം ഒളിച്ചോടി. കൃസ്ത്യന്‍ മതവിശ്വാസിയായ അമ്മയെ മുരുകന്‍ ബാധിച്ചപ്പോള്‍ തന്നെ പള്ളിയും പട്ടക്കാരും കൈവിട്ടിരുന്നു. അമ്മ പൂജാരിയോടൊപ്പം അന്നുവരെയുള്ള സമ്പാദ്യവുമായി ഒളിച്ചോടിയതറിയാതെ എന്‍റെ അമ്മ അടുത്ത മാസവും എന്നെയും കൂട്ടി ആശ്രമത്തിലെത്തി. ഗാനമേളക്കു ശേഷം ആളൊഴിഞ്ഞ അമ്പലമുറ്റം പോലെ അനാഥമായി കിടക്കുന്ന അശ്രമമുറ്റം കണ്ട് മനസ്സ് വിങ്ങി എന്‍റെ അമ്മ അടുത്തുള്ള അഭിനവദേവിയുടെ ബഹുനില കെട്ടിടത്തിനു മുന്നില്‍ എത്തി. കാര്യം തിരക്കുന്നതിനു മുന്‍പേ ഗ്രഹനാഥന്‍റെ സ്വാഗതം വന്നു... “ കടന്നു വന്നാട്ടെ, അമ്മ പോയാലെന്താ അമ്മയുടെ അനുജന്‍ ഇവിടെ ഉണ്ടല്ലോ... മുരുകന്‍ ഇപ്പോള്‍ അവനിലേക്ക് ആവാഹിക്കപ്പെട്ടിരിക്കുന്നു”

ഗ്രഹനാഥനന്‍റെ അവതരണ പ്രസംഗം കഴിഞ്ഞതും കഷ്ടിച്ച് പതിനാറു വയസ്സ് തികയാത്ത മീശമുളക്കാത്ത പയ്യന്‍ തന്‍റെ മുരുക സേവ വെളിപ്പെടുത്താന്‍ ഉതകും വിധം ചരലു നിറഞ്ഞ മുറ്റം ഇളക്കി മറിച്ച് തുള്ളല്‍ തുടങ്ങി. ഭക്തര്‍ക്ക് അമ്മയായാലെന്ത്, അച്ഛനായാലെന്ത്? ... എന്‍റെ അമ്മ ഭക്തപരവശയായി, കണ്ണുകള്‍ കൂപ്പി... അവിടെ നിന്ന് പോരുമ്പോള്‍ ആ പ്രായത്തിലും എന്‍റെ അമ്മക്ക് ഒരു ചെറു താക്കീത് കൊടുക്കേണ്ടി വന്നു... “ഇനി മേലില്‍ എന്നെ വിളിച്ചേക്കരുത് ഇവിടെ വരാന്‍” എന്ന്... അതിനു ഫലം ഉണ്ടായി എന്നു തന്നെ പറയാം. പിന്നീട് ഒരിക്കലും എന്‍റെ അമ്മ ആ ഭാഗത്തേക്ക് തിരിഞ്ഞു നോക്കിയിട്ടില്ല!

(തുടരും)

Wednesday, March 3, 2010

സദാചാരക്കാരുടെ ചില കവല പ്രസംഗങ്ങള്‍

കേരളത്തിലെ ഒരു നാല്‍ക്കവലയില്‍ ഒത്തുകൂടിയ ഒരുകൂട്ടം സദാചാരക്കാരുടെ കവല ചര്‍ച്ചയിലേക്ക് നിങ്ങളുടെ ശ്രദ്ധയെ ക്ഷണിക്കുന്നു. ഇതില്‍ വിവിധ മതക്കാരുണ്ട്, രാഷ്ട്രീയക്കാരുണ്ട്. പ്രസംഗം പ്രവര്‍ത്തിയെ സാധൂകരിക്കുന്നുണ്ടോ?. വായനക്കാര്‍ വിലയിരുത്തുക.

ചര്‍ച്ചക്ക് തുടക്കമിട്ടുകൊണ്ട് ...........

സദാചാരന്‍ 1:-
എം.എഫ്.ഹുസൈന്‍ ഇനി ഖത്തറുക്കാരന്‍ ഖത്തര്‍ പാസ്പോര്‍ട്ട് ലഭിച്ച ഹുസൈന്‍ ഇന്ത്യന്‍ പാസ്പോര്‍ട്ട് ഇന്ന് ഖത്തറിലെ ഇന്ത്യന്‍ എംബസിയെ തിരിച്ചേല്‍പിച്ചേക്കും.ഖത്തര്‍ പൌരത്വം കിട്ടിയ താന്‍ ഇന്ത്യന്‍ പൌരത്വം ഉപേക്ഷിക്കുന്നുവെന്ന് അദ്ദേഹം.

സദാചാരന്‍ 2:- ഉവ്വ ഉവ്വ ...ഖത്തറില്‍ ചെന്ന് ഇന്ത്യയിലെ ആത്മാവിഷ്ക്കാരം പുറത്തെടുട്ടെടുത്തു നോക്കാണം. അപ്പോള്‍ അറിയാം വിവരം .

സദാചാരന്‍ 3 :- ഭൂരിപക്ഷ വര്‍ഗീയതയെ നിയന്ത്രിക്കാനോ, ഒരു പൌരന്റെ ജീവനു സുരക്ഷ കൊടുക്കാനോ ഞങ്ങള്‍ക്ക് താല്പര്യമില്ലെന്നു കോണ്‍ഗ്രസ് സര്‍ക്കാര്‍ ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുന്നു. ഖത്തര്‍ ഭരണാധികാരികള്‍ക്ക് വിപ്ളവാഭിവാദ്യങ്ങള്‍.

സദാചാരന്‍ 2:- തസ്ലീമയെകൂടി ഖത്തര്‍ ഏറ്റെടുക്കുമോ ആവോ ?

സദാചാരന്‍ 3 :- ആവിഷ്ക്കാര സ്വാതന്ത്രത്തില്‍ ഇടപെടുന്നത് ഹിന്ദു തീവ്രവാദികളായാലും മുസ്ലിം തീവ്രവാദികളായാലും എതിര്‍ക്കപ്പെടേണ്ടതു തന്നെ. തസ്ലീമ എഴുതിയത് കൊണ്ട് പ്രവാചകന്‍ടെയോ, ഹുസൈന്‍ വരച്ചതു കൊണ്ട് ദൈവങ്ങളുടെയോ മാന്യത തകര്‍ന്നു പോവുന്നെങ്കില്‍ അവരെങ്ങനെ അതിജീവനം നേടും?

സദാചാരന്‍ 4 :- ദൈവങ്ങള്‍ക്ക് ഒരു കുഴപ്പവും വരാനില്ല ദൈവങ്ങളെ സൃഷ്ട്ടിച്ചവര്‍ക്കും ആ പേരില്‍ ജീവിതം നയിക്കുന്നവര്‍ക്കും ആണ് കുഴപ്പം.

സദാചാരന്‍ 3 :- യോജിക്കുന്നു.

സദാചാരന്‍ 5 :- ആവിഷ്കാര സ്വാതന്ത്ര്യം ഉള്ള എം എഫ് ഹുസൈന്‍ ഖത്തര്‍ സുല്‍ത്താന്റെ തുണിയില്ലാത്ത ചിത്രം ഒന്നു വരക്കട്ടെ!!! എങ്കില്‍ അത് ആവിഷാകര സ്വാതന്ത്ര്യമാണെന്നും, ധൈര്യമാണെന്നും നമ്മുക്ക് ഉറക്കെ വിളിച്ചു പറയാം!!!! ദൈവങ്ങള്‍ക്ക് ഒരു കുഴപ്പവും ഒരിക്കലും ഉണ്ടാവില്ല. പക്ഷെ മനുഷ്യര്‍ ദൈവങ്ങളല്ലല്ലോ. പലതരം ചിന്തകള്‍, താല്‍പ്പര്യങ്ങള്‍, ആചാരങ്ങള്‍ വച്ചു പുലര്‍ത്തുന്ന സാധാരണക്കാരന് ഇത്രയും കടുത്ത രീതിയില്‍ ചിന്തിക്കാനുള്ള കഴിവൊന്നും ഇല്ല. അതാണ് ആവിഷ്കാര സ്വാതന്ത്ര്യക്കാര്‍ ആദ്യം മനസ്സിലാക്കേണ്ടത്.

സദാചാരന്‍ 3 :- ഇന്ത്യയില്‍ ഏതൊക്കെ ദൈവങ്ങള്‍ക്ക് തുണിയുണ്ട്? എത്ര ക്ഷേത്രങ്ങളില്‍ ദേവിമാരോടൊത്തുള്ള ദൈവങ്ങളുടെ ഉടുതുണിയില്ലാത്ത ശില്‍പങ്ങളുണ്ട്? അതിനെ ചിത്രകാരന്‍ കാന്‍വാസില്‍ പകര്‍ത്തുന്നത് എങ്ങനെ ധിക്കാരമാകും?

സദാചാരന്‍ 1 :- അന്യ മതക്കാര്‍ ആരാധിക്കുന്ന ദൈവങ്ങളെ നിങ്ങള്‍ ആക്ഷേപിക്കരുത്.' (ഖുര്‍ആന്‍ ) ഈ വചനം മുന്‍നിര്‍ത്തി ഒരു മുസ്ലിമിനും ഹുസൈന്റെ രചനകളെ അംഗീകരിക്കാന്‍ കഴിയില്ല. തസ്ലീമ ചെയ്തതും ഹുസൈന്‍ ചെയ്തതും ഒന്നാവുന്നതും, തസ്ലീമയ്ക്ക് അഭയം കൊടുത്ത ഇന്ത്യന്‍ നടപടിയും ഹുസൈന് പൗരത്വം കൊടുത്ത ഖത്തര്‍ തീരുമാനവും ചോദ്യം ചെയ്യപ്പെടുന്നതും ഇതേ കാരണം കൊണ്ട് തന്നെയാണ്.

സദാചാരന്‍ 3 :- ആദ്യം നമ്മള്‍ മനസ്സിലാക്കേണ്ടത് ഹുസ്സൈന്‍ ഒരു മതക്കാരനുമല്ല എന്നതാണ്. അതുകൊണ്ട് അദ്ദേഹത്തെ സംബന്ധിച്ച് 'അന്യ മതക്കാര്‍' എന്നൊന്നില്ല. ഹുസൈന്‍ടെ രചനകള്‍ മുസ്ലിങ്ങള്‍ അംഗീകരിക്കുന്നു എന്നു കേട്ടിട്ടില്ല. RSS നു ദൈവങ്ങളോടുള്ള പ്രീതികൊണ്ടല്ല, മുസ്ലിം നാമധാരിയോടുള്ള ചരിത്ര പരമായ വിദ്വേഷമാണു അദ്ദേഹത്തിനു നേരെയുള്ള ഭീഷണി. ഒരേ ആയുധം കൊണ്ടാണു തസ്ലീമയും ഹുസൈനും ആക്രമിക്കപ്പെടുന്നത്. വിചാരണ ചെയ്യപ്പെടേണ്ടത് ആക്രമികളാണ്. അവരുടെ ജീവനു സംരക്ഷണം കൊടുത്തവരല്ല.

സദാചാരന്‍ 1 :- ഹുസൈന്റെയോ തസ്ലീമയുടെയോ റുഷ്ദിയുടെയോ മതം ചികയുകയല്ല എന്റെ ഉദ്ദേശം. ഞാനടക്കമുള്ള മുസ്ലിം സമൂഹത്തിന്റെ നിലപാട് വ്യക്തമാക്കുകയായിരുന്നു. ഒരു മുസ്ലിം ഇവരില്‍ ആരുടെ നിലപാടിനെ പിന്തുണച്ചാലും ഫലത്തില്‍ അത് ഖുര്‍ആന്റെ നിര്‍ദ്ദേശത്തെ അവമതിക്കലാവും. പിന്നെ വിചാരണ: ഇന്ത്യന്‍ ഭരണഘടന അനുസരിച്ച് മതവിശ്വാസങ്ങളെ വ്രണപ്പെടുത്തല്‍ ശിക്ഷാര്‍ഹം തന്നെയാണ്.

സദാചാരന്‍ 3 :- ഏതു മതത്തെയാണു ഹുസൈന്‍ വ്രണപ്പെടുത്തിയത് എന്ന് ഇനിയും മനസ്സിലായിട്ടില്ല. നഗ്നരായ ദൈവങ്ങള്‍ മുക്കിലും മൂലകളിലുമുള്ള ഇന്ത്യയില്‍, അതിനെ നോക്കി വരക്കുന്നത് എങ്ങനെ വ്രണപ്പെടുത്തലാകും? പിന്നെ, താങ്കള്‍ മുസ്ലിമാണെന്നതിനാല്‍ താങ്കളുടെ നിലപാടാണു 'മുസ്ലിം സമൂഹത്തിന്ടെ നിലപാട്' എന്ന ചിന്ത അപകടകരമാണ്.

സദാചാരന്‍ 1 :- മറ്റു മുസ്ലിംകള്‍ക്ക് വിരുദ്ധാഭിപ്രായം ഉണ്ടെങ്കില്‍ ചൂണ്ടിക്കാണിക്കുമല്ലോ.

സദാചാരന്‍ 4 :- ഒരു കാര്യത്തില്‍ വിയോജിപ്പുണ്ട് ചേട്ടാ, ഇതു ഏതെങ്കിലും ഒരു മതത്തിന്റെ പ്രശ്നമല്ല. ആവിഷ്ക്കാര സ്വാതന്ത്ര്യത്തില്‍, കലയില്‍, ജനാധിപത്തില്‍ വിശ്വസിക്കുന്ന ഓരോ ഭാരതീയന്റെയും പ്രശ്നമാണ്, ദുഖമാണ്. ചേട്ടന്‍ പ്രകടിപ്പിക്കുന്ന വികാരം പൂര്‍ണ്ണമായി ശരിയെന്നു ഞാന്‍ വിശ്വസിക്കുന്നു. അതു ഒരു മതത്തിന്റെ അല്ല എല്ലാ നല്ല ഭാരതീയന്റെയും വികാരവുമാണ്.

സദാചാരന്‍ 3 :- ചൂണ്ടി കാണിച്ചല്ലോ.....തീര്‍ച്ചയായും ഇത് മതത്തിന്റെ പ്രശ്നമേയല്ല.
അങ്ങനെയാക്കി മാറ്റുകയാണു മതമെന്തെന്നും ദൈവമേതെന്നും അറിഞ്ഞു കൂടാത്തവര്‍..

സദാചാരന്‍ 1 :- മൂന്നാമന്‍ സദാചാരാ.... സ്വയമാണ് ഉദാഹരിച്ചതെങ്കില്‍, ഹുസൈന്റെ ചിത്രങ്ങള്‍ വേദനിപ്പിച്ചു എന്നഭിപ്രായമുള്ള സംഘവുമായി പുലബന്ധമില്ലാത്ത അനേകം പേരെ ഞാന്‍ കാണിച്ചു തരാം. ഇവരുടെ വികാരവും ഖുര്‍ആന്റെ നിലപാടും എങ്ങനെ പൊരുത്തപ്പെടും എന്നൊന്ന് പറയാമോ?


സദാചാരന്‍ 5 :- മൂന്നാമന്‍ സദാചാരാ ദാരു ശില്‍പ്പങ്ങളെ ചൂണ്ടി ദൈവങ്ങള്‍ എന്നു പറയുന്നത് മഹാപരാധമാണ്. ക്ഷേത്രങ്ങളിലെ ദാരു ശില്‍പ്പങ്ങളില്‍ തുണിയില്ല എന്ന താങ്കളുടെ അഭിപ്രായം തികച്ചും നിരുത്തരവാദപരവും!!! ചില രതി ശില്‍പ്പങ്ങള്‍ അപൂര്‍വ്വം ചില ക്ഷേത്രങ്ങളില്‍ ഉണ്ട്. അവിടുത്തെ ആചാരവും അതുമായി ബന്ധപ്പെട്ടവയാണ്. കേരളത്തിലെ ക്ഷേത്രങ്ങളില്‍ ദാരുശില്‍പ്പങ്ങള്‍ ധാരാളമുണ്ട്. പക്ഷെ എല്ലാം സമ്പൂര്‍ണ വസ്ത്രത്തോടു കൂടിയുള്ളതാണ്. ഹുസൈന്‍ മുസ്ലീം നാമധാരി ആയതുകൊണ്ടാണ് ഞാന്‍ പ്രസ്തുത വ്യക്തിയെ എതിര്‍ക്കുന്നു എന്നു താങ്കള്‍ പറയുന്നു എങ്കില്‍ അതെ കാരണം കൊണ്ടാണ് താങ്കള്‍ അദ്ധേഹത്തെ അനുകൂലിക്കുന്നത് എന്ന് ആരോപിച്ചാല്‍!!!!!. ഞാന്‍ ഒരു രാഷ്ട്രീയക്കാരനും കുടപിടിക്കുന്നവനല്ല. പക്ഷെ ഞാനൊരു ദൈവവിശ്വാസിയാണ്. ഹുസൈന്‍ അദ്ധേഹത്തിന്റെ ആവിഷ്കാര സ്വാതന്ത്ര്യത്തിലൂടെ എന്റെ മനസ്സിലും ഒരു കനലു കോരിയിട്ടു. കാരണം ഞാന്‍ ആരാധിക്കുന്ന മൂര്‍ത്തികളെ ഞാന്‍ സങ്കല്‍പ്പിക്കുന്ന രീതിയില്‍ നിന്ന് വ്യത്യസ്തമായി അദ്ധേഹം ചിത്രീകരിച്ചു. എന്നെ പോലെ ഒരു രാഷ്ട്രീയത്തിലും വിശ്വസിക്കാത്ത് കോടിക്കണക്കിന് ഇന്‍ഡ്യക്കാര്‍ക്കും ഇതേ അഭിപ്രായം ആയിരിക്കും. അത് അപലപനീയമാണ്. അതുകൊണ്ടാണ് ഞാന്‍ വീണ്ടും ചോദിക്കുന്നത്. ഖത്തര്‍ പൌരത്വം സ്വീകരിച്ച ഹുസൈന്‍ ആവിഷ്കാര സ്വാതന്ത്ര്യം ഉപയോഗിച്ച് അവിടുത്തെ സുല്‍ത്താനെ നഗ്നനായി ഒന്നു ചിത്രീകരിക്കട്ടെ!!! ആദ്ധേഹത്തിന്റെ ആവിഷ്കാര സ്വാതന്ത്ര്യത്തെ ഇന്‍ഡ്യന്‍ ജനത അന്നു വാനോളം പുകഴ്ത്തും. ഇനി ഒരു ചെറിയ മറു ചോദ്യം കൂടി. മഹാനായ പ്രവാചകന്റെ ചിത്രം ഒരിടത്തും ഇല്ല. അത് പ്രദര്‍ശിപ്പിക്കരുത് എന്ന് മതം അനുശാസിക്കുന്നു. കഴിഞ്ഞ ഒരു വര്‍ഷം മുന്‍പ് ഗൂഗിള്‍ അത് പ്രദര്‍ശിപ്പിച്ചപ്പോള്‍ ഉണ്ടായ പുകില്‍ ഓര്‍ക്കുമല്ലോ അല്ലെ? 24 മണിക്കൂറിനൂള്ളില്‍ ഗൂഗിളിന് അതു പിന്‍‌വലിക്കേണ്ടിവന്നു. ഒരു കാര്‍ട്ടൂണിസ്റ്റ് പ്രവാചകനെ മോശമായി ചിത്രീകരിച്ചതിന് കഴിഞ്ഞ 2 മാസം മുന്‍പും അദ്ധേഹം വധശ്രമത്തില്‍ നിന്ന് കഷ്ടിച്ചു രക്ഷപെട്ടു. തസ്ലിമക്ക് സ്വന്തം നാട് കിട്ടക്കനിയായി. സല്‍മാന്‍ റുഷ്ദി ഇന്നും സ്വന്തം വീട്ടില്‍ മുട്ടു വിറച്ചിരിക്കുന്നു. ഇതെല്ലാം ആവിഷ്കാര സ്വാതന്ത്രയ്ത്തിന്റെ തിക്ത ഫലങ്ങളാ‍ണ്. അപ്പോള്‍ ഈ ആവിസ്ഷ്കാര സ്വാതന്ത്ര്യക്കാര്‍ മനസ്സിലാക്കേണ്ട ഒന്നുണ്ട്, ഒരു വലിയ സമൂഹം സാധാരണക്കാരുടെ മുന്നിലേക്കാണ് തങ്ങള്‍ കടന്നു ചെല്ലേണ്ടത്. അവരുടെ മനസ്സിനെ മുറിവേല്‍പ്പിക്കുന്ന ഇത്തരം സ്വാതന്ത്ര്യങ്ങള്‍ നിര്‍ത്തുകയല്ലെ ഇവര്‍ ചെയ്യേണ്ടത്?!!

സദാചാരന്‍ 3 :- ''തസ്ലീമയുടെ എഴുത്ത് വേദനിപ്പിക്കുന്നില്ല'' എന്നഭിപ്രായമുള്ള ആളുകളെ ഞാനും കാണിച്ചു തന്നാല്‍?

സദാചാരന്‍ 5 :- അത് ഭൂരിപക്ഷ അഭിപ്രായമല്ല സുഹൃത്തെ..... എങ്കില്‍ ഇന്നലെ കര്‍ണാടകയില്‍ നടന്നത് എന്തിന്റെ പേരിലാണ്. മുസ്ലീം സ്ത്രീകല്‍ ബുര്‍ഖ ധരിക്കരുതെന്ന് ഒരു പത്രത്തില്‍ തസ്ലീമ എഴുതി. താങ്കള്‍ അതിനോട് യോജിക്കുന്നുവോ?

സദാചാരന്‍ 1 :- അഞ്ചാം സദാചാരന്റെ വാക്കുകള്‍ക്ക് എന്റെ ഒരു അടിവര.

സദാചാരന്‍ 5 :- ഹിന്ദുവായ ഞാന്‍ താമസിക്കുന്നത് കര്‍ക്കശ നിയമങ്ങള്‍ ഉള്ള ഒരു മുസ്ലീം രാജ്യത്താണ്. എന്റെ ഭാര്യ ബുര്‍ഖ ധരിക്കുന്നു. ഞാന്‍ നാളെ മുതല്‍ സ്വാതന്ത്ര്യം കാണിച്ച് എന്റെ ഭാര്യയോട് ബുര്‍ഖ ധരിക്കേണ്ട എന്നു പറഞ്ഞാല്‍? എന്തായിരിക്കും എന്റെ സ്ഥിതി?

സദാചാരന്‍ 1 :- പ്രാസംഗികര്‍ക്ക് / സാഹിത്യകാരന്മാര്‍ക്ക് ആവിഷ്കാര സ്വാതന്ത്ര്യം ഇല്ലേ? അല്ലാ.. നമ്മുടെ സക്കറിയയുടെ ഡിഫി അനുഭവം ഓര്‍ത്തപ്പോള്‍ ചോദിച്ചതാ...

സദാചാരന്‍ 5 :-‍ മതേതരത്വം പ്രസംഗിക്കാന്‍ വളരെ എളുപ്പമാണ്. പക്ഷെ അതു നടപ്പാക്കുക കുറച്ചേറെ ബുദ്ധിമുട്ടും. ഒരു മതത്തേയും ഇകഴ്ത്താന്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍ മതങ്ങളില്‍ ഒരു വിശ്വാസവും ഇല്ല. പക്ഷെ ദൈവ വിശ്വാസിയായ ഞാന്‍ എന്റെ വിശ്വാസങ്ങളെ ചോദ്യം ചെയ്യപ്പെടുന്ന ഒന്നിനേയും വിശ്വസിക്കുന്നില്ല. അത് ആവിഷ്കാര സ്വാതന്ത്ര്യമായാലും, എന്തു പിണ്ണാക്കായാലും!!! അതിന് ഹുസൈനും, തസ്ലിമയും, സല്‍മാന്‍ റുഷ്ദിയും എല്ലാം ഞാന്‍
വെറുക്കപ്പെടുന്നവര്‍ തന്നെ.

സദാചാരന്‍ 5 :- അതിന്റെ അല്ലെ...സക്കറിയയും, ഇപ്പോഴത്തെ എല്ലാ ആവിഷ്കാരന്മാരും അനുഭവിക്കുന്നത്!

സദാചാരന്‍ 3 :-മുസ്ലിം സ്ത്രീകള്‍ ബുര്‍ഖ ധരിക്കരുതെന്ന തസ്ലീമയുടെ അഭിപ്രായത്തോട് യോജിക്കുന്നില്ല.കാരണം ഒരു സ്ത്രീ എന്തു ധരിക്കണമെന്നും, എന്തു ധരിക്കരുതെന്നും കല്പിക്കാന്‍ തസ്ലീമ ആര്??എതു വസ്ത്രം ധരിക്കണമെന്ന് അവരവര്‍ തീരുമാനിക്കട്ടെ.

സദാചാരന്‍ 5 :- അതാണ് ഇരട്ടത്താപ്പ്. തസ്ലീമ അവരുടെ ആവിഷ്കാര സ്വാതന്ത്ര്യമാണ് ആ ലേഖനത്തിലൂടെ പ്രകടിപ്പിച്ചത്. പക്ഷെ ഭൂരിപക്ഷ ജനതക്ക് ആ അഭിപ്രായം സ്വീകാര്യമല്ല. അവര്‍ തസ്ലീമയെ എതിര്‍ക്കുന്നു. അത് അവര്‍ക്കും അറിയാം. എതിര്‍ക്കപ്പെടും എന്ന് അറിഞ്ഞുകൊണ്ട് ഒരു സമൂഹത്തിനു നേരെ വാളോങ്ങുന്നു. അത് ആവിഷ്കാര സ്വാതന്ത്ര്യമോ അതോ ആനാവിശ്യമോ? അതാണെന്റെ ചോദ്യം?

സദാചാരന്‍ 1 :- അതെ, അതാണ്‌ ചോദ്യം.

സദാചാരന്‍ 5 :- വെള്ളമടിച്ചിട്ട് ഒരുത്തന്‍ എന്റെ വീട്ടില്‍ കേറിവന്ന് മുണ്ടു പൊക്കി കാണിച്ചാല്‍ അവന്റെ സാധനം വെട്ടുക എന്നതാണ് എന്റെ കാഴ്ച്ചപ്പാട്...... ഹോ... അവന്‍ ഒരു പൌരനല്ലെ..... അവന്റെ സ്വാതന്ത്ര്യം അല്ലെ കാണിച്ചത്..... മോനെ പൊക്കോടാ എന്നു പറഞ്ഞ് ഞാന്‍ പറഞ്ഞയക്കില്ല..... അത്തരം സ്വാതന്ത്ര്യങ്ങള്‍ കാണിക്കുന്നവന് ചുട്ട പെട അതാണ് വേണ്ടത്..

സദാചാരന്‍ 3 :- ഒരു സംശയം: ഒരു വ്യക്തി/വസ്തു ആരാധിക്കപ്പെടുമ്പോഴാണു അയാള്‍/അത് ദൈവമാകുന്നത്. ശിവന്‍ ആരാധിക്കപ്പെടുന്നു. അതിനാല്‍ ശിവന്‍ ദൈവമാണ്. ശിവലിംഗം പാര്‍വതിയുടെ യോനിയില്‍ സ്തിഥിചെയ്യുന്ന ശില്പം കാണുന്ന ഒരാള്‍ അതിനെ കാന്‍വാസില്‍ പകര്‍ത്തുന്നതിനെ കുറ്റമെന്നു പറയാനാകുമോ?

സദാചാരന്‍ 5 :- ഇതു അനാവശ്യചോദ്യമാണ്..... മറ്റു വിഭാഗങ്ങളെ മുറിവേല്‍പ്പിക്കുന്ന ഒന്ന് താങ്കളുടെ ആവിഷ്കാര സ്വാതന്ത്യത്തിന്റെ പരിധിയില്‍ വരുന്നു എങ്കില്‍ അത് ഒഴിവാക്കുക. അതിനു ഞാന്‍ ചോദിച്ചവക്കൊന്നും ഉത്തരം തരാതെ അനാവിശ്യ ചോദ്യങ്ങളാണ് താങ്കള്‍ ചോദിക്കുന്നത്! ഒരു ഇംഗ്ലീഷ് ലേഖനത്തില്‍ പൌരസ്വാതന്ത്ര്യത്തെ കുറിച്ച് ലേഖകന്‍ എഴുതിയിരിക്കുന്നത് ഓര്‍ത്തു പോകുന്നു...... ഒരു തടിച്ച സ്ത്രീ റോഡിന്റെ ഒത്ത നടുവിലൂടെ നടന്നു പോകുന്നു. അവര്‍ കാരണം റോഡ് ബ്ലോക്കാണ്... ചോദിക്കുന്നവരോട് അവര്‍ പറയുന്നത് എനിക്കു പോകേണ്ടടത്ത് പോകുക എന്നുള്ളത് എന്റെ സ്വാതന്ത്ര്യമാണെന്നാണ്...... പക്ഷെ അത് ശരിയാണോ? ഇതാണോ യദാര്‍ത്ഥ
സ്വാതന്ത്യം?

സദാചാരന്‍ 4 :- ഇവിടെ ഒരു 'A' ചിഹ്നം ഒട്ടിക്കെണ്ടാതാണ്....അല്ലേല്‍ അനാശാസ്യത്തിന് കേസെടുക്കും..

സദാചാരന്‍ 1 :- താങ്കളുടെ ആചാര്യന്മാരുടെ സ്വകാര്യങ്ങള്‍ പ്രസംഗിച്ചതിന് താങ്കളുടെ പ്രസ്ഥാനം സക്കറിയയെ സല്‍ക്കരിച്ചത് മറക്കരുത്. താങ്കളുടെ കമന്റുകളില്‍ ഇപ്പോള്‍ സംഭവിച്ചതും മറ്റൊന്നല്ല.

സദാചാരന്‍ 3 :- ഒരു കാര്യം കൂടെ... തസ്ലീമയെയും ഹുസൈനെയും താരതമ്യപ്പെടുത്തുന്നതിനോട് യോജിപ്പില്ല. കാരണം ഹുസൈന്‍ തന്ടെ ചിത്രം വേദനിപ്പിച്ചവരോട് പരസ്യമായിക്ഷമ ചോദിച്ചു.
തസ്ലീമ അങ്ങനെയായിരുന്നില്ല.പിന്‍കുറിപ്പ്: തസ്ലീമ/റുഷ്ദിമാരുടെ അക്ഷരങ്ങള്‍ കൊണ്ട് പ്രവാചകന്‍ കത്തിച്ചു വെച്ച വിളക്ക് അണഞ്ഞുപോകുമെന്നോ ഹുസൈന്‍മാര്‍ വരച്ചതു കൊണ്ട് ദൈവങ്ങളെല്ലാം ഉടഞ്ഞു പോകുമെന്നോ ഞാന്‍ വിശ്വസിക്കുന്നില്ല.

സദാചാരന്‍ 5 :- ഹ...ഹ... വ്യക്തമാണ് ..... താങ്കളുടെ ഇരട്ടത്താപ്പില്‍ നിന്ന് താങ്കള്‍ ആരാണെന്ന് വ്യക്തമാണ്...... അരിയെത്ര...പയറഞ്ഞാഴി...... നല്ലത്!!യല്‍‌വക്കത്തെ പെണ്ണിനെ ബലാത്സംഗം ചെയ്തിട്ട് മാപ്പ് പറഞ്ഞാല്‍ എല്ലാം അവസാനിക്കുമെങ്കില്‍ ഇന്നു ലോകത്ത് നടക്കുന്ന കൊലപാതകങ്ങള്‍ക്ക് എന്തു ന്യായമാണ് നല്‍കാനുള്ളത്.....?

സദാചാരന്‍ 3 :- സ്വാതന്ത്ര്യം എന്നത് എന്തും വിളിച്ചു പറയാനുള്ള ഒന്നല്ല. മറ്റുള്ളവരുടെ സ്വാതന്ത്ര്യം നിഷേധിച്ചു കൊണ്ടാകരുത് വ്യക്തി സ്വാതന്ത്ര്യം എന്നു ഇന്ത്യന്‍ ഭരണഘടയും അടിവരയിടുന്നു.

സദാചാരന്‍ 5 :- ഇത് തസ്ലീ‍മയുടെ സ്വാതന്ത്യത്തെക്കൂറിച്ചോ, അതോ ഹുസൈന്റെ സ്വാതന്ത്യത്തെ കുറിച്ചോ ‍?

സദാചാരന്‍ 5 :- ആരുടേതായാലും!!!

സദാചാരന്‍ 5 :- ഞാന്‍ ജീവിക്കുന്ന ചുറ്റുപാടുകള്‍.... അത് എന്നെ പോലെ വികാരവും, വിചാരവും ഉള്ള ഒരു ജനത വസിക്കുന്ന ചുറ്റുപാടാണെന്ന് ബോദ്ധ്യമുള്ള ഒരുവനു ആവിഷ്കാരസ്വാതന്ത്യം ഇപ്രകാരം പുറത്തെടുക്കാന്‍ സാധിക്കില്ല....

സദാചാരന്‍ 1 :- ചര്‍ച്ചയില്‍ അവസാനം ഒരു തീരുമാനമുണ്ടായിരിക്കുകയാണ്. "ആവിഷ്കാര സ്വാതന്ത്ര്യം എന്നാല്‍ പരമമായ സ്വാതന്ത്ര്യമല്ല. അതിനും അതിരും വരമ്പുമുണ്ട്. ഹുസൈനും, തസ്ലീമയും, റുഷ്ദിയും, സക്കറിയയും.... എല്ലാം അത് പാലിച്ചേ മതിയാവൂ..


സദാചാരന്‍ 5 :- അതെ..... അന്യരെ മുറിവേല്‍പ്പിക്കുന്ന സ്വാതന്ത്ര്യം ഒരിക്കലും സ്വാതന്ത്ര്യമല്ല..... അതു അധിനിവേശമാണ്....

സദാചാരന്‍ 3:- ഇവിടെ മുറിവേല്‍പ്പിച്ചതിനു ഹുസൈന്‍ മാപ്പ് ചോദിച്ചിട്ടുണ്ട്. എന്നിട്ടും നിങ്ങളുടെ മുറിവുകളില്‍ നിന്ന് രക്തം വാര്‍ന്നൊഴുകുന്നു.


സദാചാരന്‍ 5 :- ഇവിടെ ആര്‍ക്കും വാര്‍ന്നൊഴുകുന്നില്ല സുഹൃത്തെ...... ഹുസൈന്‍ ഖത്തര്‍ പൌരനായതുകൊണ്ട് വിലപിക്കുന്നു.....അതുകൊണ്ട് മാത്രം പറഞ്ഞതാണ്... അദ്ധേഹം സ്വന്തം പ്രവര്‍ത്തികൊണ്ട് നേടിയ നല്ലതോ ചീത്തായ്യോ ആയ ഒന്ന്..... അതിനപ്പുറം ഞാന്‍ അതിന്‍ ഒരു വിലയും കല്‍പ്പിക്കുന്നില്ല.

സദാചാരന്‍ 4 :- മാന്യ സുഹൃത്തുക്കളെ, ലോകത്ത് മതം കൊണ്ട് ഗുണമുണ്ടായത് ചില താല്‍പ്പര കക്ഷികള്‍ക്ക് മാത്രമാണ്....അവരാണ് എല്ലാ മതത്തിന്റെയും, ജാതിയുടെയും ഉപഞ്ജാതാക്കളും...... ലോകത്തിലെ എല്ലാ കലഹങ്ങളുടെയും, അരക്ഷിതാവസ്ഥയുടെയും കാരണം അന്വേഷിച്ചു ചെന്നാല്‍ അവസാനം നാം എത്തി ചേരുന്നത് ഏതെങ്കിലും മതത്തിലായിരിക്കും...... മതം മനുഷ്യനെ മയക്കുന്ന കറുപ്പല്ല, അതു വിഷം തന്നെയാണ്.... പതിയെ പതിയെ കൊല്ലുന്ന വിഷം......അതു വിറ്റു കാശാക്കുന്നവര്‍ ഉണ്ടാക്കുന്ന പ്രശ്നങ്ങളാണ് ഇതെല്ലാം...... നമ്മുക്ക്
മനുഷ്യരായി ജീവിക്കാം.....അയല്‍ക്കാരന്റെ വിശപ്പ്‌ കാണാത്തവന്‍ അമ്പലത്തിലോ, പള്ളിയിലോ പോയിട്ട് എന്തു കാര്യം ???? ഒന്നു ശ്രദ്ധിക്കു നമ്മുടെ ആരാധനാലയങ്ങളുടെ മുതല്‍ മുടക്കുകാര്‍ (sponsors) മിക്കവരും നല്ല ഒന്നാന്തരം കള്ളന്മാരാണ്....

സദാചാരന്‍ 5 :- അതെ... മതം.... അതു മനുഷ്യനെ കൊല്ലുന്ന കാളകൂട വിഷം തന്നെയാണ്..... പക്ഷെ ദൈവം അത് മനുഷ്യനെ നന്മകളിലേക്ക് നയിക്കുന്ന ഒന്നും..... ഒരു മത വിശ്വാസി ആകാതിരിക്കാന്‍ ശ്രമിക്കുമ്പോള്‍ തന്നെ ഒരു സമ്പൂര്‍ണ ദൈവ വിശ്വാസി ആകാന്‍ ശ്രമിക്കുക...ദൈവങ്ങളെ പരിപാലിക്കാന്‍ അമ്പലവും, പള്ളിയും, മസ്ജിത്തും ഒന്നും ആവിശ്യമില്ല..... അത് മനുഷ്യന്റെ മനസ്സില്‍ ഉണ്ടാവേണ്ട ഒരു വികാരമാണ്..... ഭക്തി..... ആ വികാരം സൂക്ഷിക്കുന്നവന് ഒരാളെയും വേദനിപ്പിക്കാന്‍ കഴിയില്ല.... അതിന് വലിയവനെന്നോ, ചെറിയവനെന്നോ ഇല്ല... ഹുസൈനോ, തസ്ലീമയ്യോ എന്നില്ല...

സദാചാരന്‍ 1 :- മതമായാലും രാഷ്ട്രീയമായാലും വിശ്വാസം കുടുസ്സും തീവ്രവും ആകുമ്പോള്‍ മാറാടും ഗുജറാത്തും കണ്ണൂരും നാദാപുരവും ഉണ്ടാവുന്നു. എലിയെ പേടിച് ഇല്ലം ചുടുകയല്ല വേണ്ടത്; നല്ല എലിക്കെണികള്‍ സ്ഥാപിക്കുകയാണ്.

സദാചാരന്‍ 3 :-യോജിക്കുന്നു.മതത്തെയല്ല, അതിന്റെ ഉടമകളെയല്ല, അതിലെ പുരോഹിതന്‍മാരെയല്ല വിശ്വസിക്കേണ്ടതും അനുസരിക്കേണ്ടതും.അങ്ങനെ അനുസരിക്കാതിരിക്കുമ്പോള്‍ അവന്റെ കൈകളില്‍ നിന്നു ത്രിശൂലവും ഉറുമികളും താനെ മണ്ണിലേക്കു വീണു തുരുമ്പിച്ചു കൊള്ളും.ആദ്യമവന്‍ ദൈവത്തെ അറിയട്ടെ!!


സദാചാരന്‍ 5 :- ഹ...ഹ.... താങ്കള്‍ പറയാതെ എല്ലാം പറയുന്നു...... ഈ കവലയില്‍ താങ്കളുടെ ചിന്തകള്‍ എത്ര പിന്നോട്ടാണെന്നും മനസ്സിലാക്കുന്നു.... താങ്കള്‍ ഒറ്റക്കണ്ണിലൂടെ മാത്രം കാര്യങ്ങളെ കാണുന്നവനാണെന്നും മനസ്സിലാക്കുന്നു......ത്രിശൂലവും ഉറുമിക്കും ഒപ്പം താങ്കള്‍ മറന്നു പോകുന്ന ഒരായിരം ആയുധങ്ങള്‍ വേറെയുമുണ്ട്.... മനപ്പൂര്‍വ്വം അവയെ ഒന്നും വിട്ടുകളയല്ലെ!!

സദാചാരന്‍ 1 :-ഞാനറിയുന്ന ഒന്നാം സദാചാരന്‍ നല്ല ഒന്നൊന്നര എസ് എഫ് ഐക്കാരനാണ്. അല്ലെ..?

സദാചാരന്‍ 5 :- ഹ..ഹ അതിലൊന്നും കാര്യമില്ല..... ഇന്നു തിരുവില്വാമലയില്‍ പൂമൂടല്‍ നടത്തുകയും, മക്കയില്‍ ഉമ്ര നടത്തുകയും ചെയ്യുന്നത് വെറും എസ് എഫ് ഐക്കാരല്ല..... ഒന്നാന്തരം കേന്ദകമ്മറ്റി അംഗങ്ങളാണ്...

സദാചാരന്‍ 5 :- മതവും, മത സ്ഥാ‍പനങ്ങളും, മതാചാര്യന്മാരും എല്ലാം തുലയട്ടെ..... ഒരു മതം അല്ല...എല്ലാ മതങ്ങളും..... ദൈവ സാന്നിദ്ധ്യാം നിലനില്‍ക്കട്ടെ....

സദാചാരന്‍ 1 :-പിന്നെ ഇവിടെ എന്ത് ബാക്കി കാണും ?
സദാചാരന്‍ 5 :- ബാക്കിയാവേണ്ടത്... പരസ്പര ബഹുമാനവും ഭക്തിയൂം സൂക്ഷിക്കുന്ന ഒരു ജനത..... സംഭവിക്കാത്ത ഒന്നാണ്... എന്നാലും ആഗ്രഹിക്കാം!

സദാചാരന്‍ 1 :-എങ്കില്‍ എനിക്ക് തോന്നുന്നു, അവിടെ ബാക്കിയുണ്ടാവുക യഥാര്‍ത്ഥ ഹിന്ദുവും, ഇസ്ലാമും, ക്രൈസ്തവനും ഒക്കെ ആയിരിക്കും. ഇടയില്‍ കുളം കലക്കി മീന്‍ പിടിക്കുന്ന രാഷ്ട്രീയക്കാരുടെ പൊടി പോലുമുണ്ടാവില്ല കണ്ടു പിടിക്കാന്‍! (പഴയ 'അനിക്സ്പ്രേ' പരസ്യത്തോട്‌ കടപ്പാട്)

സദാചാരന്‍ 3 :- പ്രിയ സുഹ്രുത്തെ, എസ്.എഫ്.ഐക്കാരോട് നിരീശ്വര വാദികളാകണമെന്നു ഒരു കോടതിയും പറഞ്ഞിട്ടില്ല. അതിനാല്‍ അവന്‍/അവള്‍ അമ്പലത്തില്‍ പോകുന്നോ, പള്ളിയില്‍ പോകുന്നൊ എന്നു നോക്കിയിരിക്കുന്നവര്‍ വിഡ്ഡികളാണ്. മതവും രാഷ്ട്രീയവും കൂട്ടി കലര്‍ത്തരുത്.

സദാചാരന്‍ 5 :-ഹ...ഹ... അതു രണ്ടും കൂടികലരൂ... മറ്റൊന്നും കൂടിക്കലരില്ല...... അല്ലെങ്കില്‍ കലര്‍ത്തി നോക്കൂ..... ഏറ്റവും കൂടുതല്‍ കൂടിക്കലരുന്നത് അതു രണ്ടും അല്ലെ മാഷെ...... അവസര വാദികളാണ് രണ്ടും.... അതു രണ്ടും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങള്‍!! കോടതി പറയില്ല.... പക്ഷെ താങ്കള്‍ എസ് എഫ് ഐ ആണെങ്കില്‍ ഈ അടുത്തിടെ സി പി എം ഇറക്കിയ തിരുത്തല്‍ രേഖ ഒന്നു അമര്‍ത്തി വായിച്ചു നോക്കുക..... അതില്‍ വെണ്ടക്ക വലുപ്പത്തില്‍ എഴുതി പിടിപ്പിച്ചിട്ടുണ്ട്.... മാര്‍ക്സിസ്റ്റ്കാര്‍ മത വിശ്വാസികളോ, ദൈവവിശ്വാസികളോ ആവരുത്!!!!!

സദാചാരന്‍ 5 :-വീട്ടില്‍ ഉച്ചയൂണ് തയ്യാറായി കാണും.... പണിയില്ലാതെ അന്യര്‍ക്കു പകരാന്‍ പറ്റുന്ന ഒരേ ഒരു സാധനം സദാചാര പ്രസംഗം മാത്രം... അപ്പോള്‍ ഇനി വൈകുന്നേരം പ്രസംഗം തുടരാം..... ദയവു ചെയ്ത് ആരും മനസ്സില്‍ അരുതത്തതൊന്നും സൂക്ഷിക്കരുതെ.... എന്നാല്‍ പിന്നെ കാണാം.....

സദാചാരന്‍ 1 :- അതു ശരിയല്ലോ.... മറുപടി കേട്ടിട്ടു പോകൂ....


സദാചാരന്‍ 5 :- ഹേയ് എനിക്കു കേട്ടു ശീലമില്ല...... പറഞ്ഞെ ശീലമുള്ളൂ.... എന്നാല്‍ പിന്നെ!!!