. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .

Tuesday, July 14, 2020

എന്തുകൊണ്ട് രാജഭരണം വാഴ്ത്തപ്പെടണം

ആദ്യമായിട്ടാണ് ഒരു വിഷയത്തെ കുറിച്ച് രണ്ടു തവണ എഴുതേണ്ടി വരുന്നത്. വിഷയം രാജഭരണം തന്നെയാണ്. ഇന്ന് സുപ്രീം കോടതിയിൽ നിന്ന് വന്ന ഒരു പ്രത്യേക ഉത്തരവ് പ്രകാരം ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വത്തുക്കൾ കവർന്ന് മാറ്റാനുള്ള ശ്രമം വിജയിക്കില്ല എന്ന് മനസ്സിലായ സോ കോൾഡ് പുരോഗമനവാദികൾ രാജാവിനേയും രാജകുടുംബത്തേയും സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ നിന്ന് നാടുകടത്തുകയാേ തൂക്കിലേറ്റുകയോ ചെയ്യേണ്ടതായിരുന്നു എന്ന മട്ടിൽ എഴുതുകയും പ്രചരിപ്പിക്കുകയും അതിന് നൂറുകണക്കിന് ആളുകളുടെ പിന്തുണ ലഭിക്കുന്നതും കണ്ടു. സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ, വോട്ടു ചെയ്യുകയും, ജനാധിപത്യ സർക്കാരിൻ്റെ പരമാധികാരത്തെ അംഗീകരിക്കുകയും ഉപ്പിനും കർപ്പൂരം വരെയുള്ള വസ്തുക്കൾക്ക് നികുതി കൊടുക്കുകയും, ജനപ്രതിനിധികളെ തിരഞ്ഞെടുക്കാനുള്ള പ്രകൃയയിൽ പങ്കെടുത്ത് വോട്ടു ചെയ്യുകയും, തങ്ങൾ നേടിയെടുത്ത വിദ്യാഭ്യാസ യോഗ്യതകൾക്ക് അനുസൃതമായി അദ്ധ്വാനിച്ച്‌ അന്നം കണ്ടെത്തുകയും ചെയ്യുന്ന ഇന്ത്യയിലെ ഏതൊരു സാധാരണ മനുഷ്യരേയും പോലെ ജീവിക്കുന്ന അവരെ, പഴയകാല രാജപരമ്പരയിൽ പെട്ടവർ ആയതു കൊണ്ടു മാത്രം തൂക്കിക്കൊല്ലണമെന്ന് വിധിക്കുന്നവർ ഇതേ രാജ്യത്തെ നികുതിദായകരായ പെരുമയാർന്ന ജനാധിപത്യവാദികളാണ് എന്നതാണ് ഏറ്റവും വലിയ വിരോധാഭാസം.

എന്നാൽ മറുവശത്ത് ഇതേ ജനാധിപത്യവാദികളുടെ സംഗീതാത്മക വാഴ്ത്തിപ്പാടലുകൾക്ക് പാത്രമാകുന്നവർ ആരാണന്ന് പരിശോധിക്കാം. മത രാഷ്ട്രീയ ലേബലുകൾ ഒട്ടിച്ച് താൻപോരിമയിൽ ഏകാധിപത്യഭരണം നടത്തുന്നവർ. അവരുടെ ആരാധനാ പട്ടികയിലുള്ളത് അല്ലങ്കിൽ അവർ രോധിക്കുന്നത് തെറിക്കുത്തരം പിടക്കുന്ന തലയെന്ന് തീർപ്പുകൽപ്പിക്കുന്ന സദ്ദാം ഹുസൈനും, ഗദ്ദാഫിക്കും, കിം ജോങ്ങ് ഉന്നും, സി ജിൻ പിങ്ങിനും ഒക്കെ വേണ്ടിയാണ്. മനുഷ്യാവകാശമോ, സ്ത്രീസ്വാതന്ത്ര്യമോ, പുരോഗമന ചിന്തയോ, ജനാധിപത്യ സംസ്കാരമോ തൊട്ടു തീണ്ടാത്ത ഒന്നും കുടുംബ വാഴ്ചകളാണ് ഇവയെന്നും, ആധുനിക ലോകം നിരന്തരം ചോദ്യമുന്നയിക്കുന്ന ഇത്തരം രാജക്കന്മാരുടെ ഉട്ടാേപ്യൻ പ്രാകൃത ക്രൂര നിയമങ്ങളെ ഒരു ഉളുപ്പും കൂടാതെ വാഴ്ത്തുന്നവരാണ്, രാജഭരണമെങ്കിലും ജനങ്ങളുടെ മനസ്സിൻ്റെ ഇടയിൽ അന്നും ഇന്നും സ്ഥാനമുള്ള, ഒരു നൂറ്റാണ്ടിനപ്പുറം ജനകീയരായ രാജാക്കന്മാരാൽ സമ്പുഷ്ടമായിരുന്ന രാജകുടുംബത്തിനെ തൂക്കിലേറ്റാൻ മൽസരിക്കുന്നത്. കുറ്റമോ ശതകോടികൾ വരുന്ന സ്വത്തുക്കൾ ധൂർത്തടിക്കാതെ സൂക്ഷിച്ചു എന്നതും. മറുനാടൻ ഏകാധിപതികൾക്ക് ജയ് വിളിക്കുന്ന പുരോഗമന വാദികൾക്ക് ജനാധിപത്യ വ്യവസ്ഥിതി നിലനിൽക്കുന്ന രാജ്യത്തെ സാധാരണ സമ്മദിദായകരായി നികുതി ഒടുക്കി, രാഷ്ട്രീയത്തിനതീതമായി, ജനാധിപത്യ രാജ്യത്തെ നിയമത്തെ ഉൾക്കൊണ്ട് കഴിഞ്ഞു കൂടുന്ന തിരുവിതാംകൂർ രാജവംശത്തിലെ പിൻതലമുറകളെ തൂക്കിക്കൊല്ലാൻ പാകത്തിൽ വിദ്വേഷം സൂക്ഷിക്കുന്നു എന്നതാണ് ശ്രദ്ധിക്കപ്പെണ്ടേ വസ്തുത.
ചുരുക്കി വായനയിൽ ഈ വിദ്വേഷത്തെ ജനാധിപത്യമെന്നും, രാജഭരണം എന്നും തട്ടിൽ നിർത്തി കാണണ്ട കാര്യമില്ല, ഇത് വെറും കൊതിക്കുറവ് മാത്രം. കൈയ്യിട്ട് വാരാൻ കിട്ടിയേക്കാമായിരുന്ന ഒരവസരം ബഹുമാനപ്പെട്ട സുപ്രീം കോടതി നിഷേധിച്ചതിൻ്റെ നിരാശ. അതിൻ്റെ പേരിലുള്ള കൊലവിളികൾ തന്നെ ആ വിധിയെ സാധൂകരിക്കുന്നു എന്ന് നിസംശയം പറയാം. തിരുവിതാംകൂറിൻ്റെ പഴയകാല ചരിത്രം വായിച്ചറിഞ്ഞ അനുഭവമേ ഇന്നത്തെ തലമുറയിലെ രാജകുടുംബാംഗങ്ങൾക്ക് പോലും ഉള്ളു. ആനക്കാരൻ്റെ തഴമ്പ് മകൻ്റെ ചന്തിയിൽ അന്വോഷിക്കുന്നത്ര വിവരമില്ലായ്മയാണ് ഈ പിൻതലമുറയുടെ നേരെയുള്ള ആക്രോശങ്ങൾ. സുപ്രീം കോടതിയിൽ പോലും അവർ സൂക്ഷിച്ച സ്വത്തുക്കൾ തിരികെ തരണം എന്ന് വാദിച്ചില്ല എന്നും, അന്യാധീനപ്പെട്ടു പോകുന്ന രീതിയിൽ പുറത്തെടുത്ത് ഇട്ടു കൊടുക്കരുതെന്നും ആയിരുന്നു അവരുടെ അപേക്ഷ എന്നും അറിയാൻ കഴിഞ്ഞു. അതു കൊണ്ടു തന്നെ, ശത കോടികൾ ഇനി എന്നെങ്കിലും വരുന്ന ജനതയ്ക്ക് എങ്കിലും ഉപകാരപ്പെടുമെന്ന കാഴ്ചപ്പാടിൽ പുരോഗമന വാദികൾ അവരെ വെറുതെ വിടും എന്ന് പ്രതീക്ഷിക്കാം.

Monday, July 13, 2020

ശ്രീപദ്മാനഭസ്വാമി ക്ഷേത്രം കോടതി വിധി

ഇന്നത്തെ വിവാദ വിഷയം ശ്രീപത്മനാഭൻ്റെ ശതകോടി കണക്കിനുള്ള സ്വത്തിനെ കുറിച്ചാണ്. സുപ്രീം കോടതിയുടെ വിധിക്കെതിരെയും അനുകൂലിച്ചും ഓരിയിടുന്ന ധാരാളം പ്രബുദ്ധരെ സോഷ്യല്‍ മീഡിയായുടെ പല പ്ലാറ്റ്ഫോമുകളിലും കണ്ടു. അതല്ലങ്കിലും അങ്ങനെയാണല്ലോ. നമ്മുടെ മനസ്സിൽ നമ്മുടെ കാഴ്ചപ്പാടിന് അനുസരിച്ചുള്ള ഒരു വിധി സെറ്റ് ചെയ്ത് വച്ചിട്ടുണ്ടാവും. പാറശാലയിലുള്ള പരമുവാശാൻ്റെ മനസ്സിൽ രാജകുടുംബത്തോട് വിദ്വേഷമുണ്ടങ്കിൽ സുപ്രീം കോടതി ജഡ്ജിനും അതുണ്ടാവണം, അല്ലങ്കിൽ പരമുവാശാൻ തെറി തുടങ്ങും. ഇനി മറിച്ച് കാസർഗോഡുള്ള മലീമാക്ഷൻ പിള്ളയ്ക്ക് ഇന്ന് ഭരിക്കപ്പെടുന്ന ജനകീയ മന്ത്രിസഭയോട് വിധേയത്വമില്ലങ്കിൽ സുപ്രീം കോടതി വിധിയെ തേങ്ങാ ഉടച്ച് സ്വീകരിക്കും. ഇത്തരം ഒരു ലൈൻ, സ്വന്തം മൂക്ക് ചീറ്റുന്നതിൽ മുതൽ കിടപ്പറ വിഷയത്തിൽ വരെ, ഞാനും കൂടി ഉൾപ്പെടുന്ന മലയാളി സമൂഹത്തിന് ഉള്ളതിനാൽ, ഇവ്വിധമുള്ള നിലപാടുകൾ സ്വീകരിക്കുതിൽ അത്ഭുതമില്ല.മുലക്കരം പോലും പിരിച്ചിരുന്ന അക്കാലത്തെ രാജവംശ നിലപാടുകളാൽ സ്വരൂപിക്കപ്പെട്ടതാണ് ഈ ഭാരിച്ച സ്വത്ത് എന്നവകാശപ്പെടുന്നവർ കേവലം മുലക്കരം (ഉണ്ടായിരുന്നു എന്നതിന് ചരിത്രകാരന്മാരിൽ പോലും വ്യത്യസ്ഥ നിലപാടുകൾ ആണ് ) ഒഴിച്ചു നിർത്തിയാൽ ഇന്നത്തെ ബീവറേജിൽ മദ്യത്തിന് പിരിക്കുന്ന കരത്തെക്കുറിച്ചും അത് പോകുന്ന വഴികളെ കുറിച്ചും ഒന്ന് ആലോചിക്കാത്തതോ അതോ ഇന്നത്തെ മന്ത്രിരാജാക്കന്മാരുടെ അടിമകളായി പോയതുകൊണ്ടോ. മുപ്പത് രൂപയുടെ പെട്രോളിന് അറുപത് രൂപ കരം അടയ്ക്കുകയും, അത് ഒഴിക്കുന്ന വാഹനത്തിനും ഓടിക്കുന്ന റോഡിനും, വണ്ടി ആക്സിഡൻ്റായാൽ കിട്ടുന്ന ഇൻഷുറൻസിന് പോലും ഭീമമായ നികുതി പിരിക്കുന്ന ഇന്നത്തെ സോ കോൾഡ് ജനകീയ സർക്കാരുകൾ അത് ഉപയോഗിച്ച്‌ വളർത്തുന്നത് സ്വപ്ന, സരിതമാരേയും, അവരുടെ മച്ചമ്പിമാരേയും ആണന്ന് നമ്മൾ മനപ്പൂർവ്വം വിസ്മരിക്കുന്നു. ക്ഷേത്രത്തിലെ ഭാരിച്ച സ്വത്തുക്കൾ പുറത്തേക്ക് കിട്ടിയാൽ നാട്ടിൽ പാലും തേനും ഒഴുക്കും എന്ന് അലമുറയിടുന്നവർ, കോടിക്കണക്കിന് വരുമാനമുള്ള ശബരിമലയുടെ താഴെ സീസൺ സമയത്ത് കാണുന്ന ഒരിക്കലും ഉണങ്ങാത്ത തീട്ടക്കൂനകൾ അവിടുത്തെ പ്രാഥമിക സൗകര്യങ്ങൾക്കു പോലും ഉള്ള കുറവുകൾ കൊണ്ടാണന്ന് മറന്നു പോകുന്നു. മുലക്ക് കരം അടച്ചിരുന്നു എന്ന് തെളിവില്ലാത്ത വിടുവായത്വം പറയുന്നവർ ബ്രേസിയറിനും, പാൻ്റീസിനും, ഗർഭനിരോധന ഉറയ്ക്കും, സിസേറിയനും, അണ്ടർവെയറിനും, അണ്ടർ ഷേവറിനും വരെ നികുതി അടയ്ക്കുന്ന കാര്യം അറിയുന്നു പോലും ഇല്ല. നാലു കോടി വരുന്ന ജനങ്ങളിൽ നിന്ന് പിരിച്ച് പന്ത്രണ്ട് ശതമാനം വരുന്ന സർക്കാർ ഉദ്യോഗസ്ഥർക്ക് ശമ്പളവും പെൻഷനും ആനുകൂല്യങ്ങളും കൊടുക്കുകയും ബാക്കിയുള്ള തുക സ്വസ് ബാങ്കിലും സ്വന്തം വീട്ടിലെ ബി നിലവറയ്ക്കുള്ളിലും ഇനിയും അധികം വരുന്നത് മുള്ളിത്തെറിച്ച ബന്ധുമിത്രാദികൾക്കും വരെ വീതം വയ്ക്കുന്ന രാഷ്ട്രീയ ഹിജഡ പെരുമ കേട്ട നാട്ടിൽ നിന്നു കൊണ്ടാണ് രാജ വംശത്തെ ചൂണ്ടി കൊഞ്ഞനം കുത്തുന്നത് എന്നതാണ് വിരോധാഭാസം.

മുകളിലത്തെ ഖണ്ഡിക വരെ വായിച്ചവർ "രാജവംശത്തിൻ്റെ എച്ചിൽ പട്ടി" എന്ന ലേബൽ എനിക്ക് വിധിച്ചിട്ടുണ്ടാവും എന്ന് ഉറപ്പാണ്. അല്ല എന്നും ആണ് എന്നും വാദിക്കുന്നില്ല. എന്നാൽ ഏതാണ്ട് ഒരു നൂറ്റാണ്ടിന് മുമ്പ് അവസാനിപ്പിക്കപ്പെട്ട തിരുവനന്തപുരത്തെ രാജഭരണത്തിന് ശേഷം ആ നാട്ടിൽ ഉണ്ടായ വികസനത്തെ പറ്റി, പുതുതായുണ്ടായ നിർമ്മിതിയെ പറ്റി, അടിസ്ഥാന സൗകര്യങ്ങളെ പറ്റി, ജനസംഖ്യാ പെരുപ്പത്തിന് അനുസൃതമായി കൊണ്ടുവന്ന പരിഷ്കാരങ്ങളെ പറ്റി ചെറുതായൊന്ന് അവലോകനം നടത്തിയാൽ, ജനപ്പെരുപ്പം ആയിരം മടങ്ങ് ആയപ്പോഴും, അതിനനുസരിച്ച് ശ്രദ്ധിക്കപ്പെടാവുന്ന രീതിയിൽ വന്ന മാറ്റം, ഒരു നൂറ്റാണ്ടിന് മുമ്പ് വന്നതിൽ നിന്ന് പത്തോ പതിനഞ്ചോ ശതമാനം മാത്രമാണന്ന് മനസ്സിലാക്കാം. തിരുവനന്തപുരത്തെ സർക്കാർ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ, റോഡുകൾ മുതൽ എന്തിനേറെ പ്രസിദ്ധമായ മ്യൂസിയം പോലും അവകാശപ്പെടാൻ കഴിയാതെ നിരവധി ജനകീയ സർക്കാരുകൾ നോക്കു കുത്തികളായി കടന്നു പോയി. ശരിയാണ് ഇതെല്ലാം രാജഭരണത്തിലെ നികുതിപ്പണം തന്നെയാണ്. ആ ഭരണം കടന്നു പോയപ്പോൾ അവർ ബാക്കി വച്ചു പോയ ശതകോടികൾക്ക് അവകാശമുന്നയിച്ച് നടക്കുന്നവർ ഓർക്കേണ്ട ഒന്നുണ്ട്, രാജവംശം തുടർന്നു വന്ന അതേ നികുതി പിരിച്ച് ഭരണഘോഷം നടത്തുന്ന ജനകീയ സർക്കാരുകളുടെ അവസാന പരമ്പരയായ ജനകീയ പിണറായി മഹാരാജൻ പടിയിറങ്ങുമ്പോൾ, രാജ വംശത്തിൻ്റെ ഉച്ചനീചത്വങ്ങൾക്ക് എതിരെ അലമുറയിടുന്നവൻ്റേയും പോക്കറ്റ് കീറാൻ വേൾഡ് ബാങ്ക് കാവൽ നിൽപ്പുണ്ടന്ന്.

മനസ്സിലായില്ലേ ഈ വായിക്കുന്ന ഓരോ ആളുടെ കയ്യിൽ നിന്ന് തുമ്മുന്നതിനും തൂറുന്നതിനും ദിനേന വാങ്ങുന്ന നികുതിപ്പണം വാങ്ങി ഭരിച്ചു മുടിച്ച സന്തോഷത്തിന് നമ്മളിൽ ഓരോരുത്തരുടേയും ആളോഹരി കടം ഒരു ലക്ഷത്തിനു മുകളില്‍ വരും എന്നു സാരം. അപ്പോഴും ഇക്കണ്ട വികസനങ്ങൾക്ക് എല്ലാം ശേഷവും കേരളം വിലയ്ക്ക് വാങ്ങാനുള്ള ശതകോടികൾ ക്ഷേത്രത്തിൽ സുരക്ഷിതമാണ്.

നബി: രാജവംശ കാലത്തെ ഓച്ഛാനിപ്പിനെ കുറിച്ചാണ് ആക്ഷേപം. പിണറായി രാജാവിൻ്റെ, കരുണാകരൻ രാജാവിൻ്റെ മുന്നിൽ ഒച്ഛാനിക്കാതെ നിന്നാലുള്ള സാധാരണക്കാരൻ്റെ അവസ്ഥ ചിന്തനീയം.

Saturday, October 5, 2019

കമ്മി മതം


എന്താണ് മതം, എന്താണ് വിശ്വാസത്തിൻ്റെ അളവ് കാേൽ....? ഒരു കമ്മി സുഹൃത്തിന്റെ ചോദ്യമാണ്...!!!

ഒരു കമ്മ്യൂണിസ്റ്റ് വിശ്വാസിയോട് മതത്തെ കുറിച്ചും വിശ്വാസത്തെ കുറിച്ചും പറഞ്ഞാൽ കാര്യങ്ങൾ എളുപ്പത്തിൽ മനസ്സിലാകും എന്നറിയാവുന്നത് കൊണ്ടാണ് ഈ സാഹസം ഞാൻ ഏറ്റെടുത്തത്. കാരണം എൻ്റെ കാഴ്ചപ്പാടിൽ മതങ്ങൾക്ക് ഒപ്പം ഏച്ചുകെട്ടാവുന്ന, മതമായി മാറിയ ഒരൊറ്റ രാഷ്ട്രീയ പാർട്ടിയേ ലോകത്ത് നിലവിൽ ഉള്ളു. മറ്റു മതങ്ങൾ എന്താണന്ന് ഒരു കമ്മിയെ പറഞ്ഞു മനസ്സിലാക്കുന്നതിന് പകരം, അയാളുടെ പ്രസ്ഥാനത്തെകുറിച്ചുള്ള ചില വെളിപാടുകൾ പറയുമ്പോൾ എല്ലാ മതവും എന്താണന്ന് ഏതാണ്ട് പിടികിട്ടും എന്ന് വിശ്വസിക്കുന്നു. എനിക്ക് വളരെ മുൻപേ തന്നെ കാര്യങ്ങൾ സുവ്യക്തമായിരുന്നു എങ്കിലും, സോഷ്യൽ മീഡിയാ ഖോ ഖോയിൽ കൂടിയാണ്, അവരുടെ വിശ്വാസവും, വിശ്വാസ സംഹിതയും, ദൈവ നേതാക്കളോടുള്ള അതീവ പ്രതിപത്തിയും, ദയഭക്തിയും എത്രത്തോളമുണ്ടന്ന് എനിക്ക് കൂടുതൽ മനസ്സിലായത്. അതിനാൽ തന്നെ അവരെ ഞാൻ കാണുന്നത് രാഷ്ട്രീയ പാർട്ടിയായിട്ടല്ല, ഇന്ത്യയിലെ കാക്കത്തൊള്ളായിരം മതങ്ങൾക്കൊപ്പം ചേർത്ത് വയ്ക്കാവുന്ന മറ്റൊരു മതം എന്ന നിലയിലാണ്. അതിനാൽ തന്നെ കമ്യൂണിസ്റ്റ് പാർട്ടി എന്ന അതിബ്രഹത്തായ പേരിൻ്റെ പിറകെ പോകാതെ   "കമ്മി മതം" എന്ന രണ്ടു വാക്കിലേക്ക് ചുരുക്കിയൊതുക്കാം എന്ന് കരുതുന്നു. അതാണ് ആ വിഭാഗത്തിന് ചേരാവുന്ന ഏറ്റവും അനുയോജ്യമായ പേരും.

"ഈങ്ക്വിലാബ് സിന്ദാബാദ്, തൊഴിലാളി വർഗ്ഗം സിന്ദാബാദ്" എന്ന രണ്ടു മന്ത്രങ്ങളാണ് മതത്തിൻ്റെ മൂലമന്ത്രങ്ങളെങ്കിലും, എല്ലാ മതങ്ങളിലും എന്ന പോലെ കൊല്ലും കൊലയും അധികാരവും അവകാശവും കാൽച്ചുവട്ടിൽ വച്ച് ആഘോഷിച്ച വീരപുരുഷൻമാരായ ചെഗുവേര, ലെനിൻ, മാർക്സ് ഒക്കെയാണ് ഈ മതത്തിൻ്റെ സ്ഥാപക ദൈവങ്ങൾ. ഇനി ഇതിൽ എന്തെങ്കിലും ആക്ഷേപമുണ്ടങ്കിൽ ഏതൊരു കമ്മിമത വിശ്വാസിയുടെയും വീട്ടിൽ പോകാം, മറ്റു മത വിശ്വാസികളുടെ ദൈവങ്ങളുടെ ഫോട്ടോ ഇരിക്കുന്ന സ്ഥാനത്ത് ഇവരുടെ ഫോട്ടോ വച്ച് ആരാധനയില്ലങ്കിൽ ഞാൻ ഈ പറഞ്ഞത് പിൻവലിച്ചേക്കാം. ലോകത്താകമാനമുള്ള മറ്റു ദൈവങ്ങളുടെ ലിസ്റ്റ് എടുത്താൽ, ഇറാക്കിൽ ലക്ഷങ്ങളെ കൊന്നൊടുക്കി പിന്നെ കയറിൽ തൂങ്ങി സ്വർഗ്ഗാരോഹണം നടത്തിയ സദ്ദാം ഹുസൈൻ മുതൽ, ഗദ്ദാഫി, ഈദി അമീൻ, ഇന്ന് അനീതിക്കെതിരെ പടപൊരുതി അന്യായക്കാരുടെ തല അറക്കുന്ന കിം ജോങ്ങ് ഉൻ വരെ ഇന്റെർനാഷണൽ ദൈവങ്ങളാണ്. സംശയമുണ്ടങ്കിൽ ഈ പറഞ്ഞവരെ ആരെയെങ്കിലും മോശമാക്കി പബ്ലിക്കായി രണ്ടു വർത്തമാനം പറഞ്ഞു നോക്കു. മതവിശ്വാസികൾ പല്ലും നഖവും ഉപയോഗിച്ച് ചാടി വീണിരിക്കും.

ഇനി നാട്ടിലേക്ക് തിരിച്ചു വരാം. സമ്പന്നമായ ദൈവശ്രിംഗല തീർക്കുന്നു കമ്മി മതം ഇവിടെയും. മറ്റു പ്രധാന മതങ്ങളെ പോലെ മരിച്ചു പോയി ഫോട്ടോയിൽ ആയ ദൈവങ്ങൾ മുതൽ ജീവിച്ചിരിക്കുന്ന ആൾദൈവങ്ങൾ വരെയുള്ള സമ്പന്നമായ നീണ്ട നിര. നാഷണലൈസ്ഡ് ദൈവങ്ങളിൽ പലതും ശോഭകെട്ടു എങ്കിലും അഭൗമമായ അനുഗ്രഹം വാരിച്ചൊരിയുന്നതിൽ ഇന്നും അവർ ഒരു ലുബ്ദും കാട്ടുന്നില്ല എന്നതാണ് അവരുടെ ഏറ്റവും വലിയ പ്രത്യേകത. 

കേരളത്തിലെ ആൾദൈവങ്ങളുടെ പട്ടികയിൽ  ഒരു പ്രധാന ദൈവവും, ഉപഉപജാപക ദൈവങ്ങളും, ചെറു ദൈവങ്ങളും അടങ്ങുന്ന മുപ്പത്തിമുക്കാേടി ദൈവങ്ങളുടെ വിശാലമായ ലോകം. പ്രധാന ദൈവം ലോകത്തിലെ എല്ലാ കമ്മി ദൈവങ്ങളേയും പോലെ ഉഗ്രമൂർത്തിയാണ്. ഇന്ത്യാ മഹാരാജ്യത്തായത് ഭാഗ്യം. വലിയ രീതിയിൽ ഒന്നും ഇവിടെ നടത്താൻ കഴിയുന്നില്ല എങ്കിലും, സംഹാരവും താണ്ഡവവും തൻ്റെതായ ശൈലിയിൽ നടത്താൻ കഴിവുള്ള കലിയുഗവരദൻ. നല്ലവരായ സ്വപ്രജകളുടെ സംരക്ഷകൻ, ദുഷ്ടരായ എതിരാളികൾക്ക് ഒരു പോരാളി. എല്ലാ മതങ്ങളിലെയും എന്ന പോലെ കമ്മി മതവും പ്രധാന ദൈവത്തിലും ഉപ ദൈവങ്ങളിലും കറങ്ങി നിൽക്കുന്നു. മതത്തെയോ ദൈവത്തെയോ പറഞ്ഞാൽ മറ്റു മതങ്ങൾ കൈവെട്ടും, ശൂലം കയറ്റും കമ്മിമതാനുയായികൾ 51, 48, 25 കണക്കുകൾ പ്രകാരം വെട്ടിക്കൊല്ലും. കാലനും പോത്തുമാണ് ഒരു മതത്തിൻ്റെ ആയുസ്സെടുക്കുന്നവനും, അവൻ്റെ വാഹനവുമെങ്കിൽ കമ്മി മതത്തിന് അത് സുനിയും ഇന്നോവയുമാണ്. തീവ്രമത വാദികളുടെ കൊലപാതകത്തിനും ചില മൂലമന്ത്രങ്ങൾ ഉണ്ട്. റാം റാം എന്നും, അല്ലാഹു അക്ബർ എന്നും ചിലർ വിളിക്കുമ്പോൾ, കമ്മി മതക്കാർ അൽപ്പം വ്യത്യസ്ഥമായി മാഷാ അള്ളാഹ് എന്ന മൂലമന്ത്രമാണ് കൊലപാതകത്തിന് ഉപയോഗിക്കുന്നത്. ഇനിയും ഉദാഹരണങ്ങൾ ആയിരങ്ങൾ നിരത്താനുണ്ടങ്കിലും മതം എന്താണന്ന് എൻ്റെ സുഹൃത്തിന് മനസ്സിലായി കാണും എന്ന വിശ്വാസത്തിൽ കൂടുതൽ എഴുതി ബോറടിപ്പിക്കുന്നില്ല..

ഇനി വിശ്വാസത്തിലേക്ക് കടക്കാം... എന്താണ് വിശ്വാസം....?

ശശി ദൈവം പെണ്ണു പിടിച്ചാലും, സെക്രട്ടറേയേറ്റിലെ വലിയ ദൈവങ്ങൾ മുക്കിയാലും, മരിച്ച എം എൽ എ ദൈവം വീട്ടാവശ്യത്തിന് എടുത്ത ലോൺ ദുരിതാശ്വാസ നിധിയിൽ നിന്ന് എടുത്ത് കൊടുത്താലും അത് കമ്മി മതത്തിലെ വെറും ചില ആചാരങ്ങളായി കണ്ട് നിങ്ങൾ ദൈവമക്കൾ ന്യായീകരിക്കാറില്ലേ... കാരണം നിങ്ങൾക്ക് അവയെല്ലാം ദൈവീകമായ ആചാരങ്ങൾ ആയതുകൊണ്ടാണ്.... ദൈവങ്ങൾ ചെയ്യുന്നത് തെറ്റാണന്ന് അറിഞ്ഞാലും ന്യായീകരിക്കുന്ന മത വിശ്വാസിക്ക് അതിലപ്പുറം എന്ത് ചെയ്യാൻ കഴിയും. മറ്റു മതവിശ്വാസി കാലാകാലങ്ങളായി അവർ ആചരിക്കുന്നവയെ ന്യായീകരിക്കുന്നു, കമ്മി മത വിശ്വാസി അപ്പപ്പോൾ അവരുടെ ദൈവം പ്രഖ്യാപിക്കുന്ന ആചാരങ്ങളെ ന്യായീകരിക്കുന്നു എന്ന ചെറുവ്യത്യാസം മാത്രം. രണ്ടായാലും ഇതൊക്കെ ദൈവത്തിൽ ഉള്ള അമിത വിശ്വാസത്തിന്റെ പുറത്തുണ്ടാകുന്ന അന്ധമായ പ്രവൃത്തികൾ മാത്രം. 

കമ്മിമത വിശ്വാസികളെപ്പോലെ മറ്റ് മതവിശ്വാസികളും അന്ധമായി ചിലത് വിശ്വസിച്ച് വച്ചിട്ടുണ്ട്. അവർക്ക് നിങ്ങളുടെ മതം പോലെ ഉദാത്തമാണ് അവരുടെ മതം. നിങ്ങൾക്ക് നിങ്ങളുടെ സഖാദൈവങ്ങളിൽ ഉള്ള വിശ്വാസം പോലെ ഉത്തമമന്മാരാണ് അവരുടെ ദൈവവും. നിങ്ങളുടെ സെക്രട്രറിയേറ്റിലെ പ്രധാന ദൈവവും, ഉപദേവതകളും, ചെയ്യുന്ന ഉപജാപകങ്ങളും, ഉപദ്രവങ്ങളും ഉപകാരങ്ങളും എല്ലാം ചോദ്യം ചെയ്യാൻ പാടില്ലാത്തതും, ദൈവീകവുമാകുമ്പോൾ, മതങ്ങൾ അവരുടെ ദൈവം ചെയ്തിരുന്നു പറഞ്ഞിരുന്നു എന്നു പറയുന്ന കാര്യങ്ങൾ എത്ര മോശമാണങ്കിലും അവർക്കും ദൈവീകമാണ്. അവർ കാണിക്കുന്ന എന്തും ന്യായീകരണങ്ങൾ ആകുമ്പോൾ ഇവിടെ ദൈവത്തിന്റെ പേരിൽ എഴുതി വച്ചിരിക്കുന്ന എന്തും ആചാരങ്ങളും ന്യായീകരണങ്ങളും ആവുന്നു.

കമ്മി മതസ്ഥരേ.... നിങ്ങൾക്ക് മാത്രമേ മറ്റു മതങ്ങളെപ്പോലെ ഒരു മൂലഗ്രന്ഥമുള്ളു എന്ന് മനസ്സിലാക്കുന്നിടത്ത് മതവും വിശ്വാസവും എന്താണന്ന് കൂടുതൽ വിശദീകരണം ഇനി ആവശ്യമില്ല എന്ന് വിശ്വസിക്കട്ടെ....

നബി: കേരളം എന്ന വാലറ്റത്തെ കമ്മിമതത്തിൻ്റെ സ്വർഗ്ഗം അമേരിക്കയാണ്, നരകം ഏതാണന്ന് നിങ്ങൾക്ക് അറിയാം, ഞാൻ പറയുന്നില്ല...

ഈങ്ക്വിലാബ് സിന്ദാബാദ്, തൊഴിലാളി ഐക്യം സിന്ദാബാദ്...!!!

കമ്യൂണിസം ഈ കാലഘട്ടത്തിലെ പൊട്ടൻ ചിന്ത



ലോകത്ത് ഒറ്റകൂട്ടം ആളുകളെയുള്ളൂ  പൊട്ടന് ഇഷ്ടപ്പെടാത്തവരായി. നിർഭാഗ്യവശാൽ അത് ഞങ്ങൾ കമ്മികൾ ആണ്. പൊട്ടൻ ഇത്രത്തോളം ആക്ഷേപിച്ചിട്ടുള്ള മറ്റൊരു കൂട്ടർ ഉണ്ടാവില്ല....
----------------------------------------------------------------------------------------------------------------
നിങ്ങൾ കമ്മികൾ ഒരു പ്രത്യേക ജനുസ്സാണ്.

തങ്ങൾ സഹിഷ്ണുക്കൾ ആണന്ന് പ്രഖ്യാപിക്കുമ്പോഴും അസഹിഷ്ണുതയിൽ മുൻപന്തിയിൽ. 

മതമില്ല എന്ന് പറയുമ്പോഴും മതം ഇളക്കി, അത് പറഞ്ഞ് വോട്ട് തേടുന്നവർ. 

വിശ്വാസമില്ലന്ന്
പറയുമ്പോഴും വിശ്വാസികളിൽ നുഴഞ്ഞുകയറി കാര്യസാധ്യത്തിനായി വിശ്വാസത്തെ ഇളക്കിവിടുന്നവർ.

തൊഴിലാളി വർഗ്ഗം എന്ന് പറയുമ്പോഴും മുതലാളിമാരുടെ മൂടുതാങ്ങി മുതലാളിമാർക്ക് വേണ്ടി തൊഴിലാളി വർഗ്ഗത്തെ ഒറ്റുകൊടുക്കുന്നവർ. 

വർഗ്ഗീയ വിഷങ്ങൾ എന്ന് തീവ്രമതസ്ഥരെ വിളിക്കുമ്പോഴും, തങ്ങളുടെ പ്രസ്ഥാനത്തെ എതിർത്ത് പറയുന്നവരെ അതിദാരുണമായി ശിക്ഷിക്കാനും കൊന്നൊടുക്കാനും മടിയില്ലാത്തവർ. 

സ്ത്രീ ശാക്തീകരണം എന്ന ലേബലിൽ കോപ്രായങ്ങൾ കാട്ടി കൂട്ടുമ്പോഴും സ്വന്തം കൊടിക്കു താഴെ നിൽക്കുന്ന സ്ത്രീകൾക്ക് പോലും വ്യക്തമായി സംരക്ഷണം വാഗ്ദാനം ചെയ്യാൻ കഴിയാത്തവർ.

സ്വന്തം കണ്ണിൽ കോലുകൾ നിറഞ്ഞ് കിടക്കുമ്പോഴും മറ്റുള്ളവരിലെ കരടുകൾ എണ്ണി തീർക്കുന്ന വെറും കുരുടന്മാരായി തീരുന്നു കമ്മികൾ...

വാക്കിനും പ്രവർത്തിക്കും പുലബന്ധം പോലും ഇല്ലാത്ത ആൾ ദൈവങ്ങളാൽ നിയന്ത്രിക്കപ്പെടുന്ന ഒരു പാർട്ടിക്ക് പേര് കമ്മ്യൂണിസറ്റ്....

മറ്റുള്ള പാർട്ടികൾ, മതങ്ങൾ? ഈ ചോദ്യം ഉണ്ടായേക്കാം... എങ്കിൽ പിന്നെ നിങ്ങൾ കമ്മ്യൂണിസ്റ്റ് എന്ന് പറഞ്ഞ് ഊറ്റം കൊള്ളരുത് പ്ലീസ്....

Tuesday, November 19, 2013

വിമാനമിറങ്ങുന്ന ദുസ്വപ്നങ്ങള്‍.



ആറന്മുളയില്‍ ഒരു വീമാനത്താവളം…? ആദ്യമായി അത്തരം ഒരു വാര്‍ത്ത കേട്ടപ്പോള്‍ സത്യത്തില്‍ വളരെ രസകരമായി തോന്നി. എന്‍റെ നാട്ടിലും വീമാനത്താവളം വരുന്നു എന്ന് ആറന്മുളക്ക് വെളിയില്‍ ഉള്ള സുഹൃത്തുക്കളോട് ഹാസ്യരൂപേണ പറഞ്ഞു ചിരിക്കുമായിരുന്നു ഞാന്‍. കാരണം ആറന്മുളയെ നന്നായി അറിയാവുന്ന ഒരാള്‍ക്ക് അവിടെ ഒരു വീമാനത്താവളം വരുന്നു കേള്‍ക്കുമ്പോള്‍ അത് ഒരു വലിയ തമാശയായേ തോന്നാന്‍ വകയുള്ളൂ.  ആറന്മുളയെ മൊത്തമായി വിശകലനം ചെയ്‌താല്‍ അതിന്‍റെ ഭൂപ്രകൃതിയെ കുറിച്ച് അറിഞ്ഞാല്‍ ഈ വിമാനത്താവളം ഒരു ആനമഠയത്തരവും ശുദ്ദ അസംബന്ധവും  ആണെന്ന് ആര്‍ക്കും മനസ്സിലാക്കാം.

കരപ്രദേശങ്ങള്‍ എല്ലാം തന്നെ ജനനിബിഡമായ, ആയിരക്കണക്കിന് ഏക്കര്‍ വയലേലകളാല്‍ ചുറ്റപ്പെട്ട, അതിലേറെ മലനിരകള്‍ ഉള്ള, നൂറ് കണക്കിന് ചെറുതും വലുതുമായ ആരാധനാലയങ്ങള്‍ ഉള്ള, പത്തോളം ചെറു അരുവികള്‍ ഉള്ള, കേരളത്തിലെ തന്നെ പ്രധാന നദികളില്‍ ഒന്നായ പമ്പക്ക് ശബരിമല കഴിഞ്ഞാല്‍ ഏറ്റവും പ്രാധാന്യമുള്ള, പൈതൃക ഗ്രാമമായ ആറന്മുളയില്‍ ഒരു വിമാനത്താവളം സ്ഥാപിച്ചാല്‍ അനുബന്ധമായ വികസന പ്രവര്‍ത്തനങ്ങള്‍ നടത്താനായി കുടിയിറക്കപ്പെടുന്ന ആളുകളെ കൂടി കണക്കിലെടുത്താല്‍ പിന്നെ വിരലില്‍ എണ്ണാവുന്ന ജനങ്ങള്‍ക്കെ എവിടെ ജീവിക്കാന്‍ സാധ്യമാവൂ.

നാലോ അഞ്ചോ മീറ്റര്‍ മാത്രം വീതി ഉള്ള റോഡുകള്‍, നാലോ ആറോ വരി പാതയാക്കുമ്പോള്‍ കുടിയിറക്കപ്പെടുന്നവര്‍ പടിഞ്ഞാറ് ചെങ്ങന്നൂര്‍ മുതല്‍ കിഴക്ക് പത്തനംതിട്ട വരെയും തെക്ക് പന്തളം മുതല്‍ വടക്ക് തിരുവല്ല വരെയും ഉണ്ടാവും എന്നതും നാം മറന്നു പോകുന്നു. ആയിരക്കണക്കിന് വീടുകള്‍, ആരാധാനാലയങ്ങള്‍ ഇവയൊക്കെയും നിഷ്കാസനം ചെയ്യപ്പെടും. ഇനി ഈ റോഡുകള്‍ വീതി കൂട്ടുന്നില്ല എന്ന വാദമാണ് വീമാനത്താവള അനുകൂലികള്‍ക്ക് വാദിക്കാന്‍ ഉള്ളതെങ്കില്‍ നിങ്ങള്‍ പണിയുന്നതിനു അന്താരാഷ്ട്ര വിമാനത്താവളം ആണെങ്കില്‍ അതിന്‍റെ അന്താരാഷ്ട്ര മാനങ്ങള്‍ പാലിക്കപ്പെടാന്‍ റോഡുകള്‍ വീതികൂട്ടിയെ കഴിയൂ എന്ന് ഞങ്ങള്‍ ആറന്മുളയിലെ സാധാരണക്കാര്‍ക്ക് വ്യക്തമായി അറിയാം എന്നെ മറുപടി പറയാനുള്ളൂ.

ശുഷ്കമായി ഒഴുകുന്ന പമ്പ ഒന്ന് ശക്തിയാര്‍ജ്ജിക്കുന്നത് ആറന്മുളയും പരിസരത്തും എത്തുമ്പോഴാണ്. അവിടെയുള്ള നീരുറവകള്‍ പമ്പക്ക് നല്‍കുന്ന ശക്തി അപാരം. ഇന്ന് കൃഷി ചെയ്യുന്നില്ല എങ്കിലും നിര്‍ദ്ദിഷ്ട മേഖലയില്‍ മണ്ണിട്ട്‌ നികത്താന്‍ ഉദ്ദേശിക്കുന്ന വയലുകള്‍ ഈ ചാലുകള്‍ക്ക് വെള്ളം കൊടുക്കുന്ന നീര്‍ത്തടങ്ങള്‍ ആണ് ഇന്നും. ആ നീര്‍തടങ്ങളിലെക്ക് ഉറവകള്‍ എത്തുന്നത് സമീപപ്രദേശങ്ങളില്‍ ഉള്ള കുന്നുകളില്‍ മഴക്കാലത്ത് സംഭരിക്കപ്പെടുന്ന ജലവും. താവളം വരുന്നതോടെ കുന്നുകള്‍ ഇടിച്ച് നീക്കപ്പെടും, വയലുകള്‍ ചാലുകള്‍ എല്ലാം നികത്തപ്പെടും എന്തിനേറെ ഒരു ഭൂപ്രദേശം ഒന്നാകെ തുടച്ച് നീക്കപ്പെടും.

രാഷ്ട്രീയ പാര്‍ട്ടികളില്‍ നാം വിശ്വസിച്ച് കൂടാ. അവര്‍ അവരുടെ പകിടികള്‍ക്കായി കാത്തിരിക്കുകയാണ്. നേതാക്കന്മാര്‍ക്കോ പാര്‍ട്ടിക്ക് മൊത്തമായോ കിട്ടുന്ന മുറയ്ക്ക് മറ്റേതു സ്ഥലങ്ങളിലെ സ്ഥാപിത താല്പ്പര്യ സമരങ്ങള്‍ പോലെ അവര്‍ പിന്‍വാങ്ങുക തന്നെ ചയ്യും. ചരിത്രം നമ്മുക്ക് നല്‍കിയ പാഠങ്ങള്‍ അത്തരമാണ്. ഇവിടെ ജനങ്ങള്‍ മതജാതി വര്‍ഗ്ഗ വര്‍ണ വ്യത്യാസമില്ലാതെ കൊടിക്കൂറയുടെ പിന്‍ബലമില്ലാതെ അണിനിരക്കുക മാത്രമാണ് ഒരേയൊരു സാധ്യത.

പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകന്‍ ശ്രീ  ഹരീഷ് വാസുദേവന്‍  എഴുതിയ ഒരു ലേഖനത്തില്‍ പറയും പോലെ "ആറന്മുളയ്ക്കു അന്തിമാനുമതി എന്ന് ഹെഡിംഗ് കൊടുക്കുന്ന പത്രക്കാരുടെ ശ്രദ്ധയ്ക്ക്. ഇതേ അന്തിമാനുമതി 2 തവണ നൽകിയതാണ് അതിരപ്പിള്ളി പദ്ധതിക്ക്. എന്നിട്ടും ഒരു സിമന്റ് കട്ട പോലും അവിടെ വീണിട്ടില്ല, ഇന്നേ ദിവസം വരെ. രണ്ടു തവണയും കോടതി അനുമതി റദ്ദാക്കി. അതും ഒരു സാധ്യതയാണ്. എല്ലാ അനുമതിയുമായി വന്ന, അമേരിക്കാൻ പ്രസിഡന്റിനെ വരെ തീരുമാനിക്കാൻ കെൽപ്പുള്ള കൊക്ക കോള കമ്പനി പൂട്ടിക്കെട്ടി. പിന്നെയാണോ ഒരു KGS കമ്പനി. നാട്ടുകാർ സ്ട്രോങ്ങ്‌ ആണെങ്കിൽ ഒരനുമതിയും പ്രശ്നമല്ലെന്ന് വിളപ്പിൽശാല പോലും തെളിയിക്കുന്നു. ഇനിയൊക്കെ നാട്ടുകാരുടെ മിടുക്ക് പോലിരിക്കും.”

ഞങ്ങള്‍ ആറന്മുളയിലെ ജനങ്ങള്‍ക്ക് ഈ വീമാനത്താവളം വേണ്ട. ആറന്മുളയിലെ പ്രവാസികളായ ഞങ്ങള്‍ രണ്ടര മണിക്കൂര്‍ യാത്ര ചെയ്ത് തിരുവനന്തപുരത്തു നിന്നോ, മൂന്നര മണിക്കൂര്‍ യാത്ര ചെയ്ത് കൊച്ചിയില്‍ നിന്നോ വീട്ടില്‍ എത്താന്‍ തയ്യാറാണ്. ആ യാത്രയില്‍ ചിലപ്പോള്‍ ഞങ്ങള്‍ അനുഭവിച്ചെക്കാവുന്ന യാതനയുടെ എത്രയോ ലക്ഷം ഇരട്ടി യാതനകള്‍ ആണ് ഈ വീമാനതാവളം വന്നാല്‍ ഞങ്ങളെ കാത്തിരിക്കുന്നത് എന്ന് തിരിച്ചറിയാനുള്ള വിവേകം ഞങ്ങളില്‍ തീര്‍ച്ചയായും ഉണ്ട്.

Thursday, April 18, 2013

നരനിലേക്ക് വെറുമൊരു നാരി ദൂരം.

സ്ത്രീ സംബന്ധ വിഷയങ്ങളിലെ സമകാലിക സംഭവങ്ങളുടെ നിറമുള്ളതും, ഇല്ലാത്തതുമായ അനവധി വാര്‍ത്തകളുടെ വെളിച്ചത്തില്‍ ധാരാളം കഥകളും ലേഖനങ്ങളും അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്.  ഇപ്പോഴും അത്തരം നിറം പിടിപ്പിച്ച കഥകള്‍ മേമ്പൊടി ചേര്‍ത്ത സെന്‍സേഷണല്‍ ലേഖനങ്ങള്‍ നമ്മുടെ വായനയ്ക്ക് ഹരം പകര്‍ന്നുകൊണ്ടേയിരിക്കുന്നു. സ്ത്രീപക്ഷ വാദികളുടെ ശക്തമായ പ്രതിഷേധാഗ്നിയില്‍ എരിഞ്ഞടങ്ങിയ നിരവധി നിരപരാധികളും നമ്മുക്കിടയില്‍ ഉണ്ടന്നതും സത്യമാണ്. പ്രതിപക്ഷത്ത് സ്ത്രീ വരുമ്പോള്‍ മറുപക്ഷം പുരുഷന്‍ എന്ന മാനുഷിക വിധി നിര്‍ണയം വരുന്നതിന് അപ്പുറം ഇന്ന് കോടതികളും നിയമ നിര്‍മ്മാണവും വരെ സ്ത്രീക്ക് അനുകൂലമായി മാത്രം എഴുതി ചേര്‍ത്ത് വച്ചിരിക്കുന്നു. ഏതൊരു സ്ത്രീയുടെയും ചൂണ്ടുവിരലില്‍ ചൂളി വീഴുന്ന ഒരു അപഹാസ്യ കഥാപാത്രമായി പുരുഷന്‍ ചുരുങ്ങുന്ന കാലം അതിവിദൂരമല്ല. സൌമ്യ മുതല്‍ ഡല്‍ഹി പെണ്‍കുട്ടി വരെയുള്ള അതിനീച കൃത്യങ്ങളെ ന്യായീകരിക്കുകയാണ് എന്ന് പ്രിയവായനക്കാര്‍ കരുതരുത്. അത്തരം ഹീനതകളെ അപലപിക്കുന്നത്തിനൊപ്പം അവയെ പ്രതിരോധിക്കാന്‍ എന്ന നിലയില്‍ നിര്‍മ്മിച്ചെടുത്ത പ്രത്യേക നിയമ വ്യവസ്ഥയെ പുരുഷനൊപ്പമോ അല്ലെങ്കില്‍ അവരെക്കാള്‍ ഒരുപിടി മുന്നിലോ അല്ലെങ്കില്‍ അല്‍പ്പം മാത്രം പിന്നിലോ മാത്രം കുറ്റകൃത്യ പട്ടികയില്‍ സ്ഥാനം പിടിച്ചിരിക്കുന്ന സ്ത്രീ സമൂഹം എത്രമാത്രം ദുര്‍വിനിയോഗം ചെയ്യും എന്നത് കാലം തീര്‍ച്ചയായും തെളിയിക്കും. 

മുകളിലത്തെ വരികള്‍ ഒരു ആമുഖം എന്ന നിലയില്‍ പറഞ്ഞു വച്ചു എന്നു മാത്രം. എന്‍റെ ലേഖനം ഇതുമായി ഏതാണ്ട് ബന്ധപ്പെട്ടതാണ് എങ്കിലും തികച്ചും വ്യത്യസ്തമായ ഒരുവിഷയത്തിലൂടെ അതിനെ ചൂണ്ടിക്കാട്ടാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അടുത്തിടെ എനിക്കുണ്ടായ ഒരു അനുഭവം ഒപ്പം എന്‍റെ കളികൂട്ടുകാര്‍ ഉള്‍പ്പെടെയുള്ള സുഹൃത്ത് സമൂഹത്തിനാല്‍ വിവരിക്കപ്പെട്ടിട്ടുള്ള ചില അനുഭവങ്ങള്‍ ഈ വിഷയത്തിന് ഉപോല്‍ബലകമായി അവതരിപ്പിക്കാനും ആഗ്രഹിക്കുന്നു. 

നിങ്ങളില്‍ ചിലരെങ്കിലും ഓര്‍ക്കുന്നുണ്ടാവും ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് എന്‍റെ ഫേസ്ബുക്ക് പേജ് ആരോ ഒരാള്‍ ഹാക്ക് ചെയ്തതും എന്‍റെ അറിവില്ലാതെ പലരെയും എന്‍റെ ചങ്ങാതികൂട്ടത്തില്‍ എത്തിപ്പെട്ടതും. ഹാക്കര്‍ ചേര്‍ത്ത ചെങ്ങാതിമാര്‍ക്ക് ഒരു പൊതു സ്വഭാവം ഉണ്ടായിരുന്നു. നമ്മള്‍ എല്ലാം "കുണ്ടന്‍" എന്ന ഓമനപ്പേരില്‍ വിളിക്കുന്ന ഹോമോസെക്സ് വിഭാഗത്തില്‍ പെടുന്ന നിരവധിപ്പേര്‍ എന്‍റെ കൂട്ടത്തില്‍ എത്തുകയും ഹാക്കര്‍ അവരുമായി എന്‍റെ പേരില്‍ ചാറ്റ് നടത്തുകയും ചെയ്തു. അങ്ങനെ നടത്തിയ ഒരു ചാറ്റിന്‍റെ ശകലങ്ങള്‍ വളരെ യാദ്രിശ്ചികമായി എന്‍റെ കണ്ണില്‍പെട്ടപ്പോള്‍ ആണ് ഞാന്‍ ഹാക്ക് ചെയ്യപ്പെട്ടിരിക്കുന്നു എന്ന സത്യം തിരിച്ചറിഞ്ഞത്. അപ്പോള്‍ തന്നെ കാര്യക്ഷമമായി പ്രവര്‍ത്തിച്ച് കഴിയാവുന്ന എല്ലാ സെക്യൂരിറ്റിയും സ്വീകരിച്ച് അതില്‍ നിന്ന് വളരെ വേഗം വിമുക്തനാകുകയും ചെയ്തു. മുന്‍പ് വളരെയധികം എഴുതിയിരുന്ന ഒരു ബ്ലോഗര്‍ എന്ന നിലയില്‍ എന്നെ അറിയുന്ന ഞാന്‍ അറിയാത്ത  നിരവധി പേര്‍ ഓണ്‍ലൈന്‍ രംഗത്ത് ഉണ്ട് എന്നതിനാല്‍ ഇങ്ങോട്ട് വരുന്ന ഏതു ചെങ്ങാത്തവും കണ്ണടച്ച് സ്വീകരിക്കുക എന്ന രീതി ആയിരുന്നു ഞാന്‍ അതുവരെ സ്വീകരിച്ച് പോന്നിരുന്നത്. അതിനാല്‍ തന്നെ ഹാക്കറാല്‍ ചേര്‍ക്കപ്പെട്ടവരെ കണ്ടെത്തുക അപ്രാപ്യമായ ഒന്നായി മാറുകയും ചെയ്തു. അത്തരക്കാരെ  പൂര്‍ണമായും ഒഴിവാക്കാന്‍ സാധിച്ചില്ല എങ്കിലും പിന്നീട് എന്നോടുള്ള സമീപനത്തില്‍ നിന്നും അവരില്‍ നിന്ന് നിരവധി പേരെ കണ്ടെത്തുകയും പുറത്താക്കുകയും ചെയ്യുകയുണ്ടായി.

മാസങ്ങള്‍ക്ക് ശേഷം എന്‍റെ ശ്രദ്ധ ആകര്‍ഷിച്ചത് എന്‍റെ മെസ്സേജ് ബോക്സില്‍ വന്ന ഒരു "ഹായ്" ആണ്. അത്ര പരിചയമില്ലാത്ത വ്യക്തികളോട് ചാറ്റ് ചെയ്യുന്നതില്‍ നിന്ന് പരമാവധി അകലം പാലിക്കുന്ന ഞാന്‍ സ്വാഭാവികമായും ആ "ഹായ്"ക്കു നേരെയും അതെ സമീപനം തന്നെ കൈക്കൊള്ളുകയുണ്ടായി. എന്നാല്‍ എന്‍റെ ഉത്തരമില്ലായ്മയില്‍ നിരാശനാകാത്ത ആ വ്യക്തി  "ഹായ്" പല ദിവസങ്ങളിലും തുടരുകയുണ്ടായി. അങ്ങനെ നിരവധി ദിവസങ്ങള്‍ തുടര്‍ന്നപ്പോള്‍ ഒരു കൌതുകം എന്ന നിലയില്‍ എന്‍റെ ഭാഗത്ത് നിന്ന് തിരിച്ചും ഒരു "ഹായ്" ഉണ്ടായത് സന്തോഷസൂചകമായ ഒരു "സ്മൈലി" ഇട്ടാണ് മറുപുറം സ്വീകരിച്ചത്. അടുത്ത കമന്റ് "താങ്കളെ കാണാന്‍ അതീവ സുന്ദരന്‍ ആണ്" എന്നായിരുന്നു. പുകയടിപ്പിച്ച് ഉണക്കിയ റബര്‍ ഷീറ്റിനു തുല്യമായ നിറവും ഗുണവും മണവും ഉള്ള എന്‍റെ നേരെ അത്തരം ഒരു പ്രയോഗം വന്നപ്പോള്‍ ചില മുന്‍കാല അനുഭവങ്ങളുടെ വെളിച്ചത്തില്‍ പ്രതിപക്ഷത്തിന്‍റെ ഉള്ളിലിരിപ്പ് മനസ്സിലാക്കാന്‍ എനിക്ക് വളരെ വേഗം സാധിച്ചു. "നിങ്ങള്‍ ഒരു ഗേ ആണോ" എന്ന എന്‍റെ പൊടുന്നനവേ ഉള്ള ചോദ്യം ആഗതനെ ഒന്ന് അമ്പരപ്പിച്ചു എന്ന് പിന്നീടുണ്ടായ അല്‍പ്പ മൌനത്തില്‍ നിന്ന് എനിക്ക് മനസ്സിലായി. എന്നാല്‍ അയാളുടെ മറുപടി അല്‍പ്പം വ്യത്യസ്ഥമായിരുന്നു. "ഞാന്‍ ഒരു ഗേ അല്ല, മറിച്ച് മള്‍ട്ടി സെക്ഷ്വല്‍" ആണ്. ആ മറുപടി എന്നിലെ അന്വേഷണകുതകിയെ തെല്ലൊന്നു ഉണര്‍ത്തി എന്ന് മാത്രമല്ല അന്നേ ദിവസം അയാളോട് അത്തരം വിഷയളിലേക്ക് ചോദ്യങ്ങളെ കൊണ്ടുപോകാതെ ഒരു നല്ല സുഹൃത്തായി കൂടെ കൂട്ടാനുള്ള സംഭാഷണങ്ങളിലെക്ക് തിരിച്ച് കൊണ്ട് പോകുകയും ഞാന്‍ അതില്‍ ഏതാണ്ട് വിജയിക്കുകയും ചെയ്തു.

പിന്നീട് പലപ്പോഴും അയാള്‍ എന്നിലെ മറ്റൊരു മുഖത്തിനു വേണ്ടി തിരഞ്ഞു എങ്കിലും ഞാന്‍ മനപ്പൂര്‍വ്വമായി മറ്റു സൗഹാര്‍ദ്ദ സംഭാഷണങ്ങളിലെക്ക് ചര്‍ച്ചയെ തിരിച്ച് വിട്ടുകൊണ്ടേയിരുന്നു. ഒടുവില്‍ ഒരിക്കല്‍ സഹികെട്ട അയാള്‍ എന്നോട് പറഞ്ഞു "ഭായി എനിക്ക് ഇത്തരം സംഭാഷണങ്ങളില്‍ ഒന്നും ഒരു താല്‍പ്പര്യവും ഇല്ല, നിങ്ങള്‍ വിഷയത്തിലേക്ക് വരുന്നു എങ്കില്‍ നമ്മുക്ക് ഈ സൌഹൃദം തുടരാം, അല്ലെങ്കില്‍ ഇത് നമ്മുക്ക് ഇവിടെ അവസാനിപ്പിക്കാം". ഒരു പരിധിയില്‍ കൂടുതല്‍ ഒരുവനെ സഹിക്കാന്‍ ക്ഷമയില്ലാത്ത ഞാന്‍ എന്നിട്ടും പ്രകോപിതനായില്ല. കാരണം ഇതിനോടകം തന്നെ എന്‍റെ സുഹൃത്തായ ഒരു സൈക്കോളജിസ്റ്റിനോട് ഈ വിഷയം സംസാരിക്കുകയും അതിലെ മാനസിക വിഷയത്തെ കുറിച്ച് വിശദമായി പഠിക്കുകയും ചെയ്തിരുന്നു. അകാരണമായും, അനവസരത്തിലും, അപരിചതരോടും, അവനവന്‍റെ ജനുസ്സില്‍ പെടുന്നവരോട് അസ്വാഭാവികമായ ലൈംഗിക അടുപ്പം കാണിക്കുന്നതും മാനസികരോഗമാണ് എന്ന് ഡോക്ടര്‍ എന്നെ ധരിപ്പിച്ചിരുന്നു.  ഇത്തരം മാനസിക രോഗികളെ ഈ മാനസിക അവസ്ഥയിലേക്ക് എത്തിക്കാന്‍ ഉപോല്‍ബലകമായ സംഭവമോ, സംഭവങ്ങളോ ഉണ്ടാകും എന്നും  അദ്ദേഹം പറഞ്ഞിരുന്നു. അതിലേക്ക് ഒരു അന്വേഷണം ആയിരുന്നു എന്‍റെ ലക്ഷ്യവും. അതുകൊണ്ട് തന്നെ എന്‍റെ മറുപടി ഇങ്ങനെ ആയിരുന്നു. " ഞാന്‍ എന്‍റെ വിഷയ താല്‍പ്പര്യം തീര്‍ച്ചയായും നിങ്ങളെ അറിയിക്കാം, പക്ഷെ അത് എന്‍റെ ചില ചോദ്യങ്ങള്‍ക്ക് ഉത്തരം തന്നതിന് ശേഷം മാത്രം". എന്‍റെ മറുപടി അയാള്‍ക്ക് അത്ര രസകരമായി തോന്നിയില്ല എങ്കിലും ഇര തന്നിലേക്ക് കൂടുതല്‍ അടുക്കുന്നു എന്ന സ്വാഭാവിക തോന്നല്‍ ആവാം അയാളില്‍ നിന്ന് അത്തരം ഒരു മറുപടിക്ക് കാരണമായത്. " ചോദ്യം എല്ലാം കഴിഞ്ഞു മറ്റേ വര്‍ത്തമാനം പറയല്ല്... എന്താ അറിയേണ്ടേ ചോദിച്ചോളൂ".

"സുഹൃത്തെ അസ്വാഭാവികമായ ചില ആസക്തികള്‍ അല്ലെ നിങ്ങള്‍ കാണിക്കുന്നത്" എന്ന ചോദ്യത്തിന് ആദ്യം അയാളില്‍ നിന്ന് ഒരു പുശ്ചസ്വരം ആണ് പുറത്ത് വന്നത്. ഏതാനും നിമിഷത്തെ നിശബ്ദതയ്ക്ക് ശേഷം പിന്നീട് എന്നില്‍ നിന്നും ഒരു ചോദ്യത്തിനും കാത്ത് നില്‍ക്കാതെ അയാള്‍ എന്‍റെ മെസ്സേജ് സ്ക്രീനിലേക്ക് എഴുതി നിറച്ച അക്ഷരങ്ങള്‍ കൂട്ടി വായിച്ചപ്പോള്‍ നാം കാണുന്ന ലോകം ചിരിയുടെ, സഹതാപത്തിന്‍റെ, അനുകമ്പയുടെ മുഖാവരണത്തിനു പിന്നില്‍ എത്ര ക്രൂരവും ഭീകരവും ആണെന്ന് മനസ്സിലാക്കി തരുന്നതായിരുന്നു.

കേരളത്തിന്‍റെ തെക്ക് തമിഴ്നാട് അതിര്‍ത്തി ഗ്രാമത്തില്‍ പെടുന്ന അതിസാധാരണ കുടുംബത്തിലെ ഒരംഗം. അമ്മയും കൂടപ്പിറപ്പായ ചേച്ചിയും ഉള്‍പ്പെടുന്ന ഒരു സാധാരണ നായര്‍ കുടുംബാംഗം. അച്ഛന്‍ നഷ്ടപ്പെട്ട അവന്‍റെ വീട്ടിലെ കഷ്ടപ്പാടിന്‍റെ വെളിച്ചത്തില്‍ ചിലപ്പോഴൊക്കെ തൊട്ടടുത്ത പട്ടണത്തില്‍ താമസിക്കുന്ന അമ്മയുടെ ഒരു വിദൂര ബന്ധുവിന്‍റെ വീട് സന്ദര്‍ശിക്കാന്‍ പോകാറുണ്ടായിരുന്നു. അങ്ങനെ ഒരു സന്ദര്‍ശന വേളയില്‍ തൊട്ടടുത്ത ക്ഷേത്രത്തിലെ ഉത്സവം കാണാനുള്ള താല്‍പ്പര്യം അവന്‍റെ കുഞ്ഞ് മനസ്സ് പ്രകടിപ്പിക്കുകയും നിര്‍ബന്ധം സഹിക്കാന്‍ ആവാതെ വന്നപ്പോള്‍ വീട്ടില്‍ തനിയെ ഇരിക്കുന്ന മൂത്ത പെണ്‍കുഞ്ഞിനെ ഓര്‍ത്ത് അവന്‍റെ അമ്മ അവനെ അവിടെ ഏല്‍പ്പിച്ച് വീട്ടിലേക്ക് മടങ്ങി പോകുകയും ചെയ്തു. അന്ന് രാത്രി അവന്‍ ആദ്യമായി "ബലാല്‍സംഗം" ചെയ്യപ്പെട്ടു. അതും അവനോളം പ്രായമുള്ള ഒരു പെണ്‍കുഞ്ഞിന്‍റെയും അവനെക്കാള്‍ പ്രായമുള്ള ഒരു ആണ്‍കുഞ്ഞിന്‍റെയും അമ്മയില്‍ നിന്ന്. അത് നിരവധി തവണ ആവര്‍ത്തിക്കപ്പെട്ടു. വിദ്യാഭ്യാസം ഉള്ളതും, ഉന്നതകുലജാതയും സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഉന്നത പദവി വഹിക്കുന്നതുമായ ഒരു സ്ത്രീയില്‍ നിന്നാണ് അവന് അത് നേരിടേണ്ടി വന്നത് എന്ന്‍ മനസ്സിലാക്കുക. അവിടെയും തീര്‍ന്നില്ല അടുത്ത ഊഴം കോളേജ് പ്രൊഫസറും അതെ സ്ത്രീയുടെ ഭര്‍ത്താവുമായ  അവന്‍റെ  "മാമനില്‍" നിന്നായിരുന്നു. അങ്ങനെ അറിയാത്ത പ്രായത്തില്‍ സ്ഥിരമായി ആരും അറിയാതെ ഒരു സ്ത്രീയാലും പുരുഷനാലും മാറി മാറി അവന്‍ ഉപയോഗിക്കപ്പെട്ട് കൊണ്ടേയിരുന്നു, അത് ഇന്നും അനസ്യൂതം തുടരുന്നു. അന്നത്തെ നാലാം ക്ലാസ്കാരന് ഇന്ന് മുപ്പത്തി മൂന്നു വയസ്സ്. അങ്ങനെയെങ്കില്‍ ഇന്നും അവന്‍റെ സേവനം ഉപയോഗിക്കുന്ന വിരമിച്ച ശേഷം ഒരു സൌകാര്യ സ്ഥാപനത്തില്‍ പഠിപ്പിക്കുന്ന പ്രൊഫസറും അയാളുടെ ഭാര്യയേയും കുറിച്ച് ആലോചിക്കൂ. അവനോളം പ്രായമുള്ള അവരുടെ മകള്‍ ഇന്ന് ഭര്‍ത്താവിനോടൊപ്പം വിദേശത്ത് സുഖവാസം അനുഭവിക്കുമ്പോള്‍ ഒരു ലൈംഗിക തൊഴിലാളിയുടെ സ്ഥാനത്തേക്ക് തരം താഴ്ത്തപ്പെട്ട അവന്‍ ഇന്നും അവരുടെ വിശ്രമ ജീവിതത്തിലും ഭാര്യാഭര്‍ത്താക്കന്മാര്‍ പരസ്പരം അറിയാതെ പങ്കാളിത്തം നല്‍കി പോരുന്നു. 

നാലില്‍ നിന്ന് അഞ്ചിലേക്ക് കുറച്ച് അകലെയുള്ള സ്കൂളില്‍ ആണ് അവന് പ്രവേശനം കിട്ടിയത്. അവിടെ അവനെ കാത്തിരുന്ന ദുരന്തം കല്യാണം കഴിക്കാത്ത പ്രധാന അദ്ധ്യാപികയുടെ രൂപത്തില്‍ ആയിരുന്നു. ഒപ്പം ഉച്ചക്കഞ്ഞി വയ്ക്കാന്‍ വന്ന വയസ്സ് മൂത്ത കാക്കയുടെ രൂപത്തിലും. കാക്ക ഇന്ന് ജീവനോടെ ഇല്ല, പക്ഷെ പ്രധാന അദ്ധ്യാപിക വിശ്രമ ജീവിതത്തിലും അവന്‍റെ പങ്കാളിത്തം ഉറപ്പു വരുത്തുന്നു. പിന്നെ അവന് അതൊരു ഹരമായി മാറി, പ്രത്യേകിച്ചും പ്രായം ചെന്ന സ്ത്രീ പുരുഷന്മാരില്‍ ആയി അവന്‍റെ കണ്ണുകള്‍. തന്നെക്കാള്‍ പ്രായം കുറഞ്ഞവരോട് ഒരു അഭിവാന്ജയും അവനില്ല. അതിനു കാരണമായി അവന്‍ പറഞ്ഞത് പ്രായമുള്ളവരില്‍ നിന്ന് സെക്സും ഒപ്പം ഒരു കരുതലും ലഭിക്കും എന്നാണ്. പഠിക്കാന്‍ മിടുക്കനായ അവന്‍ ലൈംഗിക അടിമയായി അതിന്‍റെ മാനസിക പിരിമുറുക്കത്തില്‍ പത്തില്‍ പഠനം ഉപേക്ഷിച്ച് പ്രത്യേക ജോലിയോ, വരുമാന മാര്‍ഗ്ഗങ്ങളോ ഇല്ലാതെ ഉഴലുന്നു. ബസ്സില്‍ കയറിയാല്‍ അവന്‍റെ ഉന്നം പ്രായമുള്ള സ്ത്രീകള്‍ ആണ്. പുരുഷന്മാരിലും കണ്ണുടക്കാറുണ്ട് എങ്കിലും അവരുടെ പ്രതികരണം ചിലപ്പോള്‍ കഠിനമായെക്കുമോ എന്ന ആശങ്ക അവനെ അത്തരം അവസരങ്ങളില്‍ പുരുഷന്മാരോട് അടുക്കാന്‍ പ്രേരിപ്പിക്കാരില്ല. 

അവന്‍റെ കഥകള്‍ വിശദമായി കേട്ടശേഷം അവനോടായി ഞാന്‍ പറഞ്ഞു. " അസാധാരണ ലൈംഗികതയില്‍ ഒട്ടും താല്‍പ്പര്യം ഇല്ലാത്ത ഒരു വ്യക്തിയാണ് ഞാന്‍. ഇങ്ങനെ ഒരാളെ പരിചയപ്പെട്ടപ്പോള്‍ അയാളുടെ കഥ അറിയണം എന്ന് ആഗ്രഹം ഉണ്ടായി അതുകൊണ്ട് ചോദിച്ചു എന്ന് മാത്രം". വിവേകമാതിയായി അവന്‍ മറുപടി തന്നു. " അറിയാം ഭായി, നിങ്ങളുടെ സമീപനത്തില്‍ നിന്ന് തന്നെ അത് എനിക്ക് ഊഹിക്കാന്‍ കഴിഞ്ഞു, ആരും എന്നോട് ഇത്തരം കഥകള്‍ ഒന്നും ചോദിക്കാറില്ല, ആഗ്രഹം ഉള്ളവര്‍ വഴങ്ങി തരും, അല്ലാത്തവര്‍ പുച്ചത്തോടെ ആട്ടി ഓടിക്കും, നിങ്ങള്‍ ചോദിച്ചപ്പോള്‍ എനിക്ക് ആകെ ഒരു സന്തോഷം" തുടര്‍ന്ന് ഇത് എഴുതാനുള്ള അനുവാദം ഞാന്‍ ചോദിക്കുകയുണ്ടായി. അവന്‍ അതിനു അനുവാദം തന്നപ്പോള്‍ ഒരു കാര്യം എന്നോട് ആവിശ്യപ്പെട്ടിരുന്നു." എന്‍റെ പേര്‍ എഴുതുന്നതില്‍ എനിക്ക് വിരിധമില്ല, പക്ഷെ ഞാന്‍ പറഞ്ഞ ആളുകളെ കുറിച്ച് അധികം ഒന്നും പരാമര്‍ശിക്കരുത്, അത് അവരുടെ ഭാവിക്ക് ദോഷമുണ്ടാക്കും". അസ്വാഭാവികമായ ഒരു മാനസിക വൈകല്യം ഉണ്ടന്ന് വ്യക്തമായി എനിക്ക് ബോദ്ധ്യമുള്ള അവനില്‍ നിന്ന് വന്ന വിവേകം പോലും വിദ്യാഭ്യാസമുള്ള, അച്ഛനെപ്പോലെ, അമ്മയെപോലെ, സ്നേഹം കൊടുക്കേണ്ട സ്വന്തം ബന്ധുക്കള്‍ക്കോ, അതിലേറെ പ്രസക്തമായ ഗുരു ശിഷ്യ ബന്ധം പുലര്‍ത്തേണ്ട ആ അദ്ധ്യാപികക്കോ തോന്നിയില്ലല്ലോ എന്നത് ചിന്തനീയം. അവന്‍ ഇന്നും എന്‍റെ ഫേസ്ബുക്ക് ചങ്ങാതിയാണ്. സുഹൃത്തെ ഇത് വായിക്കും എന്ന് എനിക്കറിയാം, ഇത് വായിച്ച് കഴിയുമ്പോള്‍ എങ്കിലും നിന്‍റെ മാനസികനിലയെ കുറിച്ച്  ഒരു ബോധം നിന്നില്‍ ഉണ്ടാവട്ടെ എന്ന് ഞാന്‍ ആത്മാര്‍ഥമായി ആഗ്രഹിക്കുന്നു.

ഇത് ഒരു വ്യക്തിയുടെ മാത്രം അനുഭവമല്ല. എന്‍റെ അടുത്ത സുഹൃത്തുക്കളായ രണ്ട് പേര്‍ ഇതേ ലൈംഗിക അതിക്രമങ്ങള്‍ക്ക് ഇരയായിട്ടുണ്ട്. ഒരാള്‍ അയാളുടെ ഒന്‍പതാം വയസ്സ് മുതല്‍ തൊട്ടടുത്ത വീട്ടിലെ പതിനാറ് വയസ്സുള്ള പെണ്‍കുട്ടിയില്‍ നിന്ന്. അവള്‍ കല്യാണം കഴിച്ച് പോകുന്നിടം വരെ. മറ്റൊരാള്‍ വീട്ട് വേലക്കാരിയില്‍ നിന്ന്. ഇവരൊക്കെയും അവരുടെ ആ അനുഭവങ്ങള്‍ ആസക്തിയായി ഇന്നും കൊണ്ട് നടക്കുന്നു എന്നും വ്യക്തമായി അറിയുകയും ചെയ്യാം. അവരൊന്നും തന്നെയും സമൂഹത്തിനു ബാദ്ധ്യതയായി മാറിയിട്ടില്ല. കാരണം ഒരുപക്ഷെ അവരുടെ ഉന്നത വിദ്ധ്യാഭ്യാസം, കുടുംബ സ്ഥിതി, സമൂഹത്തില്‍ കിട്ടുന്ന മാന്യത ഇവയൊക്കെ ആവാം. ഒരുപക്ഷെ അവര്‍ ഇത്തരം സാഹചര്യങ്ങളില്‍ നിന്ന് വരുന്നവര്‍ ആയിരുന്നില്ല എങ്കില്‍, അവരുടെ ആസക്തികള്‍ പ്രകടിപ്പിക്കാന്‍ അവര്‍ ഇന്ന് തിരഞ്ഞെടുക്കുന്ന ചില ഗോപ്യസൌകര്യങ്ങള്‍ കിട്ടുമായിരുന്നില്ല എങ്കില്‍ ഗോവിന്ദച്ചാമിമാര്‍ ഇന്ന് കാണുന്നതില്‍ എത്രയോ ഇരട്ടി സമൂഹത്തില്‍ കാണുമായിരുന്നു.

ഇവിടെ ആരാണ് യദാര്‍ത്ഥ പ്രതികള്‍. ഏതോ ഒരു ചാനല്‍ ചര്‍ച്ചയില്‍ ഒരു സാമൂഹിക പ്രവര്‍ത്തക പറയുന്നത് കേട്ടു " ആണ്‍കുട്ടികളെ സദാചാരം വീട്ടില്‍ നിന്ന് പഠിപ്പിക്കണം" എന്ന്. എന്‍റെ അനുഭവത്തില്‍ എത്ര താഴെക്കിടയില്‍ ജീവിക്കുന്ന കുടുംബവും അവരുടെ കുട്ടികളെ ലിംഗഭേദമന്യേ സമൂഹത്തില്‍ നന്നായി പെരുമാറണം എന്ന് തന്നെയാണ് പറഞ്ഞ് പഠിപ്പിക്കുന്നത്. ഒരു മാതാപിതാക്കളും സ്വന്തം മകന്‍ ചെയ്യുന്ന സാമൂഹ്യ നിന്ദക്ക് കുടപിടിക്കില്ല. അപ്പോള്‍ പിന്നെ അവന് അത്തരം പ്രവര്‍ത്തികള്‍ ചെയ്യാനുള്ള പ്രചോദനം എവിടെ നിന്ന് ലഭിക്കുന്നു. മേല്‍ വിവരിച്ച കാരണങ്ങള്‍ അതിലേക്ക് ഒരു ശക്തമായ സൂചന നല്‍കുന്നു. വേശ്യകള്‍ സമൂഹത്താല്‍ സ്രിഷ്ടിക്കപ്പെടുന്നതാണ് എന്ന് എവിടെയോ വായിച്ച് കേട്ടിട്ടുണ്ട്. ഇത്തരം ക്രിമിനല്‍ വാസനകളും അതിന്‍റെ ഒരു മറുപുറം തന്നെയല്ലേ. പെണ്ണ് ഇരയാകുന്നു എന്ന് കേള്‍ക്കുമ്പോള്‍ ചന്ദ്രഹാസം എടുക്കുന്നവര്‍ അതിന് അവനെ പ്രേരിപ്പിക്കുന്ന ചില ഘടകങ്ങള്‍ക്ക് താനും ഒരു ഭാഗമായിരുന്നു എന്ന് ചിന്തിക്കാനും അവയെ തിരുത്താനും തയ്യാറാവണം. സ്ത്രീ പീഡനം മാത്രമല്ല സമൂഹത്തില്‍ ചര്‍ച്ച ചെയ്യപ്പെടെണ്ടത്. അതോനോട് അനുബന്ധമായി ഇത്തരം വിഷയങ്ങളും തീര്‍ച്ചയായും ചര്‍ച്ച ചെയ്യപ്പെടണം....  

Wednesday, April 17, 2013

ന്യൂ ജനറേഷന്‍ സിനിമ - പാചകവിധി





വേണ്ട സാധനങ്ങള്‍

ഹോളിവുഡ് തപ്പി അധികം ആരാലും ശ്രദ്ധിക്കാതെ കിടക്കുന്ന സിനിമകളുടെ പൊട്ടും പൊടിയും - അരക്കപ്പ്

പഴയ വാരിക തപ്പി ആരും വായിച്ചിട്ട് പോലും ഇല്ലാത്ത മിനിക്കഥ - കാല്‍ കപ്പ്.


നിക്കറിനടിയില്‍ ചുരുട്ടി മടക്കി വച്ച് പഴകിയ പഴയ തുണ്ട് കഥകള്‍ - മുക്കാല്‍ കപ്പ്


താടി വളര്‍ത്താത്ത ബുജി സംവിധായകന്‍ - ഒന്നോ, ഒരു മുറിയോ.


ഷര്‍ട്ട്‌ ഊരാന്‍ തയ്യാറായ കഷണ്ടി കയറിയ യുവ നടന്‍- ഒരു ടേബിള്‍ സ്പൂണ്‍

അംഗലാവണ്യം കാണിക്കാനും വേണമെങ്കില്‍ നാല് പച്ച തെറി പറയാനും കഴിയുന്ന യുവ നടി - അര ടേബിള്‍ സ്പൂണ്‍


മുതുക്ക് കയറിയതും എന്നാല്‍ ഞങ്ങള്‍ യുവാക്കളെക്കാള്‍ തെറിയില്‍ മോശം അല്ല എന്ന് തെളിയിക്കുന്നതുമായ പടു കിഴവന്മാര്‍ - ആവിശ്യത്തിന്.

പഴയകാല മനോഹര ഗാനങ്ങളെ പുതിയ കുപ്പിയില്‍ ഇട്ടു അപരാധിച്ചത് - നാലെണ്ണം.

പാചകം ചെയ്യുന്ന വിധം

 
ചട്ടി അടുപ്പത്ത് വച്ച് എണ്ണ ഒഴിക്കുക. പിന്നീട് ആദ്യമായി ഷര്‍ട്ട്‌ ഊരാന്‍ തയ്യാറായ കഷണ്ടി കയറിയ യുവ നായകനെ ഒരു ടേബിള്‍ സ്പൂണ്‍ ചട്ടിയില്‍ ഇട്ട് നന്നായി ഇളക്കുക. ഇപ്പോള്‍ ഇക്കിളി കുറവായി സോറി ഇളക്കല്‍ കഠിനമായി നിങ്ങള്‍ക്ക് തോന്നിയാല്‍ വഴുവഴുത്ത യുവനടിയെ ചട്ടിയിലെക്കിട്ടു നായകനുമായി നന്നായി ചേര്‍ത്തു ഇളക്കുക. ഇനി ഇതിലേക്ക് മുതുക്കന്‍സിനെ ചേര്‍ക്കാം. വെന്തു കഴിയുമ്പോള്‍ ചവറു പോലെ കിടക്കുമെങ്കിലും സംഭവം കിടിലം എന്ന് കാണിക്കാന്‍ മുതുക്കന്‍സ് അത്യാവശ്യം. ഇളക്കി ഒരു പരുവം ആകുമ്പോള്‍ ആരും ശ്രദ്ധിക്കാതെ പോയ ഹോളി വുഡ് സിനിമകഥയില്‍ നിന്നും അരക്കപ്പും പഴയ വാരികയില്‍ നിന്നും കിട്ടിയ ആരാലും ശ്രദ്ധിക്കപ്പെടാത്ത മിനിക്കഥയില്‍ നിന്ന് കാല്‍ക്കപ്പും, നിക്കറിനടിയില്‍ ചുരുട്ടി വച്ച് നല്ല മണം മുറ്റിയ തുണ്ട് കഥയില്‍ നിന്ന് മുക്കാല്‍ കപ്പും ചേര്‍ത്ത് നന്നായി ഇളക്കുക. തുണ്ട് കഥയില്‍ മടക്കി വച്ചതിന്‍റെ മണം കൂടുതല്‍ ഉണ്ടന്ന് ഉറപ്പ് വരുത്തുക. കാരണം ഇതാണ് പിന്നീട് ആളുകളെ ആകര്‍ഷിക്കാന്‍ ഉതകുന്ന സുഗന്ധം പുറപ്പെടുവിപ്പിക്കാന്‍ പോകുന്നത്. ഇപ്പോള്‍ നിങ്ങളുടെ വിഭവം ഏതാണ്ട് പാകാമയിരികുന്നു. മേമ്പൊടിയായി പുതിയ കുപ്പിയില്‍ സൂക്ഷിച്ചിരിക്കുന്ന പഴയ ഗാന വീഞ്ഞ് തൂകി അടുപ്പത്ത് നിന്ന് ഇറക്കി വയ്ക്കുക. ഇനി ഡെക്കറേഷനുള്ള സമയം ആണ്. താടി വളര്‍ത്താത്ത ബുജി സംവിധായകനെ നടുക്ക് കുത്തി ഡക്കറേറ്റ് ചെയ്യാം.

സോറി. അടുപ്പ് കത്തിക്കുന്ന കാര്യം പറയാന്‍ മറന്നു. നിങ്ങളുടെ വിഭവം വെന്തില്ലല്ലോ എന്ന് പരിഭവം തോന്നണ്ട. അടുത്തുള്ള ഏതെങ്കിലും ചാനല്‍ അടുപ്പില്‍ വച്ച് എല്ലാം കൂടി ഒന്ന് കൂടി ഇളക്കി എടുത്താല്‍ നന്നായി വെന്തു കൊള്ളും. ചാനല്‍ അടുപ്പില്‍ വയ്ക്കുമ്പോള്‍ കിടിലന്‍ എന്നും ന്യൂ ജനറേഷന്‍ എന്നും ഉള്ള കടുകട്ടി മന്ത്രം കൂടെ കൂടെ ഉരുവിട്ട് കൊണ്ടേ ഇരിക്കണം. ഇത് നിങ്ങളുടെ വിഭവം മറ്റുള്ളവര്‍ക്ക് ഇഷ്ടപ്പെടാന്‍ സഹായകമാകും.