. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .

Tuesday, November 19, 2013

വിമാനമിറങ്ങുന്ന ദുസ്വപ്നങ്ങള്‍.



ആറന്മുളയില്‍ ഒരു വീമാനത്താവളം…? ആദ്യമായി അത്തരം ഒരു വാര്‍ത്ത കേട്ടപ്പോള്‍ സത്യത്തില്‍ വളരെ രസകരമായി തോന്നി. എന്‍റെ നാട്ടിലും വീമാനത്താവളം വരുന്നു എന്ന് ആറന്മുളക്ക് വെളിയില്‍ ഉള്ള സുഹൃത്തുക്കളോട് ഹാസ്യരൂപേണ പറഞ്ഞു ചിരിക്കുമായിരുന്നു ഞാന്‍. കാരണം ആറന്മുളയെ നന്നായി അറിയാവുന്ന ഒരാള്‍ക്ക് അവിടെ ഒരു വീമാനത്താവളം വരുന്നു കേള്‍ക്കുമ്പോള്‍ അത് ഒരു വലിയ തമാശയായേ തോന്നാന്‍ വകയുള്ളൂ.  ആറന്മുളയെ മൊത്തമായി വിശകലനം ചെയ്‌താല്‍ അതിന്‍റെ ഭൂപ്രകൃതിയെ കുറിച്ച് അറിഞ്ഞാല്‍ ഈ വിമാനത്താവളം ഒരു ആനമഠയത്തരവും ശുദ്ദ അസംബന്ധവും  ആണെന്ന് ആര്‍ക്കും മനസ്സിലാക്കാം.

കരപ്രദേശങ്ങള്‍ എല്ലാം തന്നെ ജനനിബിഡമായ, ആയിരക്കണക്കിന് ഏക്കര്‍ വയലേലകളാല്‍ ചുറ്റപ്പെട്ട, അതിലേറെ മലനിരകള്‍ ഉള്ള, നൂറ് കണക്കിന് ചെറുതും വലുതുമായ ആരാധനാലയങ്ങള്‍ ഉള്ള, പത്തോളം ചെറു അരുവികള്‍ ഉള്ള, കേരളത്തിലെ തന്നെ പ്രധാന നദികളില്‍ ഒന്നായ പമ്പക്ക് ശബരിമല കഴിഞ്ഞാല്‍ ഏറ്റവും പ്രാധാന്യമുള്ള, പൈതൃക ഗ്രാമമായ ആറന്മുളയില്‍ ഒരു വിമാനത്താവളം സ്ഥാപിച്ചാല്‍ അനുബന്ധമായ വികസന പ്രവര്‍ത്തനങ്ങള്‍ നടത്താനായി കുടിയിറക്കപ്പെടുന്ന ആളുകളെ കൂടി കണക്കിലെടുത്താല്‍ പിന്നെ വിരലില്‍ എണ്ണാവുന്ന ജനങ്ങള്‍ക്കെ എവിടെ ജീവിക്കാന്‍ സാധ്യമാവൂ.

നാലോ അഞ്ചോ മീറ്റര്‍ മാത്രം വീതി ഉള്ള റോഡുകള്‍, നാലോ ആറോ വരി പാതയാക്കുമ്പോള്‍ കുടിയിറക്കപ്പെടുന്നവര്‍ പടിഞ്ഞാറ് ചെങ്ങന്നൂര്‍ മുതല്‍ കിഴക്ക് പത്തനംതിട്ട വരെയും തെക്ക് പന്തളം മുതല്‍ വടക്ക് തിരുവല്ല വരെയും ഉണ്ടാവും എന്നതും നാം മറന്നു പോകുന്നു. ആയിരക്കണക്കിന് വീടുകള്‍, ആരാധാനാലയങ്ങള്‍ ഇവയൊക്കെയും നിഷ്കാസനം ചെയ്യപ്പെടും. ഇനി ഈ റോഡുകള്‍ വീതി കൂട്ടുന്നില്ല എന്ന വാദമാണ് വീമാനത്താവള അനുകൂലികള്‍ക്ക് വാദിക്കാന്‍ ഉള്ളതെങ്കില്‍ നിങ്ങള്‍ പണിയുന്നതിനു അന്താരാഷ്ട്ര വിമാനത്താവളം ആണെങ്കില്‍ അതിന്‍റെ അന്താരാഷ്ട്ര മാനങ്ങള്‍ പാലിക്കപ്പെടാന്‍ റോഡുകള്‍ വീതികൂട്ടിയെ കഴിയൂ എന്ന് ഞങ്ങള്‍ ആറന്മുളയിലെ സാധാരണക്കാര്‍ക്ക് വ്യക്തമായി അറിയാം എന്നെ മറുപടി പറയാനുള്ളൂ.

ശുഷ്കമായി ഒഴുകുന്ന പമ്പ ഒന്ന് ശക്തിയാര്‍ജ്ജിക്കുന്നത് ആറന്മുളയും പരിസരത്തും എത്തുമ്പോഴാണ്. അവിടെയുള്ള നീരുറവകള്‍ പമ്പക്ക് നല്‍കുന്ന ശക്തി അപാരം. ഇന്ന് കൃഷി ചെയ്യുന്നില്ല എങ്കിലും നിര്‍ദ്ദിഷ്ട മേഖലയില്‍ മണ്ണിട്ട്‌ നികത്താന്‍ ഉദ്ദേശിക്കുന്ന വയലുകള്‍ ഈ ചാലുകള്‍ക്ക് വെള്ളം കൊടുക്കുന്ന നീര്‍ത്തടങ്ങള്‍ ആണ് ഇന്നും. ആ നീര്‍തടങ്ങളിലെക്ക് ഉറവകള്‍ എത്തുന്നത് സമീപപ്രദേശങ്ങളില്‍ ഉള്ള കുന്നുകളില്‍ മഴക്കാലത്ത് സംഭരിക്കപ്പെടുന്ന ജലവും. താവളം വരുന്നതോടെ കുന്നുകള്‍ ഇടിച്ച് നീക്കപ്പെടും, വയലുകള്‍ ചാലുകള്‍ എല്ലാം നികത്തപ്പെടും എന്തിനേറെ ഒരു ഭൂപ്രദേശം ഒന്നാകെ തുടച്ച് നീക്കപ്പെടും.

രാഷ്ട്രീയ പാര്‍ട്ടികളില്‍ നാം വിശ്വസിച്ച് കൂടാ. അവര്‍ അവരുടെ പകിടികള്‍ക്കായി കാത്തിരിക്കുകയാണ്. നേതാക്കന്മാര്‍ക്കോ പാര്‍ട്ടിക്ക് മൊത്തമായോ കിട്ടുന്ന മുറയ്ക്ക് മറ്റേതു സ്ഥലങ്ങളിലെ സ്ഥാപിത താല്പ്പര്യ സമരങ്ങള്‍ പോലെ അവര്‍ പിന്‍വാങ്ങുക തന്നെ ചയ്യും. ചരിത്രം നമ്മുക്ക് നല്‍കിയ പാഠങ്ങള്‍ അത്തരമാണ്. ഇവിടെ ജനങ്ങള്‍ മതജാതി വര്‍ഗ്ഗ വര്‍ണ വ്യത്യാസമില്ലാതെ കൊടിക്കൂറയുടെ പിന്‍ബലമില്ലാതെ അണിനിരക്കുക മാത്രമാണ് ഒരേയൊരു സാധ്യത.

പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകന്‍ ശ്രീ  ഹരീഷ് വാസുദേവന്‍  എഴുതിയ ഒരു ലേഖനത്തില്‍ പറയും പോലെ "ആറന്മുളയ്ക്കു അന്തിമാനുമതി എന്ന് ഹെഡിംഗ് കൊടുക്കുന്ന പത്രക്കാരുടെ ശ്രദ്ധയ്ക്ക്. ഇതേ അന്തിമാനുമതി 2 തവണ നൽകിയതാണ് അതിരപ്പിള്ളി പദ്ധതിക്ക്. എന്നിട്ടും ഒരു സിമന്റ് കട്ട പോലും അവിടെ വീണിട്ടില്ല, ഇന്നേ ദിവസം വരെ. രണ്ടു തവണയും കോടതി അനുമതി റദ്ദാക്കി. അതും ഒരു സാധ്യതയാണ്. എല്ലാ അനുമതിയുമായി വന്ന, അമേരിക്കാൻ പ്രസിഡന്റിനെ വരെ തീരുമാനിക്കാൻ കെൽപ്പുള്ള കൊക്ക കോള കമ്പനി പൂട്ടിക്കെട്ടി. പിന്നെയാണോ ഒരു KGS കമ്പനി. നാട്ടുകാർ സ്ട്രോങ്ങ്‌ ആണെങ്കിൽ ഒരനുമതിയും പ്രശ്നമല്ലെന്ന് വിളപ്പിൽശാല പോലും തെളിയിക്കുന്നു. ഇനിയൊക്കെ നാട്ടുകാരുടെ മിടുക്ക് പോലിരിക്കും.”

ഞങ്ങള്‍ ആറന്മുളയിലെ ജനങ്ങള്‍ക്ക് ഈ വീമാനത്താവളം വേണ്ട. ആറന്മുളയിലെ പ്രവാസികളായ ഞങ്ങള്‍ രണ്ടര മണിക്കൂര്‍ യാത്ര ചെയ്ത് തിരുവനന്തപുരത്തു നിന്നോ, മൂന്നര മണിക്കൂര്‍ യാത്ര ചെയ്ത് കൊച്ചിയില്‍ നിന്നോ വീട്ടില്‍ എത്താന്‍ തയ്യാറാണ്. ആ യാത്രയില്‍ ചിലപ്പോള്‍ ഞങ്ങള്‍ അനുഭവിച്ചെക്കാവുന്ന യാതനയുടെ എത്രയോ ലക്ഷം ഇരട്ടി യാതനകള്‍ ആണ് ഈ വീമാനതാവളം വന്നാല്‍ ഞങ്ങളെ കാത്തിരിക്കുന്നത് എന്ന് തിരിച്ചറിയാനുള്ള വിവേകം ഞങ്ങളില്‍ തീര്‍ച്ചയായും ഉണ്ട്.

4 comments:

  1. വിവേകം നിങ്ങളില്‍ ഉണ്ട്. എന്നാല്‍ ഡിസിഷന്‍ മേക്കേര്‍സ് എന്നറിയപ്പെടുന്ന ചിലരില്‍ വിവേകത്തെക്കാളേറെ നിക്ഷിപ്തതാല്പര്യങ്ങളാണ് കാണപ്പെടുന്നത്.

    ReplyDelete
  2. ആറന്മുളയിലെ എന്നല്ല കേരളത്തിലെ മൊത്തം ജനങ്ങളും ഒന്നിച്ചെതിര്‍ത്താലും കോണ്‍ഗ്രസുകാര്‍ മരുമകന്‍ വാദ്ര തീരുമാനിച്ചുറപ്പിച്ച വിമാനത്താവള പദ്ധതിയെ കൈവിടില്ല.

    ആറന്മുള വിമാനത്താവളം പ്രവര്‍ത്തിച്ചു തുടങ്ങിയാല്‍ പല തരത്തില്‍ പാരവെച്ച് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള തിരുവനന്തപുരം, പൊതുമേഘലാ സ്ഥാപനമായ കൊച്ചി, വിമാനത്താവളങ്ങളുടെ ലാഭകരമായ എല്ലാ പ്രവര്‍ത്തനങ്ങളും താളം തെറ്റിച്ച് പാലക്കാട് മുതല്‍ തുരുവനന്തപുരം വരെയുള്ളവരെ ആറന്മുള വിമാനത്താവളം ഉപയോഗിക്കാന്‍ നിര്‍ബന്ധിതരാക്കും, അങ്ങനെ തിരുവനന്തപുരം, കൊച്ചി വിമാനത്താവളങ്ങളെ നഷ്ടത്തിലാക്കി നഷ്ടത്തിലാക്കി മരുമോനെ താങ്ങിക്കൊടുക്കും.

    എന്നിട്ട് വാദ്രയുടെ എച്ചില്‍ പാണന്മാര്‍ പാടി നടക്കും കേരളത്തിലെ പതിനായിരക്കണക്കിനു പ്രവാസികള്‍ക്ക് യാത്രാ സൗകര്യം ലഭിച്ചത് ഞങ്ങളുടെ വാദ്രത്തമ്പുരാന്റെ കനിവുകൊണ്ടാണെന്ന്‍.

    (കോണ്‍ഗ്രസ് നേതാവായ പ്രഫുല്‍ പട്ടേലിന്റെ സ്വന്തം ഇന്‍ഡിഗോ എയര്‍ലൈനെ ലാഭത്തിലാക്കാന്‍ എയറിന്ത്യയുടെ യാത്രക്കാരെ പരമാവധി വെറുപ്പിക്കുന്ന നടപടികള്‍ എടുത്തും എയറിന്ത്യയുടെ ലാഭകരമായ സ്ര്‍‌വീസുകള്‍ മുഴുവന്‍ വെട്ടിക്കുറച്ച് അതേ സമയത്ത് ഇന്‍ഡിഗോ പറത്തിയും ലാഭം സ്വന്തം കീശയിലാക്കുന്നത് ഏവര്‍ക്കും അറിവുള്ളതാണല്ലോ)

    ReplyDelete
  3. "ആറന്മുളയ്ക്കു അന്തിമാനുമതി എന്ന് ഹെഡിംഗ് കൊടുക്കുന്ന പത്രക്കാരുടെ ശ്രദ്ധയ്ക്ക്. ഇതേ അന്തിമാനുമതി 2 തവണ നൽകിയതാണ് അതിരപ്പിള്ളി പദ്ധതിക്ക്. എന്നിട്ടും ഒരു സിമന്റ് കട്ട പോലും അവിടെ വീണിട്ടില്ല, ഇന്നേ ദിവസം വരെ. രണ്ടു തവണയും കോടതി അനുമതി റദ്ദാക്കി. അതും ഒരു സാധ്യതയാണ്. എല്ലാ അനുമതിയുമായി വന്ന, അമേരിക്കാൻ പ്രസിഡന്റിനെ വരെ തീരുമാനിക്കാൻ കെൽപ്പുള്ള കൊക്ക കോള കമ്പനി പൂട്ടിക്കെട്ടി. പിന്നെയാണോ ഒരു KGS കമ്പനി. നാട്ടുകാർ സ്ട്രോങ്ങ്‌ ആണെങ്കിൽ ഒരനുമതിയും പ്രശ്നമല്ലെന്ന് വിളപ്പിൽശാല പോലും തെളിയിക്കുന്നു. ഇനിയൊക്കെ നാട്ടുകാരുടെ മിടുക്ക് പോലിരിക്കും.”
    ഈ കേയസ്സാർറ്റീസി(KSRTC) നിർത്തിയിട്ട് കേരള സ്റ്റേറ്റ് എയർ ട്രാൻസ്പോർട്ട് കോർപ്പറേഷൻ തുടങ്ങാൻ ഇനി പരിപാടി കാണുമായിരിക്കും. അപ്പോൾ ലാഭമായിരിക്കും ബന്ദും ഹർത്താലും പേടിക്കാതെ ചാർജ്ജ് കൂട്ടുകയും ആവാം.

    ReplyDelete
  4. നന്നായി. മണ്ണിന്റെ മണമുള്ള യഥാർത്ഥ്യം

    ReplyDelete