. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .

Wednesday, September 29, 2010

ആള്‍ദൈവ നടയിലൂടെ (ഭാഗം 3)


 മുന്‍ ഭാഗങ്ങള്‍ ഇവിടെ

ഇനി തുടര്‍ന്ന് വായിക്കുക.......
*********************************************************************************
ഹിന്ദു മതത്തിന് പൊതുവെ ഒരു ആക്ഷേപമുണ്ട് കാലഹരണപെട്ട മതം എന്ന്. ഹിന്ദുമതം ഒരുവന് മനസ്സിലാക്കുക എന്നത് അപ്രാപ്യമായ ഒന്നാണ്. പണ്ഡിതര്‍ എന്നു ഭാവിക്കുന്നവരോട് പോലും മതത്തെക്കുറിച്ച് അല്‍പ്പം വിശദമായി ചോദിച്ചാല്‍ വിളറിയ ഒരു ചിരിയോടെ പിന്‍‌വലിയുകയാണ് പതിവ്. ഹിന്ദു എന്ന് വീമ്പിളക്കുന്നവരില്‍ പലര്‍ക്കും അവരുടെ പ്രധാന ഗ്രന്ഥം എന്നാണെന്നു പോലും അറിയില്ല എന്നു പറഞ്ഞാല്‍ അതിന്റെ വ്യാപ്തി മനസ്സിലാക്കാവുന്നതേയുള്ളു. ഇത്രയും ബ്രഹിത്തായ ഒരു മതത്തില്‍, മതപഠനം എന്നത് പോലും അപ്രസക്തമായ ഒന്നാണ് എന്നു പറയുന്നതില്‍ അതിശയോക്തിയില്ല. മതപഠനം അപ്രാപ്യമാകുന്നത് അത് ശരിയായ രീതിയില്‍ നിര്‍വ്വചിക്കാനും, സംഗ്രഹിക്കാനും ഇന്നിന്റെ സാമൂഹ്യ വ്യസത്ഥിതിയില്‍ ആളില്ല എന്നതു കൊണ്ടുതന്നെ. അങ്ങനെയുള്ളപ്പോള്‍ ആള്‍ദൈവങ്ങളുടെ പിറവി സ്വഭാവികമാണ്. അഞ്ജതയില്‍ നിന്നാണല്ലോ എല്ലായ്പ്പോഴും തിന്മകള്‍ പിറവിയെടുക്കുക.

ഒരിക്കല്‍ യാദൃശ്ചികമായി എന്റെ വീട്ടില്‍ വന്ന ഒരു “യോഗി” യോട്, [സംസ്കൃതത്തില്‍ അല്‍പ്പം പാണ്ഡിത്യമുള്ള (സംസ്കൃതം ലോവറും, ഹയറും പാസ്സായിട്ടുണ്ട്) - ഏഴോളം ഭാഷകള്‍ എഴുതാനും, വായിക്കാനും, സംസാരിക്കാനും കഴിവുള്ള - രാമായണവും മഹാഭാരതവും, ഗീഥയും ആദ്യാവസാനം കാ‍ണാതെ ചൊല്ലാനും അതിനെ സംഗ്രഹിക്കാനും കഴിവുള്ള] തികഞ്ഞ ഇടതുപക്ഷ ചിന്താഗതിക്കാരനായ എന്റെ അച്ഛന്‍ ഒരു ചോദ്യം ഉന്നയിച്ചു.. “ എന്തിനാ സ്വാമീ ഈ മുടിയും താടിയും നീട്ടി വളര്‍ത്തുന്നത്? എന്തിനാണീ രുദ്രാക്ഷ മാല കഴുത്തില്‍ ഇട്ടിരിക്കുന്നത്?” ഉത്തരം മുട്ടിയ യോഗിവര്യന്‍ അവസാനം “നാട്ടു നടപ്പനുസരിച്ച് ചെയ്തതാണ്” എന്ന ഉത്തരവും നല്‍കി വേഗം അവിടെ നിന്ന് സ്ഥലം വിട്ടു. ഇതാണ് ആള്‍ദൈവങ്ങളുടെ അവസ്ഥ.കലാകാരന്മാര്‍ അവരുടെ ഭാവനയില്‍ ചിത്രീകരിച്ചു വച്ചിരിക്കുന്ന പുരാണ മുനിവരന്മാരേ കെട്ടിലും, മട്ടിലും നടപ്പിലും ഇരുപ്പിലും വരെ അനുകരിക്കുക എന്നതിലുപരി ഈ കൂട്ടര്‍ക്ക് പുതുതായി ഒന്നും ചെയ്യാനില്ല എന്നത് മുകളില്‍ പ്രതിപാദിച്ച “യോഗി” യുടെ മറുപടിയില്‍ നിന്ന് വ്യക്തമല്ലേ? പൊതുജനത്തിനും സ്വാമിമാര്‍ പഴയ ചിത്രകഥകളിലെ ജഡാധാരികള്‍ ആണ്. അങ്ങനെയുള്ള ആളുകളെ അവര്‍ വ്യാസമുനിയേയും, വാത്മീകിയേയും പോലെയുള്ള സമൂഹ്യ പരിഷ്കര്‍ത്താക്കളുടെ സ്ഥാനത്ത് പ്രതിഷ്ടിക്കുന്നതില്‍ അത്ഭുതമില്ല. ആരാധിക്കുന്നതിനു മുന്‍പ് അലപ്പം വിവേകബുദ്ധി പ്രയോഗിച്ചിരുന്നു എങ്കില്‍ സന്തോഷ് മാധവന്മാരും, നിത്യാനന്ദമാരും ഇവിടെ പിറവിയെടുക്കില്ലായിരുന്നു

പ്രമുഖ ആള്‍ദൈവം ടി വിയില്‍ കൂടി നല്‍കുന്ന സന്ദേശങ്ങള്‍ കേട്ടാന്‍ ചിരിവരും. അത്ര ബാലിശമാണ് അവരുടെ ചില പ്രസ്ഥാവനകള്‍.സാധാരണ ഒരു മനുഷ്യന്‍ പറയുന്ന അതിലും സാധാരണമായ വാചകങ്ങളെ ടെലിവിഷന്റെ പിന്നാമ്പുറത്തിരിക്കുന്നവര്‍ അവര്‍ പോലും അറിയാത്ത അര്‍ത്ഥങ്ങളും, അനര്‍ത്ഥങ്ങളും നല്‍കി സധാരണക്കാരിലേക്ക് അടിച്ചേല്‍പ്പിക്കുമ്പോള്‍ പുതിയ അമ്മയും, അച്ഛനും, അമ്മൂമ്മയും, അപ്പൂപ്പനും എല്ലാം പിറവിയെടുക്കുന്നു. വീട്ടിലെ നരകമൂലയില്‍ മലത്തിനും, മൂത്രത്തിനും ചങ്ങാതിമാരാകാന്‍ വിധിക്കപ്പെട്ട സ്വന്തം മാതാപിതാക്കള്‍ക്ക് പകരക്കാരാകുന്നു ഈ കൂട്ടര്‍. മാതാപിതാക്കള്‍ തന്റെ വളര്‍ച്ചയുടെ കാലഘട്ടങ്ങളില്‍ വാത്സല്യത്തിന്റെ ചുടുഃചുംബനങ്ങളിലൂടെ പകര്‍ന്നു തന്ന സുരക്ഷിതത്വം അവരുടെ ആവശ്യഘട്ടങ്ങളില്‍ തിരിച്ചുകൊടുക്കാന്‍ സമയം കണ്ടെത്താതെ നാടുനീളെ നടന്ന് ഇത്തരം രണ്ടാംകിട അമ്മമാരുടേയും അച്ഛന്മാരുടേയും ചുടുചുംബനങ്ങള്‍ വാങ്ങാന്‍ മത്സരിക്കുന്നു. അവരുടെ പാദാരവിന്തങ്ങള്‍ കഴുകിയ മലിനജലം കുടിക്കാന്‍ തിക്കിതിരക്കുന്നു.

“കലികാലം” എന്നു പുലമ്പി ഒരു ദീര്‍ഘനിശ്വാസവും വിടാം എന്നതിലുപരി ആര്‍ക്കെങ്കിലും ഈ ലേഖനം കൊണ്ട് പ്രയോജനം ഉണ്ടായി എന്നു ഞാന്‍ വിശ്വസിക്കുന്നില്ല. അതുമാത്രമല്ല ഏറ്റവും കുറഞ്ഞത് പത്താളുകളുടെ എങ്കിലും വിരോധം സമ്പാദിക്കനും ഇതുകൊണ്ട് സാധിച്ചു എന്നും എനിക്കും നന്നായി അറിയാം!

ഹിന്ദുമതത്തിലെ ആള്‍ദൈവങ്ങളെ കുറിച്ച് ഇനിയും ധാരാളം പറയാനുണ്ട്. അതിലേക്ക് കൂടുതലായി വരുന്നതിനു മുന്‍പ് എങ്ങനെയാണ് ഈ കൂട്ടര്‍ ജനങ്ങളില്‍ തങ്ങളുടെ സ്വാധീനം ഉറപ്പിക്കുന്നത് എന്നറിയാന്‍ കൂടി ഞാന്‍ ഒരു ശ്രമം നടത്തിയിരുന്നു. അതിന് എനിക്ക് നല്ല ഒരു ആള്‍ദൈവ ഇരയെ ഞങ്ങളുടെ നാട്ടില്‍ തന്നെ കണ്ടെത്താന്‍ കഴിഞ്ഞു. എന്റെ അടുത്ത ബന്ധുവായ ഹയര്‍ സെക്കന്ററി സ്കൂളിലെ പ്രധാന അദ്ധ്യാപികയായി വിരമിച്ച സ്ത്രീ. അവരുടെ മൂന്നേക്കറോളം വരുന്ന വിശാലമായ പറമ്പിന്റെ നടുവിലെ അതിലും വിശാലമായ പഴയശൈലിയിലുള്ള വീട്ടില്‍ എത്തണമെങ്കില്‍ പ്രധാന വഴിയില്‍ നിന്നും പത്തുമിനിറ്റ് നടക്കണം. പുതുതായി നിര്‍മ്മിച്ച ഇരുമ്പു കവാടത്തിലും, നടവഴിക്ക് ഇരു വശങ്ങളായി കെട്ടി ഉയര്‍ത്തിയിരിക്കുന്ന കോണ്‍ക്രീറ്റ് മതിലിന്റെ വശങ്ങളിലും കേരളത്തിലെ പ്രമുഖ ആള്‍ദൈവത്തിന്റെ ഇരിക്കുന്നതും, നില്‍ക്കുന്നതും, കിടക്കുന്നതും, തിരിഞ്ഞും മറിഞ്ഞും നല്‍ക്കുന്നതുമായ നൂറുകണക്കിന് ചിത്രങ്ങള്‍. അതെല്ലാംകഴിഞ്ഞ് വീടിന്റെ അടുക്കളയിലും കക്കൂസിലും വരെ ചിത്രങ്ങളുടെ ഒരു പെരുംഘോഷയാത്ര. ഒരിക്കല്‍ പ്രസ്തുത വീട് സന്ദര്‍ശിച്ച ഞാന്‍ അല്‍പ്പം നീരസത്തില്‍ ചോദിച്ചു

“ മരിച്ചു പോയ ഭര്‍ത്താവിന്റെ ഒരു ചിത്രം പോലും ഇല്ലാത്ത ഈ വീട്ടില്‍ എന്തിനാ ടീച്ചറേ ഈ ഫോട്ടോ എല്ലാം ഒട്ടിച്ച് വൃത്തികേടാക്കിയിരിക്കുന്നത്?”

മറുപടി വരുന്നതിനു മുന്‍പ് ഭയം നിറഞ്ഞ മുഖവുമായി ചുണ്ടിനു കുറുകെ ചൂണ്ടുവിരല്‍ വച്ച് “ശ് ശ് ശ് ശ് ശ്” എന്നൊരു ശബ്ദമുണ്ടാക്കി ടീച്ചര്‍. “അങ്ങനെ പറയല്ലേ മോനേ..... ഇവരൊക്കെ അപാര ശക്തി സൂക്ഷിക്കുന്നവരാണ്”..

അല്‍പ്പം പുശ്ചത്തില്‍ ഞാന്‍ തിരികെ ചോദിച്ചു.. “ഇത്രയും വിദ്യാഭ്യാസമുള്ള ടീച്ചര്‍ക്ക് എന്തു ശക്തി വിശേഷമാണ് ഇവരില്‍ കാണാന്‍ കഴിഞ്ഞത്?”

അവര്‍ അല്‍പ്പനേരം ചിന്തിച്ചു.... ഉത്തരം മുട്ടി എന്നു ഏതാണ്ട് ഉറപ്പായിരുന്നു. പക്ഷെ സ്വന്തം മക്കള്‍ ഒരു തെറ്റു ചെയ്താല്‍ അത് തെറ്റാണെന്ന് അംഗീകരിച്ച് ആ തെറ്റിന് ന്യായമായ ശിക്ഷകൊടുക്കാതെ അവനെ സംരക്ഷിക്കാന്‍ ശ്രമിക്കുന്ന പുതുയുഗ മാതാപിതാക്കളുടെ പ്രതിനിധിയെ പൊലെ ആയിരുന്നു ടീച്ചറുടെ പ്രതികരണം. “അവര്‍ ദൈവമല്ല എനിക്ക് ഗുരുവാണ്”

ഞാന്‍ ഉറക്കെ ചിരിച്ചു പോയി.... എന്റെ ആ ചിരിയോടു കൂടി വിദ്യാഭ്യാസമുള്ള ആ ആള്‍ദൈവ ഭക്ത എന്നെ വെറുക്കാനാരംഭിച്ചു എന്ന് അവരുടെ ഭാവമാറ്റത്തില്‍ നിന്നു വ്യക്തമായി. എങ്കിലും അതു പരിഗണിക്കാതെ ഞാന്‍ ചോദിച്ചു “ ഏതു രീതിയിലാണ് അവര്‍ ടീച്ചര്‍ക്ക് ഗുരുവാകുക? സ്കൂളില്‍ പഠിപ്പിച്ചോ, അതോ മറ്റേന്തെങ്കിലും കലകള്‍ അവരില്‍ നിന്ന് അഭ്യസിച്ചോ?

“ഹേയ് അല്ല... അവര്‍ ദൈവത്തിന്റെ അടുത്തെത്താന്‍ എന്നെ സഹായിക്കുന്നു... എന്നില്‍ ഭക്തിയുണ്ടാക്കാന്‍ അവര്‍ വഴികാണിക്കുന്നു”

“ഭക്തി എന്നാല്‍ ദേഷ്യം, സങ്കടം, സ്നേഹം എന്ന പോലെ ഒരു വികാരമല്ലേ ടീച്ചര്‍?... അതു നമ്മുടെ മനസ്സില്‍ ഉണ്ടായി വരേണ്ട ഒന്നല്ലേ... അതിനെ ഉണ്ടാക്കാന്‍ പറ്റിയ എന്തു സഹായങ്ങളാണ് അവര്‍ ചെയ്യുന്നത്? അപ്പോള്‍ ടീച്ചര്‍ ഇതിനു മുന്‍പ് പ്രാര്‍ത്ഥനയും, ഭജനയും ഒന്നും ഇല്ലാതെ നടക്കുകയായിരുന്നോ?” എന്റെ ആകാംഷ!

“ഭക്തി ഉണ്ടായിരുന്നു...പക്ഷെ അതു കൂടാന്‍ അവര്‍ സഹായിച്ചു.....” ഒറ്റ വരിയില്‍ ഉത്തരം തന്ന് പെട്ടെന്ന് വിഷയം അവസാനിപ്പിക്കാന്‍ ടീച്ചറുടെ ശ്രമം!

“ശരി സമ്മതിച്ചു ടീച്ചര്‍... ടീച്ചര്‍ക്ക് ഭക്തി കൂടി എന്നു ടീച്ചര്‍ തന്നെ പറയുന്നു... അത് ദൈവത്തോടുള്ള ഭക്തി ആയിരുന്നെങ്കില്‍ ഈ ആള്‍ദൈവത്തിന്റെ പടം ഒട്ടിച്ച് നാട്ടുകാരെ ബുദ്ധിമുട്ടിക്കുമായിരുന്നോ?”

“എന്റെ വീടല്ലേ മോനെ.... എനിക്കിഷ്ടമൂള്ളത് കാണിക്കാമല്ലോ”.... എഴുനേറ്റു പോടാ നായിന്റെ മോനേ എന്നുള്ളതിനു ടീച്ചറുടെതായ ഭാഷയില്‍ മറുപടി.

അതാണ് ഞാന്‍ മുന്‍പ് പറഞ്ഞത്. പി സി സര്‍ക്കാറിനേ പോലെയുള്ള മാജീഷ്യന്മാരുടെ നഖത്തില്‍ തേക്കാന്‍ പോലും കഴിയാത്ത അത്ര ചില നമ്പരുകളും, തൊലിക്കട്ടിയും, വാക്ചാതുരിയും ഉള്ള ഈ കൂട്ടര്‍ അഭ്യസ്ഥവിദ്യരുടെ ഇടയില്‍ പോലും തങ്ങളുട നിറ സാന്നിദ്ധ്യം തീര്‍ത്തിരിക്കുന്നു. എതിര്‍ക്കുന്നവന് കിട്ടുക നായിന്റെ മോനേ വിളികള്‍ മാത്രമായിരിക്കും!

(തുടരും)

9 comments:

  1. എത്താന്‍ വൈകി .
    ഇന്നത്തെ സംഘര്‍ഷം നിറഞ്ഞ ചുറ്റുപാടില്‍ എല്ലാ മനുഷ്യരുടേയും അത്മ വിശ്വാസവും ആത്മ നിയന്ത്രണങ്ങളും നഷ്ടപെട്ട് മനോരോഗിയാകുന്നു. ഒരുവന്‍ വിഷാദ രോഗി ആയി എന്നു പറയുന്ന അതേ തലമാണ് ഒരുവന്‍ ആള്‍ദൈവ ഭക്തന്‍ ആയി എന്നു പറയുമ്പോള്‌ നാം കാണേണ്ടത്.

    ReplyDelete
  2. അതാണ് ഞാന്‍ മുന്‍പ് പറഞ്ഞത്. പി സി സര്‍ക്കാറിനേ പോലെയുള്ള മാജീഷ്യന്മാരുടെ നഖത്തില്‍ തേക്കാന്‍ പോലും കഴിയാത്ത അത്ര ചില നമ്പരുകളും, തൊലിക്കട്ടിയും, വാക്ചാതുരിയും ഉള്ള ഈ കൂട്ടര്‍ അഭ്യസ്ഥവിദ്യരുടെ ഇടയില്‍ പോലും തങ്ങളുട നിറ സാന്നിദ്ധ്യം തീര്‍ത്തിരിക്കുന്നു .. that well said

    ReplyDelete
  3. വളരെ സത്യം നീകാ...മനുഷ്യൻ എന്തിനു ഇങ്ങനെ മണ്ടന്മാരാകുന്നുവെന്ന് അറിയില്ല..കോടികൾ കൊയ്യുന്ന ബിസിനസ്സിനു ഒരു മറയും തണലുമാണ് ആൾദൈവങ്ങൾ..വിദ്യാഭ്യാസവും ലോകപരിചയവുമുള്ള ആൾക്കാർ പോലും പോയി ക്യൂ നിന്ന് അനുഗ്രഹം മേടിക്കുന്നു...ഈശ്വരാ ഈ മണ്ടന്മാർക്ക് ഇനിയെന്നാണ് ബുദ്ധിവയ്ക്കുക..ഒരു സുഹ്രിത്തിനെ കാണാനായി ഞാനാ നാട്ടിൽ പോയിട്ടുണ്ട്...എല്ലാ സത്യൺഗളും അറിയുന്ന നാട്ടുകാർ ആ ദൈവത്തിനു പുല്ലുവിലയാണ് കൊടുക്കുന്നതെന്ന് അവനിൽ നിന്നും ഞാനറിഞ്ഞു..

    ReplyDelete
  4. ആള്‍ദൈവങ്ങളെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ വരട്ടെ.
    ഭക്തി എന്ന മനോരോഗം കാട്ടുതീ പോലെ നമ്മുടെ സമൂഹത്തില്‍ പടര്‍ന്നു പിടിക്കുന്നതിനാലാണ് ആള്‍ദൈവങ്ങള്‍ ഇത്ര മാത്രം പെരുകുന്നത്. ഇത്തരം മനോരോഗത്തിന് ചികിത്സയില്ലാ‍ത്തതിനാലല്ല, പക്ഷെ ഇത്രയധികം രോഗികളെ ഒരുമിച്ച് ചികിത്സിക്കാനാവില്ല എന്നിടത്താണ് ആള്‍ദൈവ തനന്ത്രങ്ങള്‍ വിജയിക്കുന്നത്.

    ReplyDelete
  5. പിന്തുടരുന്നു. നന്നായിട്ടുണ്ട്. വിരോധം സമ്പാധിക്കാന്‍ തയ്യാറായിട്ടുതന്നെയാണല്ലോ വരവ്. സധൈര്യം മുന്നോട്ട്.

    ReplyDelete
  6. വൈകിയാണ്‌ ഇവിടെ എത്തിയതെങ്കിലും നല്ല ഒരു ലേഖനം വായിച്ച തൃപ്തി ലഭിച്ചു.
    നിയന്ത്രിക്കാന്‍ കാഴിയാതെ പെരുകുന്ന ആള്‍ദൈവങ്ങള്‍ ഇപ്പൊഴത്തെ നമ്മുടെ ഗവണ്മെന്റ് സമ്വിധാനത്തിന്‌ പോലും നിയത്രിക്കാന്‍ കഴിയാതെ പെരുകിയിരിക്കുന്നു. ഒരു വിശ്വാസത്തിന്റെ പുറത്ത് ചോദ്യം ചെയ്യല്‍ നടക്കുന്നു എന്ന രൂപത്തിലേക്ക് കാര്യങ്ങള്‍ തിരിക്കാനുള്ള എളുപ്പ വഴി കൂടി ഇക്കാര്യത്തില്‍ കൂടിക്കുഴഞിരിക്കുന്നു എന്നതും പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു എന്ന് തോന്നുന്നു.
    ആഷംസകള്‍.

    ReplyDelete
  7. very happy to see such a beautiful coloumn. well done and keep the same sharpness. regards

    ReplyDelete
  8. ആള്‍ദൈവങ്ങള്‍ വല്യ ബിസിനസ്‌ മഗ്നെട്സ് ആണ്. എനിക്കും മനസ്സിലാക്കാന്‍ സാധിച്ചിട്ടില്ല ഇത്തരക്കാര്‍ എങ്ങനെ ആളുകളെ വിശ്വസിപ്പിക്കുന്നു എന്ന്. ഈ ആള്‍ ദൈവക്കളിയില്‍ എനിക്ക് ആകെ കൂടി ഒരു ബഹുമാനം തോന്നോയിരിക്കുന്നത് രവിശങ്കര്‍ എന്ന മനുഷ്യനോടാണ്. അയാള്‍ ചെയുന്നത് ബുസിനെസ്‌ ആണ് എന്ന് പരയുനെന്കിലും ഉണ്ട്. അതില്‍ അംഗം ആകാന്‍ കാശ് കൊടുക്കണം. ബാക്കി എല്ലാരും സമ്പന്നരില്‍ നിന്നും വിദേശത്തുനിന്നും മാത്രമെ സംഭാവന സ്വീകരിക്കു.
    തെരുവില്‍ മാജിക്‌ കാണിക്കുന്ന ആര്‍ക്കും ചുളുവില്‍ ഒരു ആള്‍ദൈവം ആകാന്‍ സാധിക്കും.... എന്ന് ഈ കപട മുഖങ്ങളെ തിരിച്ചരിയുന്നോ അന്നെ ഹിന്ദു രക്ഷപെടു....
    അടുത്തത് വേഗം വരട്ടെ....

    ReplyDelete