. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .

Tuesday, November 19, 2013

വിമാനമിറങ്ങുന്ന ദുസ്വപ്നങ്ങള്‍.



ആറന്മുളയില്‍ ഒരു വീമാനത്താവളം…? ആദ്യമായി അത്തരം ഒരു വാര്‍ത്ത കേട്ടപ്പോള്‍ സത്യത്തില്‍ വളരെ രസകരമായി തോന്നി. എന്‍റെ നാട്ടിലും വീമാനത്താവളം വരുന്നു എന്ന് ആറന്മുളക്ക് വെളിയില്‍ ഉള്ള സുഹൃത്തുക്കളോട് ഹാസ്യരൂപേണ പറഞ്ഞു ചിരിക്കുമായിരുന്നു ഞാന്‍. കാരണം ആറന്മുളയെ നന്നായി അറിയാവുന്ന ഒരാള്‍ക്ക് അവിടെ ഒരു വീമാനത്താവളം വരുന്നു കേള്‍ക്കുമ്പോള്‍ അത് ഒരു വലിയ തമാശയായേ തോന്നാന്‍ വകയുള്ളൂ.  ആറന്മുളയെ മൊത്തമായി വിശകലനം ചെയ്‌താല്‍ അതിന്‍റെ ഭൂപ്രകൃതിയെ കുറിച്ച് അറിഞ്ഞാല്‍ ഈ വിമാനത്താവളം ഒരു ആനമഠയത്തരവും ശുദ്ദ അസംബന്ധവും  ആണെന്ന് ആര്‍ക്കും മനസ്സിലാക്കാം.

കരപ്രദേശങ്ങള്‍ എല്ലാം തന്നെ ജനനിബിഡമായ, ആയിരക്കണക്കിന് ഏക്കര്‍ വയലേലകളാല്‍ ചുറ്റപ്പെട്ട, അതിലേറെ മലനിരകള്‍ ഉള്ള, നൂറ് കണക്കിന് ചെറുതും വലുതുമായ ആരാധനാലയങ്ങള്‍ ഉള്ള, പത്തോളം ചെറു അരുവികള്‍ ഉള്ള, കേരളത്തിലെ തന്നെ പ്രധാന നദികളില്‍ ഒന്നായ പമ്പക്ക് ശബരിമല കഴിഞ്ഞാല്‍ ഏറ്റവും പ്രാധാന്യമുള്ള, പൈതൃക ഗ്രാമമായ ആറന്മുളയില്‍ ഒരു വിമാനത്താവളം സ്ഥാപിച്ചാല്‍ അനുബന്ധമായ വികസന പ്രവര്‍ത്തനങ്ങള്‍ നടത്താനായി കുടിയിറക്കപ്പെടുന്ന ആളുകളെ കൂടി കണക്കിലെടുത്താല്‍ പിന്നെ വിരലില്‍ എണ്ണാവുന്ന ജനങ്ങള്‍ക്കെ എവിടെ ജീവിക്കാന്‍ സാധ്യമാവൂ.

നാലോ അഞ്ചോ മീറ്റര്‍ മാത്രം വീതി ഉള്ള റോഡുകള്‍, നാലോ ആറോ വരി പാതയാക്കുമ്പോള്‍ കുടിയിറക്കപ്പെടുന്നവര്‍ പടിഞ്ഞാറ് ചെങ്ങന്നൂര്‍ മുതല്‍ കിഴക്ക് പത്തനംതിട്ട വരെയും തെക്ക് പന്തളം മുതല്‍ വടക്ക് തിരുവല്ല വരെയും ഉണ്ടാവും എന്നതും നാം മറന്നു പോകുന്നു. ആയിരക്കണക്കിന് വീടുകള്‍, ആരാധാനാലയങ്ങള്‍ ഇവയൊക്കെയും നിഷ്കാസനം ചെയ്യപ്പെടും. ഇനി ഈ റോഡുകള്‍ വീതി കൂട്ടുന്നില്ല എന്ന വാദമാണ് വീമാനത്താവള അനുകൂലികള്‍ക്ക് വാദിക്കാന്‍ ഉള്ളതെങ്കില്‍ നിങ്ങള്‍ പണിയുന്നതിനു അന്താരാഷ്ട്ര വിമാനത്താവളം ആണെങ്കില്‍ അതിന്‍റെ അന്താരാഷ്ട്ര മാനങ്ങള്‍ പാലിക്കപ്പെടാന്‍ റോഡുകള്‍ വീതികൂട്ടിയെ കഴിയൂ എന്ന് ഞങ്ങള്‍ ആറന്മുളയിലെ സാധാരണക്കാര്‍ക്ക് വ്യക്തമായി അറിയാം എന്നെ മറുപടി പറയാനുള്ളൂ.

ശുഷ്കമായി ഒഴുകുന്ന പമ്പ ഒന്ന് ശക്തിയാര്‍ജ്ജിക്കുന്നത് ആറന്മുളയും പരിസരത്തും എത്തുമ്പോഴാണ്. അവിടെയുള്ള നീരുറവകള്‍ പമ്പക്ക് നല്‍കുന്ന ശക്തി അപാരം. ഇന്ന് കൃഷി ചെയ്യുന്നില്ല എങ്കിലും നിര്‍ദ്ദിഷ്ട മേഖലയില്‍ മണ്ണിട്ട്‌ നികത്താന്‍ ഉദ്ദേശിക്കുന്ന വയലുകള്‍ ഈ ചാലുകള്‍ക്ക് വെള്ളം കൊടുക്കുന്ന നീര്‍ത്തടങ്ങള്‍ ആണ് ഇന്നും. ആ നീര്‍തടങ്ങളിലെക്ക് ഉറവകള്‍ എത്തുന്നത് സമീപപ്രദേശങ്ങളില്‍ ഉള്ള കുന്നുകളില്‍ മഴക്കാലത്ത് സംഭരിക്കപ്പെടുന്ന ജലവും. താവളം വരുന്നതോടെ കുന്നുകള്‍ ഇടിച്ച് നീക്കപ്പെടും, വയലുകള്‍ ചാലുകള്‍ എല്ലാം നികത്തപ്പെടും എന്തിനേറെ ഒരു ഭൂപ്രദേശം ഒന്നാകെ തുടച്ച് നീക്കപ്പെടും.

രാഷ്ട്രീയ പാര്‍ട്ടികളില്‍ നാം വിശ്വസിച്ച് കൂടാ. അവര്‍ അവരുടെ പകിടികള്‍ക്കായി കാത്തിരിക്കുകയാണ്. നേതാക്കന്മാര്‍ക്കോ പാര്‍ട്ടിക്ക് മൊത്തമായോ കിട്ടുന്ന മുറയ്ക്ക് മറ്റേതു സ്ഥലങ്ങളിലെ സ്ഥാപിത താല്പ്പര്യ സമരങ്ങള്‍ പോലെ അവര്‍ പിന്‍വാങ്ങുക തന്നെ ചയ്യും. ചരിത്രം നമ്മുക്ക് നല്‍കിയ പാഠങ്ങള്‍ അത്തരമാണ്. ഇവിടെ ജനങ്ങള്‍ മതജാതി വര്‍ഗ്ഗ വര്‍ണ വ്യത്യാസമില്ലാതെ കൊടിക്കൂറയുടെ പിന്‍ബലമില്ലാതെ അണിനിരക്കുക മാത്രമാണ് ഒരേയൊരു സാധ്യത.

പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകന്‍ ശ്രീ  ഹരീഷ് വാസുദേവന്‍  എഴുതിയ ഒരു ലേഖനത്തില്‍ പറയും പോലെ "ആറന്മുളയ്ക്കു അന്തിമാനുമതി എന്ന് ഹെഡിംഗ് കൊടുക്കുന്ന പത്രക്കാരുടെ ശ്രദ്ധയ്ക്ക്. ഇതേ അന്തിമാനുമതി 2 തവണ നൽകിയതാണ് അതിരപ്പിള്ളി പദ്ധതിക്ക്. എന്നിട്ടും ഒരു സിമന്റ് കട്ട പോലും അവിടെ വീണിട്ടില്ല, ഇന്നേ ദിവസം വരെ. രണ്ടു തവണയും കോടതി അനുമതി റദ്ദാക്കി. അതും ഒരു സാധ്യതയാണ്. എല്ലാ അനുമതിയുമായി വന്ന, അമേരിക്കാൻ പ്രസിഡന്റിനെ വരെ തീരുമാനിക്കാൻ കെൽപ്പുള്ള കൊക്ക കോള കമ്പനി പൂട്ടിക്കെട്ടി. പിന്നെയാണോ ഒരു KGS കമ്പനി. നാട്ടുകാർ സ്ട്രോങ്ങ്‌ ആണെങ്കിൽ ഒരനുമതിയും പ്രശ്നമല്ലെന്ന് വിളപ്പിൽശാല പോലും തെളിയിക്കുന്നു. ഇനിയൊക്കെ നാട്ടുകാരുടെ മിടുക്ക് പോലിരിക്കും.”

ഞങ്ങള്‍ ആറന്മുളയിലെ ജനങ്ങള്‍ക്ക് ഈ വീമാനത്താവളം വേണ്ട. ആറന്മുളയിലെ പ്രവാസികളായ ഞങ്ങള്‍ രണ്ടര മണിക്കൂര്‍ യാത്ര ചെയ്ത് തിരുവനന്തപുരത്തു നിന്നോ, മൂന്നര മണിക്കൂര്‍ യാത്ര ചെയ്ത് കൊച്ചിയില്‍ നിന്നോ വീട്ടില്‍ എത്താന്‍ തയ്യാറാണ്. ആ യാത്രയില്‍ ചിലപ്പോള്‍ ഞങ്ങള്‍ അനുഭവിച്ചെക്കാവുന്ന യാതനയുടെ എത്രയോ ലക്ഷം ഇരട്ടി യാതനകള്‍ ആണ് ഈ വീമാനതാവളം വന്നാല്‍ ഞങ്ങളെ കാത്തിരിക്കുന്നത് എന്ന് തിരിച്ചറിയാനുള്ള വിവേകം ഞങ്ങളില്‍ തീര്‍ച്ചയായും ഉണ്ട്.

Thursday, April 18, 2013

നരനിലേക്ക് വെറുമൊരു നാരി ദൂരം.

സ്ത്രീ സംബന്ധ വിഷയങ്ങളിലെ സമകാലിക സംഭവങ്ങളുടെ നിറമുള്ളതും, ഇല്ലാത്തതുമായ അനവധി വാര്‍ത്തകളുടെ വെളിച്ചത്തില്‍ ധാരാളം കഥകളും ലേഖനങ്ങളും അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്.  ഇപ്പോഴും അത്തരം നിറം പിടിപ്പിച്ച കഥകള്‍ മേമ്പൊടി ചേര്‍ത്ത സെന്‍സേഷണല്‍ ലേഖനങ്ങള്‍ നമ്മുടെ വായനയ്ക്ക് ഹരം പകര്‍ന്നുകൊണ്ടേയിരിക്കുന്നു. സ്ത്രീപക്ഷ വാദികളുടെ ശക്തമായ പ്രതിഷേധാഗ്നിയില്‍ എരിഞ്ഞടങ്ങിയ നിരവധി നിരപരാധികളും നമ്മുക്കിടയില്‍ ഉണ്ടന്നതും സത്യമാണ്. പ്രതിപക്ഷത്ത് സ്ത്രീ വരുമ്പോള്‍ മറുപക്ഷം പുരുഷന്‍ എന്ന മാനുഷിക വിധി നിര്‍ണയം വരുന്നതിന് അപ്പുറം ഇന്ന് കോടതികളും നിയമ നിര്‍മ്മാണവും വരെ സ്ത്രീക്ക് അനുകൂലമായി മാത്രം എഴുതി ചേര്‍ത്ത് വച്ചിരിക്കുന്നു. ഏതൊരു സ്ത്രീയുടെയും ചൂണ്ടുവിരലില്‍ ചൂളി വീഴുന്ന ഒരു അപഹാസ്യ കഥാപാത്രമായി പുരുഷന്‍ ചുരുങ്ങുന്ന കാലം അതിവിദൂരമല്ല. സൌമ്യ മുതല്‍ ഡല്‍ഹി പെണ്‍കുട്ടി വരെയുള്ള അതിനീച കൃത്യങ്ങളെ ന്യായീകരിക്കുകയാണ് എന്ന് പ്രിയവായനക്കാര്‍ കരുതരുത്. അത്തരം ഹീനതകളെ അപലപിക്കുന്നത്തിനൊപ്പം അവയെ പ്രതിരോധിക്കാന്‍ എന്ന നിലയില്‍ നിര്‍മ്മിച്ചെടുത്ത പ്രത്യേക നിയമ വ്യവസ്ഥയെ പുരുഷനൊപ്പമോ അല്ലെങ്കില്‍ അവരെക്കാള്‍ ഒരുപിടി മുന്നിലോ അല്ലെങ്കില്‍ അല്‍പ്പം മാത്രം പിന്നിലോ മാത്രം കുറ്റകൃത്യ പട്ടികയില്‍ സ്ഥാനം പിടിച്ചിരിക്കുന്ന സ്ത്രീ സമൂഹം എത്രമാത്രം ദുര്‍വിനിയോഗം ചെയ്യും എന്നത് കാലം തീര്‍ച്ചയായും തെളിയിക്കും. 

മുകളിലത്തെ വരികള്‍ ഒരു ആമുഖം എന്ന നിലയില്‍ പറഞ്ഞു വച്ചു എന്നു മാത്രം. എന്‍റെ ലേഖനം ഇതുമായി ഏതാണ്ട് ബന്ധപ്പെട്ടതാണ് എങ്കിലും തികച്ചും വ്യത്യസ്തമായ ഒരുവിഷയത്തിലൂടെ അതിനെ ചൂണ്ടിക്കാട്ടാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അടുത്തിടെ എനിക്കുണ്ടായ ഒരു അനുഭവം ഒപ്പം എന്‍റെ കളികൂട്ടുകാര്‍ ഉള്‍പ്പെടെയുള്ള സുഹൃത്ത് സമൂഹത്തിനാല്‍ വിവരിക്കപ്പെട്ടിട്ടുള്ള ചില അനുഭവങ്ങള്‍ ഈ വിഷയത്തിന് ഉപോല്‍ബലകമായി അവതരിപ്പിക്കാനും ആഗ്രഹിക്കുന്നു. 

നിങ്ങളില്‍ ചിലരെങ്കിലും ഓര്‍ക്കുന്നുണ്ടാവും ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് എന്‍റെ ഫേസ്ബുക്ക് പേജ് ആരോ ഒരാള്‍ ഹാക്ക് ചെയ്തതും എന്‍റെ അറിവില്ലാതെ പലരെയും എന്‍റെ ചങ്ങാതികൂട്ടത്തില്‍ എത്തിപ്പെട്ടതും. ഹാക്കര്‍ ചേര്‍ത്ത ചെങ്ങാതിമാര്‍ക്ക് ഒരു പൊതു സ്വഭാവം ഉണ്ടായിരുന്നു. നമ്മള്‍ എല്ലാം "കുണ്ടന്‍" എന്ന ഓമനപ്പേരില്‍ വിളിക്കുന്ന ഹോമോസെക്സ് വിഭാഗത്തില്‍ പെടുന്ന നിരവധിപ്പേര്‍ എന്‍റെ കൂട്ടത്തില്‍ എത്തുകയും ഹാക്കര്‍ അവരുമായി എന്‍റെ പേരില്‍ ചാറ്റ് നടത്തുകയും ചെയ്തു. അങ്ങനെ നടത്തിയ ഒരു ചാറ്റിന്‍റെ ശകലങ്ങള്‍ വളരെ യാദ്രിശ്ചികമായി എന്‍റെ കണ്ണില്‍പെട്ടപ്പോള്‍ ആണ് ഞാന്‍ ഹാക്ക് ചെയ്യപ്പെട്ടിരിക്കുന്നു എന്ന സത്യം തിരിച്ചറിഞ്ഞത്. അപ്പോള്‍ തന്നെ കാര്യക്ഷമമായി പ്രവര്‍ത്തിച്ച് കഴിയാവുന്ന എല്ലാ സെക്യൂരിറ്റിയും സ്വീകരിച്ച് അതില്‍ നിന്ന് വളരെ വേഗം വിമുക്തനാകുകയും ചെയ്തു. മുന്‍പ് വളരെയധികം എഴുതിയിരുന്ന ഒരു ബ്ലോഗര്‍ എന്ന നിലയില്‍ എന്നെ അറിയുന്ന ഞാന്‍ അറിയാത്ത  നിരവധി പേര്‍ ഓണ്‍ലൈന്‍ രംഗത്ത് ഉണ്ട് എന്നതിനാല്‍ ഇങ്ങോട്ട് വരുന്ന ഏതു ചെങ്ങാത്തവും കണ്ണടച്ച് സ്വീകരിക്കുക എന്ന രീതി ആയിരുന്നു ഞാന്‍ അതുവരെ സ്വീകരിച്ച് പോന്നിരുന്നത്. അതിനാല്‍ തന്നെ ഹാക്കറാല്‍ ചേര്‍ക്കപ്പെട്ടവരെ കണ്ടെത്തുക അപ്രാപ്യമായ ഒന്നായി മാറുകയും ചെയ്തു. അത്തരക്കാരെ  പൂര്‍ണമായും ഒഴിവാക്കാന്‍ സാധിച്ചില്ല എങ്കിലും പിന്നീട് എന്നോടുള്ള സമീപനത്തില്‍ നിന്നും അവരില്‍ നിന്ന് നിരവധി പേരെ കണ്ടെത്തുകയും പുറത്താക്കുകയും ചെയ്യുകയുണ്ടായി.

മാസങ്ങള്‍ക്ക് ശേഷം എന്‍റെ ശ്രദ്ധ ആകര്‍ഷിച്ചത് എന്‍റെ മെസ്സേജ് ബോക്സില്‍ വന്ന ഒരു "ഹായ്" ആണ്. അത്ര പരിചയമില്ലാത്ത വ്യക്തികളോട് ചാറ്റ് ചെയ്യുന്നതില്‍ നിന്ന് പരമാവധി അകലം പാലിക്കുന്ന ഞാന്‍ സ്വാഭാവികമായും ആ "ഹായ്"ക്കു നേരെയും അതെ സമീപനം തന്നെ കൈക്കൊള്ളുകയുണ്ടായി. എന്നാല്‍ എന്‍റെ ഉത്തരമില്ലായ്മയില്‍ നിരാശനാകാത്ത ആ വ്യക്തി  "ഹായ്" പല ദിവസങ്ങളിലും തുടരുകയുണ്ടായി. അങ്ങനെ നിരവധി ദിവസങ്ങള്‍ തുടര്‍ന്നപ്പോള്‍ ഒരു കൌതുകം എന്ന നിലയില്‍ എന്‍റെ ഭാഗത്ത് നിന്ന് തിരിച്ചും ഒരു "ഹായ്" ഉണ്ടായത് സന്തോഷസൂചകമായ ഒരു "സ്മൈലി" ഇട്ടാണ് മറുപുറം സ്വീകരിച്ചത്. അടുത്ത കമന്റ് "താങ്കളെ കാണാന്‍ അതീവ സുന്ദരന്‍ ആണ്" എന്നായിരുന്നു. പുകയടിപ്പിച്ച് ഉണക്കിയ റബര്‍ ഷീറ്റിനു തുല്യമായ നിറവും ഗുണവും മണവും ഉള്ള എന്‍റെ നേരെ അത്തരം ഒരു പ്രയോഗം വന്നപ്പോള്‍ ചില മുന്‍കാല അനുഭവങ്ങളുടെ വെളിച്ചത്തില്‍ പ്രതിപക്ഷത്തിന്‍റെ ഉള്ളിലിരിപ്പ് മനസ്സിലാക്കാന്‍ എനിക്ക് വളരെ വേഗം സാധിച്ചു. "നിങ്ങള്‍ ഒരു ഗേ ആണോ" എന്ന എന്‍റെ പൊടുന്നനവേ ഉള്ള ചോദ്യം ആഗതനെ ഒന്ന് അമ്പരപ്പിച്ചു എന്ന് പിന്നീടുണ്ടായ അല്‍പ്പ മൌനത്തില്‍ നിന്ന് എനിക്ക് മനസ്സിലായി. എന്നാല്‍ അയാളുടെ മറുപടി അല്‍പ്പം വ്യത്യസ്ഥമായിരുന്നു. "ഞാന്‍ ഒരു ഗേ അല്ല, മറിച്ച് മള്‍ട്ടി സെക്ഷ്വല്‍" ആണ്. ആ മറുപടി എന്നിലെ അന്വേഷണകുതകിയെ തെല്ലൊന്നു ഉണര്‍ത്തി എന്ന് മാത്രമല്ല അന്നേ ദിവസം അയാളോട് അത്തരം വിഷയളിലേക്ക് ചോദ്യങ്ങളെ കൊണ്ടുപോകാതെ ഒരു നല്ല സുഹൃത്തായി കൂടെ കൂട്ടാനുള്ള സംഭാഷണങ്ങളിലെക്ക് തിരിച്ച് കൊണ്ട് പോകുകയും ഞാന്‍ അതില്‍ ഏതാണ്ട് വിജയിക്കുകയും ചെയ്തു.

പിന്നീട് പലപ്പോഴും അയാള്‍ എന്നിലെ മറ്റൊരു മുഖത്തിനു വേണ്ടി തിരഞ്ഞു എങ്കിലും ഞാന്‍ മനപ്പൂര്‍വ്വമായി മറ്റു സൗഹാര്‍ദ്ദ സംഭാഷണങ്ങളിലെക്ക് ചര്‍ച്ചയെ തിരിച്ച് വിട്ടുകൊണ്ടേയിരുന്നു. ഒടുവില്‍ ഒരിക്കല്‍ സഹികെട്ട അയാള്‍ എന്നോട് പറഞ്ഞു "ഭായി എനിക്ക് ഇത്തരം സംഭാഷണങ്ങളില്‍ ഒന്നും ഒരു താല്‍പ്പര്യവും ഇല്ല, നിങ്ങള്‍ വിഷയത്തിലേക്ക് വരുന്നു എങ്കില്‍ നമ്മുക്ക് ഈ സൌഹൃദം തുടരാം, അല്ലെങ്കില്‍ ഇത് നമ്മുക്ക് ഇവിടെ അവസാനിപ്പിക്കാം". ഒരു പരിധിയില്‍ കൂടുതല്‍ ഒരുവനെ സഹിക്കാന്‍ ക്ഷമയില്ലാത്ത ഞാന്‍ എന്നിട്ടും പ്രകോപിതനായില്ല. കാരണം ഇതിനോടകം തന്നെ എന്‍റെ സുഹൃത്തായ ഒരു സൈക്കോളജിസ്റ്റിനോട് ഈ വിഷയം സംസാരിക്കുകയും അതിലെ മാനസിക വിഷയത്തെ കുറിച്ച് വിശദമായി പഠിക്കുകയും ചെയ്തിരുന്നു. അകാരണമായും, അനവസരത്തിലും, അപരിചതരോടും, അവനവന്‍റെ ജനുസ്സില്‍ പെടുന്നവരോട് അസ്വാഭാവികമായ ലൈംഗിക അടുപ്പം കാണിക്കുന്നതും മാനസികരോഗമാണ് എന്ന് ഡോക്ടര്‍ എന്നെ ധരിപ്പിച്ചിരുന്നു.  ഇത്തരം മാനസിക രോഗികളെ ഈ മാനസിക അവസ്ഥയിലേക്ക് എത്തിക്കാന്‍ ഉപോല്‍ബലകമായ സംഭവമോ, സംഭവങ്ങളോ ഉണ്ടാകും എന്നും  അദ്ദേഹം പറഞ്ഞിരുന്നു. അതിലേക്ക് ഒരു അന്വേഷണം ആയിരുന്നു എന്‍റെ ലക്ഷ്യവും. അതുകൊണ്ട് തന്നെ എന്‍റെ മറുപടി ഇങ്ങനെ ആയിരുന്നു. " ഞാന്‍ എന്‍റെ വിഷയ താല്‍പ്പര്യം തീര്‍ച്ചയായും നിങ്ങളെ അറിയിക്കാം, പക്ഷെ അത് എന്‍റെ ചില ചോദ്യങ്ങള്‍ക്ക് ഉത്തരം തന്നതിന് ശേഷം മാത്രം". എന്‍റെ മറുപടി അയാള്‍ക്ക് അത്ര രസകരമായി തോന്നിയില്ല എങ്കിലും ഇര തന്നിലേക്ക് കൂടുതല്‍ അടുക്കുന്നു എന്ന സ്വാഭാവിക തോന്നല്‍ ആവാം അയാളില്‍ നിന്ന് അത്തരം ഒരു മറുപടിക്ക് കാരണമായത്. " ചോദ്യം എല്ലാം കഴിഞ്ഞു മറ്റേ വര്‍ത്തമാനം പറയല്ല്... എന്താ അറിയേണ്ടേ ചോദിച്ചോളൂ".

"സുഹൃത്തെ അസ്വാഭാവികമായ ചില ആസക്തികള്‍ അല്ലെ നിങ്ങള്‍ കാണിക്കുന്നത്" എന്ന ചോദ്യത്തിന് ആദ്യം അയാളില്‍ നിന്ന് ഒരു പുശ്ചസ്വരം ആണ് പുറത്ത് വന്നത്. ഏതാനും നിമിഷത്തെ നിശബ്ദതയ്ക്ക് ശേഷം പിന്നീട് എന്നില്‍ നിന്നും ഒരു ചോദ്യത്തിനും കാത്ത് നില്‍ക്കാതെ അയാള്‍ എന്‍റെ മെസ്സേജ് സ്ക്രീനിലേക്ക് എഴുതി നിറച്ച അക്ഷരങ്ങള്‍ കൂട്ടി വായിച്ചപ്പോള്‍ നാം കാണുന്ന ലോകം ചിരിയുടെ, സഹതാപത്തിന്‍റെ, അനുകമ്പയുടെ മുഖാവരണത്തിനു പിന്നില്‍ എത്ര ക്രൂരവും ഭീകരവും ആണെന്ന് മനസ്സിലാക്കി തരുന്നതായിരുന്നു.

കേരളത്തിന്‍റെ തെക്ക് തമിഴ്നാട് അതിര്‍ത്തി ഗ്രാമത്തില്‍ പെടുന്ന അതിസാധാരണ കുടുംബത്തിലെ ഒരംഗം. അമ്മയും കൂടപ്പിറപ്പായ ചേച്ചിയും ഉള്‍പ്പെടുന്ന ഒരു സാധാരണ നായര്‍ കുടുംബാംഗം. അച്ഛന്‍ നഷ്ടപ്പെട്ട അവന്‍റെ വീട്ടിലെ കഷ്ടപ്പാടിന്‍റെ വെളിച്ചത്തില്‍ ചിലപ്പോഴൊക്കെ തൊട്ടടുത്ത പട്ടണത്തില്‍ താമസിക്കുന്ന അമ്മയുടെ ഒരു വിദൂര ബന്ധുവിന്‍റെ വീട് സന്ദര്‍ശിക്കാന്‍ പോകാറുണ്ടായിരുന്നു. അങ്ങനെ ഒരു സന്ദര്‍ശന വേളയില്‍ തൊട്ടടുത്ത ക്ഷേത്രത്തിലെ ഉത്സവം കാണാനുള്ള താല്‍പ്പര്യം അവന്‍റെ കുഞ്ഞ് മനസ്സ് പ്രകടിപ്പിക്കുകയും നിര്‍ബന്ധം സഹിക്കാന്‍ ആവാതെ വന്നപ്പോള്‍ വീട്ടില്‍ തനിയെ ഇരിക്കുന്ന മൂത്ത പെണ്‍കുഞ്ഞിനെ ഓര്‍ത്ത് അവന്‍റെ അമ്മ അവനെ അവിടെ ഏല്‍പ്പിച്ച് വീട്ടിലേക്ക് മടങ്ങി പോകുകയും ചെയ്തു. അന്ന് രാത്രി അവന്‍ ആദ്യമായി "ബലാല്‍സംഗം" ചെയ്യപ്പെട്ടു. അതും അവനോളം പ്രായമുള്ള ഒരു പെണ്‍കുഞ്ഞിന്‍റെയും അവനെക്കാള്‍ പ്രായമുള്ള ഒരു ആണ്‍കുഞ്ഞിന്‍റെയും അമ്മയില്‍ നിന്ന്. അത് നിരവധി തവണ ആവര്‍ത്തിക്കപ്പെട്ടു. വിദ്യാഭ്യാസം ഉള്ളതും, ഉന്നതകുലജാതയും സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഉന്നത പദവി വഹിക്കുന്നതുമായ ഒരു സ്ത്രീയില്‍ നിന്നാണ് അവന് അത് നേരിടേണ്ടി വന്നത് എന്ന്‍ മനസ്സിലാക്കുക. അവിടെയും തീര്‍ന്നില്ല അടുത്ത ഊഴം കോളേജ് പ്രൊഫസറും അതെ സ്ത്രീയുടെ ഭര്‍ത്താവുമായ  അവന്‍റെ  "മാമനില്‍" നിന്നായിരുന്നു. അങ്ങനെ അറിയാത്ത പ്രായത്തില്‍ സ്ഥിരമായി ആരും അറിയാതെ ഒരു സ്ത്രീയാലും പുരുഷനാലും മാറി മാറി അവന്‍ ഉപയോഗിക്കപ്പെട്ട് കൊണ്ടേയിരുന്നു, അത് ഇന്നും അനസ്യൂതം തുടരുന്നു. അന്നത്തെ നാലാം ക്ലാസ്കാരന് ഇന്ന് മുപ്പത്തി മൂന്നു വയസ്സ്. അങ്ങനെയെങ്കില്‍ ഇന്നും അവന്‍റെ സേവനം ഉപയോഗിക്കുന്ന വിരമിച്ച ശേഷം ഒരു സൌകാര്യ സ്ഥാപനത്തില്‍ പഠിപ്പിക്കുന്ന പ്രൊഫസറും അയാളുടെ ഭാര്യയേയും കുറിച്ച് ആലോചിക്കൂ. അവനോളം പ്രായമുള്ള അവരുടെ മകള്‍ ഇന്ന് ഭര്‍ത്താവിനോടൊപ്പം വിദേശത്ത് സുഖവാസം അനുഭവിക്കുമ്പോള്‍ ഒരു ലൈംഗിക തൊഴിലാളിയുടെ സ്ഥാനത്തേക്ക് തരം താഴ്ത്തപ്പെട്ട അവന്‍ ഇന്നും അവരുടെ വിശ്രമ ജീവിതത്തിലും ഭാര്യാഭര്‍ത്താക്കന്മാര്‍ പരസ്പരം അറിയാതെ പങ്കാളിത്തം നല്‍കി പോരുന്നു. 

നാലില്‍ നിന്ന് അഞ്ചിലേക്ക് കുറച്ച് അകലെയുള്ള സ്കൂളില്‍ ആണ് അവന് പ്രവേശനം കിട്ടിയത്. അവിടെ അവനെ കാത്തിരുന്ന ദുരന്തം കല്യാണം കഴിക്കാത്ത പ്രധാന അദ്ധ്യാപികയുടെ രൂപത്തില്‍ ആയിരുന്നു. ഒപ്പം ഉച്ചക്കഞ്ഞി വയ്ക്കാന്‍ വന്ന വയസ്സ് മൂത്ത കാക്കയുടെ രൂപത്തിലും. കാക്ക ഇന്ന് ജീവനോടെ ഇല്ല, പക്ഷെ പ്രധാന അദ്ധ്യാപിക വിശ്രമ ജീവിതത്തിലും അവന്‍റെ പങ്കാളിത്തം ഉറപ്പു വരുത്തുന്നു. പിന്നെ അവന് അതൊരു ഹരമായി മാറി, പ്രത്യേകിച്ചും പ്രായം ചെന്ന സ്ത്രീ പുരുഷന്മാരില്‍ ആയി അവന്‍റെ കണ്ണുകള്‍. തന്നെക്കാള്‍ പ്രായം കുറഞ്ഞവരോട് ഒരു അഭിവാന്ജയും അവനില്ല. അതിനു കാരണമായി അവന്‍ പറഞ്ഞത് പ്രായമുള്ളവരില്‍ നിന്ന് സെക്സും ഒപ്പം ഒരു കരുതലും ലഭിക്കും എന്നാണ്. പഠിക്കാന്‍ മിടുക്കനായ അവന്‍ ലൈംഗിക അടിമയായി അതിന്‍റെ മാനസിക പിരിമുറുക്കത്തില്‍ പത്തില്‍ പഠനം ഉപേക്ഷിച്ച് പ്രത്യേക ജോലിയോ, വരുമാന മാര്‍ഗ്ഗങ്ങളോ ഇല്ലാതെ ഉഴലുന്നു. ബസ്സില്‍ കയറിയാല്‍ അവന്‍റെ ഉന്നം പ്രായമുള്ള സ്ത്രീകള്‍ ആണ്. പുരുഷന്മാരിലും കണ്ണുടക്കാറുണ്ട് എങ്കിലും അവരുടെ പ്രതികരണം ചിലപ്പോള്‍ കഠിനമായെക്കുമോ എന്ന ആശങ്ക അവനെ അത്തരം അവസരങ്ങളില്‍ പുരുഷന്മാരോട് അടുക്കാന്‍ പ്രേരിപ്പിക്കാരില്ല. 

അവന്‍റെ കഥകള്‍ വിശദമായി കേട്ടശേഷം അവനോടായി ഞാന്‍ പറഞ്ഞു. " അസാധാരണ ലൈംഗികതയില്‍ ഒട്ടും താല്‍പ്പര്യം ഇല്ലാത്ത ഒരു വ്യക്തിയാണ് ഞാന്‍. ഇങ്ങനെ ഒരാളെ പരിചയപ്പെട്ടപ്പോള്‍ അയാളുടെ കഥ അറിയണം എന്ന് ആഗ്രഹം ഉണ്ടായി അതുകൊണ്ട് ചോദിച്ചു എന്ന് മാത്രം". വിവേകമാതിയായി അവന്‍ മറുപടി തന്നു. " അറിയാം ഭായി, നിങ്ങളുടെ സമീപനത്തില്‍ നിന്ന് തന്നെ അത് എനിക്ക് ഊഹിക്കാന്‍ കഴിഞ്ഞു, ആരും എന്നോട് ഇത്തരം കഥകള്‍ ഒന്നും ചോദിക്കാറില്ല, ആഗ്രഹം ഉള്ളവര്‍ വഴങ്ങി തരും, അല്ലാത്തവര്‍ പുച്ചത്തോടെ ആട്ടി ഓടിക്കും, നിങ്ങള്‍ ചോദിച്ചപ്പോള്‍ എനിക്ക് ആകെ ഒരു സന്തോഷം" തുടര്‍ന്ന് ഇത് എഴുതാനുള്ള അനുവാദം ഞാന്‍ ചോദിക്കുകയുണ്ടായി. അവന്‍ അതിനു അനുവാദം തന്നപ്പോള്‍ ഒരു കാര്യം എന്നോട് ആവിശ്യപ്പെട്ടിരുന്നു." എന്‍റെ പേര്‍ എഴുതുന്നതില്‍ എനിക്ക് വിരിധമില്ല, പക്ഷെ ഞാന്‍ പറഞ്ഞ ആളുകളെ കുറിച്ച് അധികം ഒന്നും പരാമര്‍ശിക്കരുത്, അത് അവരുടെ ഭാവിക്ക് ദോഷമുണ്ടാക്കും". അസ്വാഭാവികമായ ഒരു മാനസിക വൈകല്യം ഉണ്ടന്ന് വ്യക്തമായി എനിക്ക് ബോദ്ധ്യമുള്ള അവനില്‍ നിന്ന് വന്ന വിവേകം പോലും വിദ്യാഭ്യാസമുള്ള, അച്ഛനെപ്പോലെ, അമ്മയെപോലെ, സ്നേഹം കൊടുക്കേണ്ട സ്വന്തം ബന്ധുക്കള്‍ക്കോ, അതിലേറെ പ്രസക്തമായ ഗുരു ശിഷ്യ ബന്ധം പുലര്‍ത്തേണ്ട ആ അദ്ധ്യാപികക്കോ തോന്നിയില്ലല്ലോ എന്നത് ചിന്തനീയം. അവന്‍ ഇന്നും എന്‍റെ ഫേസ്ബുക്ക് ചങ്ങാതിയാണ്. സുഹൃത്തെ ഇത് വായിക്കും എന്ന് എനിക്കറിയാം, ഇത് വായിച്ച് കഴിയുമ്പോള്‍ എങ്കിലും നിന്‍റെ മാനസികനിലയെ കുറിച്ച്  ഒരു ബോധം നിന്നില്‍ ഉണ്ടാവട്ടെ എന്ന് ഞാന്‍ ആത്മാര്‍ഥമായി ആഗ്രഹിക്കുന്നു.

ഇത് ഒരു വ്യക്തിയുടെ മാത്രം അനുഭവമല്ല. എന്‍റെ അടുത്ത സുഹൃത്തുക്കളായ രണ്ട് പേര്‍ ഇതേ ലൈംഗിക അതിക്രമങ്ങള്‍ക്ക് ഇരയായിട്ടുണ്ട്. ഒരാള്‍ അയാളുടെ ഒന്‍പതാം വയസ്സ് മുതല്‍ തൊട്ടടുത്ത വീട്ടിലെ പതിനാറ് വയസ്സുള്ള പെണ്‍കുട്ടിയില്‍ നിന്ന്. അവള്‍ കല്യാണം കഴിച്ച് പോകുന്നിടം വരെ. മറ്റൊരാള്‍ വീട്ട് വേലക്കാരിയില്‍ നിന്ന്. ഇവരൊക്കെയും അവരുടെ ആ അനുഭവങ്ങള്‍ ആസക്തിയായി ഇന്നും കൊണ്ട് നടക്കുന്നു എന്നും വ്യക്തമായി അറിയുകയും ചെയ്യാം. അവരൊന്നും തന്നെയും സമൂഹത്തിനു ബാദ്ധ്യതയായി മാറിയിട്ടില്ല. കാരണം ഒരുപക്ഷെ അവരുടെ ഉന്നത വിദ്ധ്യാഭ്യാസം, കുടുംബ സ്ഥിതി, സമൂഹത്തില്‍ കിട്ടുന്ന മാന്യത ഇവയൊക്കെ ആവാം. ഒരുപക്ഷെ അവര്‍ ഇത്തരം സാഹചര്യങ്ങളില്‍ നിന്ന് വരുന്നവര്‍ ആയിരുന്നില്ല എങ്കില്‍, അവരുടെ ആസക്തികള്‍ പ്രകടിപ്പിക്കാന്‍ അവര്‍ ഇന്ന് തിരഞ്ഞെടുക്കുന്ന ചില ഗോപ്യസൌകര്യങ്ങള്‍ കിട്ടുമായിരുന്നില്ല എങ്കില്‍ ഗോവിന്ദച്ചാമിമാര്‍ ഇന്ന് കാണുന്നതില്‍ എത്രയോ ഇരട്ടി സമൂഹത്തില്‍ കാണുമായിരുന്നു.

ഇവിടെ ആരാണ് യദാര്‍ത്ഥ പ്രതികള്‍. ഏതോ ഒരു ചാനല്‍ ചര്‍ച്ചയില്‍ ഒരു സാമൂഹിക പ്രവര്‍ത്തക പറയുന്നത് കേട്ടു " ആണ്‍കുട്ടികളെ സദാചാരം വീട്ടില്‍ നിന്ന് പഠിപ്പിക്കണം" എന്ന്. എന്‍റെ അനുഭവത്തില്‍ എത്ര താഴെക്കിടയില്‍ ജീവിക്കുന്ന കുടുംബവും അവരുടെ കുട്ടികളെ ലിംഗഭേദമന്യേ സമൂഹത്തില്‍ നന്നായി പെരുമാറണം എന്ന് തന്നെയാണ് പറഞ്ഞ് പഠിപ്പിക്കുന്നത്. ഒരു മാതാപിതാക്കളും സ്വന്തം മകന്‍ ചെയ്യുന്ന സാമൂഹ്യ നിന്ദക്ക് കുടപിടിക്കില്ല. അപ്പോള്‍ പിന്നെ അവന് അത്തരം പ്രവര്‍ത്തികള്‍ ചെയ്യാനുള്ള പ്രചോദനം എവിടെ നിന്ന് ലഭിക്കുന്നു. മേല്‍ വിവരിച്ച കാരണങ്ങള്‍ അതിലേക്ക് ഒരു ശക്തമായ സൂചന നല്‍കുന്നു. വേശ്യകള്‍ സമൂഹത്താല്‍ സ്രിഷ്ടിക്കപ്പെടുന്നതാണ് എന്ന് എവിടെയോ വായിച്ച് കേട്ടിട്ടുണ്ട്. ഇത്തരം ക്രിമിനല്‍ വാസനകളും അതിന്‍റെ ഒരു മറുപുറം തന്നെയല്ലേ. പെണ്ണ് ഇരയാകുന്നു എന്ന് കേള്‍ക്കുമ്പോള്‍ ചന്ദ്രഹാസം എടുക്കുന്നവര്‍ അതിന് അവനെ പ്രേരിപ്പിക്കുന്ന ചില ഘടകങ്ങള്‍ക്ക് താനും ഒരു ഭാഗമായിരുന്നു എന്ന് ചിന്തിക്കാനും അവയെ തിരുത്താനും തയ്യാറാവണം. സ്ത്രീ പീഡനം മാത്രമല്ല സമൂഹത്തില്‍ ചര്‍ച്ച ചെയ്യപ്പെടെണ്ടത്. അതോനോട് അനുബന്ധമായി ഇത്തരം വിഷയങ്ങളും തീര്‍ച്ചയായും ചര്‍ച്ച ചെയ്യപ്പെടണം....  

Wednesday, April 17, 2013

ന്യൂ ജനറേഷന്‍ സിനിമ - പാചകവിധി





വേണ്ട സാധനങ്ങള്‍

ഹോളിവുഡ് തപ്പി അധികം ആരാലും ശ്രദ്ധിക്കാതെ കിടക്കുന്ന സിനിമകളുടെ പൊട്ടും പൊടിയും - അരക്കപ്പ്

പഴയ വാരിക തപ്പി ആരും വായിച്ചിട്ട് പോലും ഇല്ലാത്ത മിനിക്കഥ - കാല്‍ കപ്പ്.


നിക്കറിനടിയില്‍ ചുരുട്ടി മടക്കി വച്ച് പഴകിയ പഴയ തുണ്ട് കഥകള്‍ - മുക്കാല്‍ കപ്പ്


താടി വളര്‍ത്താത്ത ബുജി സംവിധായകന്‍ - ഒന്നോ, ഒരു മുറിയോ.


ഷര്‍ട്ട്‌ ഊരാന്‍ തയ്യാറായ കഷണ്ടി കയറിയ യുവ നടന്‍- ഒരു ടേബിള്‍ സ്പൂണ്‍

അംഗലാവണ്യം കാണിക്കാനും വേണമെങ്കില്‍ നാല് പച്ച തെറി പറയാനും കഴിയുന്ന യുവ നടി - അര ടേബിള്‍ സ്പൂണ്‍


മുതുക്ക് കയറിയതും എന്നാല്‍ ഞങ്ങള്‍ യുവാക്കളെക്കാള്‍ തെറിയില്‍ മോശം അല്ല എന്ന് തെളിയിക്കുന്നതുമായ പടു കിഴവന്മാര്‍ - ആവിശ്യത്തിന്.

പഴയകാല മനോഹര ഗാനങ്ങളെ പുതിയ കുപ്പിയില്‍ ഇട്ടു അപരാധിച്ചത് - നാലെണ്ണം.

പാചകം ചെയ്യുന്ന വിധം

 
ചട്ടി അടുപ്പത്ത് വച്ച് എണ്ണ ഒഴിക്കുക. പിന്നീട് ആദ്യമായി ഷര്‍ട്ട്‌ ഊരാന്‍ തയ്യാറായ കഷണ്ടി കയറിയ യുവ നായകനെ ഒരു ടേബിള്‍ സ്പൂണ്‍ ചട്ടിയില്‍ ഇട്ട് നന്നായി ഇളക്കുക. ഇപ്പോള്‍ ഇക്കിളി കുറവായി സോറി ഇളക്കല്‍ കഠിനമായി നിങ്ങള്‍ക്ക് തോന്നിയാല്‍ വഴുവഴുത്ത യുവനടിയെ ചട്ടിയിലെക്കിട്ടു നായകനുമായി നന്നായി ചേര്‍ത്തു ഇളക്കുക. ഇനി ഇതിലേക്ക് മുതുക്കന്‍സിനെ ചേര്‍ക്കാം. വെന്തു കഴിയുമ്പോള്‍ ചവറു പോലെ കിടക്കുമെങ്കിലും സംഭവം കിടിലം എന്ന് കാണിക്കാന്‍ മുതുക്കന്‍സ് അത്യാവശ്യം. ഇളക്കി ഒരു പരുവം ആകുമ്പോള്‍ ആരും ശ്രദ്ധിക്കാതെ പോയ ഹോളി വുഡ് സിനിമകഥയില്‍ നിന്നും അരക്കപ്പും പഴയ വാരികയില്‍ നിന്നും കിട്ടിയ ആരാലും ശ്രദ്ധിക്കപ്പെടാത്ത മിനിക്കഥയില്‍ നിന്ന് കാല്‍ക്കപ്പും, നിക്കറിനടിയില്‍ ചുരുട്ടി വച്ച് നല്ല മണം മുറ്റിയ തുണ്ട് കഥയില്‍ നിന്ന് മുക്കാല്‍ കപ്പും ചേര്‍ത്ത് നന്നായി ഇളക്കുക. തുണ്ട് കഥയില്‍ മടക്കി വച്ചതിന്‍റെ മണം കൂടുതല്‍ ഉണ്ടന്ന് ഉറപ്പ് വരുത്തുക. കാരണം ഇതാണ് പിന്നീട് ആളുകളെ ആകര്‍ഷിക്കാന്‍ ഉതകുന്ന സുഗന്ധം പുറപ്പെടുവിപ്പിക്കാന്‍ പോകുന്നത്. ഇപ്പോള്‍ നിങ്ങളുടെ വിഭവം ഏതാണ്ട് പാകാമയിരികുന്നു. മേമ്പൊടിയായി പുതിയ കുപ്പിയില്‍ സൂക്ഷിച്ചിരിക്കുന്ന പഴയ ഗാന വീഞ്ഞ് തൂകി അടുപ്പത്ത് നിന്ന് ഇറക്കി വയ്ക്കുക. ഇനി ഡെക്കറേഷനുള്ള സമയം ആണ്. താടി വളര്‍ത്താത്ത ബുജി സംവിധായകനെ നടുക്ക് കുത്തി ഡക്കറേറ്റ് ചെയ്യാം.

സോറി. അടുപ്പ് കത്തിക്കുന്ന കാര്യം പറയാന്‍ മറന്നു. നിങ്ങളുടെ വിഭവം വെന്തില്ലല്ലോ എന്ന് പരിഭവം തോന്നണ്ട. അടുത്തുള്ള ഏതെങ്കിലും ചാനല്‍ അടുപ്പില്‍ വച്ച് എല്ലാം കൂടി ഒന്ന് കൂടി ഇളക്കി എടുത്താല്‍ നന്നായി വെന്തു കൊള്ളും. ചാനല്‍ അടുപ്പില്‍ വയ്ക്കുമ്പോള്‍ കിടിലന്‍ എന്നും ന്യൂ ജനറേഷന്‍ എന്നും ഉള്ള കടുകട്ടി മന്ത്രം കൂടെ കൂടെ ഉരുവിട്ട് കൊണ്ടേ ഇരിക്കണം. ഇത് നിങ്ങളുടെ വിഭവം മറ്റുള്ളവര്‍ക്ക് ഇഷ്ടപ്പെടാന്‍ സഹായകമാകും.