. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .

Saturday, May 15, 2010

ദൈവങ്ങളുടെ നടയിലൂടെ ഒരു യാത്ര (ഭാഗം 1)

ഇരിക്കൂ.... മഹാനുഭാവന്‍ എന്താണ് അങ്ങയുടെ പ്രശ്നം?

അന്നു വരെ പുരാണ ബാലെകളില്‍ മാത്രം കേട്ടു ശീലിച്ചിട്ടുള്ള നെടുനീളന്‍ അതിസംബോധന കേട്ട് സ്തബ്ദനായിരിക്കുന്ന ആഗതനെ നോക്കി അതിഥേയന്‍ ആദ്യ ചോദ്യത്തിനു മറുപടി അവഗണിച്ച് അല്‍പ്പ നേരം ധ്യാനനിരതനായി.

മനസ്സിലായി. വീട്ടില്‍ അല്‍പ്പം കലഹമുണ്ടല്ലെ?

ഉം...അതെ.

സാമ്പത്തിക പരമായി അല്‍പ്പം ബുദ്ധിമുട്ടിലാണല്ലെ?

ആഗതന്‍ അല്‍ഭുതപരവശനായി ചുറ്റും നോക്കി.

അതിഥേയന്‍റെ മുഖത്ത് മന്ദഹാസം.

അത്താഴ പഷ്ണിക്കാരെ തന്‍റെ വലയില്‍ ഒതുക്കാന്‍ ഇത്രയും മതി എന്ന് അയാള്‍ക്കറിയാം.

ഒരു സധാരണ ദൈവവിശ്വാസിക്ക് എന്നും എവിടെയും നേരിടേണ്ട പ്രശ്നങ്ങള്‍ ആണിതൊക്കെ.

പക്ഷെ ആഗതന്‍റെ അറിവുകേടിനുമേല്‍ അതിഥേയന്‍റെ ആധിപത്യം അവിടെ ആരംഭിക്കുകയാണ്.

കണ്ണും അടച്ച് ഒരു പ്രതിവിധി നിര്‍ദ്ദേശിക്കുമ്പോള്‍ അതിഥേയന്‍റെ മനസ്സില്‍ കിലുക്കത്തില്‍ ജഗതി പറയുന്ന ഡയലോഗായിരിക്കാം.

“കിട്ടിയാല്‍ ഊട്ടി അല്ലെങ്കില്‍ ചട്ടി”

പക്ഷെ രണ്ടുപേരുടെയും ഭാഗ്യത്തിന് പ്രതിവിധി ഫലവത്തായാല്‍ പിന്നെ കരിയര്‍ ഗ്രാഫ് ഉയരുന്നത് സന്യാസിവര്യന്‍റെയും.

അവിടെയും നഷ്ടം പാവപ്പെട്ട സാധാരണക്കാരനു തന്നെ.

ഒറ്റനമ്പര്‍ ലോട്ടറി കടക്കു മുന്നില്‍ ദിവസവും ഭാഗ്യപരീക്ഷണത്തിന് അന്നന്നത്തെ വരുമാനം അടിയറവു വയ്ക്കുന്ന ലക്ഷോപലക്ഷം ജനങ്ങളെ ഈയുള്ളവന്‍ അന്യസംസ്ഥാനങ്ങളില്‍ കണ്ടിട്ടുണ്ട്.

ഇവിടെ പക്ഷെ ഒരിക്കല്‍ പ്രതിവിധി ഫലവത്തായാല്‍ സന്യാസി ശ്രേഷ്ടന്‍റെ പാദാരവിന്ദങ്ങളില്‍ ആണെന്നു മാത്രം.

ഇനി അഥവാ പ്രതിവിധി ഫലവത്തായില്ലങ്കില്‍ പാവപ്പെട്ടവന്‍ ആരൊടും പറയാതെ തന്‍റെ വിധി എന്നു സമാധാനിച്ച് ഒതുങ്ങികൂടുകയും വീണ്ടും അടുത്ത ഭാ‍ഗ്യപരീക്ഷണത്തിനു മറ്റൊരാളെ സമീപിക്കുകയും ചെയ്യുന്നു.


ഇതാണ് ഇന്നിന്‍റെ പുതിയ ദൈവമുഖം.

അവതാരങ്ങള്‍ ഇവിടെ ജനനം കൊള്ളുന്നു.

അലക്കി തേച്ച കാവി വേഷവും, നീട്ടി വളര്‍ത്തിയ മുടിയും, താടിയും, നീണ്ട ഗോപിക്കുറിയും, അല്‍പ്പം തൊലിക്കട്ടിയും അതിലേറെ വാക്ചാരുതിക്കും, പിന്നെ കരുണ ലവലേശം തീണ്ടാത്ത മൂന്നാമതൊരാളെ കുഴിയിലാക്കാന്‍ കെല്‍പ്പുള്ള ഒരു മനസ്സും കൈമുതലായുള്ള ഒരുവനു അത്രയൊന്നും ബുദ്ധിമുട്ടില്ലാതെ നേടിയെടുക്കാന്‍ കഴിയുന്ന സ്വര്‍ഗ്ഗീയ സിംഹാസനം.

ആള്‍ദൈവ സത്വവാന്മാര്‍ ഇവിടെ ഇങ്ങനെ പിറവി കൊള്ളുന്നു. ഉണ്മ എന്ന വാക്കിന് അവിടെ മറുപുറവും ദ്വയാര്‍ത്ഥവും കല്‍പ്പിക്കപ്പെടുന്നു.

ഇന്ന് സാധാരണ ജനം വലയുകയും, വഞ്ചിക്കപ്പെടുകയും ചെയ്യുന്നത് ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്ത ഇത്തരം അഭിനവ ഋഷീശരന്മാരുടെ സമൂഹിക പ്രതിബദ്ധത തൊട്ടുതീണ്ടിയില്ലാത്ത പ്രവര്‍ത്തനങ്ങള്‍കൊണ്ടു മാത്രമാണ്.

ഗൂണ്ടായിസം അടിച്ചമര്‍ത്താന്‍ നിയമങ്ങളും നിയമാവലികലും ചമക്കപ്പെടുമ്പോള്‍ ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ സധാരണ ജനങ്ങളില്‍ അടിച്ചേല്‍പ്പിക്കുന്ന മാനസിക ഗൂണ്ടായിസമായ ആള്‍ദൈവ സിദ്ധാന്തത്തിനെതിരെ ചെറുവിരല്‍ അനക്കാന്‍ ഭരണകൂടങ്ങള്‍ക്കോ, അതിന്‍റെ തലപ്പത്തിരിക്കുന്ന നപുംസകങ്ങള്‍ക്കോ സാധിക്കുന്നില്ല എന്നതും വളരെ പരിതാപകരമായ അവസ്ഥ തന്നെയാണ്.

ഇനി ഈയുള്ളവന്‍റെ ചില ആള്‍ദൈവ അനുഭവങ്ങള്‍ വിവരിക്കട്ടെ.

എനിക്ക് പത്തു പന്ത്രണ്ട് വയസ്സുള്ളപ്പോള്‍ എന്‍റെ അമ്മ എന്നേയും കൂട്ടി ചെങ്ങന്നൂരിനും മാവേലിക്കരക്കും ഇടയിലുള്ള കൊച്ചാലുംമൂട് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന അമ്മ മഹാമായയുടെ അടുത്ത് പോകാറുണ്ടായിരുന്നു. എപ്പോഴൊക്കെ അവിടം സന്ദര്‍ശിച്ചാലും ഭക്ത ജനങ്ങളുടെ തിരക്കു കാരണം മണിക്കൂറുകള്‍ നിന്നാലെ അമ്മയുടെ ദര്‍ശനം ഉണ്ടാവാറുണ്ടായിരുന്നുള്ളൂ. ക്ഷേത്ര തുല്യമായ ഒരു കെട്ടിടത്തിനുള്ളില്‍ സധാരണയായി ഓരോ പത്തു മിനിറ്റിലും അമ്മക്ക് ദീപാരാധനയുണ്ടാവൂം. തിക്കിലും തിരക്കിലും പരുക്കു പറ്റുന്നവരും കുറവല്ല. മുരുകസേവ കയറിയാല്‍ അമ്മ ഉറഞ്ഞു തുള്ളും. അമ്മയുടെ ഈ സേവ കണ്ടാല്‍ എല്ലാ ദുഃഖങ്ങളും ദുരിതങ്ങളും തീരും എന്നാണ് വിശ്വാസം. കഷ്ടിച്ച് ഇരുപത്തിരണ്ട് വയസ്സ് കടന്നിട്ടില്ലാത്ത അമ്മ ഒരു ദിവസം പൂജിക്കുന്നവനോടൊപ്പം ഒളിച്ചോടി. കൃസ്ത്യന്‍ മതവിശ്വാസിയായ അമ്മയെ മുരുകന്‍ ബാധിച്ചപ്പോള്‍ തന്നെ പള്ളിയും പട്ടക്കാരും കൈവിട്ടിരുന്നു. അമ്മ പൂജാരിയോടൊപ്പം അന്നുവരെയുള്ള സമ്പാദ്യവുമായി ഒളിച്ചോടിയതറിയാതെ എന്‍റെ അമ്മ അടുത്ത മാസവും എന്നെയും കൂട്ടി ആശ്രമത്തിലെത്തി. ഗാനമേളക്കു ശേഷം ആളൊഴിഞ്ഞ അമ്പലമുറ്റം പോലെ അനാഥമായി കിടക്കുന്ന അശ്രമമുറ്റം കണ്ട് മനസ്സ് വിങ്ങി എന്‍റെ അമ്മ അടുത്തുള്ള അഭിനവദേവിയുടെ ബഹുനില കെട്ടിടത്തിനു മുന്നില്‍ എത്തി. കാര്യം തിരക്കുന്നതിനു മുന്‍പേ ഗ്രഹനാഥന്‍റെ സ്വാഗതം വന്നു... “ കടന്നു വന്നാട്ടെ, അമ്മ പോയാലെന്താ അമ്മയുടെ അനുജന്‍ ഇവിടെ ഉണ്ടല്ലോ... മുരുകന്‍ ഇപ്പോള്‍ അവനിലേക്ക് ആവാഹിക്കപ്പെട്ടിരിക്കുന്നു”

ഗ്രഹനാഥനന്‍റെ അവതരണ പ്രസംഗം കഴിഞ്ഞതും കഷ്ടിച്ച് പതിനാറു വയസ്സ് തികയാത്ത മീശമുളക്കാത്ത പയ്യന്‍ തന്‍റെ മുരുക സേവ വെളിപ്പെടുത്താന്‍ ഉതകും വിധം ചരലു നിറഞ്ഞ മുറ്റം ഇളക്കി മറിച്ച് തുള്ളല്‍ തുടങ്ങി. ഭക്തര്‍ക്ക് അമ്മയായാലെന്ത്, അച്ഛനായാലെന്ത്? ... എന്‍റെ അമ്മ ഭക്തപരവശയായി, കണ്ണുകള്‍ കൂപ്പി... അവിടെ നിന്ന് പോരുമ്പോള്‍ ആ പ്രായത്തിലും എന്‍റെ അമ്മക്ക് ഒരു ചെറു താക്കീത് കൊടുക്കേണ്ടി വന്നു... “ഇനി മേലില്‍ എന്നെ വിളിച്ചേക്കരുത് ഇവിടെ വരാന്‍” എന്ന്... അതിനു ഫലം ഉണ്ടായി എന്നു തന്നെ പറയാം. പിന്നീട് ഒരിക്കലും എന്‍റെ അമ്മ ആ ഭാഗത്തേക്ക് തിരിഞ്ഞു നോക്കിയിട്ടില്ല!

(തുടരും)

12 comments:

  1. ചില സിനിമകളില്‍ പറയും പോലെ... ഈ കഥയിലെ കതാപാത്രങ്ങള്‍ക്ക് ജീവിച്ചിരിക്കുന്നതോ, മരിച്ചവരോ ആയ എതെങ്കിലും വ്യക്തികളുമായി സാമ്യം തോന്നുന്നുവെങ്കില്‍ അതു തികച്ചും യാദ്രൃശ്ചികം മാത്രം!

    ReplyDelete
  2. കൊചാലും മൂട്ടിലെവിടെ ആയിട്ടാ..?
    വായിച്ചപ്പോള്‍ നല്ല രസം. അടുത്തതിനായി വരാം. എന്നാണ് അടുത്ത ഭാഗം വരിക.

    ReplyDelete
  3. നല്ല വിഷയം.
    കൂടുതൽ പോരട്ടെ...!
    ആശംസകൾ!

    ReplyDelete
  4. പോരട്ടെ.. നല്ല വിഷയം.. ചർച്ചയർഹിക്കുന്നത്

    ReplyDelete
  5. ഈശ്വരവിശ്വാസം ഉണ്ടാവണം ഈശ്വര വിശ്വാസം ഈശ്വരനില്‍ ആവണം ഇടനിലക്കാരെ ഒഴിവാക്കുക. ദൈവത്തെ സ്വന്തം മനസ്സില്‍ പ്രതിഷ്ടിക്കുക നേരിട്ട് സം‌വേദിക്കുക. അമ്പലത്തിലോ പള്ളിയിലോ സിനഗോഗിലോ ഗുരുദ്വാറിലോ എവിടെയും എത്താം പക്ഷെ പ്രാര്‍ത്ഥിക്കണ്ടത് മനസില്‍ ഉള്ള ഈശ്വരനോടാവണം. സഹജീവികളില്‍ ഈശ്വരചൈതന്യം ഉണ്ട് എന്നാ അറിവ് നല്ലത് പക്ഷെ നമുക്ക് വേണ്ടീ ഈശ്വരനുമായി ഇടനിലക്ക് ആരേയും സമീപിക്കരുത്.
    അതെ “ഇനി മേലില്‍ ആള്‍ദൈവങ്ങളുടെ അടുത്ത് വരരുത് ”
    എന്ന സന്ദേശം ജനങ്ങളില്‍ എത്തിക്കാന്‍ ഈ പരമ്പരക്ക് കഴിയട്ടെ.

    ReplyDelete
  6. നല്ല വിഷയം തന്നെ

    ReplyDelete
  7. ഇത് അനുഭവം തന്നെ.....അതോ ആരെയെങ്കിലും കണ്ടപ്പോള്‍ ചൊറിഞു എഴുതീതൊ

    ReplyDelete
  8. ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയം തന്നെ.ഇനിയുള്ള ആള്‍ദൈവങ്ങളുടെ കഥ കൂടി കേള്‍ക്കട്ടെ.

    ReplyDelete