. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .

Wednesday, April 17, 2013

ന്യൂ ജനറേഷന്‍ സിനിമ - പാചകവിധി





വേണ്ട സാധനങ്ങള്‍

ഹോളിവുഡ് തപ്പി അധികം ആരാലും ശ്രദ്ധിക്കാതെ കിടക്കുന്ന സിനിമകളുടെ പൊട്ടും പൊടിയും - അരക്കപ്പ്

പഴയ വാരിക തപ്പി ആരും വായിച്ചിട്ട് പോലും ഇല്ലാത്ത മിനിക്കഥ - കാല്‍ കപ്പ്.


നിക്കറിനടിയില്‍ ചുരുട്ടി മടക്കി വച്ച് പഴകിയ പഴയ തുണ്ട് കഥകള്‍ - മുക്കാല്‍ കപ്പ്


താടി വളര്‍ത്താത്ത ബുജി സംവിധായകന്‍ - ഒന്നോ, ഒരു മുറിയോ.


ഷര്‍ട്ട്‌ ഊരാന്‍ തയ്യാറായ കഷണ്ടി കയറിയ യുവ നടന്‍- ഒരു ടേബിള്‍ സ്പൂണ്‍

അംഗലാവണ്യം കാണിക്കാനും വേണമെങ്കില്‍ നാല് പച്ച തെറി പറയാനും കഴിയുന്ന യുവ നടി - അര ടേബിള്‍ സ്പൂണ്‍


മുതുക്ക് കയറിയതും എന്നാല്‍ ഞങ്ങള്‍ യുവാക്കളെക്കാള്‍ തെറിയില്‍ മോശം അല്ല എന്ന് തെളിയിക്കുന്നതുമായ പടു കിഴവന്മാര്‍ - ആവിശ്യത്തിന്.

പഴയകാല മനോഹര ഗാനങ്ങളെ പുതിയ കുപ്പിയില്‍ ഇട്ടു അപരാധിച്ചത് - നാലെണ്ണം.

പാചകം ചെയ്യുന്ന വിധം

 
ചട്ടി അടുപ്പത്ത് വച്ച് എണ്ണ ഒഴിക്കുക. പിന്നീട് ആദ്യമായി ഷര്‍ട്ട്‌ ഊരാന്‍ തയ്യാറായ കഷണ്ടി കയറിയ യുവ നായകനെ ഒരു ടേബിള്‍ സ്പൂണ്‍ ചട്ടിയില്‍ ഇട്ട് നന്നായി ഇളക്കുക. ഇപ്പോള്‍ ഇക്കിളി കുറവായി സോറി ഇളക്കല്‍ കഠിനമായി നിങ്ങള്‍ക്ക് തോന്നിയാല്‍ വഴുവഴുത്ത യുവനടിയെ ചട്ടിയിലെക്കിട്ടു നായകനുമായി നന്നായി ചേര്‍ത്തു ഇളക്കുക. ഇനി ഇതിലേക്ക് മുതുക്കന്‍സിനെ ചേര്‍ക്കാം. വെന്തു കഴിയുമ്പോള്‍ ചവറു പോലെ കിടക്കുമെങ്കിലും സംഭവം കിടിലം എന്ന് കാണിക്കാന്‍ മുതുക്കന്‍സ് അത്യാവശ്യം. ഇളക്കി ഒരു പരുവം ആകുമ്പോള്‍ ആരും ശ്രദ്ധിക്കാതെ പോയ ഹോളി വുഡ് സിനിമകഥയില്‍ നിന്നും അരക്കപ്പും പഴയ വാരികയില്‍ നിന്നും കിട്ടിയ ആരാലും ശ്രദ്ധിക്കപ്പെടാത്ത മിനിക്കഥയില്‍ നിന്ന് കാല്‍ക്കപ്പും, നിക്കറിനടിയില്‍ ചുരുട്ടി വച്ച് നല്ല മണം മുറ്റിയ തുണ്ട് കഥയില്‍ നിന്ന് മുക്കാല്‍ കപ്പും ചേര്‍ത്ത് നന്നായി ഇളക്കുക. തുണ്ട് കഥയില്‍ മടക്കി വച്ചതിന്‍റെ മണം കൂടുതല്‍ ഉണ്ടന്ന് ഉറപ്പ് വരുത്തുക. കാരണം ഇതാണ് പിന്നീട് ആളുകളെ ആകര്‍ഷിക്കാന്‍ ഉതകുന്ന സുഗന്ധം പുറപ്പെടുവിപ്പിക്കാന്‍ പോകുന്നത്. ഇപ്പോള്‍ നിങ്ങളുടെ വിഭവം ഏതാണ്ട് പാകാമയിരികുന്നു. മേമ്പൊടിയായി പുതിയ കുപ്പിയില്‍ സൂക്ഷിച്ചിരിക്കുന്ന പഴയ ഗാന വീഞ്ഞ് തൂകി അടുപ്പത്ത് നിന്ന് ഇറക്കി വയ്ക്കുക. ഇനി ഡെക്കറേഷനുള്ള സമയം ആണ്. താടി വളര്‍ത്താത്ത ബുജി സംവിധായകനെ നടുക്ക് കുത്തി ഡക്കറേറ്റ് ചെയ്യാം.

സോറി. അടുപ്പ് കത്തിക്കുന്ന കാര്യം പറയാന്‍ മറന്നു. നിങ്ങളുടെ വിഭവം വെന്തില്ലല്ലോ എന്ന് പരിഭവം തോന്നണ്ട. അടുത്തുള്ള ഏതെങ്കിലും ചാനല്‍ അടുപ്പില്‍ വച്ച് എല്ലാം കൂടി ഒന്ന് കൂടി ഇളക്കി എടുത്താല്‍ നന്നായി വെന്തു കൊള്ളും. ചാനല്‍ അടുപ്പില്‍ വയ്ക്കുമ്പോള്‍ കിടിലന്‍ എന്നും ന്യൂ ജനറേഷന്‍ എന്നും ഉള്ള കടുകട്ടി മന്ത്രം കൂടെ കൂടെ ഉരുവിട്ട് കൊണ്ടേ ഇരിക്കണം. ഇത് നിങ്ങളുടെ വിഭവം മറ്റുള്ളവര്‍ക്ക് ഇഷ്ടപ്പെടാന്‍ സഹായകമാകും.

നിതാഖാത്ത് എന്ന കടമ്പ.



നിതാഖാത്ത് എന്താണ്, സൌദിയിലെ ഇന്നത്തെ പ്രശ്നം എന്താണ്, മലയാളികള്‍ക്ക്‌ കൂട്ടത്തോടെ ജോലി നഷ്ടപ്പെടുന്നു എന്നിങ്ങനെയുള്ള ആശങ്കകള്‍ക്ക് ഒരു സൗദി നിവാസി എന്ന നിലയില്‍ എന്താണ് യഥാര്‍ത്ഥത്തില്‍ സംഭവിക്കുന്നത് എന്ന് എനിക്ക് പറയാന്‍ കഴിഞ്ഞേക്കും.

നിലവില്‍ ഉണ്ടായിരുന്ന നിയമ പ്രകാരം കമ്പനികളുടെ കാറ്റഗറി അനുസരിച്ച് നിശ്ചിത ശതമാനം സൌദികളെ നിര്‍ബന്ധമായും ജോലിക്ക് വയ്ക്കണം.... എന്‍റെ ഫീല്‍ഡ്‌ നിര്‍മ്മാണ മേഖലയാണ് അവിടെ ആറു ശതമാനം ആണ് നിഷ്കര്‍ഷിക്കുന്ന സൗദി സാന്നിദ്ധ്യം. അതായത്‌ നൂറു പേര്‍ ജോലി ചെയ്യുന്നു എങ്കില്‍ ആറു സൌദികളെ വയ്ക്കണം. എന്നാല്‍ ട്രേഡിംഗ് മേഖലയില്‍ ഇത് മുപ്പത്‌ ശതമാനമാണ്. അങ്ങനെ മേഖലകളുടെ അടിസ്ഥാനത്തില്‍ ഈ നിയമത്തിനു ഏറ്റകുറച്ചിലുകള്‍ ഉണ്ട്. ഈ നിയമം കഴിഞ്ഞ രണ്ടു വര്‍ഷമായി നിലവിലുണ്ട്. അത് വലിയ കമ്പനികള്‍ക്ക് മാത്രമായിരുന്നു ബാധകം. എന്നാല്‍ പുതിയ നിയമം അനുസരിച്ച് പത്തില്‍ താഴെയുള്ള ചെറുകിട കച്ചവടക്കാര്‍ക്കും അത് ബാധകമാക്കി. അതായത്‌ ഒന്നോ രണ്ടോ പേര്‍ ജോലി ചെയ്യുന്ന സ്റ്റെഷനറി കടകള്‍, ചെറിയ ഹോട്ടലുകള്‍ ഇവ ആ പരിധിയില്‍ വരും. ഈ മേഖലയില്‍ ആണ് കൂടുതല്‍ മലയാളികളും ജോലി ചെയ്യുന്നത്. അവിടെ ഒന്നോ രണ്ടോ സൌദികളെ ജോലിക്ക് വയ്ക്കുമ്പോള്‍ ഉണ്ടാകുന്ന അധിക സാമ്പത്തിക ബാദ്ധ്യത വഹിക്കാന്‍ സാധാരണക്കാര്‍ക്ക്‌ കഴിയില്ല. ഒരു സൗദിക്ക് മിനിമം മൂവായിരം റിയാല്‍ (ഇന്നത്തെ നിരക്ക് അനുസരിച്ച് ഏതാണ്ട് നാല്‍പ്പത്തി അയ്യായിരം രൂപാ)ആണ് ശമ്പളമായി നല്‍കേണ്ടത്. ഒരു നോണ്‍ ടെക്ക്നിക്കല്‍ മലയാളിയെയോ, ബംഗാളിയെയോ ജോലിക്ക് വച്ചാല്‍ പതിനയ്യായിരം രൂപാ മതി എന്ന സ്ഥാനത്താണ് ഈ അധിക ചെലവ്. തന്നെയുമല്ല നിലവില്‍ അങ്ങനെ ഒരു ഒഴിവ് ഇല്ലാത്തിടത്ത്‌ ഒരു ആവിശ്യവും ഇല്ലാതെ ഒരാളെ ജോലിക്ക് വയ്ക്കുകയാണ് എന്ന അസൗകര്യവും അവിടെയുണ്ട്. സൌദികളെ സംബന്ധിച്ച് അവര്‍ പൊതുവേ മടിയന്മാര്‍ ആണ് എന്നത് മാത്രമല്ല, മലയാളിയെ ഒക്കെ ബോസ്സ് ആയി അംഗീകരിച്ച് ജോലി ചെയ്യാന്‍ പൊതുവേ ഈഗോ പേറുന്ന സൌദികള്‍ സന്മനസ്സ് കാണിക്കാറും ഇല്ല.

നിതാഖാത്ത് നിയമ പ്രകാരം കമ്പനികളെ നാല് വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു. എക്സലന്‍റ്, പച്ച, മഞ്ഞ പിന്നെ ചുവപ്പ് എന്നീ വിഭാഗങ്ങള്‍ ആണ് അവ.... എക്സലന്‍റ് വിഭാഗത്തില്‍ പെടുന്ന കമ്പനികള്‍ ആവിശ്യത്തില്‍ അധികം സൌദികള്‍ ജോലി ചെയ്യുന്ന കമ്പനികള്‍ ആണ്. പച്ച വിഭാഗത്തില്‍ പെടുന്ന കമ്പനികളില്‍ സര്‍ക്കാര്‍ നിഷ്കര്‍ഷിച്ച ശതമാനം സൌദികള്‍ ജോലി ചെയ്യുന്ന കമ്പനികള്‍ ആണ്. ഈ രണ്ടു വിഭാഗത്തില്‍ പെടുന്ന കമ്പനികള്‍ക്ക്‌ സര്‍ക്കാര്‍ പല ആനുകൂല്യങ്ങളും നല്‍കുന്നു. അവര്‍ക്ക്‌ വിസ ഇഷ്ടം പോലെ ഇഷ്യൂ ചെയ്യുന്നു കൂടാതെ പല മേഖലകളിലും സബ്സിഡി, ജോലിക്ക് വയ്ക്കുന്ന സൌദികളുടെ ശമ്പളത്തിന്‍റെ പകുതി സര്‍ക്കാര്‍ നല്‍കുന്നു എന്നിങ്ങനെ പലവിധ ആനുകൂല്യങ്ങള്‍ കാറ്റഗറി അനുസരിച്ച് നല്‍കുന്നുണ്ട്... മഞ്ഞ വിഭാഗത്തില്‍ സൌദികള്‍ ജോലി ചെയ്യുന്നുണ്ടാവാം എന്നാല്‍ നിഷ്കര്‍ഷിച്ച ശതമാനം ഉണ്ടാവില്ല. ചുവപ്പ് വിഭാഗത്തില്‍ പെടുന്ന കമ്പനികളില്‍ തീരെ സൌദികള്‍ ഉണ്ടാവില്ല. ഇവര്‍ക്ക്‌ യാതൊരു വിധ ആനുകൂല്യങ്ങളും സര്‍ക്കാര്‍ ചെയ്യുകയില്ല, ഇവിടെ ജോലി ചെയ്യുന്ന തൊഴിലാളികളുടെ വിസ പുതുക്കി നല്‍കില്ല. അതായത്‌ ഈ രണ്ടു വിഭാഗത്തില്‍ പെടുന്ന കമ്പനികളുടെ പ്രവര്‍ത്തനങ്ങള്‍ ക്രമേണ മന്ദീഭവിച്ച് ഇത്തരം കമ്പനികള്‍ നാളെ ഇല്ലാതാവും. എന്നാല്‍ ഈ വിഭാഗക്കാര്‍ക്ക്‌ നിശ്ചിത ശതമാനം സൌദികളെ ജോലിക്ക് വച്ച് ഇതു സമയത്ത്‌ വേണമെങ്കിലും എക്സലന്‍റ്, പച്ച വിഭാഗത്തിലേക്ക്‌ പ്രവേശിക്കാം. ഈ വിഭാഗങ്ങളില്‍ പെടുന്ന സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടെ ഭാവി കമ്പനി മേധാവികളുടെ തീരുമാനം അനുസരിച്ചിരിക്കും. അവര്‍ തങ്ങളുടെ കമ്പനികള്‍ നിലനില്‍ക്കണം എന്ന ആഗ്രഹത്തില്‍ ആവശ്യമായ സൌദികളെ ഉള്‍പ്പെടുത്തി കമ്പനിയെ പച്ച, എക്സലന്‍റ് വിഭാഗത്തിലേക്ക്‌ മാറ്റുവാന്‍ ശുഷ്കാന്തി കാട്ടിയില്ലെങ്കില്‍ ക്രമേണ കമ്പനി കാലമൃത്യു വരിക്കും എന്ന കാര്യത്തില്‍ സംശയമില്ല. അതോടൊപ്പം ആ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക്‌ തൊഴില്‍ നഷ്ട്ടപ്പെടുകയും ചെയ്യും. പക്ഷെ അതും ഒറ്റയടിക്ക്‌ സംഭവിക്കുന്ന ഒന്നല്ല. തൊഴിലാളികളുടെ വിസ കാലാവധി തീരുന്ന മുറയ്ക്ക് അവര്‍ക്ക്‌ രാജ്യം വിട്ട് പോകേണ്ടി വരും. ഇനി ഈ വിഭാഗം കമ്പനികളില്‍ ജോലി ചെയുന്ന, രാജ്യത്ത്‌ തുടരാന്‍ താല്‍പ്പര്യമുള്ള തൊഴിലാളികള്‍ക്ക്‌ ചില ആനുകൂല്യങ്ങളും സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നു. മഞ്ഞ, ചുവപ്പ് വിഭാഗങ്ങളില്‍ പെടുന്ന കമ്പനികളില്‍ നിന്ന് ആ കമ്പനികളുടെ അനുവാദമോ, സമ്മതപത്രമോ കൂടാതെ തൊഴിലാളിയുടെ സ്വന്തം ഇഷ്ടപ്രകാരം എക്സലന്‍റ്, പച്ച വിഭാഗത്തിലേക്ക്‌ തൊഴിലാളികള്‍ക്ക്‌ സ്വയമേവ മാറാവുന്നതാണ്. ഈ മാറ്റം സാധാരണ ഗതിയില്‍ കമ്പനിയുടെ/സ്പോണ്സറുടെ അനുവാദത്തോടെ മാത്രം നടക്കുന്ന ഒന്നായിരുന്നു, പക്ഷെ ഈ ആനുകൂല്യം തൊഴിലാളിക്ക് നല്‍കുന്നത് ചുവപ്പ്, മഞ്ഞ വിഭാഗത്തില്‍പെട്ട കമ്പനികള്‍ക്ക്‌ ഒരു മുന്നറിയിപ്പും, ശിക്ഷയും എന്ന നിലയില്‍ കൂടിയാണ്. ഇതാണ് നിതാഖാത്ത് എന്ന നിയമത്തില്‍ വരുന്ന നിഷ്കര്‍ഷകള്‍.

ഇനി പൊടുന്നനവേ മാധ്യമങ്ങളില്‍ കൊട്ടിഘോഷിക്കപ്പെട്ട "സൌദിയില്‍ നിന്നും വിദേശികള്‍ തൂത്തെറിയപ്പെടുന്നു" എന്ന വാര്‍ത്തയുടെ ഉറവിടത്തിലെക്ക് കടക്കാം. ഫ്രീ വിസ നിര്‍ത്തലാക്കുന്നു എന്ന വാര്‍ത്തയാണ് അതില്‍ പ്രധാനം. അങ്ങനെ ഫ്രീ വിസ നിര്‍ത്തലാക്കപ്പെട്ടാല്‍ അത് ബാധിക്കുന്നത് ഇന്ത്യക്കാരെയാണ് പ്രത്യേകിച്ച് മലയാളികളെ ആണെന്ന ഒരു വാര്‍ത്തയും അതിനോട് ചേര്‍ത്ത്‌ വരുകയുണ്ടായി. എന്താണ് ഈ ഫ്രീ വിസ. സത്യത്തില്‍ അങ്ങനെ ഒരു വിസ നിലവില്‍ ഇല്ല. ഫ്രീ വിസ എന്നത് വിസ കച്ചവടക്കാര്‍ ചാര്‍ത്തി കൊടുത്ത ഒരു പേര് മാത്രമാണ്. എവിടെയും എളുപ്പത്തില്‍ പണം ഉണ്ടാക്കാനുള്ള കുറുക്കു വഴികളില്‍ മുന്‍പില്‍ നമ്മള്‍ മലയാളികള്‍ ആണെന്ന് അറിയുമല്ലോ. ഫ്രീ വിസ മേഖലയിലും സംഭവിച്ചത്‌ അത് തന്നെയാണ്. സൌദികളെ വിസ കച്ചവടം എന്ന കുറുക്കു വഴി പഠിപ്പിച്ച് കൊടുത്തത്‌ മലയാളികള്‍ ആണെന്ന് നിസംശയം പറയാം. ആയിരം റിയാല്‍ സര്‍ക്കാരില്‍ അടച്ചാല്‍ ഒരു കമ്പനി രെജിസ്റ്റര്‍ ചെയ്യാം. പിന്നെ ആ കമ്പനിയുടെ പേരില്‍ വിസ ഇറങ്ങുകയായി. ഒരു വിസയ്ക്ക് അടയ്ക്കേണ്ടത് രണ്ടായിരം റിയാല്‍ ആണ്. ഇത്തരത്തില്‍ ഇറങ്ങുന്ന വിസകള്‍ മലയാളി വിസകച്ചവടക്കാരുടെ ഒത്താശയിലും ആശീര്‍വാദത്തോടെയും ആണ് എന്നതാണ് പരമ പ്രധാനം. വിസ എടുക്കുന്ന കമ്പനികള്‍ക്ക്‌/സൗദിക്ക് അയാള്‍ ബാങ്കില്‍ അടച്ച പൈസക്ക്‌ പുറമേ ഒരു രണ്ടായിരം കൂടി അധികമായി നല്‍കി ഈ വിസകള്‍ ഇവര്‍ സ്വന്തമാക്കുന്നു. പിന്നെ ഇരകളെ തപ്പി ഇറങ്ങുകയായി. നാലായിരം റിയാല്‍ മാത്രം ചിലവാക്കിയ ഈ വിസകള്‍ ഒരു ഗള്‍ഫ്‌ സ്വപ്നം കണ്ടിരിക്കുന്ന സാധാരണക്കാരനായ ആവിശ്യക്കാരന്‍റെ കൈകളില്‍ എത്തുന്നത് പതിനയ്യായിരം മുതല്‍ ഇരുപതിനായിരം റിയാല്‍ വരെ ഈടാക്കിയാണ്.. (നിലവിലെ റേറ്റ് അനുസരിച്ച് ഒരു റിയാല്‍ = 14.50 രൂപാ) അതിനു പുറമേ വിമാന ചാര്‍ജും കൂടാതെ ട്രാവല്‍ ഏജന്‍സികളുടെ കഴുത്തറുപ്പന്‍ നിലപാടുകളും കൂടിയാവുമ്പോള്‍ ഏതാണ്ട് മൂന്നു ലക്ഷത്തില്‍ പരം ഇന്ത്യന്‍ രൂപാ ചിലവാക്കി ഒരുവന്‍ ഇവിടെ ഇറങ്ങുമ്പോള്‍ അവനെ കാത്തിരിക്കുന്നത് അനിശ്ചിതത്വങ്ങള്‍ ഒരു കാണാക്കടല്‍ മാത്രമാണ്. ഇവിടെ അവന് പേര് പറയാന്‍ ഒരു കമ്പനി ഇല്ല, അവിടെ ജോലി ഇല്ല, താമസ സൌകര്യങ്ങള്‍ ഇല്ല, മറ്റ് ആനുകൂല്യങ്ങള്‍ ഒന്നും തന്നെ ഇല്ല എന്ന് മാത്രമല്ല ഇക്കാമ, ലവി, സ്പോണ്സര്‍ഷിപ്പ് എന്നിങ്ങനെ വര്‍ഷാ വര്‍ഷം ഏതാണ്ട് പതിനായിരത്തോളം റിയാല്‍ കൂടുതല്‍ മുടക്കുകയും വേണം. വീട്ടിലെ പ്രാരാബ്ദങ്ങള്‍ക്കൊപ്പം ഇത്തരം വലിയ ബാദ്ധ്യത കൂടി പേറേണ്ടി വരുന്ന അവന്‍ ഏതെങ്കിലും സ്ഥാപനത്തില്‍ ജോലിക്ക് കയറേണ്ട ഗതികേടില്‍ എത്തിച്ചേരുന്നു. സൌദിയില്‍ വിദേശികള്‍ വന്നിറങ്ങിയ കാലം മുതല്‍ ഉണ്ടായ നിയമം ആണ് സ്വന്തം സ്പോണ്സര്‍ അല്ലെങ്കില്‍ അയാള്‍ നടത്തുന്ന സ്ഥാപനങ്ങളില്‍ അല്ലാതെ മറ്റൊരിടത്ത് ജോലി ചെയ്യാന്‍ പാടില്ല എന്നുള്ളത്. ഞാന്‍ മേല്‍ പറഞ്ഞ നിര്‍ഭാഗ്യവാന്മാര്‍ അത്തരത്തില്‍ ജോലി ചെയ്യുന്നവരാണ് താനും. സൌദിയില്‍ എത്തുന്ന ഏതാണ്ട് അന്‍പത് ശതമാനം ആളുകളും ഇത്തരം "ഫ്രീ" വിസകളില്‍ എത്തിപ്പെടുന്നവരാണ്. ഇപ്പോള്‍ സൗദി സര്‍ക്കാര്‍ മുന്‍പുണ്ടായിരുന്ന "ജോലി സ്വന്തം സ്പോണ്സര്‍ക്കൊപ്പം" എന്ന നിയമം കര്‍ക്കശമാക്കിയിരിക്കുന്നു എന്നതാണ് പുതിയ സംഭവ വികാസങ്ങള്‍ക്ക് തുടക്കം.

മുകളില്‍ ഫ്രീ വിസകളില്‍ ഇവിടെ എത്തുന്ന നിര്‍ഭാഗ്യവന്മാരെ കുറിച്ച് പറഞ്ഞു. എന്നാല്‍ ഇത്തരം ഒരു നിയമം ഉണ്ട് എന്നറിഞ്ഞിട്ടും മറ്റുള്ള സ്ഥാപനങ്ങളില്‍ ജോലി ചെയ്തുകൊണ്ട് ഫ്രീ വിസക്കാരെ നിയമിച്ച് വ്യാപാര സ്ഥാപനങ്ങളും മറ്റ് വന്‍കിട ബിസിനെസ്സ്‌ നടത്തുന്ന വമ്പന്മാരും ഉണ്ടാന്നതും ഓര്‍ക്കുക. ഈ സ്ഥാപനങ്ങള്‍ നടത്തുന്ന ആള്‍ ഒരുപക്ഷെ ഒരു കമ്പനി വിസയില്‍ വന്ന് ആ കമ്പനിയുടെ ഒരു നല്ല പോസ്റ്റില്‍ ജോലി ചെയ്യുന്നവന്‍ ആയിരിക്കാം. അയാള്‍ പുറത്തുള്ള ഒരു സൌദിയെ കണ്ടെത്തി ആ സൌദിയുടെ പേരില്‍ ഒരു സ്ഥാപനം തുടങ്ങുന്നു. പിന്നെ തന്‍റെ വിശ്വസ്ഥരായ ബന്ധുക്കളെയോ, സുഹൃത്തുക്കളെയോ ഫ്രീ വിസയില്‍ നാട്ടില്‍ നിന്ന് കൊണ്ട് വന്ന് സ്ഥാപനത്തില്‍ നിര്‍ത്തുന്നു. ഇവിടെ കാശ് മുടക്കിയിരിക്കുന്നത് ഒരാള്‍, സ്ഥാപനം വേറെ ഒരാളുടെ പേരില്‍, നില്‍ക്കുന്ന സ്റ്റാഫ്‌ പലരുടെ പേരില്‍ ഉള്ളത്‌. അതായത്‌ അടിമുടി അനധിക്രിതം. മിക്ക സ്ഥാപനങ്ങളിലും ഫ്രീ വിസക്കാര്‍ ധാരാളം. അങ്ങനെ നിയമം അനുശാസിക്കുന്ന തരത്തില്‍ അല്ലാത്തവ നിയമത്തിന്‍റെ പരിധിയില്‍ വരുത്തുവാനുള്ള നടപടികള്‍ മാത്രമാണ് സര്‍ക്കാര്‍ ഇപ്പോള്‍ ചെയ്തു കൊണ്ടിരിക്കുന്നത്. സൗദി എന്ന രാജ്യത്തിന്‍റെ തികച്ചും ആഭ്യന്തര കാര്യം. അതില്‍ നിയമപരം അല്ലാത്ത ഒന്നും അവര്‍ ചെയ്യുന്നില്ല. അത്തരം ഒരു സാഹചര്യത്തില്‍ നാം വിലപിച്ചിട്ടോ, നമ്മുടെ ഉന്നത സമിതി ഇവിടെ സന്ദര്‍ശിച്ചിട്ടോ എന്ത് കാര്യം. ഉന്നത സമിതി വന്ന് എന്താണ് അപേക്ഷിക്കാന്‍ പോകുന്നത്. നിയമ ലംഘനം നടത്താന്‍ ഞങ്ങളെ അനുവദിക്കണമെന്നോ? 

ഒരുകാര്യം സ്പഷ്ടമാണ്. നിയമ ലംഘകര്‍ ആണെങ്കില്‍ കൂടി ഫ്രീ വിസക്കാരെ പരിപൂര്‍ണമായി സര്‍ക്കാര്‍ ഒഴിവാക്കിയാല്‍ രാജ്യം തന്നെ സ്തംഭിച്ച് പോകുന്ന അവസ്ഥയില്‍ എത്തിച്ചേരും. നിര്‍മ്മാണ മേഖലയില്‍, ചെറുകിട സ്ഥാപനങ്ങളില്‍, കയറ്റി ഇറക്ക് മേഖലയില്‍ ശുചീകരണ മേഖലയില്‍ ഒക്കെ തന്നെയും സ്വന്തം വിസയില്‍ ഉള്ളവരേക്കാള്‍ കൂടുതല്‍ ഫ്രീ വിസയില്‍ ഉള്ളവര്‍ ആണ് ജോലി എടുക്കുന്നത്. പൊടുന്നനവേ ഈ മേഖലകളില്‍ നിന്ന് ആളുകള്‍ നിഷ്കാസനം ചെയ്‌താല്‍ രാജ്യം സ്തംഭിക്കും അതിന്‍റെ സാമ്പത്തിക സ്ഥിതി താഴേക്ക്‌ പതിക്കും. ദീര്‍ഘ വീക്ഷണം ഉള്ള ഭരണാധികാരികള്‍ ചെയ്യേണ്ടത്‌ സ്വന്തം ജനതയെ ആദ്യം വിദ്യാഭ്യാസ പരമായ ഉന്നതികളില്‍ എത്തിക്കുക എന്നതാണ്. നിര്‍ഭാഗ്യം എന്ന് പറയട്ടെ കച്ചവടത്തിനും അധ്വാനത്തിനും പേരുകേട്ട സൗദി/അറബ് ജനതയുടെ പുതു തലമുറക്കാരില്‍ വിദ്യാഭ്യാസപരമായി ഉന്നതിയില്‍ ഉള്ളവര്‍ തുലോം കുറവാണ് തന്നെയുമല്ല പഴയ പ്രതാപത്തിന്‍റെ പൊട്ടക്കിണറ്റില്‍ കിടക്കുന്ന ജനത അധ്വാനം ഒരു മഹാപരധമായി കാണുകയും ചെയ്യുന്നു. നിതാഖാത്ത് കാര്യക്ഷമമായി നടപ്പാക്കാന്‍ ഭരണാധികാരികള്‍ തങ്ങളുടെ ഉരുക്കുമുഷ്ടി സ്വകാര്യ സ്ഥാപനങ്ങളുടെ മുകളില്‍ പ്രയോഗിക്കാതെ സ്വന്തം ജനതയെ അധ്വാനത്തിന്‍റെ വില എന്താണെന്ന് പഠിപ്പിക്കാനും അവരെ തങ്ങള്‍ നിയോഗിക്കപെട്ടിരിക്കുന്ന ജോലികളില്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ ഉള്ള മാനസിക തയ്യാറെടുപ്പ്‌ നല്‍കുകയുമാണ് ചെയ്യേണ്ടത്‌. ഇന്ന് നിതാഖാത്ത് നടപ്പാക്കിയ സ്ഥാപനങ്ങളില്‍ പലതും തങ്ങളുടെ കീഴില്‍ ജോലി ചെയ്യുന്ന സൗദി പൌരന്മാരോട് മാസത്തിന്‍റെ അവസാനം വന്ന് നിഷ്കര്‍ഷിച്ചിരിക്കുന്ന ശമ്പളം വാങ്ങി പൊയ്ക്കോളൂ എന്ന് പറയണ്ട അവസ്ഥയില്‍ ആണ് കാര്യങ്ങള്‍ പൊയ്ക്കൊണ്ടിരിക്കുന്നത്. അതായത്‌ നിങ്ങള്‍ ജോലി ചെയ്യേണ്ടതില്ല, പക്ഷെ ശമ്പളം വാങ്ങിക്കോളൂ എന്ന് ചുരുക്കം. ഇന്ന് അത്തരത്തില്‍ ശമ്പളം പറ്റുന്ന ലക്ഷ കണക്കിന് സൌദികള്‍ ഉണ്ട് എന്നതാണ് വിചിത്രമായ അവസ്ഥ. സൌദികള്‍ ജോലി ചെയ്യുന്നതിനേക്കാള്‍ സ്ഥാപനത്തിന് നന്മ അവര്‍ക്ക്‌ അല്പം ശമ്പളം വെറുതെ കൊടുക്കേണ്ടി വന്നാലും ജോലി ചെയ്യാതിരിക്കുന്നതാണ് എന്ന് ചുരുക്കത്തില്‍ വിവക്ഷിക്കാം. ഇത്തരം അവസ്ഥ പൊതുവേ അലസമതികളായ യുവ സൗദി ജനതയെ വീണ്ടും അലസതയിലെക്ക് തള്ളിയിടാനെ ഉതകൂ.

ചുരുക്കത്തില്‍ നിതാഖാത്ത്, ഫ്രീ വിസ വിഷയങ്ങള്‍ നിയമപരമായി ശരി ആണെങ്കിലും ദീര്‍ഘവീക്ഷണം ഇല്ലാതെ പൊടുന്നനവേ അത്തരം നിയമങ്ങള്‍ എടുത്ത്‌ പ്രയോഗിക്കുന്നത് ജനതയെയും, സര്‍ക്കാരിനെയും പിന്നോട്ട് അടിക്കാനെ ഉതകൂ എന്ന് സ്പഷ്ടം. അതിനാല്‍ തന്നെ പ്രായോഗിക തലത്തില്‍ ഇതിന്‍റെ ദോഷവശങ്ങള്‍ വരുമ്പോള്‍ സര്‍ക്കാരിന് പുനരവലോകനം ചെയ്തെ മതിയാകൂ. അല്ലങ്കില്‍ അടുത്ത രണ്ടു മൂന്നു വര്‍ഷത്തിനുള്ളില്‍ രാജ്യം സാമ്പത്തിക പരമായും, സാമൂഹികപരമായും പിന്നോട്ട് അടിക്കപ്പെട്ടെക്കാം.

Thursday, January 17, 2013

ആതുരസേവനത്തിലെ അഭിനവപ്രവാചകന്മാര്‍

ഈ അടുത്തിടെ സൗദി അറേബ്യയുടെ വ്യത്യസ്ഥ നഗരങ്ങളില്‍ നടന്ന, വ്യത്യസ്ഥമായ രണ്ട് അനുഭവങ്ങളാണ് ഈ കുറിപ്പിന്നാധാരം... നവയുഗ ആതുരസേവന കച്ചവട സാമ്രാട്ടുകളുടെ വാക്ക്‌ - പ്രവര്‍ത്തി വ്യത്യാസങ്ങളുടെ നേരിട്ടുള്ള അനുഭവത്തിന്‍റെ വെളിച്ചത്തില്‍ ഇത് എഴുതുന്നത് അവരെയോ മറ്റാരെയെങ്കിലുമോ വെല്ലുവിളിക്കാനോ യുദ്ധം പ്രഖ്യാപിക്കാനോ വേണ്ടിയല്ല എന്ന് ആദ്യമെ അറിയിക്കുന്നു... മറിച്ച് ആതുരസേവനത്തിന്‍റെ തലതോട്ടപ്പന്മാരുടെ മാന്യതയുടെ കറുത്ത കോട്ടിനുള്ളിലെ ഇരുണ്ട  ഹൃദയത്തിലേക്ക്‌ ഒരു സൂചിദ്വാരത്തിലൂടെ എങ്കിലും കടന്നു പോകുന്ന അത്രയും  വെളിച്ചം കടത്താന്‍ ഈ കുറിപ്പിന് കഴിഞ്ഞിരുന്നു എങ്കില്‍ എന്ന ആത്മാര്‍ഥമായ പ്രാര്‍ത്ഥന മാത്രം...

ഞാന്‍ ഈ വിഷയം സംഭവകഥകളുടെ ഉപോല്‍ബലകത്തിലൂടെ അല്ലാതെ ഒരുപക്ഷെ ഇവിടുത്തെ കറുത്ത കോട്ടിട്ട ആതുരാലായ വ്യവസായ പ്രമുഖന്മാരുടെ മുന്നിലേക്കിട്ടാല്‍ അവര്‍ പുറംകാലുകൊണ്ട് ഒരു തട്ടുതട്ടി എന്നോട് തട്ടിക്കയറിയെക്കാം....  അങ്ങനെയൊന്നും സംഭവിച്ചില്ല എന്ന്‍ നാലുപേരുടെ മുന്നില്‍ വച്ച് പുലമ്പിയേക്കാം.... കാരണം കിട്ടാവുന്ന വേദികളില്‍ എല്ലാം കയറി തങ്ങളുടെ വിദൂര സ്വപ്നങ്ങളിലോ ചിന്തകളിലോ പോലുമില്ലാത്ത ആതുരസേവന മഹത്വം ഉപ്പും മുളകും ചേര്‍ത്ത് തട്ടുന്ന ഈകൂട്ടര്‍ക്ക് മറിച്ച് പറയുന്നതിലോ, പ്രവര്‍ത്തിക്കുന്നതിലോ ഉളുപ്പുണ്ടാവില്ല എന്ന്‍ സുവ്യക്തം.... ഇത്തരക്കാരുടെ കയ്യില്‍ നിന്ന് അഞ്ഞൂറോ ആയിരമോ വാങ്ങി തങ്ങളുടെ വേദികളില്‍ കയറ്റി നട്ടാല്‍ മുളയ്ക്കാത്ത നുണ പറയിപ്പിക്കാന്‍ അനുവദിക്കുന്ന ചില നപുംസക സംഘടനകളും ഇത്തരം മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് പരോക്ഷമായി കുടപിടിക്കുന്നു എന്ന് ചേര്‍ത്ത്‌ പറയുന്നതില്‍ അതിയായ വിഷമം ഉണ്ട്..... ഇനി സ്വയം കാശ് മുടക്കി പ്രാഞ്ചിയെട്ടന്‍ ആവാനും മാത്രം പോത്തിന്‍റെ തൊലിക്കട്ടിയുള്ള മുതലാളി പ്രമുഖരും ഈ കൂട്ടര്‍ക്ക് ഇടയിലുണ്ട് എന്നതാണ് അപഹാസ്യമായ മറ്റൊരു വസ്തുത..... സംഗതി എങ്ങനെയൊക്കെ ആയാലും വേദി കിട്ടിക്കഴിഞ്ഞാല്‍ പിന്നെ കത്തി കയറലായി..... അവിടെ മുഴങ്ങുന്നത് "ഞാന്‍.... ഞാന്‍" വെറും ഞാന്‍ മാത്രം...... താറില്ലാത്ത ഓണാട്ടുകര ഓമനയെ താറുടുപ്പിച്ചത് മുതല്‍ സ്വന്തം മകന്‍റെ പല്ലിന്‍റെ ഇടയില്‍ കുടുങ്ങിയ ചിക്കന്‍ ചാപ്സ് നഖം വച്ച് എടുത്ത കണക്ക്‌ വരെ ലിസ്റ്റില്‍ എഴുതി വച്ച് ആതുരസേവനത്തിന്‍റെ അഭിനവ പ്രവാചകന്മാര്‍ ആകുന്നു ഈ കൂട്ടര്‍.... അതിന് ഉപോല്‍ബലകമായി വരുന്നവരും പോകുന്നവരും കണ്ട് കോള്‍മയിര്‍ കൊള്ളാന്‍ പാകത്തില്‍ സ്വന്തം സ്ഥാപനത്തിന്‍റെ പൂമുഖത്തെ കണ്ണാടി കൂട്ടില്‍ കോട്ടിട്ട മുതാലാളി ആഫ്രിക്കക്കാരെയും ചേര്‍ത്ത്‌ പിടിച്ച് നില്‍ക്കുന്ന കുറെ വര്‍ണചിത്രങ്ങളും ഉണ്ടാവും.... സംഗതി എന്ത് തന്നെ ആയാലും ഇവര്‍ വെറും കച്ചവടക്കാര്‍ മാത്രം ആണെന്നും വേദികളില്‍ കയറി ശൂന്യതയിലേക്ക് വെടിവച്ച്  നമ്മുടെയൊക്കെ മുന്നിലേക്ക്‌ ഇടുന്നത് അര്‍ത്ഥമില്ലാത്ത വെറും പാഴ്വാക്കുകള്‍ ആണെന്നും തെളിയിക്കുന്ന രണ്ട്‌ സംഭവങ്ങള്‍ ഞാന്‍ ഇവിടെ വിവരിക്കാം...

ആദ്യ സംഭവം റിയാദില്‍ ആണ്.... ജോലിയുടെ ആവിശ്യാര്‍ത്ഥം റിയാദ്‌ സന്ദര്‍ശിക്കവേ വളരെ വേദനാജനകമായ ഒരു സംഭവത്തിന് സാക്ഷി ആവേണ്ടി വന്നതിന്‍റെ നടുക്കം ഇനിയും എന്നില്‍ നിന്ന് വിട്ടുമാറിയിട്ടില്ല.... താമസിക്കുന്ന ഹോട്ടലില്‍ നിന്നും പ്രഭാതഭക്ഷണത്തിനായി പുറത്തേക്ക് പോകുന്നതിനിടയില്‍ ആണ് റിയാദ്‌ ബത്തയിലെ ഒരു പ്രമുഖ ആതുരാലയത്തിനു മുന്നിലായി ഈ ഫോട്ടോയില്‍ കാണുന്ന കാഴ്ച ഞാന്‍ കാണുന്നത്.....


അടുത്ത് ചെന്നപ്പോള്‍ ഏതാനും ചില മലയാളി മുഖങ്ങള്‍.... അതിന്‍റെ നടുക്ക് തികച്ചും ദയനീയമായ അവസ്ഥയില്‍ മൃതപ്രായനായ ഒരാള്‍.... അയാള്‍ പൊട്ടിക്കരയുകയായിരുന്നു... ഒപ്പം കൂടെയുള്ള രണ്ട്‌ പേരും..... മലമൂത്ര വിസര്‍ജ്ജനതിനു മാറ്റ് മാര്‍ഗ്ഗങ്ങള്‍ ഇല്ലാതായപ്പോള്‍ അത് അയാള്‍ കിടക്കുന്ന വെളുത്ത കിടക്ക വിരിയെയും സമീപ പ്രദേശങ്ങളെയും മലീസവും ദുര്‍ഗന്ധപൂരിതവും ആക്കിയിരുന്നു.... അയാളുടെ മുഖത്ത് വേദനയെക്കാള്‍ പ്രതിഫലിച്ച് കണ്ടത്‌ സ്വന്തം മലത്തില്‍ കിടന്ന്‍ ഉരുളേണ്ടി വരുന്ന ഒരു അഭിമാനിയുടെ നിസ്സഹായതയായിരുന്നു.... ആകാംഷകൊണ്ട് അടുത്ത് നില്‍ക്കുന്ന ഇനിയും കരുണ വറ്റാത്ത "മലയാളി ജന്തുക്കള്‍" ഉണ്ടന്ന് സമൂഹത്തെ ബോധിപ്പിക്കാനായി എങ്കിലും കാവല്‍ നില്‍ക്കുന്ന ഒരാളോട് ഞാന്‍ വിവരം തിരക്കി..... അപ്പോഴാണ്‌ ഞെട്ടിക്കുന്ന വാര്‍ത്ത അറിഞ്ഞത്.... "മനുഷ്യനായി എന്തിനീ മണ്ണില്‍ പിറന്നു" എന്ന് എന്നോട് പലവുരു ചോദിച്ചു ഞാന്‍... അത്ര നികൃഷ്ടമായ സാഹചര്യങ്ങളില്‍ കൂടി കടന്ന് വന്ന്‍ ഒടുവില്‍ അഭയം കിട്ടിയത്‌ നമ്മുടെ മലയാളി മഹാന്‍ നടത്തുന്ന പ്രശസ്ത സ്ഥാപനത്തിന്‍റെ വരാന്തയില്‍..... അതും മഹാനായ ആ "കാരുണ്യ" സേവകനോ അവന്‍റെ സേവനത്വരരായ ജീവനക്കാരോ അനുവദിച്ചിട്ടല്ല, മറിച്ച് കൂടെ നിന്നവര്‍ക്ക് മറ്റു മാര്‍ഗങ്ങള്‍ ഇല്ലാത്തതിനാല്‍ അങ്ങനെ സംഭവിച്ച് പോയതാണെന്നും നമ്മുക്ക് ഇതിനോട് ചേര്‍ത്ത്‌ വായിക്കാം....

നാല് നില കെട്ടിടത്തിലെ എ സി ഷാഫ്റ്റില്‍ കൂടി താഴെ വീണ ഇദ്ദേഹത്തിന്‍റെ രണ്ടു കാലുകളും ഏതാണ്ട് പൂര്‍ണമായും തകര്‍ന്ന നിലയില്‍ ആയിരുന്നു....  അന്‍പത് പൈസ പോലും വിലയില്ലാത്ത ഒരു വേദന സംഹാരി ഗുളിക മനുഷ്യത്ത്വത്തിന്‍റെ പേരില്‍ ആവിശ്യപ്പെട്ടിട്ട് നല്‍കാന്‍ പോലും ആ സ്ഥാപനത്തിലെ ജീവനക്കാര്‍ തയ്യാറായില്ല എന്ന്‍ പറയുമ്പോള്‍ ലജ്ജിക്ക് മലയാളമേ എന്ന് ഉറക്കെ വിളിച്ച് കൂവാന്‍ തോന്നി എനിക്ക്.... സ്ഥാപനത്തില്‍ അതിനുള്ള സൌകര്യങ്ങള്‍ ഇല്ല എന്ന്‍ മണിക്കൂറുകള്‍ക്ക് ശേഷം അറിയിപ്പ്‌ വന്നു.... എങ്കില്‍ നിങ്ങള്‍ ആംബുലന്‍സ്‌ തരൂ എന്ന്‍ ഞങ്ങളില്‍ ചിലര്‍.... പക്ഷെ അവിടെയും അവരുടെ ആശുപത്രി നിയമങ്ങള്‍, ചട്ടങ്ങള്‍.... ചില നപുംസകങ്ങള്‍ സംഘടന എന്ന പേരില്‍ ഹൃസ്വസന്ദര്‍ശനം.... ഒടിഞ്ഞു കിടക്കുന്നവന്‍റെ  കാലിന്‍റെ അവസ്ഥയും പോയിരിക്കുന്ന മലത്തിന്‍റെ അളവെടുക്കാനും "തുണി പൊക്കി നോക്കി" സായൂജ്യമടയല്‍.... പിന്നെ അടുത്ത് നില്‍ക്കുന്ന ബന്ധുക്കള്‍ക്കും ഞങ്ങളില്‍ ചിലര്‍ക്കും കച്ചടപ്പെട്ടിക്ക് സമാനമായ വായ കൊണ്ട് തുപ്പല്‍ ഉപദേശവര്‍ഷം...... ഒരു ഫോട്ടോ സെഷന് സാദ്ധ്യത ഇല്ല എന്ന് മനസ്സിലാക്കുമ്പോള്‍ ഏതാനും സെക്കന്‍റകള്‍ക്കുള്ളില്‍ മൊബൈലിലേക്ക് വന്ന ഇല്ലാത്ത കോളുകള്‍ക്ക് മറുപടി കൊടുത്തു കൊണ്ട്  അടുത്തുള്ള  തൂണിന്‍റെ മറവിലെക്കും അവിടെ നിന്ന് ശൂന്യതയിലേക്കും മറഞ്ഞ് നമ്മുടെ രാഷ്ട്രീയം ഒരു മാജിക്ക്‌ കൂടി ആണെന്ന് അടിവരയിട്ടെഴുതി അവര്‍.... എന്തിനേറെ പറയുന്നു ആ പാവം  മനുഷ്യന് ഇതെഴുതുമ്പോഴും നീതി കിട്ടിയിട്ടില്ല.... അയാള്‍ ഒടിഞ്ഞ് നുറുങ്ങിയ കാലുകളുമായി പല ആശുപത്രികളെയും സമീപിച്ചു.... ആരില്‍ നിന്നും അയാള്‍ക്ക് ഒരുവിധത്തിലുള്ള സഹായവും കിട്ടിയിട്ടില്ല.... സ്പോണ്‍സറുടെ ചതിയിലൂടെ "ഇക്കാമ" എന്ന വസ്തു ഇതുവരെ കണ്ടിട്ടില്ലാത്ത ഈ മനുഷ്യന്, ഇന്നും എംബസ്സിയുടെ ഒരു ഔട്ട്പാസ്സിനായി  കാത്തിരിക്കുന്ന അയാള്‍ക്ക് ഇനി ഒരു ജീവിതം ഉണ്ടോ എന്ന്‍ മനുഷ്യസ്നേഹം അല്‍പ്പം എങ്കിലും ഉള്ളില്‍ ബാക്കി ഉണ്ടങ്കില്‍ ഒന്ന് ചിന്തിച്ച് നോക്കൂ..... ആശുപത്രിയുടെ തണുപ്പുള്ള വരാന്തയില്‍ നിന്ന് ബത്തയിലെ രാഷ്ട്രീയമില്ലാത്ത ഏതാനും ചില കാരുണ്യ പ്രവര്‍ത്തകര്‍ ചേര്‍ന്ന് കണ്ടെത്തിയ ഒരു മുറിയില്‍ ഇപ്പോഴും ദുരിതപൂരണമായ തന്‍റെ ജീവിതം തള്ളി നീക്കുന്നു ആ പാവം മനുഷ്യന്‍......

മേല്‍പറഞ്ഞത്‌ ഊരും പേരും അറിയാത്ത എന്നാല്‍ ഭാഷകൊണ്ട്  ഇന്ത്യക്കാരന്‍ എന്ന്‍ ഉറപ്പിച്ച് പറയാവുന്ന ഒരു സാധാരണ കെട്ടിട തൊഴിലാളിയുടെ അവസ്ഥ.... "ഊരുപേരും ഇല്ലാത്തവനെ എന്തിന്‍റെ പേരില്‍ ചികിത്സിക്കും, പരിഗണിക്കും"... "നിങ്ങള്‍ പറയുന്ന ആതുരസേവന മുതലാളി മാരുടെ സ്ഥാനത്ത്‌ നിങ്ങള്‍ ആയിരുന്നു എങ്കില്‍ ചെയ്യുമായിരുന്നോ".... എന്നിങ്ങനെ നൂറു ചോദ്യങ്ങള്‍ ഞാന്‍ പ്രതീക്ഷിക്കുന്നു.... അതിനാണ്ഇവിടെ ഞാന്‍ നേരിട്ട് അനുഭവിച്ച രണ്ടാമത്തെ സംഭവത്തിന്‍റെ പ്രസക്തി.....

രണ്ടാമത്തെ സംഭവം നടക്കുന്നത് എന്‍റെ തട്ടകമായ ജിദ്ദയില്‍ തന്നെ..... ഇവിടെ രോഗാതുരനായി ഉള്ളത് എന്‍റെ പ്രിയ സുഹൃത്ത്.... അയാള്‍ അയാള്‍ക്ക്ചുറ്റും സേവനത്വരയോടെ നില്‍ക്കുന്ന നൂറ് കണക്കിന് ചെങ്ങാതിമാര്‍.....  സേവന സന്നദ്ധമായ സൌദിയിലെ പ്രശസ്ത കമ്പനി മാനേജ്മെന്‍റ്..... അവരില്‍ പലരും  ആശുപത്രി മുതലാളി മുതല്‍ താഴോട്ട് തൂപ്പുകാരന് വരെ പരിചിതമായ മുഖങ്ങള്‍..... പക്ഷെ മരണക്കിടക്കയില്‍ കിടന്ന എന്‍റെ സുഹൃത്തിന് ആശുപത്രിയിലെ ഒരാളില്‍ നിന്നും നീതി കിട്ടിയില്ല എന്ന് മാത്രമല്ല, എന്ത് പ്രതിസന്ധികളെയും സ്വന്തം പേരില്‍ ഏറ്റെടുക്കാം എന്നും അതിനു ഏതു കടലാസില്‍ വേണമെങ്കിലും ഒപ്പിട്ട് തരാമെന്നും പറഞ്ഞിട്ടും തങ്ങള്‍ക്ക് കിട്ടിയ ഒരു "ചാകര" വിട്ട് തരാന്‍ ജിദ്ദയിലെ ഈ പ്രമുഖ മലയാളി സ്ഥാപനം കാട്ടിയ നാറിയ കളികള്‍ ചരിത്രത്തില്‍ തീര്‍ച്ചയായും സ്ഥാനം പിടിക്കേണ്ടവയാണ്.... സംഭവം ഇങ്ങനെ....

അതി കലശലായ നെഞ്ച് വേദനയെ തുടര്‍ന്ന്‍ എന്‍റെ പ്രിയ സുഹൃത്തിനെ ആതുര സേവനത്തിന്‍റെ അവസാനവാക്കായ ജിദ്ദയിലെ പ്രമുഖ മലയാളി സ്ഥാപനത്തില്‍ പ്രവേശിപ്പിക്കുന്നു.... പ്രാഥമികമായ വിലയിരുത്തലുകള്‍ക്കൊടുവില്‍ "അത്യധുനിക സംവിധാനമുള്ള" ഐ സി യു യൂണിറ്റില്‍ പ്രവേശിപ്പിക്കുന്നു...... ആ സംവിധാനത്തിന്‍റെ ആധുനികത വാഴ്ത്തപ്പെടെണ്ടത് തന്നെയാണ്.... സാധാരണ ഒരു മുറിയിലേക്ക്‌ കടക്കുന്നതിനേക്കാള്‍ എളുപ്പത്തില്‍ എത്രപേര്‍ക്ക് വേണമെങ്കിലും കടന്ന് ചെല്ലാം എന്നതാണ് ആദ്യത്തെ പ്രത്യേകത..... ചിരിച്ചും കളിച്ചും സല്ലപിച്ചും നെഴ്സുമ്മാര്‍ ഇതാണോ 'വല്യകാര്യം ചേട്ടാ' എന്ന മുഖഭാവവുമായി നമ്മളെ ഓരോരുത്തരെയും സ്വീകരിക്കുന്നു..... സ്ഥാപനത്തില്‍ വന്നപ്പോള്‍ മുതലാളി എടുത്തു കളഞ്ഞതാണോ, അതോ മെഡിക്കല്‍ പഠനത്തിന് ശേഷം അവര്‍ സ്വയം എടുത്തു കളഞ്ഞതാണോ എന്ന് അറിയില്ല, ഹൃദയത്തിന്‍റെ സ്ഥാനത്ത്‌ കരിങ്കല്ല് പോലും ഇല്ലാത്ത ഒരു വനിതാ  കാര്‍ഡിയോളജിസ്റ്റ്‌..... തന്‍റെ മുന്നില്‍ വന്ന് നില്‍ക്കുന്നവര്‍ എല്ലാം തന്‍റെ എച്ചില്‍പട്ടികള്‍ ആണെന്ന മുഖഭാവവുമായി ഒരു ഇന്‍ഷുറന്‍സ്‌ ഓഫീസര്‍.... അവന്‍റെ പേരോ ലോകം മുഴുവന്‍ ധര്‍മ്മത്തിനും നീതിക്കും വേണ്ടി പൊരുതിയ 'കൃഷ്ണഭഗവാന്‍റെ' പര്യായ പദവും...... അവന്‍റെ ആംഗലേയ ഭാഷയുടെയും, ദേശഭാഷയുടെയും ചാതുര്യം അറിയിക്കാനാവും മുന്നില്‍ നില്‍ക്കുന്നവരെ എല്ലാം ഇടയ്ക്കിടെ പുച്ഛത്തോടെ നോക്കി ഫോണില്‍ സ്ഥിരമായി പെറ്റുകിടക്കുന്നു ഈ മഹാന്‍..... തുറന്ന് പറയാമല്ലോ മാനേജര്‍ മുതല്‍ തൂപ്പുകാരന്‍ വരെ ചെല്ലുന്നവരെ എല്ലാം സമീപിക്കുന്നത് ഒരു "കാറ്റില്‍ ക്ലാസ്‌" സമീപന രീതിയില്‍.... സാധാരണക്കാരന് പോലും മനസ്സിലാകും കിടക്കുന്ന മനുഷ്യന് പ്രാഥമിക ശ്രുശ്രൂഷ നല്‍കിയില്ലെങ്കില്‍ മരണം സുനിശ്ചിതം എന്ന്.... പക്ഷെ അത് സ്ഥാപനത്തില്‍ ഒരാള്‍ക്കും മനസ്സിലാകുന്നില്ല എങ്കില്‍ അതിന്‍റെ അര്‍ഥം മറ്റൊന്നും അല്ല.... "ദീപസ്തംഭം മഹാശ്ചര്യം നമ്മുക്കും കിട്ടണം പണം" എന്ന ഏറ്റവും സാധാരണ അര്‍ഥം മാത്രം..... ചെല്ലുന്നവന്‍ കാലപുരി പുല്‍കിയാലും കുഴപ്പമില്ല, അത്രയും നേരത്തെ ചികില്‍സാ ചീട്ടില്‍ ഉള്ളതും ഇല്ലാത്തതും കുത്തി നിറച്ച് അങ്ങ് മുകളില്‍ ഇരിക്കുന്ന ഇന്‍ഷുറന്‍സ്‌ മേലാളന്മാര്‍ക്ക് അയക്കുമ്പോള്‍ ലഭിക്കുന്ന നോട്ടില്‍ മാത്രം കണ്ണുനട്ടുള്ള ഒരു "സിമ്പിള്‍ പണി"..... ഭാഗീരഥ പ്രയഗ്നങ്ങള്‍ക്കൊടുവില്‍ ഉച്ചക്ക്‌ മൂന്നു മണിക്ക് പ്രവേശിച്ച മരണാസനനായ ചെങ്ങാതിയെ രാത്രി പതിനൊന്ന് മണിക്ക്  വിട്ട് കിട്ടുമ്പോള്‍ അവര്‍ കാണിച്ചിടത്തെല്ലാം "വായിച്ച് നോക്കി എല്ലാം മനസ്സിലായിട്ടാണോ ഒപ്പിടുന്നെ" എന്ന പരിഹാസം ശ്രവിച്ച് കൊണ്ട് തന്നെ ഒപ്പിട്ട് നല്‍കേണ്ടി വന്നു..... ഏറ്റവും ഒടുവില്‍ മരണത്തോട് മല്ലടിക്കുന്ന എന്‍റെ ചെങ്ങാതിയെ അത്യാധുനിക സൌകര്യമുള്ള മൂന്നു ആംബുലന്‍സുകള്‍ക്ക് മുന്നിലൂടെ ഒരു ചെറിയ കാറില്‍ കുത്തി നിറച്ച് പത്ത്‌ മിനിറ്റ് ദൂരദൈര്‍ഘ്യമുള്ള  മറ്റൊരു ആശുപത്രിയിലേക്ക്‌ കൊണ്ടുപോകുമ്പോള്‍ ഞങ്ങള്‍ക്ക്‌ ദൈവം മാത്രമായിരുന്നു തുണയായി..... ആശുപത്രിയിലേക്കുള്ള യാത്രാ മദ്ധ്യേ പ്രഷര്‍ കുറഞ്ഞത് അന്‍പതിലേക്ക്, അവിടെ ചെല്ലുമ്പോള്‍ ഏറ്റവും അത്യാസന്ന നിലയിലായിരുന്നു അദ്ദേഹം......  ബ്രിട്ടനില്‍ വെക്കേഷന് പോയ അത്യാധുനിക ഭിഷഗ്വരനെ നിര്‍ബന്ധപൂര്‍വ്വം വിളിച്ച് വരുത്തി അടുത്ത ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ "ഓപ്പണ്‍ ഹാര്‍ട്ട് സര്‍ജറി" നടത്താന്‍ മാത്രം ഭീകരാവസ്ഥയില്‍ ഉണ്ടായിരുന്ന എന്‍റെ സുഹൃത്തിന് പ്രാഥമിക ശ്രുശ്രൂഷപോലും നല്‍കാതെ മരണത്തിന്‍റെ പടിവരെ എത്തിച്ച എന്‍റെ പ്രിയ മലയാളി സാമൂഹിക പ്രവര്‍ത്തക മുതലാളിയോട് ഒരു ഓര്‍മ്മപ്പെടുത്തല്‍.... ജിദ്ദയിലെ മലയാളി സമൂഹത്തിന്‍റെ പിച്ച ചട്ടിയില്‍ കൈ ഇട്ടാണ് താങ്കള്‍ ഈ നിലയില്‍ എത്തിയത്‌.... ദിവസവും രാവിലെ താങ്കളുടെ പൂര്‍വ്വകാലത്തിലെക്ക് ഒന്ന് തിരിഞ്ഞു നോക്കുക..... അവിടെ മെഴ്സിഡിസ് ബെന്‍സും, റാന്‍ മൂളാന്‍ ആയിരം പേരും ഉണ്ടായിരുന്നില്ല എന്നും ഓര്‍ക്കുക.... ദൈവം കൈമെയ്‌ മറന്ന്‍ താങ്കളെ കനിഞ്ഞത് അഹങ്കരിക്കാനല്ല, മറിച്ച് ആലംബര്‍ക്ക് താങ്കളിലൂടെ അല്‍പ്പം നീതി കിട്ടും എന്ന പ്രതീക്ഷയോടെ ആവാം..... ദൈവത്തെ തിരികെ പരീക്ഷിക്കാന്‍ നില്‍ക്കരുതെ മഹാനായ മലയാളീ!!!!  ദൈവം തിരികെ തരുന്ന "പണി" ഒരു പക്ഷെ താങ്കള്‍ക്ക് താങ്ങാന്‍ കഴിയുന്നതിനും അപ്പുറമാവും.... ഓര്‍ക്കുക വല്ലപ്പോഴും......

മുകളില്‍ ഞാന്‍ വിവരിച്ച രണ്ട് വ്യത്യസ്ഥ അനുഭവങ്ങള്‍ എന്‍റെ നേര്‍ അനുഭവങ്ങളാണ്.... ഇതിലും എത്രയോ ഭീകരമായിരിക്കും ആവതില്ലാത്ത, ആരും ചോദിക്കാനും പറയാനും ഇല്ലാത്ത സാധാരണക്കാര്‍ ദിനേന അനുഭവിക്കേണ്ടി വരുന്നത്....ജോലിക്കാര്‍ കാട്ടിയ ക്രൂരത എന്നൊക്കെ പറഞ്ഞ് ഇതിനെ മുതലാളിക്ക് കൈഒഴിയാം.... പക്ഷെ ഒരു സ്ഥാപനം എങ്ങനെ ആയിരിക്കും അതിന്‍റെ ഉപഭോക്താക്കളോട് പെരുമാറുന്നത് എന്ന്‍ അറിയാന്‍ അതിന്‍റെ ഉടമയോട് ഒരു മിനിറ്റ് സംസാരിച്ചാല്‍ മതി.... അതായത്‌ ഉടമകളുടെ അടിമകള്‍ ആണ് ജോലിക്കാര്‍... അവരുടെ ഹൃദയം എടുത്ത്‌ മാറ്റി അവിടെ നാറുന്ന ശവങ്ങളുടെ ഹൃദയം പിടിപ്പിച്ച് ജോലിക്ക് വച്ചാല്‍ ആ നാറ്റമേ അവര്‍ വമിപ്പിക്കൂ.....

മലയാളി സമൂഹമെ ഉണരൂ.....  പാവപ്പെട്ടവക്ക് വേണ്ടി സംസാരിക്കുന്ന ഉളുപ്പില്ലാത്ത നാക്ക് വളയ്ക്കല്‍ അല്ല നമ്മുക്ക് വേണ്ടത്‌..... അവര്‍ക്ക്‌ വേണ്ടി തുടിക്കുന്ന ഹൃദയമുള്ളവരും ഇവിടെയുണ്ട്.... അവരെ കണ്ടെത്തി മുഖ്യധാരയിലേക്ക്‌ കൊണ്ട് വരാന്‍ നമ്മുക്ക് ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കാം...... അവര്‍ക്ക്‌ നമ്മുക്ക് പരിഗണന കൊടുക്കാം..... അതിനാവട്ടെ ഇനിമുതല്‍ നമ്മുടെ പ്രവര്‍ത്തനങ്ങള്‍.....

Friday, July 20, 2012

സദാചാരക്കാരക്കാരുടെ ചില കവല പ്രസംഗങ്ങള്‍ - 2

വീണ്ടും ഒരു സദാചാര ചര്‍ച്ചയിലേക്ക് നിങ്ങളെ ക്ഷണിക്കട്ടെ. മുന്‍പ് സദാചാര ചര്‍ച്ചകളില്‍ പറഞ്ഞ അതേ വാക്കുകള്‍ തന്നെ ആവര്‍ത്തിക്കാം. ഇവിടെ ഈ കവലയില്‍ വ്യത്യസ്ഥ മതസ്ഥരുടെ, വിഭാഗങ്ങളുടെ, പാര്‍ട്ടികളുടെ പ്രതിനിധികളെ കണ്ടേക്കാം. അതിനാല്‍ തന്നെ അഭിപ്രായ വ്യത്യാസങ്ങളുടേയും, അഭിപ്രായ സമന്വയങ്ങളുടേയും ഒരു വേദി കൂടിയാണിത്.


ചര്‍ച്ചക്ക് തുടക്കമിട്ട്

സദാചാരന്‍ 1: മാധ്യമങ്ങളുടേത് നിന്ദ്യമായ രീതിയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. സി പി വധക്കേസില്‍ ഏകപക്ഷീയമായ നിലപാടുകള്‍ ആണ് മാധ്യമങ്ങള്‍ കൈക്കൊള്ളുന്നത് എന്ന് അദ്ദേഹം തുടരുന്നു. മാധ്യമങ്ങള്‍ അവര്‍ക്ക് തോന്നിയ രീതിയില്‍ ഭാഷ്യം ചമയ്ക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇത്തരം നിന്ദ്യമായ കാര്യങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ ആവര്‍ത്തിക്കരുത്.
 

സദാചാരന്‍ 2: പിണറായിയുടെ വാക്കുകള്‍ മാധ്യമങ്ങള്‍ വ്യാഖ്യാനിച്ച് വിവാദമുണ്ടാക്കുന്നതിന്‍റെ ഉത്തമോദാഹരണമാണ് സി പി വധക്കേസ്. മാധ്യമപ്രവര്‍ത്തകരിലെ ചില നായിന്‍റെ മോന്മാരൊട് വേദമോതിയിട്ട് കാര്യമില്ലെന്ന മുന്നറിയിപ്പാണ് പിണറായി നല്‍കുന്നത്. മാന്യന്മാരോടേ മാന്യത കാണിക്കേണ്ടതുള്ളൂ.



സദാചാരന്‍ 3:എന്താണാവോ പിണറായി വിജയന്‍ ചെയ്യാന്‍ ഉദ്ദേശിച്ചിരിക്കുന്നത്? മാനനഷ്ടക്കേസു കൊടുക്കുമോ അതോ കവലയില്‍ ഇറങ്ങി തിരികെ തെറി വിളിക്കുമോ?


സദാചാരന്‍ 4:പിണറായിയെ വിമര്‍ശിച്ച എല്ലാ പത്ര മാധ്യമങ്ങളും ജാഗ്രത പാലിക്കുക. എല്ലാ മാധ്യമ ഓഫീസുകളിലെയും മുന്‍ ഗ്ലാസുകള്‍ മാറ്റി മറ്റു സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുകയായിരിക്കും ബുദ്ധി!


സദാചാരന്‍ 2: മിക്കവാറും അതു വേണ്ടി വരും, ഒരു പക്ഷേ ഇനി വരുന്ന  വാര്‍ത്തകള്‍ എങ്കിലും വളച്ചൊടിക്കാതിരിക്കാന്‍ അതു വേണ്ടി വന്നേക്കും. അതായിരിക്കാം അദ്ദേഹം ഉദ്ദേശിച്ചതും. ഒരു കണക്കിന് ഇത്തരം നപുംസക മാധ്യമ ശ്രിഷ്ടികള്‍ക്ക അങ്ങനെ ഒരു മറുപടി ആണ് കൊടുക്കേണ്ടതും


സദാചാരന്‍ 1: മാധ്യമാനങ്ങളെ  കുറ്റം പറയരുത് നിങ്ങള്‍ക്ക് പാപം കിട്ടും.


സദാചാരന്‍ 2: എങ്ങനെപറയതിരിക്കും ചങ്ങാതീ. ഓര്‍മ വെച്ച കാലം മുതല്‍ കണ്ടു തുടങ്ങിയതാണു മാതൃഭൂമി പത്രം. ആദ്യം മുതല്‍ വായിക്കുന്ന പത്രം ആണ്.. ഒരു കൊല്ലം മുമ്പ് വരെ മാതൃഭൂമിയുടെ എഡിറ്റോറിയല്‍ കോളം വായിച്ചിരുന്നു... എന്നാല്‍ ഇപ്പോള്‍ ഒരു കൊല്ലം ആയി എഡിറ്റോറിയല്‍ കോളം നോക്കീട്ട് തന്നെ... ആകെ മാറിപോയി അവസരവാദവും പക്ഷപാദിത്വവും എല്ലാം മാതൃഭൂമിയെ വല്ലാതെ ബാധിച്ചിരിക്കുന്നു.

സദാചാരന്‍ 1: വി.എസ്സിനെതിരെ പിണറായിയുടെ പ്രസ്താവനകളും തിരിച്ചുള്ളതും ഈ പത്രങ്ങളെന്തിനാ വ്യാഖ്യാനിക്കാൻ നിൽക്കുന്നത് അവയെ അതുപോലെയങ്ങ് നൽകിയാൽ പോരെ?


സദാചാരന്‍ 2 :എന്താ ഹേ ഈ പറയുന്നത്... അതുകൊണ്ടല്ലേ അതിനെ സ്റ്റോറി എന്ന് പറയുന്നത്....  മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ക്ക്‌ ഇനി മുതല്‍ ഒരു അടിക്കുറിപ്പും കൂടി വേണ്ടി വരും കഥയില്‍ ചോദ്യമില്ല!!!

സദാചാരന്‍ 4:പക്ഷേ, പ്രതിപക്ഷ നേതാവും സി.പി.എം. നേതൃത്വവും തമ്മിലുള്ള അഭിപ്രായ വ്യത്യാസം വീണ്ടും ചര്‍ച്ചയാവുമ്പോള്‍ നേതാക്കന്മാരുടെ വാക്കുകള്‍ക്കിടയില്‍ ഒളിയമ്പുകള്‍ വേണമെങ്കില്‍ കണ്ടെടുക്കാം.


സദാചാരന്‍ 2:അതേ ഒളിയമ്പുകള്‍ ആണെന്ന് മനോരമയും മാതൃഭൂമിയും ഒരുപോലെ കണ്ടെത്തി... എന്തൊരു ഒത്തൊരുമ... മിക്കവാറും ഈ രണ്ടു പത്രങ്ങളും  ഒരേ പ്രസ്സില്‍ നിന്നു അച്ചടിച്ച് ഇറക്കുന്ന ദിനവും വിദൂരമല്ല! അതെ പോലെ ഏഷ്യാനെറ്റ്‌, ഇന്ത്യാ വിഷന്‍, റിപ്പോര്‍ട്ടര്‍, ജയ്‌ ഹിന്ദു ചാനലുകള്‍ ഭാവിയില്‍ ഒരേ സ്റ്റുഡിയോയില്‍ നിന്ന് സംപ്രേഷണവും ചെയ്തേക്കാം...!!!!


സദാചാരന്‍ 5:മാധ്യമങ്ങളിലെ വാര്‍ത്തകള്‍ക്കും ലേഖനങ്ങള്‍ക്കും വ്യത്യാസമില്ലാതെയായി. സ്വന്തം വീക്ഷണങ്ങളെ എഡിറ്റോറിയലായോ ലേഖനങ്ങളായോ ഒതുക്കി നിര്‍ത്തിയിട്ടു വാര്‍ത്തകളെ വാര്‍ത്തകളായി നല്‍കാന്‍ നമ്മുടെ മാധ്യമങ്ങള്‍ക്കു കഴിയുന്നില്ല. വേണമെങ്കില്‍ വാര്‍ത്താധിഷ്ഠിത പ്രത്യേക പംക്തികള്‍ പോലും നല്‍കാം. എന്നാല്‍ വാര്‍ത്തക്കിടയില്‍ സ്വന്തം ഭാവനകള്‍ തള്ളിക്കയറ്റുന്നതു ഒരു നിലക്കും അനുവദിക്കാന്‍ കഴിയുന്ന മാധ്യമ ധര്‍മം അല്ല.


സദാചാരന്‍ 1:ആവിഷ്കാര സ്വാതന്ത്ര്യത്തില്‍ മാധ്യമങ്ങള്‍ വരില്ലേ ?


സദാചാരന്‍ 2:വാര്‍ത്തകള്‍ വളച്ചൊടിക്കുന്നതു ആവിഷ്കാര സ്വാതന്ത്ര്യം അല്ല. കൈകള്‍ ആര്‍ക്കും വീശാം, പക്ഷെ അതു അന്യന്‍റെ നെഞ്ചത്തു കൊള്ളരുതെന്നു മാത്രം.


സദാചാരന്‍ 3:വാര്‍ത്തകള്‍ ചമയ്ക്കുവാന്‍ സ്വാതന്ത്ര്യം കാട്ടുന്നതില്‍ പ്രശ്നമില്ല. അതിനെ പത്രമെന്ന് പേരിട്ട് വിളിക്കരുതെന്ന് മാത്രം.

സദാചാരന്‍ 5:ഇതൊക്കെ എഴുതിവിടുന്നവന്‍റെ കരണക്കുറ്റി അടിച്ചു പൊളിക്കും അത്രതന്നെ. തന്‍റെ വാദത്തോട് ഞാന്‍ തീര്‍ച്ചയായും യോജിക്കുന്നു. ഈയിടെയായി മനോരമക്ക് പോലും നാണം തോന്നുന്ന വിധമാണ് മാതൃഭുമിയുടെ കോണ്‍ഗ്രസ്സ് സ്നേഹം

സദാചാരന്‍ 2:എന്താ പിണറായി വിജയനെന്താ ആ‍ർക്കും കൊട്ടാവുന്ന ചെണ്ടയോ? തെമ്മാടിത്തരം കാണിച്ചാൽ അതിനനുസരിച്ചുള്ള മറുപടി തന്നെ കൊടുക്കണ്ടേ. പണ്ടിതിനൊക്കെ ഒരു മറവും ഒളിവും ഒക്കെ ഉണ്ടായിരുന്നു. ഇന്നിപ്പോൾ എന്തു ചെറ്റത്തരവും വിളിച്ചു കൂവം എന്ന നിലയിലേയ്ക്ക് താണിരിക്കുന്നു മാധ്യമങ്ങള്‍. ഈ വിഷയത്തിൽ ഞാന്‍ ഔദ്യോഗിക നെതൃത്വത്തിനോപ്പം  ആണ്.


സദാചാരന്‍ 1:ഹീനമായ നിലപാട് തുടര്‍ന്നാല്‍ സാധാരണ നില കൈവിടേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കിയതിന് ഫലം  പെട്ടെന്നു വരുമെന്ന് കരുതിയില്ല. മറുപടി കൊടുത്തല്ലോ സഖാക്കള്‍, വഴിയില്‍ ഇട്ടു മാധ്യമ പ്രവര്‍ത്തകരെ ചവിട്ടാനുള്ള ഒരു അവസരവും അവര്‍ കളയുന്നില്ല.



സദാചാരന്‍ 3: നേതാവു ഉദ്ദേശിക്കുന്നതു മനസ്സിലാക്കി അതിവേഗം പ്രവര്‍ത്തിക്കുന്ന അനുയായികള്‍. പാര്‍ട്ടിയുടെ മേല്‍ഘടകം മുതല്‍ കീഴ്ഘടകം വരെ ചിന്താധാര ശക്തവും ഏകോപനം സജീവവുമായിരുന്നു എന്ന് വേണം കരുതാന്‍.



സദാചാരന്‍ 5:സത്യം പറഞ്ഞാല്‍, മാധ്യമങ്ങളുടെ സി പി എം വിരോധവും കള്ള പ്രചാരണങ്ങളും കണ്ടും കേട്ടും, എന്നെപോലെ പാര്‍ട്ടിക്കാരനല്ലാത്ത ചിലരെങ്കിലും ഇത്തരം ആക്രമണങ്ങളെ ന്യായീകരിക്കാനിടയുണ്ട്. കാരണം, പാര്‍ട്ടിക്കെതിരെ കള്ള പ്രചാരണങ്ങള്‍ നടക്കുകയും അവ നിഷ്പക്ഷരാണെന്നു നടിക്കുന്ന പൊതുമാധ്യമങ്ങളില്‍ നിന്നകയാല്‍ പ്രതിരോധിക്കുവാന്‍ പാര്‍ട്ടി ബുദ്ധിമുട്ടുകയും ചെയ്യുന്നത് കാണുമ്പോള്‍ ആ അമര്‍ഷം പാര്‍ട്ടിക്കെതിരെ വിമര്‍ശനം നടത്തുന്ന എല്ലാവര്‍ക്കെതിരായുമുള്ള വിരോധമായി മാറുന്നുണ്ട്. പാര്‍ട്ടിക്കെതിരെ അസത്യപ്രചാരണങ്ങള്‍ ഉണ്ടാകുമ്പോള്‍ ഒരാള്‍ പോലും പാര്‍ട്ടിക്ക് വേണ്ടി രംഗത്ത് വരാത്തതെന്തുകൊണ്ടാണ്?


സദാചാരന്‍ 2: കാരണം ഇത്തരം സംഭവങ്ങളില്‍ പ്രതിഷേധിക്കുന്നവര്‍, ജനാധിപത്യസ്നേഹം കൊണ്ടോ പൌരസ്വാതന്ത്ര്യബോധം കൊണ്ടോ അല്ല. മറിച്ചു, അപ്പുറത്ത് പാര്‍ട്ടി ആണ് എന്നുള്ള ഒരൊറ്റ കാരണം കൊണ്ടാണ് ശബ്ദമുയര്‍ത്തുന്നത്. അതിന്‍റെ രാഷ്ട്രീയം കമ്യുണിസ്റ്റ് വിരുദ്ധം എന്നത് മാത്രമാണ്. പാര്‍ട്ടിക്കെതിരെ ജനാധിപത്യ ധ്വംസ്വനവും ദുഷ്പ്രച്ചരണങ്ങളും ഉണ്ടാകുമ്പോള്‍ ഇവരെയൊന്നും കാണാനില്ലാത്തതിന്‍റെ കാരണവും അതാണ്‌. എങ്കിലും ഒരു പുനരാലോചനയില്‍ സി പി വധത്തില്‍ വിഷമം തോന്നുന്നു. അത് സംഭവിക്കാന്‍ പാടില്ലായിരുന്നു.



സദാചാരന്‍ 1: അപ്പുറത്ത് പാര്‍ട്ടി ആണ് എന്നുള്ള ഒരൊറ്റ കാരണം കൊണ്ടാണ് ശബ്ദമുയര്‍ത്തുന്നത്. എന്ന ലോജിക്ക് എങ്ങിനെ ശരിയാവും? ശ്രീരാമസേനയ്ക്കെതിരെ ശബ്ദമുയർത്തുന്നതു അതു ബിജെപി ആയതുകൊണ്ടാണോ? അല്ലെങ്കിൽ കോൺഗ്രസ്സിന്റെ അഴിമതിക്കെതിരെ ശബ്ദമുയർത്തുന്നതു അതു കോൺഗ്രസ്സ് ആയതുകൊണ്ടാണോ? അങ്ങിനെയാണെങ്കിൽ ആ ലോജിക്ക് ശരിയാവും. കമ്യൂണിസ്റ്റ് പാർട്ടിയെ ആരെങ്കിലും പരിഹസിക്കുമ്പോൾ മാത്രം ജനാധിപത്യം എന്ന വാക്ക് ഉയർന്നു കേൾക്കുന്നതു പരിതാപകരം തന്നെ. കമ്മ്യൂണിസ്റ്റ് വിരുദ്ധത എന്ന ഒരു ലേബലിൽ കമ്മ്യൂണിസം എന്ന പേരിൽ ഇപ്പോഴത്തെ കേരളത്തിലെ മാർക്സിസ്റ്റുകാർ കാണിച്ചു കൂട്ടുന്നതിനൊക്കെ ഒതുക്കി നിറുത്താമെന്നത് വ്യാമോഹം മാത്രമാണ്. എന്തുകൊണ്ടാവും മർക്സിസ്റ്റുകാർ ഇത്രയധികം പരിഹസിക്കപ്പെടുന്നതും.
 


സദാചാരന്‍ 5: മാധ്യമങ്ങളെ വിലയ്ക്കെടുക്കാൻ കഴിവില്ലാത്തതിന്റെ കുഴപ്പമാണിതെല്ലാം. വീരനേയും മനോരമയേയും ഒക്കെ മൂടു താങ്ങി നിന്നാൽ ഇതിന്റെയൊന്നും ആവശ്യമില്ല. 100% നല്ല പാർട്ടിയാണ് സിപി‌എം എന്നോ ഇടതുപക്ഷം പറയുന്നതും ചെയ്യുന്നതും എല്ലാം നല്ലതെന്നോ അഭിപ്രായമില്ല. എങ്കിലും കള്ളന്മാരെന്ന് സ്വന്തം പാര്‍ട്ടിക്കാർ പോലും സമ്മതിക്കുന്ന കോൺഗ്രസ്സുകാരേക്കാളും, ഒരു വിഭാഗത്തിന് മാത്രം ഉൾക്കൊള്ളാവുന്ന ബിജെപിയേക്കാളും എന്തു കൊണ്ടും നല്ലത് ഇടത് തന്നെ. 


സദാചാരന്‍ 2: സ്വന്തം ബിസിനസ് താല്പര്യങ്ങൾ സംരക്ഷിക്കപ്പെടാൻ ഏതറ്റം വരെ പോകാനും നമ്മുടെ മുഖ്യധാരാ പത്രങ്ങൾ തയ്യാറാകുമ്പോൾ ഇടതിന് ഇങ്ങനെ ചില കടുംകയ്യുകൾ ചെയ്യേണ്ടി വരും. പക്ഷേ ഈ പ്രവർത്തികൾ പ്രസ്ഥാനത്തെ ഇനിയും നാശത്തിലേക്ക് തന്നെ കൊണ്ട് പോകും എന്നതിൽ തർക്കമില്ല. ഇടത് പാർട്ടികൾ നമുക്കാവശ്യമാണ്. അവരില്ലെങ്കിൽ ബാക്കി കള്ളന്മാർ എല്ലാരും കൂടി നാട് വിൽക്കും.


സദാചാരന്‍ 3: ഒരു വ്യക്തിയെ കൊന്നത് കൊണ്ട് എന്ത് നേട്ടമെന്ന് എല്ലാവരും ചിന്തിച്ചാൽ കൊള്ളാം. ജനം വാർത്ത വായിക്കുന്നത് ദേശാഭിമാനിയിൽ കൂടി അല്ലാത്തതിനാൽ ചെറിയ ഉന്തും തള്ളും പോലും കൊടിയ മർദ്ദനമായി മാറും. അമേരിക്കൻ സാമ്രാജ്യത്തിന്‍റെ തണലിൽ ഉണ്ടുറങ്ങി കഴിയുന്ന ചിലർക്കൊക്കെ പാർട്ടിയെ പരിഹസിക്കാൻ ഒരവസരം കൂടി കൊടുത്തിട്ട് ഒന്നും നേടാനില്ല.



സദാചാരന്‍ 1: അഭിപ്രായപ്രകടനത്തിന് ഉള്ള അതിരുകള്‍ ചിലപ്പോള്‍ ആപെക്ഷികമായെക്കാം. ഞാന്‍ എന്‍റെ അഭിപ്രായം പറയുന്ന രീതിയാവില്ല മറ്റൊരാളുടെത്.


സദാചാരന്‍ 5: കഴിഞ്ഞ ദിവസങ്ങളില്‍ പിണറായിയുടെ പ്രസ്താവനകള്‍ വളച്ചൊടിച്ചു വിവാദമാക്കിയപ്പോള്‍ ആരും പ്രതികരിക്കാതിരുന്നതെന്തുകൊണ്ട്? ഞാന്‍ ശ്രീരാമസേനയുടെമാത്രം അക്രമങ്ങളെയും കോണ്‍ഗ്രസ്സിന്റെ മാത്രം അഴിമതിയെയും വിമര്‍ശിക്കുകയാണ് എങ്കില്‍ അതിനു പുറകില്‍ വെറും കക്ഷിരാഷ്ട്രീയം മാത്രമാണ്. പക്ഷെ അക്രമവും അഴിമതിയും ആര് ചെയ്താലും തെറ്റാണു എന്ന് തന്നെയാണ് എന്‍റെ വിശ്വാസം.


സദാചാരന്‍ 3: പ്രശ്നം പാര്‍ട്ടിക്കെതിരെ ഒരു ആക്രമണമുണ്ടാകുമ്പോള്‍ പാര്‍ട്ടിക്ക് പുറത്തുനിന്നും ആരും ശബ്ദമുയര്‍ത്തുന്നില്ല എന്നതാണ്. പാര്‍ട്ടിയെ പരിഹസിക്കുമ്പോള്‍ ജനാധിപത്യം എന്ന് കേള്‍ക്കുന്നത് പാര്‍ട്ടിക്കുളില്‍ നിന്ന് മാത്രമാണ്. എന്താ പുറത്തുള്ള 'നിഷ്പക്ഷമതികള്‍' ഒരക്ഷരം മിണ്ടാത്തത്? 


സദാചാരന്‍ 1: പിന്നെ കമ്യുണിസ്റ്റ്‌കാര്‍ ചെയ്യുന്നതെല്ലാം ശരിയാണ് എന്ന അഭിപ്രായം എനിക്കുമില്ല. മനോരമ കുറ്റം പറഞ്ഞില്ലെങ്കിലാണ് പാര്‍ട്ടി പേടിക്കേണ്ടത് എന്നോ മറ്റോ ഇ എം എസ് പറഞ്ഞിട്ടുണ്ടെന്ന് എവിടെയോ വായിച്ചിരുന്നു.


സദാചാരന്‍ 2: വിമര്‍ശനങ്ങള്‍ ഏകപക്ഷീയവും കൃത്യമായ ഹിഡന്‍ അജണ്ടകള്‍ ഉള്ളതുമാണ് എന്നതാണ് പ്രശനം.



സദാചാരന്‍ 3: കമ്യൂണിസ്റ്റ് കാരനായ ഒരാളെ ആര്‍ എസ് എസ്സുകാരോ, കോൺഗ്രസ്സുകാരോ തല്ലിയാലും എന്റെ പ്രതികരണം പ്രതിഷേധം തന്നെയായിരിക്കും. പക്ഷേ, “മീഡിയ നുണപറയുന്നു” തുടങ്ങിയ മുതലക്കണ്ണീർ‌ത്തുള്ളികൾ തുടയ്ക്കാനും മാത്രം ഹൃദയവിശാലത എനിക്കില്ല; കമ്യൂണിസത്തോടു തന്നെ എനിക്കു മമതയൊന്നുമില്ല. അതുമായി പ്രത്യേകിച്ചു ബന്ധമൊന്നുമില്ലാത്ത സി പി എമ്മിനോട് ഒട്ടും തന്നെയില്ല. മീഡിയ ചെയ്തത് നിയമപ്രകാരം തെറ്റെങ്കിൽ ആ വഴിയ്ക്കു നീങ്ങാനുള്ള വിവരമൊക്കെ സി പി എമ്മിനുണ്ടാവുമല്ലോ. ഒരു പടം ഇ-മെയിലു ചെയ്തതതിന് ഉണ്ടായ പുക്കാറൊക്കെ നമ്മൾ കണ്ടതുമാണല്ലോ.
 
സദാചാരന്‍ 1: ഇഷ്ടപ്പെട്ടാലുമില്ലെങ്കിലും ഇതൊക്കെ പുതുജീവിതചര്യകളുടെ ഭാഗങ്ങളാണ്. 15 കൊല്ലം മുമ്പത്തെ മാധ്യമരീതികൾ ഇന്നും വേണമെന്നു ശഠിക്കുന്നതിൽ എന്താണർ‌ത്ഥം?


സദാചാരന്‍ 4: എന്തിലൊക്കെ ആരൊക്കെ പ്രതികരിക്കണം എന്നൊക്കെ ആരാണ് തീരുമാനിക്കുന്നതു? അവരവർ അവർക്കിഷ്ടമുള്ളതിൽ പ്രതികരിക്കട്ടെ? അതല്ലേ അതിന്റെ ഒരു സെറ്റപ്പ്? പക്ഷെ അതുകൊണ്ടൊന്നും ചെയ്യുന്ന തരികിടകൾ തരികിടകൾ അല്ലാതെ ആവുമോ. അതു മാത്രമാണ് എന്റെ ചോദ്യം. 


സദാചാരന്‍ 1: അങ്ങയെങ്കില്‍ ഇത്തരം ചില കശപിശകളും പുതുജീവിതചര്യകളുടെ ഭാഗങ്ങളാണ് എന്നും പറഞ്ഞു മിണ്ടാതെ ഒരു മൂലക്കിരിക്കേണ്ടിവരും.



സദാചാരന്‍ 5: പത്രങ്ങൾ നേതാക്കന്മാരുടെ മനസ്സു പോലും വായിക്കുന്നുണ്ട്, അത് തെറ്റാണോയെന്ന് ജനങ്ങൾ തീരുമാനിക്കട്ടെ“ എന്നാണ് ഉമ്മൻ ചാണ്ടി പറഞ്ഞത്. ഈ ജനങ്ങൾ തീരുമാനിക്കട്ടെ എന്ന് പറഞ്ഞതിന്റെ അർത്ഥം എന്താ? മാധ്യമങ്ങളുടെ മായിക വലയിൽ വീണു പോയ ജനങ്ങൾ എന്ത് തീരുമാനിക്കാൻ? 


സദാചാരന്‍ 1: വാർത്തകൾ വളച്ചൊടിക്കുന്നതിനെതിരെ കോടതിയിൽ പോയിട്ട് കാര്യമില്ലെന്നറിയാമല്ലോ? ഈ പുതു ജീവിതചര്യകളുടെ ഭാഗം എന്ന് പറയുമ്പോൾ ഇത്തരം റിയാക്ഷനും അതിൽ പെടുമോ എന്തോ?



സദാചാരന്‍ 3: ഒന്നുമില്ലെങ്കിൽ നമുക്കു നിയമവും നീതിന്യായവുമൊക്കെയുള്ള ജനാധിപത്യമാവാം. അല്ലെങ്കിൽ കയ്യൂക്കുള്ളവൻ കാര്യക്കാരൻ എന്ന സ്ഥിതിയിലേക്കുപോകാം. അതുമല്ലെങ്കിൽ സമ്പൂർ‌ണ്ണ സായുധ വിപ്ലവമാവാം. ഒരു മാവോയിസ്റ്റ് സ്റ്റൈല്‍.

സദാചാരന്‍ 4: സമൂഹത്തില്‍ സ്ഥാനമുള്ളവരെ നിര്‍ദാക്ഷണ്യം കൊന്നു തള്ളുകായും , അതേ സമയം അത് തുറന്നു കാട്ടാന്‍ ശ്രമിക്കുന്ന  മാധ്യമങ്ങള്‍  ഞങ്ങളുടെ സൈഡുപിടിക്കുന്നില്ല എന്നു പറഞ്ഞു കരയുന്നതിലും ഒക്കെയുള്ള ഹിപ്പോക്രസിയാണു സഹിക്കാത്തത്. 3 ടിവി ചാനലും, ഒരു ദിനപ്പത്രവും, കുറെ ആനുകാലികങ്ങളുമൊക്കെ കയ്യിലുള്ള ഒരു എൻ‌ടിറ്റി ആണ് ഇങ്ങനെ പരാതി പറയുന്നതെന്നോർ‌ക്കണം.


സദാചാരന്‍ 1: മാധ്യമങ്ങളുടെ മായിക വലയിൽ വീണു പോയ ജനങ്ങൾ എന്ത് തീരുമാനിക്കാൻ“ - കുറ്റാരോപണവും വിധിനിർ‌ണ്ണയവും ഒക്കെ കഴിഞ്ഞ സ്ഥിതിക്ക് ഒന്നേ ഇനി ചെയ്യാനുള്ളൂ. കാസര്‍ഗോഡു മുതൽ തിരുവനന്തപുരം വരെയുള്ള ജനത്തെയൊക്കെ തല്ലുകയോ, സൈബീരിയൻ സ്റ്റയിൽ “പുനർ‌വിദ്യാഭ്യാസം” നൽ‌കുകയോ മറ്റോ ചെയ്യാം. നമ്മൾ പറയുന്നതു മാത്രമല്ലേയുള്ളൂ ശരി.


സദാചാരന്‍ 5:പത്രമുതലാളിമാര്‍ തങ്ങളുടെ പക്ഷം പിടിക്കാന്‍ പാര്‍ട്ടി ആവശ്യപ്പെടുന്നുണ്ടെന്നു എനിക്ക് തോന്നുന്നില്ല. മറിച്ചു പൊതുമാധ്യമങ്ങള്‍ പൊതുവേ പക്ഷപാതികള്‍ ആണെന്ന് ജനം മനസ്സിലാക്കണം എന്നതാണ് ആവശ്യം. പാര്‍ട്ടിചാനെലിലോ പത്രത്തിലോ എന്ത് തന്നെ പറഞ്ഞാലും അത് പാര്‍ട്ടിയുടെ പ്രചാരണങ്ങള്‍ മാത്രമായെ ജനം കാണൂ. പക്ഷെ പ്രത്യക്ഷത്തില്‍ രാഷ്ട്രീയമില്ലെന്നു നടിക്കുന്ന മുഖ്യധാരമാധ്യമങ്ങളുടെ കാര്യം അതല്ല. അവര്‍ പറയുന്നതെന്തും സമൂഹമനസാക്ഷിയെ സ്വാധീനിക്കുന്നുണ്ട്. അവര്‍ ആട്ടിന്‍തോല്‍ നന്നായി വരിഞ്ഞുടുക്കുകയും ചെയ്തിട്ടുണ്ട്, അത് വലിച്ചുകീറാന്‍ കഷ്ടപ്പെടുകയാണ് പാര്‍ട്ടി.


സദാചാരന്‍ 3: സി പി യെ വധിച്ചതിലൂടെ ഏത് ആട്ടിൻ‌തോലാണ് വലിച്ചുകീറപ്പെട്ടത്? എന്തു സന്ദേശമാണ് ജനങ്ങള്‍ക്കു കിട്ടിയത്? ഒരു കണക്കിന് മാധ്യമങ്ങള്‍ക്ക്‌ കുറച്ച് ആളെക്കൂട്ടാന്‍ അത് സഹായിച്ചു എന്ന നേട്ടമല്ലാതെ മറ്റെന്താണു കിട്ടിയത്?


സദാചാരന്‍ 1: ചിലപ്പോഴൊക്കെ എനിക്കു തോന്നും സി പി എം നേതൃത്വവും കുത്തകപ്പത്രങ്ങളും ഒരു പരസ്പരസഹായസഹകരണസംഘമാണെന്ന്. ഇന്ത്യാ-പാകിസ്ഥാൻ പ്രശ്നങ്ങള്‍ മുതലാക്കി രണ്ടു ഗവണ്മെന്‍റ്കളും അതാതു നാട്ടുകാരെവിഡ്ഢികള്‍ ആക്കും പോലെ ഒരു അഡ്ജസ്റ്റ്മെന്‍റ്.



സദാചാരന്‍ 2:ഇതിൽ കുറ്റാരോപണവും വിധി നിർണ്ണയവും ഒന്നും ഇല്ല. മാധ്യമങ്ങൾ പറയുന്നത് അപ്പാടെ വിശ്വസിക്കുന്നവരാണ് ഭൂരിപക്ഷം പേരും. അതൊരു മായിക വലയം തന്നെയാണ്. മതത്തിന്‍റെയോ ഇസത്തിന്‍റെയോ പോലൊക്കെ തന്നെ. താങ്കൾക്ക് വാർത്തകൾ വളച്ചൊടിക്കുന്നത് മനസ്സിലാകുന്നില്ല എന്ന് വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ട്. പത്രങ്ങൾ നടത്തുന്നവരുടെ രാഷ്ട്രീയവും കച്ചവടവും എന്താണെന്നും താങ്കൾക്കറിയാം എന്ന് വിചാരിക്കുന്നു.


സദാചാരന്‍ 5: പോലീസ് ലാത്തി ചാർജ് നടത്തുന്നതും രാഷ്ട്രീയ പ്രവർത്തകർ എതിരാളികളെ തല്ലുന്നതും കേരളത്തിലെ ആദ്യ സംഭവമല്ല. വെടിവെപ്പുകൾ പോലും പലതും കഴിഞ്ഞ നാടാണ്. സക്കറിയയെ തല്ലിയതോ, കിണാലൂരിലെ പോലീസ് അതിക്രമമോ, സി പി വധാമോ ഒന്നും ഞാൻ അനുകൂലിക്കുന്നില്ല. ഇവിടെ പൊതു മാധ്യമങ്ങളുടെ ‘പാർട്ടിപത്ര’ സ്വഭാവത്തിനെയാണ് എതിർക്കുന്നത്.
 

സദാചാരന്‍ 2: കേരളത്തിൽ കമ്മ്യൂണിസം വരണമെന്നോ സിപി‌എം വരണമെന്നോ എനിക്കാഗ്രഹമില്ല. പക്ഷേ ഇന്നത്തെ അവസ്ഥയിൽ യുഡി‌എഫിൽ എനിക്ക് വിശ്വാസമില്ല, അത്രതന്നെ. കുറച്ചു നാൾ യൂത്ത് കോൺഗ്രസ്സിൽ പ്രവർത്തിച്ച് പരിചയത്തിൽ നിന്നും നേരിട്ടറിയാവുന്നതാണ്. തമ്മിൽ ഭേദം ഇടതന്മാർ തന്നെ.



സദാചാരന്‍ 1: മാധ്യമങ്ങൾക്കെതിരേയുള്ള പരാതിക്കും സി പി വധവും  തമ്മില്‍ എന്തു ബന്ധം? സി പി വധം പാര്‍ട്ടി ആസൂത്രണം ആണെങ്കില്‍ അത് പാര്‍ട്ടി ചെയ്ത ആനമണ്ടത്തരമല്ലാതെ വേറൊന്നുമല്ല.



സദാചാരന്‍ 5: സി പി വധം ഒരിക്കലും സംഭവിക്കാന്‍ പാടില്ലായിരുന്നു.


സദാചാരന്‍ 3: ആളുകളുടെ മതം ബലം പ്രയോഗിച്ചുമാറ്റാൻ നമുക്കു കഴിയാത്തതുപോലെ തന്നെ പത്രവാർ‌ത്തകൾക്കെതിരെയും ഒന്നും ചെയ്യാൻ കഴിഞ്ഞെന്നു വരില്ല - അവരൊന്നും നിയമം ലഘിക്കുന്നില്ല. എന്തു ചെയ്യണമെന്നാണ് താങ്കളുടെ അഭിപ്രായം?


സദാചാരന്‍ 4: എല്ലാവർ‌ക്കും സ്വതന്ത്രമായ അഭിപ്രായപ്രകടനത്തിനുള്ള സ്വാതന്ത്ര്യമുണ്ടായാൽ, കുറച്ചൊക്കെ മൂടിവയ്ക്കലുകളും കൂട്ടിച്ചേർക്കലുകളുമൊക്കെ നടന്നാലും അവസാനം സത്യം വെളിയിൽ വരുമെന്ന പക്ഷക്കാരനാണു ഞാൻ. “ചോരയുടെ കടലുകൾക്കു പോലും സത്യത്തെ മുക്കിക്കൊല്ലാൻ സാധ്യമല്ല” എന്നാണല്ലോ ഗോർ‌ക്കിയുടെ ‘അമ്മ’യിൽ നായിക അവസാനമായി വിളിച്ചുപറയുന്നത്.


സദാചാരന്‍ 3: സി പി യെ വധിച്ചവര്‍ കുറ്റവാളികളാണ് . അതിന് യാതൊരു നീതീകരണവുമില്ല. ക്രൂരന്മാര്‍ കാട്ടിയ കൊടും ക്രൂരതയാണ് പ്രത്യയശാസ്ത്രപരമായി  സ്വന്തം അഭിപ്രായം പ്രകടിപ്പിക്കാന്‍ ശ്രമിച്ച  ഒരാളെ അതിൽനിന്നും തടയുന്നതിന് ഇത്ര ക്രൂരമായ മാര്‍ഗ്ഗം ഉപയോഗിച്ചത്‌.

സദാചാരന്‍ 2: ശരിയാണ്, അത് കുറ്റം തന്നെയാണ്. പക്ഷെ സത്യാവസ്ഥ അതല്ല എന്നിരിക്കെ സംഭവത്തെ പര്‍വ്വതീകരിക്കാന്‍ ശ്രമിക്കുന്ന പാര്‍ട്ടി വിരുദ്ധരും  മാധ്യമങ്ങളും  സി പി യെ അനാദരിക്കുകയല്ലേ.



സദാചാരന്‍ 5:  ഏതു കുറ്റം? തല്ലലോ? അതോ മറ്റു നിയമവിരുദ്ദ്ധ പ്രവർത്തനങ്ങളോ? എങ്കിൽ ഞാനും സമ്മതിച്ചു.



സദാചാരന്‍ 2: അപവാദപ്രചാരണങ്ങളും പ്രത്യാക്രമണങ്ങളും ആവിഷ്കാരസ്വാതന്ത്ര്യത്തിന്‍റെയും അഭിപ്രായസ്വാതന്ത്രയത്തിന്‍റെയും വ്യത്യസ്ത മാര്‍ഗങ്ങളായി കണ്ടാല്‍ മതി.


സദാചാരന്‍ 1: ഇവിടെ ഒരു സംവാദത്തിന്‌ വേണ്ടി പറയുകയായാലും വളരെ അപകടം പിടിച്ച, തെറ്റായ ഒരു പ്രസ്താവനയാണത് ആണത്. ഈ പ്രസ്ഥാവന തീര്‍ച്ചയായും ഒഴിവാക്കണം.


സദാചാരന്‍ 3: നമ്മുടെ വിശകലനങ്ങള്‍ അതിരു കടക്കുന്നോ എന്നൊരു സംശയം. അതിനാല്‍ തന്നെ എങ്ങും എത്താത്ത ഈ ചര്‍ച്ച തല്‍ക്കാലം നമ്മുക്ക് അവസാനിപ്പിക്കാം.