. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .

Wednesday, March 3, 2010

സദാചാരക്കാരുടെ ചില കവല പ്രസംഗങ്ങള്‍

കേരളത്തിലെ ഒരു നാല്‍ക്കവലയില്‍ ഒത്തുകൂടിയ ഒരുകൂട്ടം സദാചാരക്കാരുടെ കവല ചര്‍ച്ചയിലേക്ക് നിങ്ങളുടെ ശ്രദ്ധയെ ക്ഷണിക്കുന്നു. ഇതില്‍ വിവിധ മതക്കാരുണ്ട്, രാഷ്ട്രീയക്കാരുണ്ട്. പ്രസംഗം പ്രവര്‍ത്തിയെ സാധൂകരിക്കുന്നുണ്ടോ?. വായനക്കാര്‍ വിലയിരുത്തുക.

ചര്‍ച്ചക്ക് തുടക്കമിട്ടുകൊണ്ട് ...........

സദാചാരന്‍ 1:-
എം.എഫ്.ഹുസൈന്‍ ഇനി ഖത്തറുക്കാരന്‍ ഖത്തര്‍ പാസ്പോര്‍ട്ട് ലഭിച്ച ഹുസൈന്‍ ഇന്ത്യന്‍ പാസ്പോര്‍ട്ട് ഇന്ന് ഖത്തറിലെ ഇന്ത്യന്‍ എംബസിയെ തിരിച്ചേല്‍പിച്ചേക്കും.ഖത്തര്‍ പൌരത്വം കിട്ടിയ താന്‍ ഇന്ത്യന്‍ പൌരത്വം ഉപേക്ഷിക്കുന്നുവെന്ന് അദ്ദേഹം.

സദാചാരന്‍ 2:- ഉവ്വ ഉവ്വ ...ഖത്തറില്‍ ചെന്ന് ഇന്ത്യയിലെ ആത്മാവിഷ്ക്കാരം പുറത്തെടുട്ടെടുത്തു നോക്കാണം. അപ്പോള്‍ അറിയാം വിവരം .

സദാചാരന്‍ 3 :- ഭൂരിപക്ഷ വര്‍ഗീയതയെ നിയന്ത്രിക്കാനോ, ഒരു പൌരന്റെ ജീവനു സുരക്ഷ കൊടുക്കാനോ ഞങ്ങള്‍ക്ക് താല്പര്യമില്ലെന്നു കോണ്‍ഗ്രസ് സര്‍ക്കാര്‍ ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുന്നു. ഖത്തര്‍ ഭരണാധികാരികള്‍ക്ക് വിപ്ളവാഭിവാദ്യങ്ങള്‍.

സദാചാരന്‍ 2:- തസ്ലീമയെകൂടി ഖത്തര്‍ ഏറ്റെടുക്കുമോ ആവോ ?

സദാചാരന്‍ 3 :- ആവിഷ്ക്കാര സ്വാതന്ത്രത്തില്‍ ഇടപെടുന്നത് ഹിന്ദു തീവ്രവാദികളായാലും മുസ്ലിം തീവ്രവാദികളായാലും എതിര്‍ക്കപ്പെടേണ്ടതു തന്നെ. തസ്ലീമ എഴുതിയത് കൊണ്ട് പ്രവാചകന്‍ടെയോ, ഹുസൈന്‍ വരച്ചതു കൊണ്ട് ദൈവങ്ങളുടെയോ മാന്യത തകര്‍ന്നു പോവുന്നെങ്കില്‍ അവരെങ്ങനെ അതിജീവനം നേടും?

സദാചാരന്‍ 4 :- ദൈവങ്ങള്‍ക്ക് ഒരു കുഴപ്പവും വരാനില്ല ദൈവങ്ങളെ സൃഷ്ട്ടിച്ചവര്‍ക്കും ആ പേരില്‍ ജീവിതം നയിക്കുന്നവര്‍ക്കും ആണ് കുഴപ്പം.

സദാചാരന്‍ 3 :- യോജിക്കുന്നു.

സദാചാരന്‍ 5 :- ആവിഷ്കാര സ്വാതന്ത്ര്യം ഉള്ള എം എഫ് ഹുസൈന്‍ ഖത്തര്‍ സുല്‍ത്താന്റെ തുണിയില്ലാത്ത ചിത്രം ഒന്നു വരക്കട്ടെ!!! എങ്കില്‍ അത് ആവിഷാകര സ്വാതന്ത്ര്യമാണെന്നും, ധൈര്യമാണെന്നും നമ്മുക്ക് ഉറക്കെ വിളിച്ചു പറയാം!!!! ദൈവങ്ങള്‍ക്ക് ഒരു കുഴപ്പവും ഒരിക്കലും ഉണ്ടാവില്ല. പക്ഷെ മനുഷ്യര്‍ ദൈവങ്ങളല്ലല്ലോ. പലതരം ചിന്തകള്‍, താല്‍പ്പര്യങ്ങള്‍, ആചാരങ്ങള്‍ വച്ചു പുലര്‍ത്തുന്ന സാധാരണക്കാരന് ഇത്രയും കടുത്ത രീതിയില്‍ ചിന്തിക്കാനുള്ള കഴിവൊന്നും ഇല്ല. അതാണ് ആവിഷ്കാര സ്വാതന്ത്ര്യക്കാര്‍ ആദ്യം മനസ്സിലാക്കേണ്ടത്.

സദാചാരന്‍ 3 :- ഇന്ത്യയില്‍ ഏതൊക്കെ ദൈവങ്ങള്‍ക്ക് തുണിയുണ്ട്? എത്ര ക്ഷേത്രങ്ങളില്‍ ദേവിമാരോടൊത്തുള്ള ദൈവങ്ങളുടെ ഉടുതുണിയില്ലാത്ത ശില്‍പങ്ങളുണ്ട്? അതിനെ ചിത്രകാരന്‍ കാന്‍വാസില്‍ പകര്‍ത്തുന്നത് എങ്ങനെ ധിക്കാരമാകും?

സദാചാരന്‍ 1 :- അന്യ മതക്കാര്‍ ആരാധിക്കുന്ന ദൈവങ്ങളെ നിങ്ങള്‍ ആക്ഷേപിക്കരുത്.' (ഖുര്‍ആന്‍ ) ഈ വചനം മുന്‍നിര്‍ത്തി ഒരു മുസ്ലിമിനും ഹുസൈന്റെ രചനകളെ അംഗീകരിക്കാന്‍ കഴിയില്ല. തസ്ലീമ ചെയ്തതും ഹുസൈന്‍ ചെയ്തതും ഒന്നാവുന്നതും, തസ്ലീമയ്ക്ക് അഭയം കൊടുത്ത ഇന്ത്യന്‍ നടപടിയും ഹുസൈന് പൗരത്വം കൊടുത്ത ഖത്തര്‍ തീരുമാനവും ചോദ്യം ചെയ്യപ്പെടുന്നതും ഇതേ കാരണം കൊണ്ട് തന്നെയാണ്.

സദാചാരന്‍ 3 :- ആദ്യം നമ്മള്‍ മനസ്സിലാക്കേണ്ടത് ഹുസ്സൈന്‍ ഒരു മതക്കാരനുമല്ല എന്നതാണ്. അതുകൊണ്ട് അദ്ദേഹത്തെ സംബന്ധിച്ച് 'അന്യ മതക്കാര്‍' എന്നൊന്നില്ല. ഹുസൈന്‍ടെ രചനകള്‍ മുസ്ലിങ്ങള്‍ അംഗീകരിക്കുന്നു എന്നു കേട്ടിട്ടില്ല. RSS നു ദൈവങ്ങളോടുള്ള പ്രീതികൊണ്ടല്ല, മുസ്ലിം നാമധാരിയോടുള്ള ചരിത്ര പരമായ വിദ്വേഷമാണു അദ്ദേഹത്തിനു നേരെയുള്ള ഭീഷണി. ഒരേ ആയുധം കൊണ്ടാണു തസ്ലീമയും ഹുസൈനും ആക്രമിക്കപ്പെടുന്നത്. വിചാരണ ചെയ്യപ്പെടേണ്ടത് ആക്രമികളാണ്. അവരുടെ ജീവനു സംരക്ഷണം കൊടുത്തവരല്ല.

സദാചാരന്‍ 1 :- ഹുസൈന്റെയോ തസ്ലീമയുടെയോ റുഷ്ദിയുടെയോ മതം ചികയുകയല്ല എന്റെ ഉദ്ദേശം. ഞാനടക്കമുള്ള മുസ്ലിം സമൂഹത്തിന്റെ നിലപാട് വ്യക്തമാക്കുകയായിരുന്നു. ഒരു മുസ്ലിം ഇവരില്‍ ആരുടെ നിലപാടിനെ പിന്തുണച്ചാലും ഫലത്തില്‍ അത് ഖുര്‍ആന്റെ നിര്‍ദ്ദേശത്തെ അവമതിക്കലാവും. പിന്നെ വിചാരണ: ഇന്ത്യന്‍ ഭരണഘടന അനുസരിച്ച് മതവിശ്വാസങ്ങളെ വ്രണപ്പെടുത്തല്‍ ശിക്ഷാര്‍ഹം തന്നെയാണ്.

സദാചാരന്‍ 3 :- ഏതു മതത്തെയാണു ഹുസൈന്‍ വ്രണപ്പെടുത്തിയത് എന്ന് ഇനിയും മനസ്സിലായിട്ടില്ല. നഗ്നരായ ദൈവങ്ങള്‍ മുക്കിലും മൂലകളിലുമുള്ള ഇന്ത്യയില്‍, അതിനെ നോക്കി വരക്കുന്നത് എങ്ങനെ വ്രണപ്പെടുത്തലാകും? പിന്നെ, താങ്കള്‍ മുസ്ലിമാണെന്നതിനാല്‍ താങ്കളുടെ നിലപാടാണു 'മുസ്ലിം സമൂഹത്തിന്ടെ നിലപാട്' എന്ന ചിന്ത അപകടകരമാണ്.

സദാചാരന്‍ 1 :- മറ്റു മുസ്ലിംകള്‍ക്ക് വിരുദ്ധാഭിപ്രായം ഉണ്ടെങ്കില്‍ ചൂണ്ടിക്കാണിക്കുമല്ലോ.

സദാചാരന്‍ 4 :- ഒരു കാര്യത്തില്‍ വിയോജിപ്പുണ്ട് ചേട്ടാ, ഇതു ഏതെങ്കിലും ഒരു മതത്തിന്റെ പ്രശ്നമല്ല. ആവിഷ്ക്കാര സ്വാതന്ത്ര്യത്തില്‍, കലയില്‍, ജനാധിപത്തില്‍ വിശ്വസിക്കുന്ന ഓരോ ഭാരതീയന്റെയും പ്രശ്നമാണ്, ദുഖമാണ്. ചേട്ടന്‍ പ്രകടിപ്പിക്കുന്ന വികാരം പൂര്‍ണ്ണമായി ശരിയെന്നു ഞാന്‍ വിശ്വസിക്കുന്നു. അതു ഒരു മതത്തിന്റെ അല്ല എല്ലാ നല്ല ഭാരതീയന്റെയും വികാരവുമാണ്.

സദാചാരന്‍ 3 :- ചൂണ്ടി കാണിച്ചല്ലോ.....തീര്‍ച്ചയായും ഇത് മതത്തിന്റെ പ്രശ്നമേയല്ല.
അങ്ങനെയാക്കി മാറ്റുകയാണു മതമെന്തെന്നും ദൈവമേതെന്നും അറിഞ്ഞു കൂടാത്തവര്‍..

സദാചാരന്‍ 1 :- മൂന്നാമന്‍ സദാചാരാ.... സ്വയമാണ് ഉദാഹരിച്ചതെങ്കില്‍, ഹുസൈന്റെ ചിത്രങ്ങള്‍ വേദനിപ്പിച്ചു എന്നഭിപ്രായമുള്ള സംഘവുമായി പുലബന്ധമില്ലാത്ത അനേകം പേരെ ഞാന്‍ കാണിച്ചു തരാം. ഇവരുടെ വികാരവും ഖുര്‍ആന്റെ നിലപാടും എങ്ങനെ പൊരുത്തപ്പെടും എന്നൊന്ന് പറയാമോ?


സദാചാരന്‍ 5 :- മൂന്നാമന്‍ സദാചാരാ ദാരു ശില്‍പ്പങ്ങളെ ചൂണ്ടി ദൈവങ്ങള്‍ എന്നു പറയുന്നത് മഹാപരാധമാണ്. ക്ഷേത്രങ്ങളിലെ ദാരു ശില്‍പ്പങ്ങളില്‍ തുണിയില്ല എന്ന താങ്കളുടെ അഭിപ്രായം തികച്ചും നിരുത്തരവാദപരവും!!! ചില രതി ശില്‍പ്പങ്ങള്‍ അപൂര്‍വ്വം ചില ക്ഷേത്രങ്ങളില്‍ ഉണ്ട്. അവിടുത്തെ ആചാരവും അതുമായി ബന്ധപ്പെട്ടവയാണ്. കേരളത്തിലെ ക്ഷേത്രങ്ങളില്‍ ദാരുശില്‍പ്പങ്ങള്‍ ധാരാളമുണ്ട്. പക്ഷെ എല്ലാം സമ്പൂര്‍ണ വസ്ത്രത്തോടു കൂടിയുള്ളതാണ്. ഹുസൈന്‍ മുസ്ലീം നാമധാരി ആയതുകൊണ്ടാണ് ഞാന്‍ പ്രസ്തുത വ്യക്തിയെ എതിര്‍ക്കുന്നു എന്നു താങ്കള്‍ പറയുന്നു എങ്കില്‍ അതെ കാരണം കൊണ്ടാണ് താങ്കള്‍ അദ്ധേഹത്തെ അനുകൂലിക്കുന്നത് എന്ന് ആരോപിച്ചാല്‍!!!!!. ഞാന്‍ ഒരു രാഷ്ട്രീയക്കാരനും കുടപിടിക്കുന്നവനല്ല. പക്ഷെ ഞാനൊരു ദൈവവിശ്വാസിയാണ്. ഹുസൈന്‍ അദ്ധേഹത്തിന്റെ ആവിഷ്കാര സ്വാതന്ത്ര്യത്തിലൂടെ എന്റെ മനസ്സിലും ഒരു കനലു കോരിയിട്ടു. കാരണം ഞാന്‍ ആരാധിക്കുന്ന മൂര്‍ത്തികളെ ഞാന്‍ സങ്കല്‍പ്പിക്കുന്ന രീതിയില്‍ നിന്ന് വ്യത്യസ്തമായി അദ്ധേഹം ചിത്രീകരിച്ചു. എന്നെ പോലെ ഒരു രാഷ്ട്രീയത്തിലും വിശ്വസിക്കാത്ത് കോടിക്കണക്കിന് ഇന്‍ഡ്യക്കാര്‍ക്കും ഇതേ അഭിപ്രായം ആയിരിക്കും. അത് അപലപനീയമാണ്. അതുകൊണ്ടാണ് ഞാന്‍ വീണ്ടും ചോദിക്കുന്നത്. ഖത്തര്‍ പൌരത്വം സ്വീകരിച്ച ഹുസൈന്‍ ആവിഷ്കാര സ്വാതന്ത്ര്യം ഉപയോഗിച്ച് അവിടുത്തെ സുല്‍ത്താനെ നഗ്നനായി ഒന്നു ചിത്രീകരിക്കട്ടെ!!! ആദ്ധേഹത്തിന്റെ ആവിഷ്കാര സ്വാതന്ത്ര്യത്തെ ഇന്‍ഡ്യന്‍ ജനത അന്നു വാനോളം പുകഴ്ത്തും. ഇനി ഒരു ചെറിയ മറു ചോദ്യം കൂടി. മഹാനായ പ്രവാചകന്റെ ചിത്രം ഒരിടത്തും ഇല്ല. അത് പ്രദര്‍ശിപ്പിക്കരുത് എന്ന് മതം അനുശാസിക്കുന്നു. കഴിഞ്ഞ ഒരു വര്‍ഷം മുന്‍പ് ഗൂഗിള്‍ അത് പ്രദര്‍ശിപ്പിച്ചപ്പോള്‍ ഉണ്ടായ പുകില്‍ ഓര്‍ക്കുമല്ലോ അല്ലെ? 24 മണിക്കൂറിനൂള്ളില്‍ ഗൂഗിളിന് അതു പിന്‍‌വലിക്കേണ്ടിവന്നു. ഒരു കാര്‍ട്ടൂണിസ്റ്റ് പ്രവാചകനെ മോശമായി ചിത്രീകരിച്ചതിന് കഴിഞ്ഞ 2 മാസം മുന്‍പും അദ്ധേഹം വധശ്രമത്തില്‍ നിന്ന് കഷ്ടിച്ചു രക്ഷപെട്ടു. തസ്ലിമക്ക് സ്വന്തം നാട് കിട്ടക്കനിയായി. സല്‍മാന്‍ റുഷ്ദി ഇന്നും സ്വന്തം വീട്ടില്‍ മുട്ടു വിറച്ചിരിക്കുന്നു. ഇതെല്ലാം ആവിഷ്കാര സ്വാതന്ത്രയ്ത്തിന്റെ തിക്ത ഫലങ്ങളാ‍ണ്. അപ്പോള്‍ ഈ ആവിസ്ഷ്കാര സ്വാതന്ത്ര്യക്കാര്‍ മനസ്സിലാക്കേണ്ട ഒന്നുണ്ട്, ഒരു വലിയ സമൂഹം സാധാരണക്കാരുടെ മുന്നിലേക്കാണ് തങ്ങള്‍ കടന്നു ചെല്ലേണ്ടത്. അവരുടെ മനസ്സിനെ മുറിവേല്‍പ്പിക്കുന്ന ഇത്തരം സ്വാതന്ത്ര്യങ്ങള്‍ നിര്‍ത്തുകയല്ലെ ഇവര്‍ ചെയ്യേണ്ടത്?!!

സദാചാരന്‍ 3 :- ''തസ്ലീമയുടെ എഴുത്ത് വേദനിപ്പിക്കുന്നില്ല'' എന്നഭിപ്രായമുള്ള ആളുകളെ ഞാനും കാണിച്ചു തന്നാല്‍?

സദാചാരന്‍ 5 :- അത് ഭൂരിപക്ഷ അഭിപ്രായമല്ല സുഹൃത്തെ..... എങ്കില്‍ ഇന്നലെ കര്‍ണാടകയില്‍ നടന്നത് എന്തിന്റെ പേരിലാണ്. മുസ്ലീം സ്ത്രീകല്‍ ബുര്‍ഖ ധരിക്കരുതെന്ന് ഒരു പത്രത്തില്‍ തസ്ലീമ എഴുതി. താങ്കള്‍ അതിനോട് യോജിക്കുന്നുവോ?

സദാചാരന്‍ 1 :- അഞ്ചാം സദാചാരന്റെ വാക്കുകള്‍ക്ക് എന്റെ ഒരു അടിവര.

സദാചാരന്‍ 5 :- ഹിന്ദുവായ ഞാന്‍ താമസിക്കുന്നത് കര്‍ക്കശ നിയമങ്ങള്‍ ഉള്ള ഒരു മുസ്ലീം രാജ്യത്താണ്. എന്റെ ഭാര്യ ബുര്‍ഖ ധരിക്കുന്നു. ഞാന്‍ നാളെ മുതല്‍ സ്വാതന്ത്ര്യം കാണിച്ച് എന്റെ ഭാര്യയോട് ബുര്‍ഖ ധരിക്കേണ്ട എന്നു പറഞ്ഞാല്‍? എന്തായിരിക്കും എന്റെ സ്ഥിതി?

സദാചാരന്‍ 1 :- പ്രാസംഗികര്‍ക്ക് / സാഹിത്യകാരന്മാര്‍ക്ക് ആവിഷ്കാര സ്വാതന്ത്ര്യം ഇല്ലേ? അല്ലാ.. നമ്മുടെ സക്കറിയയുടെ ഡിഫി അനുഭവം ഓര്‍ത്തപ്പോള്‍ ചോദിച്ചതാ...

സദാചാരന്‍ 5 :-‍ മതേതരത്വം പ്രസംഗിക്കാന്‍ വളരെ എളുപ്പമാണ്. പക്ഷെ അതു നടപ്പാക്കുക കുറച്ചേറെ ബുദ്ധിമുട്ടും. ഒരു മതത്തേയും ഇകഴ്ത്താന്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍ മതങ്ങളില്‍ ഒരു വിശ്വാസവും ഇല്ല. പക്ഷെ ദൈവ വിശ്വാസിയായ ഞാന്‍ എന്റെ വിശ്വാസങ്ങളെ ചോദ്യം ചെയ്യപ്പെടുന്ന ഒന്നിനേയും വിശ്വസിക്കുന്നില്ല. അത് ആവിഷ്കാര സ്വാതന്ത്ര്യമായാലും, എന്തു പിണ്ണാക്കായാലും!!! അതിന് ഹുസൈനും, തസ്ലിമയും, സല്‍മാന്‍ റുഷ്ദിയും എല്ലാം ഞാന്‍
വെറുക്കപ്പെടുന്നവര്‍ തന്നെ.

സദാചാരന്‍ 5 :- അതിന്റെ അല്ലെ...സക്കറിയയും, ഇപ്പോഴത്തെ എല്ലാ ആവിഷ്കാരന്മാരും അനുഭവിക്കുന്നത്!

സദാചാരന്‍ 3 :-മുസ്ലിം സ്ത്രീകള്‍ ബുര്‍ഖ ധരിക്കരുതെന്ന തസ്ലീമയുടെ അഭിപ്രായത്തോട് യോജിക്കുന്നില്ല.കാരണം ഒരു സ്ത്രീ എന്തു ധരിക്കണമെന്നും, എന്തു ധരിക്കരുതെന്നും കല്പിക്കാന്‍ തസ്ലീമ ആര്??എതു വസ്ത്രം ധരിക്കണമെന്ന് അവരവര്‍ തീരുമാനിക്കട്ടെ.

സദാചാരന്‍ 5 :- അതാണ് ഇരട്ടത്താപ്പ്. തസ്ലീമ അവരുടെ ആവിഷ്കാര സ്വാതന്ത്ര്യമാണ് ആ ലേഖനത്തിലൂടെ പ്രകടിപ്പിച്ചത്. പക്ഷെ ഭൂരിപക്ഷ ജനതക്ക് ആ അഭിപ്രായം സ്വീകാര്യമല്ല. അവര്‍ തസ്ലീമയെ എതിര്‍ക്കുന്നു. അത് അവര്‍ക്കും അറിയാം. എതിര്‍ക്കപ്പെടും എന്ന് അറിഞ്ഞുകൊണ്ട് ഒരു സമൂഹത്തിനു നേരെ വാളോങ്ങുന്നു. അത് ആവിഷ്കാര സ്വാതന്ത്ര്യമോ അതോ ആനാവിശ്യമോ? അതാണെന്റെ ചോദ്യം?

സദാചാരന്‍ 1 :- അതെ, അതാണ്‌ ചോദ്യം.

സദാചാരന്‍ 5 :- വെള്ളമടിച്ചിട്ട് ഒരുത്തന്‍ എന്റെ വീട്ടില്‍ കേറിവന്ന് മുണ്ടു പൊക്കി കാണിച്ചാല്‍ അവന്റെ സാധനം വെട്ടുക എന്നതാണ് എന്റെ കാഴ്ച്ചപ്പാട്...... ഹോ... അവന്‍ ഒരു പൌരനല്ലെ..... അവന്റെ സ്വാതന്ത്ര്യം അല്ലെ കാണിച്ചത്..... മോനെ പൊക്കോടാ എന്നു പറഞ്ഞ് ഞാന്‍ പറഞ്ഞയക്കില്ല..... അത്തരം സ്വാതന്ത്ര്യങ്ങള്‍ കാണിക്കുന്നവന് ചുട്ട പെട അതാണ് വേണ്ടത്..

സദാചാരന്‍ 3 :- ഒരു സംശയം: ഒരു വ്യക്തി/വസ്തു ആരാധിക്കപ്പെടുമ്പോഴാണു അയാള്‍/അത് ദൈവമാകുന്നത്. ശിവന്‍ ആരാധിക്കപ്പെടുന്നു. അതിനാല്‍ ശിവന്‍ ദൈവമാണ്. ശിവലിംഗം പാര്‍വതിയുടെ യോനിയില്‍ സ്തിഥിചെയ്യുന്ന ശില്പം കാണുന്ന ഒരാള്‍ അതിനെ കാന്‍വാസില്‍ പകര്‍ത്തുന്നതിനെ കുറ്റമെന്നു പറയാനാകുമോ?

സദാചാരന്‍ 5 :- ഇതു അനാവശ്യചോദ്യമാണ്..... മറ്റു വിഭാഗങ്ങളെ മുറിവേല്‍പ്പിക്കുന്ന ഒന്ന് താങ്കളുടെ ആവിഷ്കാര സ്വാതന്ത്യത്തിന്റെ പരിധിയില്‍ വരുന്നു എങ്കില്‍ അത് ഒഴിവാക്കുക. അതിനു ഞാന്‍ ചോദിച്ചവക്കൊന്നും ഉത്തരം തരാതെ അനാവിശ്യ ചോദ്യങ്ങളാണ് താങ്കള്‍ ചോദിക്കുന്നത്! ഒരു ഇംഗ്ലീഷ് ലേഖനത്തില്‍ പൌരസ്വാതന്ത്ര്യത്തെ കുറിച്ച് ലേഖകന്‍ എഴുതിയിരിക്കുന്നത് ഓര്‍ത്തു പോകുന്നു...... ഒരു തടിച്ച സ്ത്രീ റോഡിന്റെ ഒത്ത നടുവിലൂടെ നടന്നു പോകുന്നു. അവര്‍ കാരണം റോഡ് ബ്ലോക്കാണ്... ചോദിക്കുന്നവരോട് അവര്‍ പറയുന്നത് എനിക്കു പോകേണ്ടടത്ത് പോകുക എന്നുള്ളത് എന്റെ സ്വാതന്ത്ര്യമാണെന്നാണ്...... പക്ഷെ അത് ശരിയാണോ? ഇതാണോ യദാര്‍ത്ഥ
സ്വാതന്ത്യം?

സദാചാരന്‍ 4 :- ഇവിടെ ഒരു 'A' ചിഹ്നം ഒട്ടിക്കെണ്ടാതാണ്....അല്ലേല്‍ അനാശാസ്യത്തിന് കേസെടുക്കും..

സദാചാരന്‍ 1 :- താങ്കളുടെ ആചാര്യന്മാരുടെ സ്വകാര്യങ്ങള്‍ പ്രസംഗിച്ചതിന് താങ്കളുടെ പ്രസ്ഥാനം സക്കറിയയെ സല്‍ക്കരിച്ചത് മറക്കരുത്. താങ്കളുടെ കമന്റുകളില്‍ ഇപ്പോള്‍ സംഭവിച്ചതും മറ്റൊന്നല്ല.

സദാചാരന്‍ 3 :- ഒരു കാര്യം കൂടെ... തസ്ലീമയെയും ഹുസൈനെയും താരതമ്യപ്പെടുത്തുന്നതിനോട് യോജിപ്പില്ല. കാരണം ഹുസൈന്‍ തന്ടെ ചിത്രം വേദനിപ്പിച്ചവരോട് പരസ്യമായിക്ഷമ ചോദിച്ചു.
തസ്ലീമ അങ്ങനെയായിരുന്നില്ല.പിന്‍കുറിപ്പ്: തസ്ലീമ/റുഷ്ദിമാരുടെ അക്ഷരങ്ങള്‍ കൊണ്ട് പ്രവാചകന്‍ കത്തിച്ചു വെച്ച വിളക്ക് അണഞ്ഞുപോകുമെന്നോ ഹുസൈന്‍മാര്‍ വരച്ചതു കൊണ്ട് ദൈവങ്ങളെല്ലാം ഉടഞ്ഞു പോകുമെന്നോ ഞാന്‍ വിശ്വസിക്കുന്നില്ല.

സദാചാരന്‍ 5 :- ഹ...ഹ... വ്യക്തമാണ് ..... താങ്കളുടെ ഇരട്ടത്താപ്പില്‍ നിന്ന് താങ്കള്‍ ആരാണെന്ന് വ്യക്തമാണ്...... അരിയെത്ര...പയറഞ്ഞാഴി...... നല്ലത്!!യല്‍‌വക്കത്തെ പെണ്ണിനെ ബലാത്സംഗം ചെയ്തിട്ട് മാപ്പ് പറഞ്ഞാല്‍ എല്ലാം അവസാനിക്കുമെങ്കില്‍ ഇന്നു ലോകത്ത് നടക്കുന്ന കൊലപാതകങ്ങള്‍ക്ക് എന്തു ന്യായമാണ് നല്‍കാനുള്ളത്.....?

സദാചാരന്‍ 3 :- സ്വാതന്ത്ര്യം എന്നത് എന്തും വിളിച്ചു പറയാനുള്ള ഒന്നല്ല. മറ്റുള്ളവരുടെ സ്വാതന്ത്ര്യം നിഷേധിച്ചു കൊണ്ടാകരുത് വ്യക്തി സ്വാതന്ത്ര്യം എന്നു ഇന്ത്യന്‍ ഭരണഘടയും അടിവരയിടുന്നു.

സദാചാരന്‍ 5 :- ഇത് തസ്ലീ‍മയുടെ സ്വാതന്ത്യത്തെക്കൂറിച്ചോ, അതോ ഹുസൈന്റെ സ്വാതന്ത്യത്തെ കുറിച്ചോ ‍?

സദാചാരന്‍ 5 :- ആരുടേതായാലും!!!

സദാചാരന്‍ 5 :- ഞാന്‍ ജീവിക്കുന്ന ചുറ്റുപാടുകള്‍.... അത് എന്നെ പോലെ വികാരവും, വിചാരവും ഉള്ള ഒരു ജനത വസിക്കുന്ന ചുറ്റുപാടാണെന്ന് ബോദ്ധ്യമുള്ള ഒരുവനു ആവിഷ്കാരസ്വാതന്ത്യം ഇപ്രകാരം പുറത്തെടുക്കാന്‍ സാധിക്കില്ല....

സദാചാരന്‍ 1 :- ചര്‍ച്ചയില്‍ അവസാനം ഒരു തീരുമാനമുണ്ടായിരിക്കുകയാണ്. "ആവിഷ്കാര സ്വാതന്ത്ര്യം എന്നാല്‍ പരമമായ സ്വാതന്ത്ര്യമല്ല. അതിനും അതിരും വരമ്പുമുണ്ട്. ഹുസൈനും, തസ്ലീമയും, റുഷ്ദിയും, സക്കറിയയും.... എല്ലാം അത് പാലിച്ചേ മതിയാവൂ..


സദാചാരന്‍ 5 :- അതെ..... അന്യരെ മുറിവേല്‍പ്പിക്കുന്ന സ്വാതന്ത്ര്യം ഒരിക്കലും സ്വാതന്ത്ര്യമല്ല..... അതു അധിനിവേശമാണ്....

സദാചാരന്‍ 3:- ഇവിടെ മുറിവേല്‍പ്പിച്ചതിനു ഹുസൈന്‍ മാപ്പ് ചോദിച്ചിട്ടുണ്ട്. എന്നിട്ടും നിങ്ങളുടെ മുറിവുകളില്‍ നിന്ന് രക്തം വാര്‍ന്നൊഴുകുന്നു.


സദാചാരന്‍ 5 :- ഇവിടെ ആര്‍ക്കും വാര്‍ന്നൊഴുകുന്നില്ല സുഹൃത്തെ...... ഹുസൈന്‍ ഖത്തര്‍ പൌരനായതുകൊണ്ട് വിലപിക്കുന്നു.....അതുകൊണ്ട് മാത്രം പറഞ്ഞതാണ്... അദ്ധേഹം സ്വന്തം പ്രവര്‍ത്തികൊണ്ട് നേടിയ നല്ലതോ ചീത്തായ്യോ ആയ ഒന്ന്..... അതിനപ്പുറം ഞാന്‍ അതിന്‍ ഒരു വിലയും കല്‍പ്പിക്കുന്നില്ല.

സദാചാരന്‍ 4 :- മാന്യ സുഹൃത്തുക്കളെ, ലോകത്ത് മതം കൊണ്ട് ഗുണമുണ്ടായത് ചില താല്‍പ്പര കക്ഷികള്‍ക്ക് മാത്രമാണ്....അവരാണ് എല്ലാ മതത്തിന്റെയും, ജാതിയുടെയും ഉപഞ്ജാതാക്കളും...... ലോകത്തിലെ എല്ലാ കലഹങ്ങളുടെയും, അരക്ഷിതാവസ്ഥയുടെയും കാരണം അന്വേഷിച്ചു ചെന്നാല്‍ അവസാനം നാം എത്തി ചേരുന്നത് ഏതെങ്കിലും മതത്തിലായിരിക്കും...... മതം മനുഷ്യനെ മയക്കുന്ന കറുപ്പല്ല, അതു വിഷം തന്നെയാണ്.... പതിയെ പതിയെ കൊല്ലുന്ന വിഷം......അതു വിറ്റു കാശാക്കുന്നവര്‍ ഉണ്ടാക്കുന്ന പ്രശ്നങ്ങളാണ് ഇതെല്ലാം...... നമ്മുക്ക്
മനുഷ്യരായി ജീവിക്കാം.....അയല്‍ക്കാരന്റെ വിശപ്പ്‌ കാണാത്തവന്‍ അമ്പലത്തിലോ, പള്ളിയിലോ പോയിട്ട് എന്തു കാര്യം ???? ഒന്നു ശ്രദ്ധിക്കു നമ്മുടെ ആരാധനാലയങ്ങളുടെ മുതല്‍ മുടക്കുകാര്‍ (sponsors) മിക്കവരും നല്ല ഒന്നാന്തരം കള്ളന്മാരാണ്....

സദാചാരന്‍ 5 :- അതെ... മതം.... അതു മനുഷ്യനെ കൊല്ലുന്ന കാളകൂട വിഷം തന്നെയാണ്..... പക്ഷെ ദൈവം അത് മനുഷ്യനെ നന്മകളിലേക്ക് നയിക്കുന്ന ഒന്നും..... ഒരു മത വിശ്വാസി ആകാതിരിക്കാന്‍ ശ്രമിക്കുമ്പോള്‍ തന്നെ ഒരു സമ്പൂര്‍ണ ദൈവ വിശ്വാസി ആകാന്‍ ശ്രമിക്കുക...ദൈവങ്ങളെ പരിപാലിക്കാന്‍ അമ്പലവും, പള്ളിയും, മസ്ജിത്തും ഒന്നും ആവിശ്യമില്ല..... അത് മനുഷ്യന്റെ മനസ്സില്‍ ഉണ്ടാവേണ്ട ഒരു വികാരമാണ്..... ഭക്തി..... ആ വികാരം സൂക്ഷിക്കുന്നവന് ഒരാളെയും വേദനിപ്പിക്കാന്‍ കഴിയില്ല.... അതിന് വലിയവനെന്നോ, ചെറിയവനെന്നോ ഇല്ല... ഹുസൈനോ, തസ്ലീമയ്യോ എന്നില്ല...

സദാചാരന്‍ 1 :- മതമായാലും രാഷ്ട്രീയമായാലും വിശ്വാസം കുടുസ്സും തീവ്രവും ആകുമ്പോള്‍ മാറാടും ഗുജറാത്തും കണ്ണൂരും നാദാപുരവും ഉണ്ടാവുന്നു. എലിയെ പേടിച് ഇല്ലം ചുടുകയല്ല വേണ്ടത്; നല്ല എലിക്കെണികള്‍ സ്ഥാപിക്കുകയാണ്.

സദാചാരന്‍ 3 :-യോജിക്കുന്നു.മതത്തെയല്ല, അതിന്റെ ഉടമകളെയല്ല, അതിലെ പുരോഹിതന്‍മാരെയല്ല വിശ്വസിക്കേണ്ടതും അനുസരിക്കേണ്ടതും.അങ്ങനെ അനുസരിക്കാതിരിക്കുമ്പോള്‍ അവന്റെ കൈകളില്‍ നിന്നു ത്രിശൂലവും ഉറുമികളും താനെ മണ്ണിലേക്കു വീണു തുരുമ്പിച്ചു കൊള്ളും.ആദ്യമവന്‍ ദൈവത്തെ അറിയട്ടെ!!


സദാചാരന്‍ 5 :- ഹ...ഹ.... താങ്കള്‍ പറയാതെ എല്ലാം പറയുന്നു...... ഈ കവലയില്‍ താങ്കളുടെ ചിന്തകള്‍ എത്ര പിന്നോട്ടാണെന്നും മനസ്സിലാക്കുന്നു.... താങ്കള്‍ ഒറ്റക്കണ്ണിലൂടെ മാത്രം കാര്യങ്ങളെ കാണുന്നവനാണെന്നും മനസ്സിലാക്കുന്നു......ത്രിശൂലവും ഉറുമിക്കും ഒപ്പം താങ്കള്‍ മറന്നു പോകുന്ന ഒരായിരം ആയുധങ്ങള്‍ വേറെയുമുണ്ട്.... മനപ്പൂര്‍വ്വം അവയെ ഒന്നും വിട്ടുകളയല്ലെ!!

സദാചാരന്‍ 1 :-ഞാനറിയുന്ന ഒന്നാം സദാചാരന്‍ നല്ല ഒന്നൊന്നര എസ് എഫ് ഐക്കാരനാണ്. അല്ലെ..?

സദാചാരന്‍ 5 :- ഹ..ഹ അതിലൊന്നും കാര്യമില്ല..... ഇന്നു തിരുവില്വാമലയില്‍ പൂമൂടല്‍ നടത്തുകയും, മക്കയില്‍ ഉമ്ര നടത്തുകയും ചെയ്യുന്നത് വെറും എസ് എഫ് ഐക്കാരല്ല..... ഒന്നാന്തരം കേന്ദകമ്മറ്റി അംഗങ്ങളാണ്...

സദാചാരന്‍ 5 :- മതവും, മത സ്ഥാ‍പനങ്ങളും, മതാചാര്യന്മാരും എല്ലാം തുലയട്ടെ..... ഒരു മതം അല്ല...എല്ലാ മതങ്ങളും..... ദൈവ സാന്നിദ്ധ്യാം നിലനില്‍ക്കട്ടെ....

സദാചാരന്‍ 1 :-പിന്നെ ഇവിടെ എന്ത് ബാക്കി കാണും ?
സദാചാരന്‍ 5 :- ബാക്കിയാവേണ്ടത്... പരസ്പര ബഹുമാനവും ഭക്തിയൂം സൂക്ഷിക്കുന്ന ഒരു ജനത..... സംഭവിക്കാത്ത ഒന്നാണ്... എന്നാലും ആഗ്രഹിക്കാം!

സദാചാരന്‍ 1 :-എങ്കില്‍ എനിക്ക് തോന്നുന്നു, അവിടെ ബാക്കിയുണ്ടാവുക യഥാര്‍ത്ഥ ഹിന്ദുവും, ഇസ്ലാമും, ക്രൈസ്തവനും ഒക്കെ ആയിരിക്കും. ഇടയില്‍ കുളം കലക്കി മീന്‍ പിടിക്കുന്ന രാഷ്ട്രീയക്കാരുടെ പൊടി പോലുമുണ്ടാവില്ല കണ്ടു പിടിക്കാന്‍! (പഴയ 'അനിക്സ്പ്രേ' പരസ്യത്തോട്‌ കടപ്പാട്)

സദാചാരന്‍ 3 :- പ്രിയ സുഹ്രുത്തെ, എസ്.എഫ്.ഐക്കാരോട് നിരീശ്വര വാദികളാകണമെന്നു ഒരു കോടതിയും പറഞ്ഞിട്ടില്ല. അതിനാല്‍ അവന്‍/അവള്‍ അമ്പലത്തില്‍ പോകുന്നോ, പള്ളിയില്‍ പോകുന്നൊ എന്നു നോക്കിയിരിക്കുന്നവര്‍ വിഡ്ഡികളാണ്. മതവും രാഷ്ട്രീയവും കൂട്ടി കലര്‍ത്തരുത്.

സദാചാരന്‍ 5 :-ഹ...ഹ... അതു രണ്ടും കൂടികലരൂ... മറ്റൊന്നും കൂടിക്കലരില്ല...... അല്ലെങ്കില്‍ കലര്‍ത്തി നോക്കൂ..... ഏറ്റവും കൂടുതല്‍ കൂടിക്കലരുന്നത് അതു രണ്ടും അല്ലെ മാഷെ...... അവസര വാദികളാണ് രണ്ടും.... അതു രണ്ടും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങള്‍!! കോടതി പറയില്ല.... പക്ഷെ താങ്കള്‍ എസ് എഫ് ഐ ആണെങ്കില്‍ ഈ അടുത്തിടെ സി പി എം ഇറക്കിയ തിരുത്തല്‍ രേഖ ഒന്നു അമര്‍ത്തി വായിച്ചു നോക്കുക..... അതില്‍ വെണ്ടക്ക വലുപ്പത്തില്‍ എഴുതി പിടിപ്പിച്ചിട്ടുണ്ട്.... മാര്‍ക്സിസ്റ്റ്കാര്‍ മത വിശ്വാസികളോ, ദൈവവിശ്വാസികളോ ആവരുത്!!!!!

സദാചാരന്‍ 5 :-വീട്ടില്‍ ഉച്ചയൂണ് തയ്യാറായി കാണും.... പണിയില്ലാതെ അന്യര്‍ക്കു പകരാന്‍ പറ്റുന്ന ഒരേ ഒരു സാധനം സദാചാര പ്രസംഗം മാത്രം... അപ്പോള്‍ ഇനി വൈകുന്നേരം പ്രസംഗം തുടരാം..... ദയവു ചെയ്ത് ആരും മനസ്സില്‍ അരുതത്തതൊന്നും സൂക്ഷിക്കരുതെ.... എന്നാല്‍ പിന്നെ കാണാം.....

സദാചാരന്‍ 1 :- അതു ശരിയല്ലോ.... മറുപടി കേട്ടിട്ടു പോകൂ....


സദാചാരന്‍ 5 :- ഹേയ് എനിക്കു കേട്ടു ശീലമില്ല...... പറഞ്ഞെ ശീലമുള്ളൂ.... എന്നാല്‍ പിന്നെ!!!

17 comments:

  1. ഇത്ര പ്രതീക്ഷിച്ചില്ല.
    ഹിഹിഹി

    ReplyDelete
  2. This comment has been removed by the author.

    ReplyDelete
  3. ഇതില്‍ ഞാനേതു സദാചാരിയാണെന്ന് പറയാനാകുന്നില്ല....
    സത്യത്തില്‍ ഞാനും (ഒരു സദാചാരിയാകുമെന്ന് ഭയന്ന് ) ഇവിടെ ഒന്നും പറയുന്നില്ല... പക്ഷെ ഒന്നുണ്ട്... ആ സിനിമാ നടിയാണഖിലമൂഴിയില്‍ എന്ന് വിശ്വസിച്ച് ( മ്മളെ മാധുരി ദീക്ഷിത്തേയ്!!) ഒരു 'സില്‍മ' നിര്‍മ്മിക്കുകയും കൊറേ ചിത്രം വരക്കുകയും ചെയ്ത ഈ മനുഷ്യന്‍ ഹിന്ദുക്കള്‍ ആരാധിക്കുന്ന ആളുകളുടെ നഗ്നചിത്രം എന്തിനിങ്ങനെ വരക്കുന്നതെന്ന് മനസ്സിലാവണില്ല....
    അങ്ങോര്‍ക്ക് വേണങ്കില്‍ സെക്സ് ചിത്രം വരക്കാം..അതിനെന്തിനീ രീതി?
    ഡെന്മാര്‍ക്കില്‍ നബിയെക്കുറിച്ചൊന്നുമറിയാത്ത ചിലര്‍ അദ്ദേഹത്തെ അപഹസിക്കാന്‍ മാത്രമായി കാര്‍ട്ടൂണ്‍ വരച്ചപ്പോള്‍ മുസ്ലിങ്ങള്‍ക്കുണ്ടായ വേദന, തങ്ങള്‍ ആരാധിക്കുന്നവരെ നഗ്നരായി ചിത്രീകരിക്കുന്നതു കാണുമ്പോള്‍ ഹൈന്ദവര്‍ക്കുമുണ്ടാകാമല്ലൊ. ക്ഷേത്രങ്ങളിലെ നഗ്നപ്രതിമകളും ചുവര്‍ചിത്രങ്ങളും അവര്‍ തന്നെ കൈകാര്യം ചെയ്യേണ്ട വിഷയമാണു.
    എന്തായാലും നീര്‍വിളാകന്‍ കസറി...
    അഭിനന്ദനങ്ങള്‍..
    പലവീക്ഷണകോണുകളും അവതരിപ്പിക്കാനുള്ള ഈ കഴിവ് ശ്ലാഘനീയമാണു...
    അഭിനന്ദിക്കുന്നു.

    ReplyDelete
  4. മലയാളിയെ പോലെ മലയാളി മാത്രം. ചുമതലയും കടമയും മറന്നാലും ശരി മലയാളിക്ക് എന്തിനും ഏതിനും ഒരഭിപ്രായമുണ്ട്, പ്രത്യേകിച്ചു അന്യരുടെ കാര്യത്തില്‍. ഒരു നഗ്നചിത്രം അതിന്റെ കലാമൂല്യത്തോടെ ആസ്വദിക്കുന്നവനും മലയാളി സദാചാരവിരുദ്ധമാനു ഈ നഗ്നചിത്രം എന്നു പറയുന്നവനും മലയാളി.
    ഭാരതതിലെ ക്ഷേത്രങ്ങളിലെ ചുമര്‍ ചിത്രങ്ങള്‍ കൊത്തുപണികള്‍ അതു അന്നത്തെ കാലത്തു പോലും ആരും തെറ്റ് എന്നു പറഞ്ഞില്ല, കേരളത്തില്‍ മാറുമറക്കാതെ സ്ത്രീകള്‍ ജീവിച്ച കാലം അതി വിദൂരത്ത് ഒന്നുമല്ല. അന്ന് അതു നഗ്നതാ പ്രദര്‍ശനം എന്ന് ആരും പറഞ്ഞില്ല. ആ കാലത്തെ നാട്ടു നടപ്പ് അതായിരുന്നു.. ഇന്നും പുരുഷന്മാര്‍ മുണ്ടു മാത്രം ധരിച്ചു നില്‍ക്കുന്നു അതില്‍ നഗ്നതയുണ്ടോ?

    ഹുസൈന്‍ വരച്ചത് ചിത്രം! അത് കണ്ടാല്‍ ഒരു വികാരവും തോന്നില്ല അതു വേറേ കാര്യം. എന്നാലും ഹൈന്ദവ വികാരം വൃണപ്പെട്ടു :) ദേവീ ദേവന്മാരുടെ രതികള്‍ അനവധി, കല്ലില്‍ കൊത്തി വച്ചിരിക്കുന്നു അതു പ്രദര്‍ശിപ്പിക്കാമോ? ഒരു മറയും ചിറയും അതിനു വേണ്ടേ? അപ്പോള്‍ അതൊന്നുമല്ല.. ഇതാണു കപട സദാചാരം അല്ലെ?

    ഊണുകാലമാവും വരെയുള്ള നേരം ഘോരം ഘോരം ചര്‍ച്ച ചെയ്യാന്‍ അല്ലങ്കില്‍ വെടിവട്ടത്തിനു ചൂരുള്ള ഒരു വിഷയം അത്രേ ഉള്ളു വിശപ്പു വരുമ്പോള്‍ നിര്‍ത്തി പോകാം ഇതൊന്നും മനസ്സില്‍ തട്ടി പറയുന്നതല്ല....
    ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ആല്ലലില്ലതെ ജീവിക്കുന്നവന്റെ നേരം പോക്ക്!

    നീര്‍വിളാകാ പോസ്റ്റ് അസ്സല്‍ ആയി :)

    ReplyDelete
  5. ഈ വിഷയങ്ങളിലൊക്കെ അപലപിക്കപ്പെടേണ്ട വസ്തുത പ്രസ്തുത വ്യക്തിയുടെ ജീവനു നേരെയുണ്ടാകുന്ന ഭീഷണികളാണ്‌. സംഘം ചേർന്ന് ഒരു വ്യക്തിയുടെ ജീവനു വിലപറയാൻ മാത്രം വലിയൊരു തെറ്റാണോ ഈ വ്യക്തികൾ ചെയ്തത്‌? മോബ്‌ സൈക്കോളജി അതിന്റെ അന്യായപ്രവർത്തനം നടത്താൻമാത്രം വ്രണപ്പെട്ടോ ഇപ്പറയുന്ന 'വികാരങ്ങൾ'.
    നിർഭാഗ്യവശാൽ, സദാചാരത്തിന്റെ കഥ പറഞ്ഞ്‌ തമ്മിൽത്തല്ലുന്ന ഗ്രൂപ്പുകളെല്ലാം സ്ഥാനത്തും അസ്ഥാനത്തും എടുത്തു പ്രയോഗിക്കുന്ന ഒന്നാണ്‌ ആവിഷ്കാരസ്വാതന്ത്ര്യം. ചോദ്യങ്ങൾ ആവിഷ്കാരസ്വാതന്ത്ര്യമോ അതിന്റെ ലംഘനമോ മാത്രം. സ്വാഭാവികമായും 'ഞങ്ങളുടെ വികാരത്തിന്‌ വിലയില്ലേ' എന്ന വിലാപചോദ്യം മാത്രമായി മാറും ചർച്ചകൾ. അല്ലെങ്കിൽ ആ ആവിഷ്കാരസ്വാതന്ത്ര്യത്തിനു വേണ്ടി സംസാരിക്കുന്നവരുടെ ഇരട്ടത്താപ്പുകൾ. ജീവഹാനി ഭയന്ന്, ഏതുനിമിഷവും ഒരു സംഘാക്രമണം പേടിച്ചുകഴിയുന്ന വ്യക്തിയുടെ മാനസികാവസ്ഥ പ്രസക്തമല്ലാതെവരും. അത്‌ സ്വയം വരുത്തിവെച്ചതാണെന്ന് പറയാൻ മടിയില്ലാത്ത ആൾക്കൂട്ടങ്ങളും.
    മതവികാരം വ്രണപ്പെടുക എന്നത്‌ വ്യക്ത്യാനുഭവമല്ല, ഒട്ടുമിക്ക കേസുകളിലും. ഗ്രൂപ്പിന്റെ വികാരമാണ്‌ വ്രണപ്പെടുന്നത്‌. സംഘർഷാവസ്ഥയിലേയ്ക്ക്‌ എത്തിക്കുന്ന മോബുകളുടെ രീതി ശ്രദ്ധിച്ചാലറിയാം ഇത്‌, കുറച്ചാളുകൾ പറയുന്നു വികാരം വ്രണപ്പെട്ടെന്ന്, മറ്റുള്ളവർ അത്‌ ഏറ്റുപിടിക്കുന്നു. ഇവരിൽ എത്രപേർ ഹുസൈന്റെ ചിത്രങ്ങൾ കണ്ടിട്ടുണ്ടോ ആവോ (ഇപ്പോൾ ഇന്റർനെറ്റിലും മറ്റും ലഭ്യമാണെന്നത്‌ ശരിതന്നെ, പക്ഷെ ആദ്യം പ്രതിഷേധങ്ങൾ പൊട്ടിപ്പുറപ്പെട്ടപ്പോൾ കണ്ട ചിലരുടെ വ്യാഖ്യാനം മാത്രമാണ്‌ അതിന്‌ നിദാനം), എത്രപേർ ലജ്ജ അല്ലെങ്കിൽ സാത്താനിക്‌ വേഴ്സസ്‌ വായിച്ചിട്ടുണ്ടോ ആവോ?
    ചില സംഭവങ്ങളിൽ (actually) വ്രണിതരാകേണ്ടിയിരുന്ന ഗ്രൂപ്പ്‌ പോലുമല്ല വ്രണിതരാകുന്നത്‌. കർണ്ണാടകയിൽ നടന്ന സംഘർഷം അതിനൊരു ഉദാഹരണമാണ്‌. സ്ത്രീകൾ ബുർഖ ധരിക്കരുത്‌ എന്നുപറഞ്ഞാൽ (അങ്ങിനെത്തന്നെ പറഞ്ഞിട്ടുണ്ടെങ്കിൽപ്പോലും), അവരുടെ സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമാണെങ്കിൽത്തന്നെ, പ്രതിഷേധിക്കേണ്ടത്‌ സ്ത്രീകളല്ലെ? അതിന്‌ പുരുഷന്മാരെന്തിന്‌ കലഹമുണ്ടാക്കണം? അപ്പോൾ സ്ത്രീകൾ ബുർഖ ധരിക്കാതിരുന്നാൽ വ്രണപ്പെടുന്നത്‌ പുരുഷന്റെ വികാരമാണോ? അങ്ങിനെയെങ്കിൽ വസ്ത്രധാരണസ്വാതന്ത്ര്യത്തെക്കുറിച്ച്‌ അവർക്കെങ്ങിനെ സംസാരിക്കാനാവും?
    അക്രമാസക്തരാകാന്മാത്രം വ്രണിതരാകാൻ കാത്തിരിക്കുന്ന ഗ്രൂപ്പുകളാണെന്നുതോന്നു ലോകം മുഴുവൻ. അവരുള്ളിടത്തോളം കാലം ചർച്ച വെറും ആവിഷ്കാരസ്വാതന്ത്ര്യപ്പുകമറകൾ മാത്രം.
    ആവിഷ്കാരസ്വാതന്ത്ര്യത്തിനുവേണ്ടി പറഞ്ഞതല്ല ഇത്രയും. എന്നെ സംബന്ധിച്ചിടത്തോളം ഈ രചനകളേക്കാൾ ഹീനമാണ്‌ അവയുടെ കർത്താക്കളോട്‌ ജനക്കൂട്ടങ്ങൾ പ്രതികരിച്ച രീതി.

    ReplyDelete
  6. ഈ സദാചാരവാദികളുടെ ഒരു കാര്യം! നീര്‍വിളാകോ... ഇവിടെ മിണ്ട്യാല്‍ പൊറോട്ടയാണല്ലോ! :)

    ReplyDelete
  7. "സദാചാരന്‍ 3 :- ആദ്യം നമ്മള്‍ മനസ്സിലാക്കേണ്ടത് ഹുസ്സൈന്‍ ഒരു മതക്കാരനുമല്ല എന്നതാണ്. അതുകൊണ്ട് അദ്ദേഹത്തെ സംബന്ധിച്ച് 'അന്യ മതക്കാര്‍' എന്നൊന്നില്ല."

    ഞാന്‍ മനസിലാക്കുന്നത്‌, അയാള്‍ തീര്‍ത്തും ഹൈന്ദവപാരമ്പര്യം ഉള്‍ക്കൊണ്ട ഒരാളാണ്; ആ അര്‍ത്ഥത്തില്‍ അയാളുടെ പേരിലെ ഹുസൈന്‍ എന്നതിന് ഒരു ഹിന്ദുനാമം പകരം വെച്ച് ഈ വിഷയത്തിനു എന്ത് പ്രതികരണം ഉണ്ടാകുന്നുവോ, അതായിരിക്കും യഥാര്‍ത്ഥ പ്രതികരണം.

    ReplyDelete
  8. ഈ ഫാസിസമൊന്നും മോബ് സൈക്കോളോജിയിൽ ഉൽപ്പെടുത്തരുത്‌. ഉന്നതിയിൽ നിന്ന്‌ വളർത്തിയെടുക്കുന്ന വർഗ്ഗീയഫാസിസമാണിത്‌.

    ഇനി മോബ് സൈക്കോളൊജി തന്നെ ഒരു പരിധിവരെ “ആൾകൂട്ടം തന്നെ” അതാത്‌ വ്യവസ്ഥയിൽ നിർമ്മിച്ചെടുക്കുന്നതാണ്‌. “ഒരേ വിഷയം ഒരേ ആൾകൂട്ടം” അമേരിക്കയിലും ചൈനയിലും സൗദിയിലും ഇന്ത്യയിലും പ്രതിക്കരിക്കുന്നത്‌ ശ്രദ്ധിക്കുക.

    ReplyDelete
  9. അനുബന്ധം:
    തസ്ലീമയായാലും, ഡെന്മാര്‍ക്ക്‌കാരന്‍ ആയാലും, ഹുസൈന്‍ ആയാലും, തങ്ങള്‍ ആവിഷ്കരിച്ചത് ഹിതകരമല്ലെങ്കില്‍, അവഗണിച്ചു തള്ളുകയാണ് ഏറ്റവും ബുദ്ധിപരമായ വഴി! ഹിംസ കൊണ്ട് ഇല്ലാതാക്കാം എന്നത് ഫാസിസവും.
    ഡെന്മാര്‍ക്ക്‌ കാര്‍ട്ടൂണ്‍ 'ഞങ്ങളുടെ പുണ്യ പ്രവാചകനെ മോശമായി വരച്ചേ' എന്ന് മുറവിളി കൂട്ടി ലോകം മുഴുവന്‍ പ്രചരിപ്പിച്ചു കൊടുത്തതും, നാലാംകിട ഇക്കിളി സാഹിത്യകാരിയായ തസ്ലീമക്ക് രക്തസാക്ഷി പരിവേഷം ഉണ്ടാക്കി കൊടുത്തതും തലയില്‍ നിലാവെളിച്ചം അടിച്ചിട്ടില്ലാത്ത പമ്പരവിഡ്ഢികളായ വികാരജീവികള്‍ തന്നെ. ഇതിന്റെ മറുവശത്തെ പതിപ്പുകള്‍ ആണ് ഇപ്പോള്‍ ഞങ്ങളുടെ ദൈവങ്ങളെ ഇങ്ങനെ വരച്ചേ എന്ന് പറഞ്ഞു ആ ചിത്രങ്ങള്‍ പ്രചരിപ്പിച്ചു കൊടുക്കുന്നതും!

    ReplyDelete
  10. HAI AJI

    VERY INFORMATIVE .. GUD ONE...

    KEEPIT UP...

    ReplyDelete
  11. ഹൊ..തല പെരുക്കുന്നു... ഞാ‍ൻ ഒരു രാവണൻ കോട്ടയിൽ പെട്ടപോലെയായി..
    ഈ കാര്യത്തിലും സമാനമായ കാര്യങ്ങളിലും (തസ്ലീമ, സൽമാൻ റുഷ്ദി etc) എന്റെ വീക്ഷണം ഇതാണ്:
    “കൈവീശാനുള്ള ഒരുത്തന്റെ സ്വാതന്ത്ര്യം വീശുന്ന കൈ അപരന്റെ മൂക്കിന്മേൽ തൊടുന്നതിന്റെ തൊട്ടുമുമ്പ് അവസാനിക്കുന്നു“.

    ReplyDelete
  12. ഇതിലെന്തു പറയാന്‍...
    ഫാസിസ്റ്റുകളുടെ തീരുമാനങ്ങള്‍ നടക്കട്ടെ .. അല്ലെങ്കില്‍ അതു തന്നെ നടക്കും .. !!!

    അവര്‍ ആദ്യം ഹുസ്സൈനെ "മുസ്ളി"മാക്കി .. പിന്നെ കാര്യം എളുപ്പവുമായി..

    ReplyDelete
  13. വായിച്ചു, പക്ഷെ, വളരെ ചുരുക്കത്തില്‍ പറഞ്ഞ് പോകേണ്ട കാര്യങ്ങള്‍, വലിച്ച് നീട്ടി വിവരിച്ചിരിക്കുന്നു, ഏച്ച് കെട്ടിയാല്‍ മുഴച്ചിരുക്കുമെന്ന് പറഞ്ഞത് പോലെയുള്ള ഒരു അനുഭവം, ഇത് എന്‍റെ വ്യക്തിപരമായ അഭിപ്രായം, മറ്റുള്ളവര്‍ക്കങ്ങിനെ ആവണമെന്നില്ല!

    ReplyDelete
  14. മാണിക്യം ചേച്ചീടെ കമന്റിനുതാഴെ ഒരൊപ്പ്...

    ReplyDelete
  15. പലപ്പോഴും അങ്ങനെയാണ് സമൂഹത്തിനു ഒരു വിഷയത്തില്‍ തന്നെ പല അഭിപ്രായങ്ങള്‍ ഉണ്ടാകും ,
    പക്ഷെ ഇവിടെ ഉണ്ടായിട്ടുള്ള കടന്നു കയറ്റങ്ങളെ ഒതുക്കലുകളെ നമുക്ക് ഒരു തുറന്ന അഭിപ്രായത്തില്‍ തെള്ളി പറയണ്ടി വരുന്നു . അത് സ്വാഭാവികമാണ് . ആവിഷ്കാര സ്വാതന്ത്ര്യം മറ്റൊരു വിഭാഗത്തിന്‍റെയോ ,വ്യക്തിയുടെയോ ,സമൂഹത്തിന്റെയോ വികാരവിചാരങ്ങളെ
    വൃണപെടുത്തലല്ല തലോടലും അല്ല

    ReplyDelete