. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .

Tuesday, July 14, 2020

എന്തുകൊണ്ട് രാജഭരണം വാഴ്ത്തപ്പെടണം

ആദ്യമായിട്ടാണ് ഒരു വിഷയത്തെ കുറിച്ച് രണ്ടു തവണ എഴുതേണ്ടി വരുന്നത്. വിഷയം രാജഭരണം തന്നെയാണ്. ഇന്ന് സുപ്രീം കോടതിയിൽ നിന്ന് വന്ന ഒരു പ്രത്യേക ഉത്തരവ് പ്രകാരം ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വത്തുക്കൾ കവർന്ന് മാറ്റാനുള്ള ശ്രമം വിജയിക്കില്ല എന്ന് മനസ്സിലായ സോ കോൾഡ് പുരോഗമനവാദികൾ രാജാവിനേയും രാജകുടുംബത്തേയും സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ നിന്ന് നാടുകടത്തുകയാേ തൂക്കിലേറ്റുകയോ ചെയ്യേണ്ടതായിരുന്നു എന്ന മട്ടിൽ എഴുതുകയും പ്രചരിപ്പിക്കുകയും അതിന് നൂറുകണക്കിന് ആളുകളുടെ പിന്തുണ ലഭിക്കുന്നതും കണ്ടു. സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ, വോട്ടു ചെയ്യുകയും, ജനാധിപത്യ സർക്കാരിൻ്റെ പരമാധികാരത്തെ അംഗീകരിക്കുകയും ഉപ്പിനും കർപ്പൂരം വരെയുള്ള വസ്തുക്കൾക്ക് നികുതി കൊടുക്കുകയും, ജനപ്രതിനിധികളെ തിരഞ്ഞെടുക്കാനുള്ള പ്രകൃയയിൽ പങ്കെടുത്ത് വോട്ടു ചെയ്യുകയും, തങ്ങൾ നേടിയെടുത്ത വിദ്യാഭ്യാസ യോഗ്യതകൾക്ക് അനുസൃതമായി അദ്ധ്വാനിച്ച്‌ അന്നം കണ്ടെത്തുകയും ചെയ്യുന്ന ഇന്ത്യയിലെ ഏതൊരു സാധാരണ മനുഷ്യരേയും പോലെ ജീവിക്കുന്ന അവരെ, പഴയകാല രാജപരമ്പരയിൽ പെട്ടവർ ആയതു കൊണ്ടു മാത്രം തൂക്കിക്കൊല്ലണമെന്ന് വിധിക്കുന്നവർ ഇതേ രാജ്യത്തെ നികുതിദായകരായ പെരുമയാർന്ന ജനാധിപത്യവാദികളാണ് എന്നതാണ് ഏറ്റവും വലിയ വിരോധാഭാസം.

എന്നാൽ മറുവശത്ത് ഇതേ ജനാധിപത്യവാദികളുടെ സംഗീതാത്മക വാഴ്ത്തിപ്പാടലുകൾക്ക് പാത്രമാകുന്നവർ ആരാണന്ന് പരിശോധിക്കാം. മത രാഷ്ട്രീയ ലേബലുകൾ ഒട്ടിച്ച് താൻപോരിമയിൽ ഏകാധിപത്യഭരണം നടത്തുന്നവർ. അവരുടെ ആരാധനാ പട്ടികയിലുള്ളത് അല്ലങ്കിൽ അവർ രോധിക്കുന്നത് തെറിക്കുത്തരം പിടക്കുന്ന തലയെന്ന് തീർപ്പുകൽപ്പിക്കുന്ന സദ്ദാം ഹുസൈനും, ഗദ്ദാഫിക്കും, കിം ജോങ്ങ് ഉന്നും, സി ജിൻ പിങ്ങിനും ഒക്കെ വേണ്ടിയാണ്. മനുഷ്യാവകാശമോ, സ്ത്രീസ്വാതന്ത്ര്യമോ, പുരോഗമന ചിന്തയോ, ജനാധിപത്യ സംസ്കാരമോ തൊട്ടു തീണ്ടാത്ത ഒന്നും കുടുംബ വാഴ്ചകളാണ് ഇവയെന്നും, ആധുനിക ലോകം നിരന്തരം ചോദ്യമുന്നയിക്കുന്ന ഇത്തരം രാജക്കന്മാരുടെ ഉട്ടാേപ്യൻ പ്രാകൃത ക്രൂര നിയമങ്ങളെ ഒരു ഉളുപ്പും കൂടാതെ വാഴ്ത്തുന്നവരാണ്, രാജഭരണമെങ്കിലും ജനങ്ങളുടെ മനസ്സിൻ്റെ ഇടയിൽ അന്നും ഇന്നും സ്ഥാനമുള്ള, ഒരു നൂറ്റാണ്ടിനപ്പുറം ജനകീയരായ രാജാക്കന്മാരാൽ സമ്പുഷ്ടമായിരുന്ന രാജകുടുംബത്തിനെ തൂക്കിലേറ്റാൻ മൽസരിക്കുന്നത്. കുറ്റമോ ശതകോടികൾ വരുന്ന സ്വത്തുക്കൾ ധൂർത്തടിക്കാതെ സൂക്ഷിച്ചു എന്നതും. മറുനാടൻ ഏകാധിപതികൾക്ക് ജയ് വിളിക്കുന്ന പുരോഗമന വാദികൾക്ക് ജനാധിപത്യ വ്യവസ്ഥിതി നിലനിൽക്കുന്ന രാജ്യത്തെ സാധാരണ സമ്മദിദായകരായി നികുതി ഒടുക്കി, രാഷ്ട്രീയത്തിനതീതമായി, ജനാധിപത്യ രാജ്യത്തെ നിയമത്തെ ഉൾക്കൊണ്ട് കഴിഞ്ഞു കൂടുന്ന തിരുവിതാംകൂർ രാജവംശത്തിലെ പിൻതലമുറകളെ തൂക്കിക്കൊല്ലാൻ പാകത്തിൽ വിദ്വേഷം സൂക്ഷിക്കുന്നു എന്നതാണ് ശ്രദ്ധിക്കപ്പെണ്ടേ വസ്തുത.
ചുരുക്കി വായനയിൽ ഈ വിദ്വേഷത്തെ ജനാധിപത്യമെന്നും, രാജഭരണം എന്നും തട്ടിൽ നിർത്തി കാണണ്ട കാര്യമില്ല, ഇത് വെറും കൊതിക്കുറവ് മാത്രം. കൈയ്യിട്ട് വാരാൻ കിട്ടിയേക്കാമായിരുന്ന ഒരവസരം ബഹുമാനപ്പെട്ട സുപ്രീം കോടതി നിഷേധിച്ചതിൻ്റെ നിരാശ. അതിൻ്റെ പേരിലുള്ള കൊലവിളികൾ തന്നെ ആ വിധിയെ സാധൂകരിക്കുന്നു എന്ന് നിസംശയം പറയാം. തിരുവിതാംകൂറിൻ്റെ പഴയകാല ചരിത്രം വായിച്ചറിഞ്ഞ അനുഭവമേ ഇന്നത്തെ തലമുറയിലെ രാജകുടുംബാംഗങ്ങൾക്ക് പോലും ഉള്ളു. ആനക്കാരൻ്റെ തഴമ്പ് മകൻ്റെ ചന്തിയിൽ അന്വോഷിക്കുന്നത്ര വിവരമില്ലായ്മയാണ് ഈ പിൻതലമുറയുടെ നേരെയുള്ള ആക്രോശങ്ങൾ. സുപ്രീം കോടതിയിൽ പോലും അവർ സൂക്ഷിച്ച സ്വത്തുക്കൾ തിരികെ തരണം എന്ന് വാദിച്ചില്ല എന്നും, അന്യാധീനപ്പെട്ടു പോകുന്ന രീതിയിൽ പുറത്തെടുത്ത് ഇട്ടു കൊടുക്കരുതെന്നും ആയിരുന്നു അവരുടെ അപേക്ഷ എന്നും അറിയാൻ കഴിഞ്ഞു. അതു കൊണ്ടു തന്നെ, ശത കോടികൾ ഇനി എന്നെങ്കിലും വരുന്ന ജനതയ്ക്ക് എങ്കിലും ഉപകാരപ്പെടുമെന്ന കാഴ്ചപ്പാടിൽ പുരോഗമന വാദികൾ അവരെ വെറുതെ വിടും എന്ന് പ്രതീക്ഷിക്കാം.

Monday, July 13, 2020

ശ്രീപദ്മാനഭസ്വാമി ക്ഷേത്രം കോടതി വിധി

ഇന്നത്തെ വിവാദ വിഷയം ശ്രീപത്മനാഭൻ്റെ ശതകോടി കണക്കിനുള്ള സ്വത്തിനെ കുറിച്ചാണ്. സുപ്രീം കോടതിയുടെ വിധിക്കെതിരെയും അനുകൂലിച്ചും ഓരിയിടുന്ന ധാരാളം പ്രബുദ്ധരെ സോഷ്യല്‍ മീഡിയായുടെ പല പ്ലാറ്റ്ഫോമുകളിലും കണ്ടു. അതല്ലങ്കിലും അങ്ങനെയാണല്ലോ. നമ്മുടെ മനസ്സിൽ നമ്മുടെ കാഴ്ചപ്പാടിന് അനുസരിച്ചുള്ള ഒരു വിധി സെറ്റ് ചെയ്ത് വച്ചിട്ടുണ്ടാവും. പാറശാലയിലുള്ള പരമുവാശാൻ്റെ മനസ്സിൽ രാജകുടുംബത്തോട് വിദ്വേഷമുണ്ടങ്കിൽ സുപ്രീം കോടതി ജഡ്ജിനും അതുണ്ടാവണം, അല്ലങ്കിൽ പരമുവാശാൻ തെറി തുടങ്ങും. ഇനി മറിച്ച് കാസർഗോഡുള്ള മലീമാക്ഷൻ പിള്ളയ്ക്ക് ഇന്ന് ഭരിക്കപ്പെടുന്ന ജനകീയ മന്ത്രിസഭയോട് വിധേയത്വമില്ലങ്കിൽ സുപ്രീം കോടതി വിധിയെ തേങ്ങാ ഉടച്ച് സ്വീകരിക്കും. ഇത്തരം ഒരു ലൈൻ, സ്വന്തം മൂക്ക് ചീറ്റുന്നതിൽ മുതൽ കിടപ്പറ വിഷയത്തിൽ വരെ, ഞാനും കൂടി ഉൾപ്പെടുന്ന മലയാളി സമൂഹത്തിന് ഉള്ളതിനാൽ, ഇവ്വിധമുള്ള നിലപാടുകൾ സ്വീകരിക്കുതിൽ അത്ഭുതമില്ല.മുലക്കരം പോലും പിരിച്ചിരുന്ന അക്കാലത്തെ രാജവംശ നിലപാടുകളാൽ സ്വരൂപിക്കപ്പെട്ടതാണ് ഈ ഭാരിച്ച സ്വത്ത് എന്നവകാശപ്പെടുന്നവർ കേവലം മുലക്കരം (ഉണ്ടായിരുന്നു എന്നതിന് ചരിത്രകാരന്മാരിൽ പോലും വ്യത്യസ്ഥ നിലപാടുകൾ ആണ് ) ഒഴിച്ചു നിർത്തിയാൽ ഇന്നത്തെ ബീവറേജിൽ മദ്യത്തിന് പിരിക്കുന്ന കരത്തെക്കുറിച്ചും അത് പോകുന്ന വഴികളെ കുറിച്ചും ഒന്ന് ആലോചിക്കാത്തതോ അതോ ഇന്നത്തെ മന്ത്രിരാജാക്കന്മാരുടെ അടിമകളായി പോയതുകൊണ്ടോ. മുപ്പത് രൂപയുടെ പെട്രോളിന് അറുപത് രൂപ കരം അടയ്ക്കുകയും, അത് ഒഴിക്കുന്ന വാഹനത്തിനും ഓടിക്കുന്ന റോഡിനും, വണ്ടി ആക്സിഡൻ്റായാൽ കിട്ടുന്ന ഇൻഷുറൻസിന് പോലും ഭീമമായ നികുതി പിരിക്കുന്ന ഇന്നത്തെ സോ കോൾഡ് ജനകീയ സർക്കാരുകൾ അത് ഉപയോഗിച്ച്‌ വളർത്തുന്നത് സ്വപ്ന, സരിതമാരേയും, അവരുടെ മച്ചമ്പിമാരേയും ആണന്ന് നമ്മൾ മനപ്പൂർവ്വം വിസ്മരിക്കുന്നു. ക്ഷേത്രത്തിലെ ഭാരിച്ച സ്വത്തുക്കൾ പുറത്തേക്ക് കിട്ടിയാൽ നാട്ടിൽ പാലും തേനും ഒഴുക്കും എന്ന് അലമുറയിടുന്നവർ, കോടിക്കണക്കിന് വരുമാനമുള്ള ശബരിമലയുടെ താഴെ സീസൺ സമയത്ത് കാണുന്ന ഒരിക്കലും ഉണങ്ങാത്ത തീട്ടക്കൂനകൾ അവിടുത്തെ പ്രാഥമിക സൗകര്യങ്ങൾക്കു പോലും ഉള്ള കുറവുകൾ കൊണ്ടാണന്ന് മറന്നു പോകുന്നു. മുലക്ക് കരം അടച്ചിരുന്നു എന്ന് തെളിവില്ലാത്ത വിടുവായത്വം പറയുന്നവർ ബ്രേസിയറിനും, പാൻ്റീസിനും, ഗർഭനിരോധന ഉറയ്ക്കും, സിസേറിയനും, അണ്ടർവെയറിനും, അണ്ടർ ഷേവറിനും വരെ നികുതി അടയ്ക്കുന്ന കാര്യം അറിയുന്നു പോലും ഇല്ല. നാലു കോടി വരുന്ന ജനങ്ങളിൽ നിന്ന് പിരിച്ച് പന്ത്രണ്ട് ശതമാനം വരുന്ന സർക്കാർ ഉദ്യോഗസ്ഥർക്ക് ശമ്പളവും പെൻഷനും ആനുകൂല്യങ്ങളും കൊടുക്കുകയും ബാക്കിയുള്ള തുക സ്വസ് ബാങ്കിലും സ്വന്തം വീട്ടിലെ ബി നിലവറയ്ക്കുള്ളിലും ഇനിയും അധികം വരുന്നത് മുള്ളിത്തെറിച്ച ബന്ധുമിത്രാദികൾക്കും വരെ വീതം വയ്ക്കുന്ന രാഷ്ട്രീയ ഹിജഡ പെരുമ കേട്ട നാട്ടിൽ നിന്നു കൊണ്ടാണ് രാജ വംശത്തെ ചൂണ്ടി കൊഞ്ഞനം കുത്തുന്നത് എന്നതാണ് വിരോധാഭാസം.

മുകളിലത്തെ ഖണ്ഡിക വരെ വായിച്ചവർ "രാജവംശത്തിൻ്റെ എച്ചിൽ പട്ടി" എന്ന ലേബൽ എനിക്ക് വിധിച്ചിട്ടുണ്ടാവും എന്ന് ഉറപ്പാണ്. അല്ല എന്നും ആണ് എന്നും വാദിക്കുന്നില്ല. എന്നാൽ ഏതാണ്ട് ഒരു നൂറ്റാണ്ടിന് മുമ്പ് അവസാനിപ്പിക്കപ്പെട്ട തിരുവനന്തപുരത്തെ രാജഭരണത്തിന് ശേഷം ആ നാട്ടിൽ ഉണ്ടായ വികസനത്തെ പറ്റി, പുതുതായുണ്ടായ നിർമ്മിതിയെ പറ്റി, അടിസ്ഥാന സൗകര്യങ്ങളെ പറ്റി, ജനസംഖ്യാ പെരുപ്പത്തിന് അനുസൃതമായി കൊണ്ടുവന്ന പരിഷ്കാരങ്ങളെ പറ്റി ചെറുതായൊന്ന് അവലോകനം നടത്തിയാൽ, ജനപ്പെരുപ്പം ആയിരം മടങ്ങ് ആയപ്പോഴും, അതിനനുസരിച്ച് ശ്രദ്ധിക്കപ്പെടാവുന്ന രീതിയിൽ വന്ന മാറ്റം, ഒരു നൂറ്റാണ്ടിന് മുമ്പ് വന്നതിൽ നിന്ന് പത്തോ പതിനഞ്ചോ ശതമാനം മാത്രമാണന്ന് മനസ്സിലാക്കാം. തിരുവനന്തപുരത്തെ സർക്കാർ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ, റോഡുകൾ മുതൽ എന്തിനേറെ പ്രസിദ്ധമായ മ്യൂസിയം പോലും അവകാശപ്പെടാൻ കഴിയാതെ നിരവധി ജനകീയ സർക്കാരുകൾ നോക്കു കുത്തികളായി കടന്നു പോയി. ശരിയാണ് ഇതെല്ലാം രാജഭരണത്തിലെ നികുതിപ്പണം തന്നെയാണ്. ആ ഭരണം കടന്നു പോയപ്പോൾ അവർ ബാക്കി വച്ചു പോയ ശതകോടികൾക്ക് അവകാശമുന്നയിച്ച് നടക്കുന്നവർ ഓർക്കേണ്ട ഒന്നുണ്ട്, രാജവംശം തുടർന്നു വന്ന അതേ നികുതി പിരിച്ച് ഭരണഘോഷം നടത്തുന്ന ജനകീയ സർക്കാരുകളുടെ അവസാന പരമ്പരയായ ജനകീയ പിണറായി മഹാരാജൻ പടിയിറങ്ങുമ്പോൾ, രാജ വംശത്തിൻ്റെ ഉച്ചനീചത്വങ്ങൾക്ക് എതിരെ അലമുറയിടുന്നവൻ്റേയും പോക്കറ്റ് കീറാൻ വേൾഡ് ബാങ്ക് കാവൽ നിൽപ്പുണ്ടന്ന്.

മനസ്സിലായില്ലേ ഈ വായിക്കുന്ന ഓരോ ആളുടെ കയ്യിൽ നിന്ന് തുമ്മുന്നതിനും തൂറുന്നതിനും ദിനേന വാങ്ങുന്ന നികുതിപ്പണം വാങ്ങി ഭരിച്ചു മുടിച്ച സന്തോഷത്തിന് നമ്മളിൽ ഓരോരുത്തരുടേയും ആളോഹരി കടം ഒരു ലക്ഷത്തിനു മുകളില്‍ വരും എന്നു സാരം. അപ്പോഴും ഇക്കണ്ട വികസനങ്ങൾക്ക് എല്ലാം ശേഷവും കേരളം വിലയ്ക്ക് വാങ്ങാനുള്ള ശതകോടികൾ ക്ഷേത്രത്തിൽ സുരക്ഷിതമാണ്.

നബി: രാജവംശ കാലത്തെ ഓച്ഛാനിപ്പിനെ കുറിച്ചാണ് ആക്ഷേപം. പിണറായി രാജാവിൻ്റെ, കരുണാകരൻ രാജാവിൻ്റെ മുന്നിൽ ഒച്ഛാനിക്കാതെ നിന്നാലുള്ള സാധാരണക്കാരൻ്റെ അവസ്ഥ ചിന്തനീയം.