മകരജ്യോതിയെ കുറിച്ച് പേര്‍ത്തും പേര്‍ത്തും വാഗ്ദോരണി നടത്തിയിട്ടും കലിയടങ്ങാത്ത നമ്മുടെ സമൂഹം പുതിയ ഒരു വാര്‍ത്തയുടെ പിറകെയാണിന്ന്.മകരജ്യോതി വ്യാജനാണെന്ന് ദേവസ്വം ബോര്‍ഡ് കോടതിയില്‍ സമ്മതിച്ചതിന്റെ വാര്‍ത്താ കോലാഹലങ്ങള്‍ അത്ര ക്ലച്ച് പിടിക്കാതെ പോയത് മുഖ്യമന്ത്രിയുടെ ഉപവാസ സമരവും, പ്രിഥ്വിരാജിന്റെ വിവാഹമാമാങ്കവും തിര്‍ത്ത ലഹരിയില്‍ അവര്‍ സ്വയം മുങ്ങി താഴ്ന്നതുകൊണ്ട് മാത്രമാണ്.
ശാസ്ത്രം അതിന്റെ വളര്‍ച്ചയുടെ കൊടുമുടി കീഴടക്കി ഇനി എങ്ങോട്ട് എന്നു പകച്ചു നില്‍ക്കുന്ന ഈ കാലത്ത് കാടിന്റെ നടുവില്‍ മൂന്നു തവണ മിന്നി മറയുന്ന ആ പ്രതിഭാസം ദൈവം പ്രത്യക്ഷപ്പെടുന്നതാണെന്ന് വിശ്വസിക്കുന്ന മാലോകര്‍ ഇന്ന് ഉണ്ടെങ്കില്‍ അവര്‍ വിഡ്ഡികളുടെ സ്വര്‍ഗ്ഗത്തില്‍ കഴിയുന്നവരാണെന്ന് സത്യം. ഇനി അത്തരം വിഡ്ഡികളോട് ഇതു ദൈവമല്ല എന്നു കോടതി പുലമ്പിയാല്‍ അത് വിശ്വസിച്ച് തലയാട്ടി അവിടേക്ക് ഇനി മേലില്‍ പോകില്ല എന്ന് തീരുമാനിക്കും എന്ന് ചിന്തിക്കുന്നത് അതിലേറെ പമ്പര വിഡ്ഡിത്തം.
മരണത്തിലും മഹാനായി തീര്‍ന്ന അല്ലെങ്കില്‍ മാലോകര്‍ അങ്ങനെ വാഴ്ത്തിക്കൊണ്ടിരിക്കുന്ന ശ്രീ സത്യസായി ബാബയുടെ വിഭൂതി സ്രിഷ്ടിക്കല്‍ മാജിക്കാണെന്നും അതിന് ദേ തെളിവ് മാലോകരെ എന്ന് ഇന്നു കിട്ടാവുന്ന എല്ലാ ശാസ്ത്രസങ്കേതിക വിദ്യകളും ഉപയോഗിച്ച് തെളിയിക്കാന്‍ ശ്രമിച്ചവരെ തൃണവല്‍ക്കരിക്കുന്നതായിരുന്നു മരണശേഷം പോലും പുട്ടപര്‍ത്തിയിലേക്ക് ഒഴുകിക്കൊണ്ടിരിക്കുന്ന അദ്ദേഹത്തിന്റെ ഭക്തജനങ്ങളുടെ പ്രവാഹം. അതില്‍ ഇന്നിന്റെ പ്രമുഖ ശാസ്ത്രസാങ്കേതിക വിദഗ്ദര്‍ പോലും ഉണ്ടെന്നുള്ള തിരിച്ചറിവ് നമ്മുടെ സമൂഹത്തെ കാര്‍ന്നു തിന്നുന്ന അന്ധവിശ്വാസത്തിന്റെ തോത് വെളിവാക്കുന്നു.
ജിഹാദ് എന്ന പേരില്‍ നിരപരാധികളായ ആയിരങ്ങളെ കൊന്നൊടുക്കുന്ന തീവ്രവാദികളുടെ മനശാസ്തത്തെ ഒന്നു അപഗ്രഥിച്ചു നോക്കൂ. എന്താണ് ഈ കൊന്നൊടുക്കലിനു പിന്നില്‍ അവരെ പ്രേരിപ്പിക്കുന്ന ഘടകം? വളരെ ലാഘവത്തോടെ ചിന്തിച്ചാല്‍ അത് അന്ധവിശ്വാസത്തിന്റെ മറ്റൊരു വശം തന്നെയല്ലേ.? അവരുടെ മനസ്സിലേക്ക് തങ്ങളുടെ മതത്തിനു പുറത്തുള്ളവര്‍ വെറും മൃഗങ്ങളോ അതിനു തത്തുല്യരോ ആണെന്ന അന്ധമായ വിശ്വാസം ശക്തമായി കുത്തിവെയ്ക്കപ്പെട്ടിരിക്കുന്നു. അത്തരം മൃഗീയവാസന പെറുന്നവരോട് “നിങ്ങള്‍ ചെയ്യുന്നത് തെറ്റാണ്” എന്ന് ഒന്നു സമര്‍ത്ഥിക്കാന്‍ ശ്രമിച്ചു നോക്കൂ. നിങ്ങളുടെ നാമം അത്തരക്കാര്‍ പേറുന്ന മതനാമത്തിനു സമാനമാണെങ്കില്‍ പോലും നിങ്ങള്‍ അവരുടെ കത്തിക്കിരയാകും എന്നു നിശ്ചയം.
ഞാന്‍ കാട്കയറുന്നില്ല. പറയാന്‍ ശ്രമിച്ചത് ഇത്രമാത്രം. മകരജ്യോതി വ്യാജനാണെന്ന കണ്ടുപിടുത്തം ഒരു തരത്തിലും അന്ധവിശ്വാസ സമൂഹങ്ങളില്‍ ഒരു മാറ്റവും ഉണ്ടാക്കാന്‍ പോകുന്നില്ല. ചന്ദ്രനേയും, സൂര്യനേയും, നക്ഷത്രങ്ങളേയും വീതം വച്ചവര്‍, പരുന്തിനേയും, തേളിനേയും, ചിലന്തിയേയും അഭിമാനത്തോടെ തങ്ങളുടെ ചിഹ്നങ്ങളായി തോളിലേറ്റി നടക്കുന്നവര്‍. പ്രകൃതിയിലെ ശാസ്ത്രകാരന്മാര്‍ക്കു പോലും അന്യമായ പ്രതിഭാസങ്ങള്‍ ഉദിക്കുന്നതും, അസ്തമിക്കുന്നതും ചേര്‍ന്നു നില്‍ക്കുന്നതും തങ്ങളുടെ ദൈവം നിശ്ചയിച്ചാട്ടാണെന്ന് വിശ്വസിക്കുന്ന അന്ധവിശ്വാസി സമൂഹത്തിനു മുന്നില്‍ പൊന്നമ്പലമേട്ടില്‍ തെളിയുന്നത് വ്യാജാഗ്നി ആണെന്ന പ്രഖ്യാപനമോ, വെളിപ്പെടുത്തലോ വലിയ സ്വാധീനം ചെലുത്തുമെന്ന് വിശ്വസിക്കുന്നവര്‍ ഒരുപക്ഷേ വിഡ്ഡികളായേക്കും എന്നു മാത്രം. അഗ്നി തെളിയല്‍ നിര്‍ലോഭം തുടരും, ചാവേറുകള്‍ കാടിളക്കി അതു കാണാന്‍ അവിടെ ക്യൂ നില്‍ക്കുകയും ചെയ്യും..... സ്വാമി ശരണം.