. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .

Thursday, January 17, 2013

ആതുരസേവനത്തിലെ അഭിനവപ്രവാചകന്മാര്‍

ഈ അടുത്തിടെ സൗദി അറേബ്യയുടെ വ്യത്യസ്ഥ നഗരങ്ങളില്‍ നടന്ന, വ്യത്യസ്ഥമായ രണ്ട് അനുഭവങ്ങളാണ് ഈ കുറിപ്പിന്നാധാരം... നവയുഗ ആതുരസേവന കച്ചവട സാമ്രാട്ടുകളുടെ വാക്ക്‌ - പ്രവര്‍ത്തി വ്യത്യാസങ്ങളുടെ നേരിട്ടുള്ള അനുഭവത്തിന്‍റെ വെളിച്ചത്തില്‍ ഇത് എഴുതുന്നത് അവരെയോ മറ്റാരെയെങ്കിലുമോ വെല്ലുവിളിക്കാനോ യുദ്ധം പ്രഖ്യാപിക്കാനോ വേണ്ടിയല്ല എന്ന് ആദ്യമെ അറിയിക്കുന്നു... മറിച്ച് ആതുരസേവനത്തിന്‍റെ തലതോട്ടപ്പന്മാരുടെ മാന്യതയുടെ കറുത്ത കോട്ടിനുള്ളിലെ ഇരുണ്ട  ഹൃദയത്തിലേക്ക്‌ ഒരു സൂചിദ്വാരത്തിലൂടെ എങ്കിലും കടന്നു പോകുന്ന അത്രയും  വെളിച്ചം കടത്താന്‍ ഈ കുറിപ്പിന് കഴിഞ്ഞിരുന്നു എങ്കില്‍ എന്ന ആത്മാര്‍ഥമായ പ്രാര്‍ത്ഥന മാത്രം...

ഞാന്‍ ഈ വിഷയം സംഭവകഥകളുടെ ഉപോല്‍ബലകത്തിലൂടെ അല്ലാതെ ഒരുപക്ഷെ ഇവിടുത്തെ കറുത്ത കോട്ടിട്ട ആതുരാലായ വ്യവസായ പ്രമുഖന്മാരുടെ മുന്നിലേക്കിട്ടാല്‍ അവര്‍ പുറംകാലുകൊണ്ട് ഒരു തട്ടുതട്ടി എന്നോട് തട്ടിക്കയറിയെക്കാം....  അങ്ങനെയൊന്നും സംഭവിച്ചില്ല എന്ന്‍ നാലുപേരുടെ മുന്നില്‍ വച്ച് പുലമ്പിയേക്കാം.... കാരണം കിട്ടാവുന്ന വേദികളില്‍ എല്ലാം കയറി തങ്ങളുടെ വിദൂര സ്വപ്നങ്ങളിലോ ചിന്തകളിലോ പോലുമില്ലാത്ത ആതുരസേവന മഹത്വം ഉപ്പും മുളകും ചേര്‍ത്ത് തട്ടുന്ന ഈകൂട്ടര്‍ക്ക് മറിച്ച് പറയുന്നതിലോ, പ്രവര്‍ത്തിക്കുന്നതിലോ ഉളുപ്പുണ്ടാവില്ല എന്ന്‍ സുവ്യക്തം.... ഇത്തരക്കാരുടെ കയ്യില്‍ നിന്ന് അഞ്ഞൂറോ ആയിരമോ വാങ്ങി തങ്ങളുടെ വേദികളില്‍ കയറ്റി നട്ടാല്‍ മുളയ്ക്കാത്ത നുണ പറയിപ്പിക്കാന്‍ അനുവദിക്കുന്ന ചില നപുംസക സംഘടനകളും ഇത്തരം മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് പരോക്ഷമായി കുടപിടിക്കുന്നു എന്ന് ചേര്‍ത്ത്‌ പറയുന്നതില്‍ അതിയായ വിഷമം ഉണ്ട്..... ഇനി സ്വയം കാശ് മുടക്കി പ്രാഞ്ചിയെട്ടന്‍ ആവാനും മാത്രം പോത്തിന്‍റെ തൊലിക്കട്ടിയുള്ള മുതലാളി പ്രമുഖരും ഈ കൂട്ടര്‍ക്ക് ഇടയിലുണ്ട് എന്നതാണ് അപഹാസ്യമായ മറ്റൊരു വസ്തുത..... സംഗതി എങ്ങനെയൊക്കെ ആയാലും വേദി കിട്ടിക്കഴിഞ്ഞാല്‍ പിന്നെ കത്തി കയറലായി..... അവിടെ മുഴങ്ങുന്നത് "ഞാന്‍.... ഞാന്‍" വെറും ഞാന്‍ മാത്രം...... താറില്ലാത്ത ഓണാട്ടുകര ഓമനയെ താറുടുപ്പിച്ചത് മുതല്‍ സ്വന്തം മകന്‍റെ പല്ലിന്‍റെ ഇടയില്‍ കുടുങ്ങിയ ചിക്കന്‍ ചാപ്സ് നഖം വച്ച് എടുത്ത കണക്ക്‌ വരെ ലിസ്റ്റില്‍ എഴുതി വച്ച് ആതുരസേവനത്തിന്‍റെ അഭിനവ പ്രവാചകന്മാര്‍ ആകുന്നു ഈ കൂട്ടര്‍.... അതിന് ഉപോല്‍ബലകമായി വരുന്നവരും പോകുന്നവരും കണ്ട് കോള്‍മയിര്‍ കൊള്ളാന്‍ പാകത്തില്‍ സ്വന്തം സ്ഥാപനത്തിന്‍റെ പൂമുഖത്തെ കണ്ണാടി കൂട്ടില്‍ കോട്ടിട്ട മുതാലാളി ആഫ്രിക്കക്കാരെയും ചേര്‍ത്ത്‌ പിടിച്ച് നില്‍ക്കുന്ന കുറെ വര്‍ണചിത്രങ്ങളും ഉണ്ടാവും.... സംഗതി എന്ത് തന്നെ ആയാലും ഇവര്‍ വെറും കച്ചവടക്കാര്‍ മാത്രം ആണെന്നും വേദികളില്‍ കയറി ശൂന്യതയിലേക്ക് വെടിവച്ച്  നമ്മുടെയൊക്കെ മുന്നിലേക്ക്‌ ഇടുന്നത് അര്‍ത്ഥമില്ലാത്ത വെറും പാഴ്വാക്കുകള്‍ ആണെന്നും തെളിയിക്കുന്ന രണ്ട്‌ സംഭവങ്ങള്‍ ഞാന്‍ ഇവിടെ വിവരിക്കാം...

ആദ്യ സംഭവം റിയാദില്‍ ആണ്.... ജോലിയുടെ ആവിശ്യാര്‍ത്ഥം റിയാദ്‌ സന്ദര്‍ശിക്കവേ വളരെ വേദനാജനകമായ ഒരു സംഭവത്തിന് സാക്ഷി ആവേണ്ടി വന്നതിന്‍റെ നടുക്കം ഇനിയും എന്നില്‍ നിന്ന് വിട്ടുമാറിയിട്ടില്ല.... താമസിക്കുന്ന ഹോട്ടലില്‍ നിന്നും പ്രഭാതഭക്ഷണത്തിനായി പുറത്തേക്ക് പോകുന്നതിനിടയില്‍ ആണ് റിയാദ്‌ ബത്തയിലെ ഒരു പ്രമുഖ ആതുരാലയത്തിനു മുന്നിലായി ഈ ഫോട്ടോയില്‍ കാണുന്ന കാഴ്ച ഞാന്‍ കാണുന്നത്.....


അടുത്ത് ചെന്നപ്പോള്‍ ഏതാനും ചില മലയാളി മുഖങ്ങള്‍.... അതിന്‍റെ നടുക്ക് തികച്ചും ദയനീയമായ അവസ്ഥയില്‍ മൃതപ്രായനായ ഒരാള്‍.... അയാള്‍ പൊട്ടിക്കരയുകയായിരുന്നു... ഒപ്പം കൂടെയുള്ള രണ്ട്‌ പേരും..... മലമൂത്ര വിസര്‍ജ്ജനതിനു മാറ്റ് മാര്‍ഗ്ഗങ്ങള്‍ ഇല്ലാതായപ്പോള്‍ അത് അയാള്‍ കിടക്കുന്ന വെളുത്ത കിടക്ക വിരിയെയും സമീപ പ്രദേശങ്ങളെയും മലീസവും ദുര്‍ഗന്ധപൂരിതവും ആക്കിയിരുന്നു.... അയാളുടെ മുഖത്ത് വേദനയെക്കാള്‍ പ്രതിഫലിച്ച് കണ്ടത്‌ സ്വന്തം മലത്തില്‍ കിടന്ന്‍ ഉരുളേണ്ടി വരുന്ന ഒരു അഭിമാനിയുടെ നിസ്സഹായതയായിരുന്നു.... ആകാംഷകൊണ്ട് അടുത്ത് നില്‍ക്കുന്ന ഇനിയും കരുണ വറ്റാത്ത "മലയാളി ജന്തുക്കള്‍" ഉണ്ടന്ന് സമൂഹത്തെ ബോധിപ്പിക്കാനായി എങ്കിലും കാവല്‍ നില്‍ക്കുന്ന ഒരാളോട് ഞാന്‍ വിവരം തിരക്കി..... അപ്പോഴാണ്‌ ഞെട്ടിക്കുന്ന വാര്‍ത്ത അറിഞ്ഞത്.... "മനുഷ്യനായി എന്തിനീ മണ്ണില്‍ പിറന്നു" എന്ന് എന്നോട് പലവുരു ചോദിച്ചു ഞാന്‍... അത്ര നികൃഷ്ടമായ സാഹചര്യങ്ങളില്‍ കൂടി കടന്ന് വന്ന്‍ ഒടുവില്‍ അഭയം കിട്ടിയത്‌ നമ്മുടെ മലയാളി മഹാന്‍ നടത്തുന്ന പ്രശസ്ത സ്ഥാപനത്തിന്‍റെ വരാന്തയില്‍..... അതും മഹാനായ ആ "കാരുണ്യ" സേവകനോ അവന്‍റെ സേവനത്വരരായ ജീവനക്കാരോ അനുവദിച്ചിട്ടല്ല, മറിച്ച് കൂടെ നിന്നവര്‍ക്ക് മറ്റു മാര്‍ഗങ്ങള്‍ ഇല്ലാത്തതിനാല്‍ അങ്ങനെ സംഭവിച്ച് പോയതാണെന്നും നമ്മുക്ക് ഇതിനോട് ചേര്‍ത്ത്‌ വായിക്കാം....

നാല് നില കെട്ടിടത്തിലെ എ സി ഷാഫ്റ്റില്‍ കൂടി താഴെ വീണ ഇദ്ദേഹത്തിന്‍റെ രണ്ടു കാലുകളും ഏതാണ്ട് പൂര്‍ണമായും തകര്‍ന്ന നിലയില്‍ ആയിരുന്നു....  അന്‍പത് പൈസ പോലും വിലയില്ലാത്ത ഒരു വേദന സംഹാരി ഗുളിക മനുഷ്യത്ത്വത്തിന്‍റെ പേരില്‍ ആവിശ്യപ്പെട്ടിട്ട് നല്‍കാന്‍ പോലും ആ സ്ഥാപനത്തിലെ ജീവനക്കാര്‍ തയ്യാറായില്ല എന്ന്‍ പറയുമ്പോള്‍ ലജ്ജിക്ക് മലയാളമേ എന്ന് ഉറക്കെ വിളിച്ച് കൂവാന്‍ തോന്നി എനിക്ക്.... സ്ഥാപനത്തില്‍ അതിനുള്ള സൌകര്യങ്ങള്‍ ഇല്ല എന്ന്‍ മണിക്കൂറുകള്‍ക്ക് ശേഷം അറിയിപ്പ്‌ വന്നു.... എങ്കില്‍ നിങ്ങള്‍ ആംബുലന്‍സ്‌ തരൂ എന്ന്‍ ഞങ്ങളില്‍ ചിലര്‍.... പക്ഷെ അവിടെയും അവരുടെ ആശുപത്രി നിയമങ്ങള്‍, ചട്ടങ്ങള്‍.... ചില നപുംസകങ്ങള്‍ സംഘടന എന്ന പേരില്‍ ഹൃസ്വസന്ദര്‍ശനം.... ഒടിഞ്ഞു കിടക്കുന്നവന്‍റെ  കാലിന്‍റെ അവസ്ഥയും പോയിരിക്കുന്ന മലത്തിന്‍റെ അളവെടുക്കാനും "തുണി പൊക്കി നോക്കി" സായൂജ്യമടയല്‍.... പിന്നെ അടുത്ത് നില്‍ക്കുന്ന ബന്ധുക്കള്‍ക്കും ഞങ്ങളില്‍ ചിലര്‍ക്കും കച്ചടപ്പെട്ടിക്ക് സമാനമായ വായ കൊണ്ട് തുപ്പല്‍ ഉപദേശവര്‍ഷം...... ഒരു ഫോട്ടോ സെഷന് സാദ്ധ്യത ഇല്ല എന്ന് മനസ്സിലാക്കുമ്പോള്‍ ഏതാനും സെക്കന്‍റകള്‍ക്കുള്ളില്‍ മൊബൈലിലേക്ക് വന്ന ഇല്ലാത്ത കോളുകള്‍ക്ക് മറുപടി കൊടുത്തു കൊണ്ട്  അടുത്തുള്ള  തൂണിന്‍റെ മറവിലെക്കും അവിടെ നിന്ന് ശൂന്യതയിലേക്കും മറഞ്ഞ് നമ്മുടെ രാഷ്ട്രീയം ഒരു മാജിക്ക്‌ കൂടി ആണെന്ന് അടിവരയിട്ടെഴുതി അവര്‍.... എന്തിനേറെ പറയുന്നു ആ പാവം  മനുഷ്യന് ഇതെഴുതുമ്പോഴും നീതി കിട്ടിയിട്ടില്ല.... അയാള്‍ ഒടിഞ്ഞ് നുറുങ്ങിയ കാലുകളുമായി പല ആശുപത്രികളെയും സമീപിച്ചു.... ആരില്‍ നിന്നും അയാള്‍ക്ക് ഒരുവിധത്തിലുള്ള സഹായവും കിട്ടിയിട്ടില്ല.... സ്പോണ്‍സറുടെ ചതിയിലൂടെ "ഇക്കാമ" എന്ന വസ്തു ഇതുവരെ കണ്ടിട്ടില്ലാത്ത ഈ മനുഷ്യന്, ഇന്നും എംബസ്സിയുടെ ഒരു ഔട്ട്പാസ്സിനായി  കാത്തിരിക്കുന്ന അയാള്‍ക്ക് ഇനി ഒരു ജീവിതം ഉണ്ടോ എന്ന്‍ മനുഷ്യസ്നേഹം അല്‍പ്പം എങ്കിലും ഉള്ളില്‍ ബാക്കി ഉണ്ടങ്കില്‍ ഒന്ന് ചിന്തിച്ച് നോക്കൂ..... ആശുപത്രിയുടെ തണുപ്പുള്ള വരാന്തയില്‍ നിന്ന് ബത്തയിലെ രാഷ്ട്രീയമില്ലാത്ത ഏതാനും ചില കാരുണ്യ പ്രവര്‍ത്തകര്‍ ചേര്‍ന്ന് കണ്ടെത്തിയ ഒരു മുറിയില്‍ ഇപ്പോഴും ദുരിതപൂരണമായ തന്‍റെ ജീവിതം തള്ളി നീക്കുന്നു ആ പാവം മനുഷ്യന്‍......

മേല്‍പറഞ്ഞത്‌ ഊരും പേരും അറിയാത്ത എന്നാല്‍ ഭാഷകൊണ്ട്  ഇന്ത്യക്കാരന്‍ എന്ന്‍ ഉറപ്പിച്ച് പറയാവുന്ന ഒരു സാധാരണ കെട്ടിട തൊഴിലാളിയുടെ അവസ്ഥ.... "ഊരുപേരും ഇല്ലാത്തവനെ എന്തിന്‍റെ പേരില്‍ ചികിത്സിക്കും, പരിഗണിക്കും"... "നിങ്ങള്‍ പറയുന്ന ആതുരസേവന മുതലാളി മാരുടെ സ്ഥാനത്ത്‌ നിങ്ങള്‍ ആയിരുന്നു എങ്കില്‍ ചെയ്യുമായിരുന്നോ".... എന്നിങ്ങനെ നൂറു ചോദ്യങ്ങള്‍ ഞാന്‍ പ്രതീക്ഷിക്കുന്നു.... അതിനാണ്ഇവിടെ ഞാന്‍ നേരിട്ട് അനുഭവിച്ച രണ്ടാമത്തെ സംഭവത്തിന്‍റെ പ്രസക്തി.....

രണ്ടാമത്തെ സംഭവം നടക്കുന്നത് എന്‍റെ തട്ടകമായ ജിദ്ദയില്‍ തന്നെ..... ഇവിടെ രോഗാതുരനായി ഉള്ളത് എന്‍റെ പ്രിയ സുഹൃത്ത്.... അയാള്‍ അയാള്‍ക്ക്ചുറ്റും സേവനത്വരയോടെ നില്‍ക്കുന്ന നൂറ് കണക്കിന് ചെങ്ങാതിമാര്‍.....  സേവന സന്നദ്ധമായ സൌദിയിലെ പ്രശസ്ത കമ്പനി മാനേജ്മെന്‍റ്..... അവരില്‍ പലരും  ആശുപത്രി മുതലാളി മുതല്‍ താഴോട്ട് തൂപ്പുകാരന് വരെ പരിചിതമായ മുഖങ്ങള്‍..... പക്ഷെ മരണക്കിടക്കയില്‍ കിടന്ന എന്‍റെ സുഹൃത്തിന് ആശുപത്രിയിലെ ഒരാളില്‍ നിന്നും നീതി കിട്ടിയില്ല എന്ന് മാത്രമല്ല, എന്ത് പ്രതിസന്ധികളെയും സ്വന്തം പേരില്‍ ഏറ്റെടുക്കാം എന്നും അതിനു ഏതു കടലാസില്‍ വേണമെങ്കിലും ഒപ്പിട്ട് തരാമെന്നും പറഞ്ഞിട്ടും തങ്ങള്‍ക്ക് കിട്ടിയ ഒരു "ചാകര" വിട്ട് തരാന്‍ ജിദ്ദയിലെ ഈ പ്രമുഖ മലയാളി സ്ഥാപനം കാട്ടിയ നാറിയ കളികള്‍ ചരിത്രത്തില്‍ തീര്‍ച്ചയായും സ്ഥാനം പിടിക്കേണ്ടവയാണ്.... സംഭവം ഇങ്ങനെ....

അതി കലശലായ നെഞ്ച് വേദനയെ തുടര്‍ന്ന്‍ എന്‍റെ പ്രിയ സുഹൃത്തിനെ ആതുര സേവനത്തിന്‍റെ അവസാനവാക്കായ ജിദ്ദയിലെ പ്രമുഖ മലയാളി സ്ഥാപനത്തില്‍ പ്രവേശിപ്പിക്കുന്നു.... പ്രാഥമികമായ വിലയിരുത്തലുകള്‍ക്കൊടുവില്‍ "അത്യധുനിക സംവിധാനമുള്ള" ഐ സി യു യൂണിറ്റില്‍ പ്രവേശിപ്പിക്കുന്നു...... ആ സംവിധാനത്തിന്‍റെ ആധുനികത വാഴ്ത്തപ്പെടെണ്ടത് തന്നെയാണ്.... സാധാരണ ഒരു മുറിയിലേക്ക്‌ കടക്കുന്നതിനേക്കാള്‍ എളുപ്പത്തില്‍ എത്രപേര്‍ക്ക് വേണമെങ്കിലും കടന്ന് ചെല്ലാം എന്നതാണ് ആദ്യത്തെ പ്രത്യേകത..... ചിരിച്ചും കളിച്ചും സല്ലപിച്ചും നെഴ്സുമ്മാര്‍ ഇതാണോ 'വല്യകാര്യം ചേട്ടാ' എന്ന മുഖഭാവവുമായി നമ്മളെ ഓരോരുത്തരെയും സ്വീകരിക്കുന്നു..... സ്ഥാപനത്തില്‍ വന്നപ്പോള്‍ മുതലാളി എടുത്തു കളഞ്ഞതാണോ, അതോ മെഡിക്കല്‍ പഠനത്തിന് ശേഷം അവര്‍ സ്വയം എടുത്തു കളഞ്ഞതാണോ എന്ന് അറിയില്ല, ഹൃദയത്തിന്‍റെ സ്ഥാനത്ത്‌ കരിങ്കല്ല് പോലും ഇല്ലാത്ത ഒരു വനിതാ  കാര്‍ഡിയോളജിസ്റ്റ്‌..... തന്‍റെ മുന്നില്‍ വന്ന് നില്‍ക്കുന്നവര്‍ എല്ലാം തന്‍റെ എച്ചില്‍പട്ടികള്‍ ആണെന്ന മുഖഭാവവുമായി ഒരു ഇന്‍ഷുറന്‍സ്‌ ഓഫീസര്‍.... അവന്‍റെ പേരോ ലോകം മുഴുവന്‍ ധര്‍മ്മത്തിനും നീതിക്കും വേണ്ടി പൊരുതിയ 'കൃഷ്ണഭഗവാന്‍റെ' പര്യായ പദവും...... അവന്‍റെ ആംഗലേയ ഭാഷയുടെയും, ദേശഭാഷയുടെയും ചാതുര്യം അറിയിക്കാനാവും മുന്നില്‍ നില്‍ക്കുന്നവരെ എല്ലാം ഇടയ്ക്കിടെ പുച്ഛത്തോടെ നോക്കി ഫോണില്‍ സ്ഥിരമായി പെറ്റുകിടക്കുന്നു ഈ മഹാന്‍..... തുറന്ന് പറയാമല്ലോ മാനേജര്‍ മുതല്‍ തൂപ്പുകാരന്‍ വരെ ചെല്ലുന്നവരെ എല്ലാം സമീപിക്കുന്നത് ഒരു "കാറ്റില്‍ ക്ലാസ്‌" സമീപന രീതിയില്‍.... സാധാരണക്കാരന് പോലും മനസ്സിലാകും കിടക്കുന്ന മനുഷ്യന് പ്രാഥമിക ശ്രുശ്രൂഷ നല്‍കിയില്ലെങ്കില്‍ മരണം സുനിശ്ചിതം എന്ന്.... പക്ഷെ അത് സ്ഥാപനത്തില്‍ ഒരാള്‍ക്കും മനസ്സിലാകുന്നില്ല എങ്കില്‍ അതിന്‍റെ അര്‍ഥം മറ്റൊന്നും അല്ല.... "ദീപസ്തംഭം മഹാശ്ചര്യം നമ്മുക്കും കിട്ടണം പണം" എന്ന ഏറ്റവും സാധാരണ അര്‍ഥം മാത്രം..... ചെല്ലുന്നവന്‍ കാലപുരി പുല്‍കിയാലും കുഴപ്പമില്ല, അത്രയും നേരത്തെ ചികില്‍സാ ചീട്ടില്‍ ഉള്ളതും ഇല്ലാത്തതും കുത്തി നിറച്ച് അങ്ങ് മുകളില്‍ ഇരിക്കുന്ന ഇന്‍ഷുറന്‍സ്‌ മേലാളന്മാര്‍ക്ക് അയക്കുമ്പോള്‍ ലഭിക്കുന്ന നോട്ടില്‍ മാത്രം കണ്ണുനട്ടുള്ള ഒരു "സിമ്പിള്‍ പണി"..... ഭാഗീരഥ പ്രയഗ്നങ്ങള്‍ക്കൊടുവില്‍ ഉച്ചക്ക്‌ മൂന്നു മണിക്ക് പ്രവേശിച്ച മരണാസനനായ ചെങ്ങാതിയെ രാത്രി പതിനൊന്ന് മണിക്ക്  വിട്ട് കിട്ടുമ്പോള്‍ അവര്‍ കാണിച്ചിടത്തെല്ലാം "വായിച്ച് നോക്കി എല്ലാം മനസ്സിലായിട്ടാണോ ഒപ്പിടുന്നെ" എന്ന പരിഹാസം ശ്രവിച്ച് കൊണ്ട് തന്നെ ഒപ്പിട്ട് നല്‍കേണ്ടി വന്നു..... ഏറ്റവും ഒടുവില്‍ മരണത്തോട് മല്ലടിക്കുന്ന എന്‍റെ ചെങ്ങാതിയെ അത്യാധുനിക സൌകര്യമുള്ള മൂന്നു ആംബുലന്‍സുകള്‍ക്ക് മുന്നിലൂടെ ഒരു ചെറിയ കാറില്‍ കുത്തി നിറച്ച് പത്ത്‌ മിനിറ്റ് ദൂരദൈര്‍ഘ്യമുള്ള  മറ്റൊരു ആശുപത്രിയിലേക്ക്‌ കൊണ്ടുപോകുമ്പോള്‍ ഞങ്ങള്‍ക്ക്‌ ദൈവം മാത്രമായിരുന്നു തുണയായി..... ആശുപത്രിയിലേക്കുള്ള യാത്രാ മദ്ധ്യേ പ്രഷര്‍ കുറഞ്ഞത് അന്‍പതിലേക്ക്, അവിടെ ചെല്ലുമ്പോള്‍ ഏറ്റവും അത്യാസന്ന നിലയിലായിരുന്നു അദ്ദേഹം......  ബ്രിട്ടനില്‍ വെക്കേഷന് പോയ അത്യാധുനിക ഭിഷഗ്വരനെ നിര്‍ബന്ധപൂര്‍വ്വം വിളിച്ച് വരുത്തി അടുത്ത ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ "ഓപ്പണ്‍ ഹാര്‍ട്ട് സര്‍ജറി" നടത്താന്‍ മാത്രം ഭീകരാവസ്ഥയില്‍ ഉണ്ടായിരുന്ന എന്‍റെ സുഹൃത്തിന് പ്രാഥമിക ശ്രുശ്രൂഷപോലും നല്‍കാതെ മരണത്തിന്‍റെ പടിവരെ എത്തിച്ച എന്‍റെ പ്രിയ മലയാളി സാമൂഹിക പ്രവര്‍ത്തക മുതലാളിയോട് ഒരു ഓര്‍മ്മപ്പെടുത്തല്‍.... ജിദ്ദയിലെ മലയാളി സമൂഹത്തിന്‍റെ പിച്ച ചട്ടിയില്‍ കൈ ഇട്ടാണ് താങ്കള്‍ ഈ നിലയില്‍ എത്തിയത്‌.... ദിവസവും രാവിലെ താങ്കളുടെ പൂര്‍വ്വകാലത്തിലെക്ക് ഒന്ന് തിരിഞ്ഞു നോക്കുക..... അവിടെ മെഴ്സിഡിസ് ബെന്‍സും, റാന്‍ മൂളാന്‍ ആയിരം പേരും ഉണ്ടായിരുന്നില്ല എന്നും ഓര്‍ക്കുക.... ദൈവം കൈമെയ്‌ മറന്ന്‍ താങ്കളെ കനിഞ്ഞത് അഹങ്കരിക്കാനല്ല, മറിച്ച് ആലംബര്‍ക്ക് താങ്കളിലൂടെ അല്‍പ്പം നീതി കിട്ടും എന്ന പ്രതീക്ഷയോടെ ആവാം..... ദൈവത്തെ തിരികെ പരീക്ഷിക്കാന്‍ നില്‍ക്കരുതെ മഹാനായ മലയാളീ!!!!  ദൈവം തിരികെ തരുന്ന "പണി" ഒരു പക്ഷെ താങ്കള്‍ക്ക് താങ്ങാന്‍ കഴിയുന്നതിനും അപ്പുറമാവും.... ഓര്‍ക്കുക വല്ലപ്പോഴും......

മുകളില്‍ ഞാന്‍ വിവരിച്ച രണ്ട് വ്യത്യസ്ഥ അനുഭവങ്ങള്‍ എന്‍റെ നേര്‍ അനുഭവങ്ങളാണ്.... ഇതിലും എത്രയോ ഭീകരമായിരിക്കും ആവതില്ലാത്ത, ആരും ചോദിക്കാനും പറയാനും ഇല്ലാത്ത സാധാരണക്കാര്‍ ദിനേന അനുഭവിക്കേണ്ടി വരുന്നത്....ജോലിക്കാര്‍ കാട്ടിയ ക്രൂരത എന്നൊക്കെ പറഞ്ഞ് ഇതിനെ മുതലാളിക്ക് കൈഒഴിയാം.... പക്ഷെ ഒരു സ്ഥാപനം എങ്ങനെ ആയിരിക്കും അതിന്‍റെ ഉപഭോക്താക്കളോട് പെരുമാറുന്നത് എന്ന്‍ അറിയാന്‍ അതിന്‍റെ ഉടമയോട് ഒരു മിനിറ്റ് സംസാരിച്ചാല്‍ മതി.... അതായത്‌ ഉടമകളുടെ അടിമകള്‍ ആണ് ജോലിക്കാര്‍... അവരുടെ ഹൃദയം എടുത്ത്‌ മാറ്റി അവിടെ നാറുന്ന ശവങ്ങളുടെ ഹൃദയം പിടിപ്പിച്ച് ജോലിക്ക് വച്ചാല്‍ ആ നാറ്റമേ അവര്‍ വമിപ്പിക്കൂ.....

മലയാളി സമൂഹമെ ഉണരൂ.....  പാവപ്പെട്ടവക്ക് വേണ്ടി സംസാരിക്കുന്ന ഉളുപ്പില്ലാത്ത നാക്ക് വളയ്ക്കല്‍ അല്ല നമ്മുക്ക് വേണ്ടത്‌..... അവര്‍ക്ക്‌ വേണ്ടി തുടിക്കുന്ന ഹൃദയമുള്ളവരും ഇവിടെയുണ്ട്.... അവരെ കണ്ടെത്തി മുഖ്യധാരയിലേക്ക്‌ കൊണ്ട് വരാന്‍ നമ്മുക്ക് ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കാം...... അവര്‍ക്ക്‌ നമ്മുക്ക് പരിഗണന കൊടുക്കാം..... അതിനാവട്ടെ ഇനിമുതല്‍ നമ്മുടെ പ്രവര്‍ത്തനങ്ങള്‍.....